പോളിയോ കുത്തിവയ്പ്പ്


പോളിയോ നിർമാർജ്ജന യജ്ഞത്തിൽ ഭാരതത്തിന്റെ അടുത്ത ചുവട്: IPV (Inactivated Polio Vaccine) അഥവാ നിർജീവ പോളിയോ വാക്സിൻ.

1988ൽ തുടങ്ങിയ ആഗോള പോളിയോ നിർമാർജ്ജന യജ്ഞത്തിൽ ജൈവ പ്രതിരോധ വാക്സിനുകളുടെ (oral polio vaccine) ചിട്ടയായ ഉപയോഗത്താൽ പ്രസ്തുത മാരക രോഗത്തെ ലോകത്തു നിന്നു നാം തുടച്ചു നീക്കുന്ന നാൾ ഏതാണ്ട് കൈയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. ഭാരതത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ഒരാൾക്ക് പോലും ഈ രോഗം സ്ഥിതീകരിക്കാഞ്ഞതിനാൽ, 2014 മാർച്ച് 27 ന്  നാമുൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയെ “പോളിയോ വിമുക്ത”മായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ, ആഗോളതലത്തിൽ പോളിയോ നിർമാർജ്ജനം ഇനിയും പൂർണത കൈവരിച്ചിട്ടില്ല. നമ്മുടെ രണ്ട് അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്നും ഈ രോഗാണു യഥേഷ്ടം പകരുകയും അസുഖമുണ്ടാക്കുകയും ചെയ്യുന്നു. അതിർത്തിക്കപ്പുറം ഈ സ്ഥിതി തുടർന്നാൽ ഭാരതത്തിൽ ഈ അസുഖം പുനർജ്ജനിക്കാനുള്ള സാധ്യത വളരെ വലുതാണ്.

ഒരു പ്രദേശം പോളിയോ മുക്തമായി പ്രഖ്യാപിച്ചാൽ, അടുത്ത പടിയായി അവിടെ നിർജ്ജീവ പോളിയോ വാക്സിൻ(IPV) നൽകി തുടങ്ങേണ്ടതുണ്ട്. രോഗപ്പകർച്ച ഇന്നും തുടരുന്ന രണ്ടു രാജ്യങ്ങളോട് അടുത്ത് നിൽക്കുന്നതിനാൽ IPV (Inactivated Polio Vaccine) ഉപയോഗിച്ച് തുടങ്ങുന്നതോടെ നാം ഈ രോഗത്തിനെതിരെ ഒരു ഇരട്ട പ്രതിരോധം തീർക്കുന്നു.

ചെലവേറിയ കുത്തിവയ്പ്പ് ആയതിനാൽ ഇത് വികസിത രാജ്യങ്ങളിലും നമ്മുടെ നാട്ടിൽ ചില സ്വകാര്യാശുപത്രികളിലും മാത്രമേ ഇതുവരെ നൽകിയിരുന്നുള്ളൂ. ലോകമെമ്പാടും 91 ഓളം രാഷ്ട്രങ്ങൾ ഇതിനകം IPV തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പടുത്തിക്കഴിഞ്ഞു. 2016 ഏപ്രിൽ മുതൽ ഈ കുത്തിവയ്പ്പ് ഭാരതത്തിലെ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.

പ്രധാനമായും മൂന്ന് തരം വൈറസുകളാണ് പോളിയോ ഉണ്ടാക്കുന്നത്. IPV യിൽ ഈ മൂന്നു തരത്തിലെയും ജീവനില്ലാത്ത സൂക്ഷ്മാണുക്കളാണ് ഉള്ളത്. ഈ കുത്തിവയ്പ്പിലൂടെ ശരീരത്തിൽ പോളിയോ വൈറസിനെതിരെയുള്ള ആൻറിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ആജീവനാന്ത രോഗപ്രതിരോധശേഷി  ലഭിക്കുകയും ചെയ്യുന്നു.

കുഞ്ഞ് ജനിച്ച് ആറാമത്തെയും പതിനാലാമത്തെയും ആഴ്ചയിൽ നൽകി വരുന്ന കത്തിവയ്പ്പിനും തുള്ളിമരുന്നിനും ഒപ്പമാണ് ഈ വാക്സിൻ നൽകേണ്ടത്. ത്വക്കിന് കീഴിൽ (intradermal) ആയാണ് ഇത് നൽകുന്നത്. വലിയ പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ വാക്സിൻ, ഏതൊരു കുത്തിവയ്പ്പും പോലെ, കുത്തിവച്ച ഇടത്ത് ചെറിയ ചുവപ്പോ വേദനയോ ഉണ്ടാക്കാം. ഇത് ഒന്നോ രണ്ടോ ദിവസത്തിലധികം നീണ്ടു നിൽക്കില്ല.

സ്വകാര്യാശുപത്രികളിൽ നൽകിവരുന്ന IPV യുമായി ഘടനയിൽ യാതൊരു വ്യത്യാസവും ഇപ്പോൾ ലഭിക്കുന്ന വാക്സിനില്ല. എന്നാൽ അവിടെ പേശികൾക്കുള്ളിൽ (intramuscular) ആയി നൽകപ്പെടുന്ന ഈ വാക്സിൻ, സർക്കാർ ആശുപത്രികളിൽ ത്വക്കിനു കിഴെയാണ് (intradermal) നൽകപ്പെടുക. അഞ്ചിലൊന്ന് ഡോസ് മരുന്നു കൊണ്ട് തതുല്യമായ ഫലം ഉണ്ടെന്ന പഠനങ്ങളുടെ പിൻബലമാണ് ഈ വ്യത്യാസത്തിന് ആധാരം.

പോളിയോ നിർമാർജ്ജനം എന്ന ആ സ്വപ്നം യാദാർത്ഥ്യമാവുന്ന കാലം വിദൂരമല്ല. വരൂ, നാം ഏവർക്കും ഈ യജ്ഞത്തിൽ പങ്കാളികളാകാം.