നാഷണൽ സ്വിച്ച് ഡേ


നാഷണൽ സ്വിച്ച് ഡേ

  പോളിയോ നിർമ്മാർജ്ജനം എന്നത് ഒരു സ്വപ്നമെന്ന സ്ഥിതിമാറി യാഥാർത്ഥ്യമാകുന്നു. അതിനു നാന്ദികുറിച്ച് എത്തുന്ന ഒരു വിശേഷദിനമാണ്‌ 2016 ഏപ്രില്‍ 25:  “നാഷണല്‍ സ്വിച്ച് ഡേ”.
പോളിയോ നിർമ്മാർജ്ജനത്തിന്റെ അവസാനപടിയെന്ന നിലയില്‍,  2013 മുതല്‍ 2018 വരെയുള്ള കാലയളവ് ലോകാരോഗ്യസംഘടന നിശ്ചയിച്ചിരുന്നു. ഇക്കാലത്ത് നിഷ്കർഷിച്ചിരുന്ന മാറ്റങ്ങളില്‍ പ്രധാനമായ രണ്ടു കാര്യങ്ങളാണ്, ‘സ്വിച്ച് ഡേ’ യും, IPV യുടെ  (പോളിയോയ്ക്കെതിരെയുള്ള മൃത വൈറസ് വാക്സിന്‍) സാർവത്രിക ഉപയോഗവും.
പൊതുവായി മൂന്നുതരം വൈറസുകള്‍ (ടൈപ്പ്1, ടൈപ്പ്2, ടൈപ്പ്3 എന്നിവ) പോളിയോ ഉണ്ടാക്കുന്നതില്‍, ടൈപ്പ്2 മൂലമുള്ള അസുഖം ലോകത്തുനിന്നും അപ്രത്യക്ഷമായിരിക്കുന്നു. വർഷങ്ങളോളം, വായിലൂടെ നൽകുന്ന OPVയുടെയും, കുത്തിവെയ്‌പ്പായി നൽകപ്പെടുന്ന IPVയുടെയും, ചിട്ടയായ ഉപയോഗത്താല്‍ പോളിയോ വൈറസ് എന്ന ഭീകരനെ തളയ്ക്കുന്നതില്‍, പരിപൂർണ്ണമായല്ലെങ്കിലും, വൈദ്യശാസ്ത്രം വിജയിച്ചിരിക്കുന്നു.
ഇന്ന് ആഗോളതലത്തില്‍  പോളിയോ രോഗത്തിന്റെ അവസ്ഥ ഒന്ന് അവലോകനം ചെയ്‌താല്‍, നാം ഈ യുദ്ധത്തില്‍ എത്ര മുന്നേറി എന്ന് കണ്ടറിയാം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രണ്ടു രാജ്യങ്ങളില്‍ മാത്രമേ ഈ രോഗാവസ്ഥ കാണുവാന്‍ സാധിക്കൂ. 1999നു ശേഷം, ടൈപ്പ് 2  വൈറസ് മൂലമുള്ള പോളിയോ രോഗം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വളരെ സങ്കീർണ്ണമായ നിരീക്ഷണങ്ങൾക്കൊടുവില്‍ 2015 സെപ്റ്റംബര്‍ 20ന് ടൈപ്പ് 2  പോളിയോ വൈറസിന്റെ ഉന്മൂലനം ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തി.
ഇന്നുവരെ ഉപയോഗിച്ചിരുന്ന OPVയില്‍, ടൈപ്പ്1, ടൈപ്പ്2, ടൈപ്പ്3 എന്ന മൂന്നുതരം പോളിയോ വൈറസിന്റെയും ശക്തി നശിപ്പിക്കപ്പെട്ട അണുക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അതിനെ ‘trivalent OPV’ അഥവാ ‘t-OPV’ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍, മേൽപ്പറഞ്ഞ സ്ഥിതിയില്‍, ഇനി ഉപയോഗിക്കുന്ന OPVയില്‍ ടൈപ്പ്2 വിന്റെപ സാന്നിധ്യം ആവശ്യമില്ല. ഇനിമുതല്‍ നാമുപയോഗിക്കേണ്ട OPVയില്‍ രണ്ടുതരം അണുക്കൾക്കെതിരെയുള്ള (ടൈപ്പ്1, ടൈപ്പ്3 എന്നിവ) വാക്സിന്‍ വൈറസിനെ മാത്രമേ ഉൾപ്പെടുത്തൂ. ഇതാണ് ‘bivalent OPV’ അഥവാ ‘b-OPV’.
‘t-OPV’യിൽ നിന്ന് ‘b-OPV’ലേക്കുള്ള മാറ്റത്തെയാണ്(switch) ‘നാഷണല്‍ സ്വിച്ച് ഡേ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 2016 ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ ആകമാനം, (സർക്കാര്‍, സ്വകാര്യമേഖലകളില്‍ ഒരുമിച്ച്) b-OPV യിലേക്ക് മാറുന്നു. അളവിലോ, സമയക്രമത്തിലോ യാതൊരു മാറ്റവും ഉണ്ടാവില്ല. ഒരിടത്തും ഇനി t-OPV യുടെ സ്റ്റോക്ക്‌ ഉണ്ടായിരിക്കില്ല. അധികമായി ശേഷിക്കുന്ന t-OPV സർക്കാരിന്റെ മേൽനോട്ടത്തില്‍ സുരക്ഷിതമായി നശിപ്പിക്കുന്നു.
ഈ സ്ഥിതി തുടർന്നാല്‍, വരും വർഷങ്ങളില്‍ മറ്റു രണ്ടു ടൈപ്പ് വൈറസിനെയും നമുക്ക് തുരത്താനാകും. അങ്ങനെ, വസൂരിയെപോലെ പോളിയോയെക്കുറിച്ചും.. ഭാവിതലമുറ ചരിത്രപുസ്തകങ്ങളില്‍ നിന്ന് പഠിക്കും.