വാക്സിൻ : ശാസ്ത്രവും മിഥ്യയും


വാക്സിന്‍  :  ശാസ്ത്രവും  മിഥ്യയും

ഡോ.  പി.എന്‍.എന്‍.  പിഷാരോടി,  എഫ്.ഐ.എ.പി.

കരുനാഗപ്പള്ളി

മുന്‍പ്രസിഡന്റ്,  ഐ.എ.പി.  കേരളസംസ്ഥാന  ശാഖ

 

ഡോ. പി.എന്‍.എന്‍. പിഷാരടി

ഡോ. പി.എന്‍.എന്‍. പിഷാരടി

വാക്സിന്‍ മൂലം  തടയാവുന്ന  രോഗമായ  ഡിഫ്തീരിയ  മൂലമുള്ള  മരണത്തിന്  കേരളം  ഒരിക്കല്‍ക്കൂടി  സാക്ഷ്യം  വഹിച്ചിരിക്കുന്നു.  ദൗര്‍ഭാഗ്യകരമായ  ഈ  അവസ്ഥയ്ക്ക്  ഏറ്റവും  പ്രധാനകാരണമായി  മാദ്ധ്യമങ്ങളും  ഡോക്ടര്‍മാരുടെ  സംഘടനകളും  കാണുന്നത്  സമീപകാലത്തായി  കേരളത്തില്‍  വളര്‍ന്നുവന്ന  വാക്സിന്‍  വിരുദ്ധവികാരമാണ്.  ഇതൊക്കെ  നമ്മുടെ  മാത്രം  പ്രശ്നങ്ങളല്ല.  മതപരമായ  വിയോജിപ്പുകളും  ആധുനികേതര  ചികില്‍സാ  സമ്പ്രദായങ്ങളുടെ  എതിര്‍പ്പുകളും  ഒക്കെ  ഇതില്‍പ്പെടും.  പ്രകൃത്യാ  ഉള്ളതിന്റെ  മഹത്വവും  കൃത്രിമമായതിന്റെ  ദോഷങ്ങളും  ഒരു  ഒഴിയാബാധപോലെ  പിന്തുടരുന്ന  വ്യക്തികളും  സംഘടനകളുമൊക്കെ  ഈ  അവസ്ഥാവിശേഷത്തിന്  കാര്യമായ  സംഭാവന  ചെയ്തിട്ടുണ്ട്.  അമേരിക്കയിലും  മറ്റും  തങ്ങളുടെ  കുട്ടികള്‍ക്ക്  വാക്സിന്‍  നല്‍കുക  എന്നത്  രക്ഷാകര്‍ത്താക്കളുടെ  നിയമപരമായ  ബാദ്ധ്യതയാണ്.  എന്നാല്‍  അവിടങ്ങളിലൊക്കെ  ഇതില്‍നിന്ന്  ഒഴിഞ്ഞുനില്‍ക്കാൻ  പലരും  ചൂണ്ടിക്കാണിക്കുന്നത്  തങ്ങള്‍ക്ക്  വാക്സിനേഷനോടുള്ള  മനസ്സാക്ഷിയുടെ  വിയോജിപ്പാണ്  (കൊണ്‍സെന്‍ഷ്യസ്  ഒബ്ജക്ഷന്‍).  അവിടെയും  മതവിഭാഗങ്ങളും  മറ്റു  സ്ഥാപിത  താല്‍പ്പര്യത്തിന്റെ  വക്താക്കളുമൊക്കെ  വാക്സിന്‍  വിരുദ്ധ  നിലപാടില്‍  കാരണക്കാരായുണ്ട്.  ഇതിന്റെ  ഫലമായി  അവിടെയും  വ്യാപകമാകുന്ന  വാക്സിന്‍  പ്രതിരോധ്യരോഗങ്ങളുടെ  തിരിച്ചുവരവു  നിമിത്തം  പല  സംസ്ഥാനങ്ങളും  നിയമത്തിലെ  ഈ  വ്യവസ്ഥ  എടുത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്.  നമ്മുടെ  നാട്ടിലും  ഇത്തരം  നിയമം  വേണമെന്ന  ആവശ്യം  ഇന്ത്യന്‍  അക്കാദമി  ഓഫ്  പിഡിയാട്രിക്സ്  ഏറെക്കാലമായി  ഉയര്‍ത്തുന്നുണ്ട്.  നാം  നേരിടുന്ന  അവസ്ഥാവിശേഷത്തിന്റെ  മുഖ്യകാരണം  ബോധപൂര്‍വ്വമുള്ളതും  അല്ലാത്തതുമായ  പ്രചാരണങ്ങളും  ഇതില്‍  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  സാമാന്യജനങ്ങള്‍ക്കുള്ള  വൈഷമ്യങ്ങളുമാണ്.  ഇതിന്റെ  പരിഹാരം  ഒരു  ലേഖനത്തിന്റെ  പരിമിതികള്‍ക്ക്  അകത്തൊതുങ്ങുന്നതുമല്ല.  എങ്കിലും  അതിനായുള്ള  ഒരെളിയ  ശ്രമമാണിവിടെ  നടത്തുന്നത്.

 

 

പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ  അവസാനത്തോടെ  മാത്രമാണ്  ബാക്റ്റീരിയകളും  വൈറസ്സുകളും  ആണ്  സാംക്രമിക  രോഗങ്ങള്‍ക്ക്  കാരണമെന്ന്  സുസ്ഥാപിതമായ  രീതിയില്‍  അംഗീകരിക്കപ്പെടുന്നത്.  വൈദ്യശാസ്ത്രത്തെ  തികച്ചും  വിപ്ലവകരമായ  ദിശയിലേക്കു  നയിച്ച  ഒന്നായിരുന്നു  ഇത്.  വിവിധ  ജന്തുക്കളിലും  പിന്നീടു  പരീക്ഷണശാലയിലെ  പോഷക  മാദ്ധ്യമങ്ങളിലും  സൂക്ഷ്മജീവികളെ  വളര്‍ത്തിയെടുക്കുന്നതിൽ  വിജയിച്ചവരാണ്  ഫ്രാന്‍സിലെ  ലൂയി  പാസ്ച്ചറും  ജര്‍മ്മനിയിലെ  റോബര്‍ട്  കോക്കും.  തുടര്‍ന്നുള്ള  കാലങ്ങളില്‍  ശരീരബാഹ്യമായ  കലകളിലും  ഇതു  സാധിതമാകുമെന്ന്  വന്നു  (ടിഷ്യു  കള്‍ച്ചര്‍).  ഇതൊക്കെ  സൂക്ഷ്മജീവിശാസ്ത്രത്തിലും  വാക്സിന്‍  നിര്‍മ്മാണത്തിലും  വളരെയേറെ  സംഭാവനകള്‍  നല്‍കിയ  നേട്ടങ്ങളായിരുന്നു.

 

മനുഷ്യര്‍  നായാടി  നാടോടി  നടന്നിരുന്ന  കാലത്തെ  നൂറോ  നൂറ്റന്‍പതോപേര്‍  മാത്രംവരുന്ന  ചെറുസമൂഹങ്ങളില്‍  സാംക്രമിക  രോഗങ്ങള്‍  വിരളമായിരുന്നു.  ആര്‍ക്കെങ്കിലും  അങ്ങനെയുണ്ടണ്ടായാലും  അത്  അയാളില്‍നിന്നു  വ്യാപക  രോഗബാധയിലെക്കെത്തിച്ചേരുക  സാദ്ധ്യമായിരുന്നില്ല.  തുടര്‍ന്ന്  കൃഷിയും  മൃഗപരിപാലനവും  സാര്‍വത്രികമാവുകയും  മനുഷ്യര്‍  തിങ്ങിപ്പാര്‍ക്കുന്ന  ജനപഥങ്ങള്‍  രൂപംകൊള്ളുകയും  ചെയ്തതോടെയാണ്  സാംക്രമികരോഗങ്ങള്‍  വ്യാപകമാകാനും  അതൊരു  തുടര്‍ക്കഥയാകാനും  ആരംഭിച്ചത്.  പിന്നീടുള്ള  മാനവ  ചരിത്രത്തിന്റെ  ഗതിവിഗതികളെ  സാംക്രമിക  രോഗങ്ങള്‍  കുറച്ചൊന്നുമല്ല  സ്വാധീനിച്ചിട്ടുള്ളത്.

 

പരാശ്രയികളായ  സൂക്ഷ്മാണുക്കള്‍  മറ്റൊരു  ജീവശരീരത്തില്‍  പ്രവേശിച്ച്  അവിടെ  നിലയുറപ്പിക്കാനായി  സ്വീകരിക്കുന്ന  മാര്‍ഗ്ഗങ്ങളും  അതിനോടു  പ്രതികരിച്ചുകൊണ്ട്  ആതിഥേയശരീരം  സൃഷ്ടിക്കുന്ന  പ്രതികരണങ്ങളും  കൂടിച്ചേര്‍ന്ന  ഒരു  പ്രക്രിയയാണ്  ഇന്‍ഫെക്ഷന്‍  (അണുബാധ)  എന്നു  പറയാം.  അണുബാധ  മൂലമുണ്ടാവുന്ന  ലക്ഷണങ്ങളില്‍  പലതും  രോഗാണുക്കളെക്കാളധികമായി  ശാരീരിക  പ്രതികരണങ്ങള്‍  മൂലമുണ്ടാവുന്നവയാണ്.  അണുസാന്നിദ്ധ്യത്തോടു  പ്രതികരിച്ചുകൊണ്ട്  അതിനെ  തുരത്താനായി  ശരീരം  വിവിധ  കോശങ്ങളെ  അണിനിരത്തുകയും  ഈ  പ്രക്രിയ  വിജയിപ്പിക്കാനായി  അവ  വിവിധ  രാസസംയുക്തങ്ങളെ  ഉത്പാദിപ്പിക്കുകയും  ചെയ്യുന്നു.  ഇവയെല്ലാം  ചേര്‍ന്ന്  ശരീരത്തിലുണ്ടാക്കുന്ന  പ്രതികരണങ്ങളെയാണ്  ഇന്‍ഫ്ളമേഷന്‍  എന്ന  പദം  കൊണ്ടര്‍ത്ഥമാക്കുന്നത്.  ഈ  പ്രക്രിയയുടെ  അനന്തരഫലം  അണുബാധയേല്‍ക്കുന്ന  വ്യക്തിയുടെ  പ്രതിരോധ  ശേഷിയുടെയും  ശരീരത്തില്‍  പ്രവേശിക്കുന്ന  അണുക്കളുടെ  വീറിനെയും  (വിറുലന്‍സ്)  അളവിനെയും  അടിസ്ഥാനപ്പെടുത്തിയായിരിക്കും.  വേണ്ടത്ര  പ്രതിരോധ  ശേഷിയുള്ള  ഒരാള്‍ക്ക്  ഇവയെ  ഫലപ്രദമായി  തുരത്താനായെന്നിരിക്കും.  ചിലരെ  സംബന്ധിച്ച്  അണുക്കള്‍  കുറെ  പ്രതികരണങ്ങളും  രോഗാവസ്ഥയും  സൃഷ്ടിച്ചശേഷം  മാത്രമേ  ഇതില്‍  വിജയിക്കൂ.  ചിലര്‍ക്കാകട്ടെ  ഇതില്‍  ഒട്ടുംതന്നെ  വിജയിക്കാനായെന്നുവരില്ല.  അവര്‍ക്ക്  രോഗം  അതിന്റെ  പൂര്‍ണ്ണാവസ്ഥയില്‍  ഉണ്ടാകുകയും  ആ  രോഗത്തിന്‍റെ  സ്വഭാവമനുസരിച്ച്  മരണമോ  ഗൗരവതരമായ  സങ്കീര്‍ണ്ണതകളോ  ഉണ്ടാകാം.  അതായത്  ചിലര്‍  രോഗമുണ്ടാകാതെതന്നെ  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ചിലര്‍  രോഗത്തോടുകൂടി  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ഇനിയും  ചിലരാകട്ടെ  രോഗത്തിനു  കീഴടങ്ങി  മരണമോ  തീവ്രമായ  ആതുരതകളോ  ഏറ്റുവാങ്ങുന്നു.  മരണത്തിനു  കീഴടങ്ങാത്തപക്ഷം  ഇവരും  സാവധാനത്തില്‍  പ്രതിരോധശേഷി  ആര്‍ജ്ജിച്ചെന്നിരിക്കാം.

 

പ്രതിരോധത്തിന്റെ  ആദ്യകാലശ്രമങ്ങള്‍

 

ആദ്യത്തെ  വാക്സിന്‍  വസൂരിക്കെതിരായി  എഡ്വേര്‍ഡ്  ജന്നര്‍  കണ്ടുപിടിച്ചതാണ്.  എന്നാല്‍  അതിനുമുന്‍പുതന്നെ  ഇന്ത്യയിലെയും  ചൈനയിലെയും  ഒക്കെ  ആള്‍ക്കാര്‍  കണ്ടറിഞ്ഞ  കാര്യമാണ്  വസൂരി  ഒരിക്കല്‍  വന്നവരെ  പിന്നീടു  ബാധിക്കാറില്ല  എന്നത്.  ഇതിന്റെ  അടിസ്ഥാനത്തില്‍  ലളിതമായ  രോഗാവസ്ഥ  കൃത്രിമമായി  സൃഷ്ടിക്കുക  എന്ന  ആശയം  ഇവിടങ്ങളില്‍  രൂപം  കൊള്ളുകയും  വിവിധമാര്‍ഗങ്ങളിലൂടെ  അവര്‍  അതു  പ്രയോഗത്തില്‍  വരുത്തുകയും  ചെയ്തിരുന്നതായി  വിശ്വസിക്കത്തക്ക  തെളിവുകളുണ്ട്.  ഈ  സമ്പ്രദായം  പല  രാജ്യങ്ങളിലും  വിവാദ  വിധേയമായിരുന്നെങ്കിലും  പൊതുവേ  സ്വീകാര്യമായി.  ബഞ്ചമിന്‍  ഫ്രാങ്ക്ളിനും  ജോര്‍ജ്  വാഷിങ്ടണുമൊക്കെ  ഇതിന്റെ  പ്രയോക്താക്കാളും  പരിപോഷകരും  ആയിത്തീരുകയും  ചെയ്തു.  ആദ്യമായി  വസൂരിക്കെതിരായ  വാക്സിന്‍  രൂപകല്‍പ്പന  ചെയ്യുന്നത്  ഇംഗ്ലിലെ  ഒരു  നാട്ടിന്‍പുറത്തു  പ്രാക്റ്റീസ്  ചെയ്തിരുന്ന  എഡ്വേര്‍ഡ്  ജന്നര്‍  എന്ന  ഭിഷഗ്വരനാണ്.  പശുക്കളെ  ബാധിക്കുന്ന  ഗോവസൂരിരോഗം  വന്നവര്‍ക്ക്  വസൂരി  ബാധിക്കാറില്ലെന്ന  നാട്ടറിവിനെ  പ്രയോജനപ്പെടുത്തി  നടത്തിയ  അന്വേഷണങ്ങളും  പഠനങ്ങളുംവഴി  ഗോവസൂരിയണുക്കളെ  ഉപയോഗിച്ചുള്ള  പ്രതിരോധം  എന്ന  ആശയം  ശാസ്ത്രീയമായി  തെളിയിക്കാനദ്ദേഹത്തിനു  കഴിഞ്ഞു.  താമസംവിനാ  ഈ  സമ്പ്രദായം  യൂറോപ്പിലെങ്ങും  സര്‍വ്വസാധാരണമായി.  വാക്സിനേഷന്‍  എന്ന  പേരു  വീണ  ഇത്  പലരാജ്യങ്ങളും  നിയമം  വഴി  നടപ്പാക്കാനുള്ള  ശ്രമങ്ങള്‍  തുടങ്ങുകയും  അതിനിടെ  അങ്ങിങ്ങായി  പൊട്ടിപ്പുറപ്പെടാന്‍  തുടങ്ങിയിരുന്ന  എതിര്‍പ്പുകള്‍  ഇതോടെ  രൂക്ഷമാവുകയും  ചെയ്തു.  “ആന്‍റിവാക്സിനേഷന്‍  ലീഗ്”  എന്ന  ഒരു  സംഘടനയും  ഇംഗ്ലണ്ടില്‍  രൂപീകൃതമായി.

 

വസൂരി  നിര്‍മ്മാര്‍ജ്ജനം

 

1950കളിലെ  വിലയിരുത്തല്‍പ്രകാരം  പ്രതിവര്‍ഷം  ലോകമെമ്പാടുമായി  5  കോടി  ആള്‍ക്കാരുടെ  മരണത്തിനും  അതിലേറെപ്പേരുടെ  അന്ധതയ്ക്കും  ഇതരവൈകല്യങ്ങള്‍ക്കും  കാരണമായിക്കൊണ്ടിരുന്ന  ഒന്നാണ്  വസൂരി.  1950കളില്‍ത്തന്നെ  അമേരിക്കന്‍  ഭൂഖണ്ഡങ്ങളിലെ  അര്‍ജന്‍റീന,  ബ്രസീല്‍,  കൊളംബിയ,  യുക്കഡോര്‍  എന്നീ  രാജ്യങ്ങളൊഴികെയുള്ളവയില്‍  നിന്നും  രോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്തിരുന്നു  എന്നു  പറയാം.  1958ല്‍  റഷ്യന്‍  ആരോഗ്യവകുപ്പില്‍  ഉപമന്ത്രിയായിരുന്ന  വിക്ടര്‍  ഷ്ഡാനോവാണ്  ആദ്യമായി  ലോകവ്യാപകമായി  ഈ  രോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്യുക  എന്ന  ആശയം  ലോകാരോഗ്യ  അസ്സംബ്ലി  മുന്‍പാകെ  കൊണ്ടുവരുന്നത്.  1959ല്‍  ഇത്  അംഗീകരിക്കപ്പെടുകയും  ഔപചാരികമായി  ലോക  വസൂരി  നിര്‍മ്മാര്‍ജ്ജനപരിപാടി  ആരംഭിക്കുകയും  ചെയ്തു.  എന്നാല്‍  ഇഴഞ്ഞു  നീങ്ങിയ  ഇത്  കാര്യമായ  പ്രതികരണമൊന്നും  ഉണ്ടാക്കിയില്ല.  1967ല്‍  ശക്തി  പ്രാപിച്ച  ഈ  പ്രസ്ഥാനം  ആദ്യം  ഡൊണാള്‍ഡ്  ഹെന്‍ഡേര്‍സന്‍റെയും  തുടര്‍ന്ന്  ഇസാവോ  അരീറ്റയുടെയും  നേതൃത്വത്തില്‍  വിജയകരമായ  പരിസമാപ്തിയിലെത്തുകയും  1980ല്‍  ലോകം  വസൂരി  വിമുക്തമായതായി  ലോകാരോഗ്യസംഘടന  പ്രഖ്യാപിക്കുകയും  ചെയ്തു.  ഈ  പരിപാടി  ഗൗരവതരമായി  മുന്നോട്ടുപോകാനാരംഭിച്ച  1967ല്‍  പ്രതിവര്‍ഷം  വികസ്വര  രാജ്യങ്ങളിലെല്ലാമായി  100  കോടി  അമേരിക്കന്‍  ഡോളറെങ്കിലും  ഈ  രോഗം  മൂലം  നഷ്ടമുണ്ടായിക്കൊണ്ടണ്ടിരുന്നതായാണ്  കണക്കാക്കപ്പെട്ടിട്ടുള്ളത്.  എഡ്വേര്‍ഡ്  ജന്നറുടെ  വാക്സിന്‍വഴി  അന്‍പതുകോടി  ജീവനെങ്കിലും  രക്ഷിക്കാനുതകിയിട്ടുണ്ടെന്നാണ്  പണ്ഡിതമതം.  ഫലപ്രദമായ ഒരു  വാക്സിന്‍റെ  ലഭ്യത  ഒന്നുകൊണ്ടുമാത്രമാണ്  ഈ  വിജയം  കൊയ്തെടുക്കാന്‍  മാനവരാശിക്കായത്.

 

രോഗാണുസിദ്ധാന്തം

വിവിധ  പഞ്ചസാരകളില്‍നിന്ന്  ചാരായമുണ്ടാക്കുന്ന  ഫെര്‍മന്റെഷൻ,  ജൈവവസ്തുക്കളുടെ  അഴുകല്‍,  തുടങ്ങിയവ  ജൈവ  പ്രക്രിയകളാണെന്ന്  സ്ഥാപിക്കുന്നതിലും  വലിയ    പങ്കുവഹിച്ചവരാണ്  തിയൊഡോര്‍  ഷ്വാൻ,  ജോൺ  റ്റിന്‍ഡൽ,  ലൂയിപാസ്ച്ചര്‍  തുടങ്ങിയവര്‍.  സൂതികാജ്വരവും  കോളറയുമൊക്കെ  സംക്രമിക  സ്വഭാവമുള്ളതാകാമെന്ന  ധാരണയോടെ  അവയെ  തടയാനുള്ള  മാര്‍ഗ്ഗങ്ങൾ  നിര്‍ദ്ദേശിച്ച  സെമ്മെല്‍വിസും  ജോൺ  സ്നോയും  അണുബാധാമുക്തമായ  (ആന്‍റിസെപ്റ്റിക്  സര്‍ജറി)  ശസ്ത്രക്രിയയുടെ  ഉപജ്ഞാതാവായറിയപ്പെടുന്ന  ജോസഫ്  ലിസ്റ്ററുമൊക്കെ  സാംക്രമികരോഗങ്ങളുടെ  അണുസിദ്ധാന്തത്തെ  അരക്കിട്ടുറപ്പിക്കുവാന്‍  സഹായിച്ചവരാണ്.  ഇത്  സംശയാതീതമായി  സ്ഥാപിച്ചതാകട്ടെ  ലൂയി  പാസ്ച്ചറിന്‍റെയും  റോബര്‍ട്  കോക്കിന്‍റെയും  ഗവേഷണങ്ങളും.  ഈ  സിദ്ധാന്തത്തിന്  പൂര്‍ണത  വരുത്തിയ  ആളാണ്  ജര്‍മ്മന്‍കാരനായ  റോബര്‍ട്  കോക്ക്.  ഈ  സിദ്ധാന്തത്തിന്‍റെ  അടിസ്ഥനശിലയായി  ഇന്നും  കണക്കാക്കപ്പെടുന്നതാണ്  കോക്കിന്‍റെ  പ്രമാണങ്ങള്‍  (Koch’s  Postulates).

 

എന്താണ്  വാക്സിനുകള്‍ ?

 

രോഗങ്ങള്‍  ജനിതകം,  ജീവിതശൈലീജന്യം,  സാംക്രമികം  എന്നൊക്കെയായി  വര്‍ഗ്ഗീകരിക്കാം.  നാഗരികതയുടെ  തുടക്കത്തില്‍  ജീവിതശൈലീരോഗങ്ങള്‍  മുന്‍നിരയിലെത്തുംമുന്‍പ്    വന്‍തോതിൽ  ജനങ്ങളെ  വലച്ചിരുന്നത്  സാംക്രമിക  രോഗങ്ങളാണ്.  രോഗാണുക്കളെപ്പറ്റിയുള്ള  അറിവും  രോഗ  പ്രതിരോധശാസ്ത്രത്തിലുണ്ടണ്ടായ  കുതിച്ചുചാട്ടങ്ങളും  വാക്സിനുകള്‍  വഴിയുള്ള  രോഗനിയന്ത്രണം  എന്ന  ആശയത്തിനു  ശക്തിപകര്‍ന്നു.  രോഗാണുക്കളെ  കണ്ടെത്തുക  ശോഷിപ്പിക്കുക  വാകിസിന്‍  ഉണ്ടാക്കുക  എന്നതായിരുന്നു  ലൂയി  പാസ്ചര്‍  പോലെയുള്ള  ഈ  രംഗത്തെ  ആദ്യപഥികരുടെ  മുദ്രാവാക്യം.

 

നിര്‍ജ്ജീവ  രോഗാണുക്കള്‍ക്കും  ജീവനുള്ളതെങ്കിലും  രോഗകാരിയല്ലാത്തവിധം  ശോഷിതമായ  രോഗാണുക്കള്‍ക്കും  അവയുടെ  ചില  ഘടകങ്ങള്‍ക്കു  മാത്രമായും  ഒക്കെ  രോഗ  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കാനും  അവക്കെതിരായ  പ്രതിവസ്തുക്കളെ  നിര്‍മ്മിച്ച്  പ്രതിരോധശേഷി  നല്‍കാനും  കഴിയും  എന്ന  കണ്ടെണ്ടത്തലോടുകൂടിയാണ്  വാക്സിന്‍  നിര്‍മ്മാണം  സുഗമമായതും  ഗതിവേഗമാര്‍ജ്ജിച്ച്  വ്യാപകമാവുന്നതും  രോഗപ്രതിരോധത്തിന്റെ  ഒരു  നെടുംതൂണായി  മാറുന്നതും.

 

ശരീരത്തിന്റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനങ്ങളെ  ഉല്ലംഘിച്ച്  രോഗാണുക്കള്‍ക്ക്  ശരീരത്തില്‍  പ്രവേശിക്കാനായാല്‍  മൂന്ന്  പരിണതികള്‍ക്കാണ്  സാദ്ധ്യത.  കാര്യമായ  അസുഖമൊന്നുമുണ്ടാക്കാതെ  എന്നാല്‍  പ്രതിരോധം  സൃഷ്ടിച്ച്  അവ  പിന്‍വാങ്ങും.  ചിലരില്‍  കാര്യമായ  രോഗമുണ്ടാക്കുമെങ്കിലും  ആത്യന്തികമായി  അവരും  രോഗമുക്തി  നേടും.  എന്നാല്‍  കുറേപ്പേരെങ്കിലും  രോഗത്തിന്  കീഴടങ്ങി  മരിക്കുകയോ  കാര്യമായ  അവശിഷ്ട  ഫലങ്ങളോടെ  രക്ഷപ്പെടുകയും  ചെയ്യും.  രോഗബാധിതനാകുന്നൊരാളില്‍  ഇതിലേതാണ്  സംഭവിക്കുക  എന്ന്  പ്രവചിക്കാനാകാത്തത്  പ്രതിരോധം  കൂടുതല്‍  പ്രസക്തമാക്കുന്നു.  അതുകൊണ്ടു  ആദ്യം  പറഞ്ഞതിനു  സമാനമായ  അവസ്ഥ  സൃഷ്ടിക്കുന്നതിന്  രോഗാണുക്കളെ  ശോഷിപ്പിച്ചോ  മൃതമാക്കിയോ  അവയുടെ  ഘടകങ്ങളെടുത്തൊ  ഒരാളില്‍  പ്രയോഗിക്കുന്നു.  കാര്യമായ  രോഗാവസ്ഥകളൊന്നുമില്ലാതെ  തന്നെ  അയാള്‍  പ്രതിരോധമാര്‍ജ്ജിക്കുന്നു.  ഇതാണ്  ഇമ്മ്യുണൈസേഷന്‍  എന്ന  പ്രതിരോധ  പ്രവര്‍ത്തനത്തിന്റെ  ശാസ്ത്രീയാടിത്തറയെന്നു  പറയാം.

 

 

 

 

വാക്സിനുകളുടെ  പ്രവര്‍ത്തനരീതി

 

രോഗാണുക്കളെയും  അന്യവസ്തുക്കളെയും  ശരീരത്തില്‍  പ്രവേശിക്കാതെ  നോക്കാനുള്ള  ആദ്യ  പ്രതിരോധനിരയാണ്  നമ്മുടെ  തൊലിയും  അതിന്‍റെ  അമ്ലതയും,  നാസികകളിലെ  മൃദുരോമങ്ങളും,  കണ്ണീരും,  ശരീരസ്രവങ്ങളുടെ  അമ്ലതയുമൊക്കെ.  അതുപോലെത്തന്നെയാണ്  പരസ്പരസഹായത്തോടെ  ശരീരത്തിന്‍റെ  പലഭാഗങ്ങളിലും  സഹജീവനം  (Symbiosis)  നിര്‍വ്വഹിക്കുന്ന  കോടാനുകോടിവരുന്ന  സുഹൃദാണുക്കളുടെ  സാന്നിദ്ധ്യവും  (Normal  Flora).  പ്രതിരോധത്തിനായുള്ള  സവിശേഷ  കോശങ്ങളും  രാസികങ്ങളുമുണ്ട്.  രോഗാണുക്കളുമായി  സമ്പര്‍ക്കമില്ലതെതന്നെ  ഏതുതരം  രോഗാണുക്കളെയും  അന്യവസ്തുക്കളെയും  വിശേഷിച്ചും  മാംസ്യരൂപത്തിലുള്ളവയെ  തടഞ്ഞുനിര്‍ത്താന്‍പോന്ന  ഒരു  പ്രതിരോധ  സംവിധാനമാണാദ്യം  പ്രവര്‍ത്തനക്ഷമമാക്കുക.  സ്വാഭാവികമായും  പരാദങ്ങളായ  അണുക്കളില്‍  കുറെയെങ്കിലും  ഇവയെയെല്ലാം  മറികടക്കാനുള്ള  അനുകൂലനങ്ങള്‍  നേടിയിരിക്കുമല്ലോ,  അല്ലെങ്കില്‍  അവ  ഇതിനകം  അന്യം  നിന്നിരിക്കും.  അങ്ങനെ  ഈ  അനുകൂലന  സഹയത്തോടെ  ശരീരത്തിലിടം  നേടാനാവുന്നവയെ  പ്രതിരോധിക്കാനുള്ള  ഒരോ  രോഗാണുവിനേയും  ലക്ഷ്യംവച്ചുള്ള  സവിശേഷ  പ്രതിരോധമാണ്  അടുത്തതായി  പ്രവര്‍ത്തനക്ഷമമാക്കുക.  ഇതാകട്ടെ  ഈ  രോഗാണുവിനെ  കണ്ടെത്തിക്കഴിഞ്ഞശേഷം  ശരീരം  നടത്തുന്ന  പ്രതികരണമാണ്.  ആര്‍ജ്ജിത  പ്രതിരോധം  എന്നാണിതിനെ  വിളിക്കുക.  രോഗാണുക്കളുടെ  ഉപരിതല  രാസികങ്ങളുടെ  ഘടന  തിരിച്ചറിയാനും  (Pattern  Recognition)  അവ  സ്വന്തമല്ലെന്ന്  മനസ്സിലാക്കാനും  സമര്‍ത്ഥമായ  മേല്‍പ്പറഞ്ഞ  സ്വാഭാവിക  പ്രതിരോധ  കോശങ്ങള്‍  ഈ  അണുക്കളെ  വിഴുങ്ങുകയും  (Phagocytosis)  അവയുടെ  മാംസ്യാവശിഷ്ടങ്ങള്‍  ആര്‍ജിത്ത  പ്രതിരോധ  നിരയിലെ  സവിശേഷകോശ  നിരയായ  ലസികാകോശങ്ങള്‍ക്ക്  (ലിംഫോസൈറ്റുകള്‍)  കൈമാറുകയും  ചെയ്യുന്നു.  ഈ  കോശങ്ങള്‍  ഉടന്‍തന്നെ  ഉത്തേജിതരാകുകയും  പെട്ടെന്ന്  വിഭജിച്ചു  പെരുകി  പ്രവര്‍ത്തന  സജ്ജരാകുകയും  ചെയ്യുന്നു.  ഇവയില്‍  ചിലവ  ശരീരത്തില്‍  പ്രവേശിച്ച  രോഗാണുക്കള്‍ക്കെതിരെയുള്ള  (ആന്‍റിജനുകള്‍)  പ്രതിവസ്തുക്കള്‍  (ആന്‍റിബോഡികള്‍)  നിര്‍മ്മിക്കുന്നു.  ഈ  പ്രതിവസ്തുക്കള്‍  വിവിധ  രൂപത്തില്‍  പ്രവര്‍ത്തിച്ചു  രോഗാണുക്കളെ  നിര്‍വ്വീര്യമാക്കുന്നു.  ഇതെല്ലായ്പ്പോഴും  പൂര്‍ണ്ണമായി  ഫലപ്രദമായെന്നുവരില്ല.  അവിടെ  അടുത്ത  കോശനിരസഹായത്തിനെത്തുകയും  ചെയ്യുന്നു.  ഈ  രണ്ടുവിഭാഗം  കോശങ്ങളുടെയും  സഹായത്തോടെ  മിക്കവാറും  സന്ദര്‍ഭങ്ങളില്‍  രോഗാണുക്കള്‍  തുരത്തപ്പെട്ടിരിക്കും.  ഈ  വിവരിച്ച  സംവിധാനങ്ങള്‍  പൂര്‍ണ്ണഫല  പ്രാപ്തിയിലെത്താന്‍  പലപ്പോഴും  ഒന്നിലേറെ  പ്രാവശ്യം  രോഗാണുക്കളുമായുള്ള  കണ്ടുമുട്ടല്‍  ആവശ്യമായി  വരും,  വിശേഷിച്ചും  വാക്സിനുകളില്‍  ഉള്ളതുപോലെ  അവയുടെ  അളവും  ശക്തിയും  കുറഞ്ഞിരിക്കുമ്പോള്‍.  അതുകൊണ്ടാണ്  വാക്സിനുകളില്‍  പലതും  ഒന്നിലേറെ  പ്രാവശ്യം  നല്‍കേണ്ടിവരുന്നത്.  എന്നാല്‍  ജൈവശോഷിതാണുക്കള്‍  പലപ്പോഴും  ഇത്  ഒറ്റത്തവണകൊണ്ടു  പൂര്‍ത്തീകരിക്കാന്‍  പര്യാപ്തമായെന്നുമിരിക്കും.  ഇങ്ങനെയുണ്ടാകുന്ന  പ്രതിരോധം  ഒരോ  പ്രാവശ്യം  ആവര്‍ത്തിക്കുമ്പോഴും  ശക്തി  കൂടിക്കൂടി  വരുന്നു.  എന്നാല്‍  ഈ  ആവര്‍ത്തിത  പ്രതികരണങ്ങള്‍ക്ക്  ഒരു  നിശ്ചിത  ഇടവേളയുണ്ട്.  സാധാരണയായി  അത്  കുറഞ്ഞത്  നാലാഴ്ച്ചയാണ്.  അതുകൊണ്ടാണ്  മിക്കവാറും  വാക്സിനുകള്‍  നാലാഴ്ച്ചത്തെ  ഇടവേളകളില്‍  നല്‍കുന്നത്.  ഈ  പ്രതിരോധകോശ  നിരകളില്‍  ചിലവ  ഓര്‍മ്മക്കോശങ്ങളായി  രൂപാന്തരം  പ്രാപിക്കുകയും  ശരീരത്തിന്‍റെ  വിവിധ  ഭാഗങ്ങളിലായി  സുഖസുഷുപ്തിയിലായിക്കഴിയുകയും  ചെയ്യും.  മറ്റൊരവസരത്തില്‍  ശരീരത്തില്‍  പ്രവേശിക്കുന്ന  ഇതേ  അണുക്കളെ  ഈ  കോശങ്ങള്‍  പെട്ടെന്നുതന്നെ  തിരിച്ചറിയുകയും  ശരീരത്തിലിടം  നേടാനാകുന്നതിനു  മുന്‍പ്  അവയെ  തുരത്തുകയും  ചെയ്യുന്നു.  ആദ്യംപറഞ്ഞ  പ്രക്രിയകള്‍  പൂര്‍ത്തീകരിക്കാന്‍  രണ്ടോമൂന്നോ  ആഴ്ച്ചകളെടുക്കുമെങ്കില്‍  ഈ  രണ്ടാമതു  പറഞ്ഞ  ഓര്‍മ്മക്കോശങ്ങള്‍  വഴിയുള്ള  ആവര്‍ത്തിത  പ്രതിരോധം  ക്ഷിപ്രസദ്ധ്യമാണ്.  അതു  ശക്തിയേറിയതായിരിക്കും.  ഇങ്ങനെ  സൂക്ഷ്മാണുക്കളുടെ  സഹജമായ  രാസഘടന  തിരിച്ചറിയാന്‍  കഴിവുള്ള  അനേകായിരം  തരത്തിലുള്ള  സ്വീകാരികളുള്ള  ലസികാകോശങ്ങളാണ്  നമുക്കുള്ളത്.  അതുകൊണ്ടു  പ്രകൃതിയില്‍ക്കാണുന്ന  മിക്കവാറുമെല്ലാത്തരം  പരാദാണുക്കളുമായി  അവയെ  കണ്ടുമുട്ടുന്ന  സന്ദര്‍ഭങ്ങളില്‍  പ്രതികരിക്കാനുള്ള  ശേഷി  നമുക്കുണ്ട്.  അതായത്  കുറെ  അണുക്കള്‍  കണ്ടുമുട്ടിക്കഴിയുമ്പോള്‍  തീര്‍ന്നുപോകുന്നതല്ലെന്നു  ചുരുക്കം.

 

വാക്സിന്‍  നിര്‍മ്മാണവും  അവയിലെ

ചേരുവകളും,  അവ  സംബന്ധിച്ച  വിവാദങ്ങളും

 

വാക്സിനുകളുണ്ടണ്ടാക്കുന്നതിന്  രോഗാണുക്കളെ  ശോഷിപ്പിച്ചോ  മൃതമാക്കിയോ  അവയുടെ  ഘടകങ്ങളെടുത്തോ  ഒക്കെയാണെന്ന്  വിശദീകരിച്ചല്ലോ.  സൂക്ഷ്മാണുക്കളെ  ശോഷിപ്പിക്കുന്നതിനും  മൃതമാക്കുന്നതിനും  ഉയര്‍ന്ന  ഊഷ്മാവോ  ഫോര്‍മാലിന്‍  പോലുള്ള  രാസികങ്ങളോ  ആണുപയോഗിക്കുന്നത്.  അതുപോലെത്തന്നെ  ഈ  അണുക്കളെ  പരീക്ഷ  ണശാലയില്‍  വന്‍തോതില്‍  വളര്‍ത്തിയെടുക്കുന്നതിന്  പോഷകമാദ്ധ്യമങ്ങളോ  വിവിധകോശനിരകളോ  ഉപയോഗിക്കുന്നു.  ഇവയുടെ  അംശങ്ങള്‍  വാക്സിനില്‍  ചെറിയ  തോതില്‍  അടങ്ങിയിരിക്കും.  എന്നാല്‍  വാക്സിന്‍  നിര്‍മ്മാണ  ഘട്ടങ്ങളിലെ  ശുദ്ധീകരണ  പ്രക്രിയക്കുശേഷം  ഇതൊക്കെ  ശരീരത്തില്‍  ഒരു  പ്രതികരണവുമുണ്ടാക്കാനാകാത്ത  വിധം  സൂക്ഷ്മമായ  അളവില്‍  മത്രമേ  കാണാറുള്ളു.  ഇനിയും  മറ്റൊരു  വിഭാഗം  വസ്തുക്കള്‍  വാക്സിന്‍റെ  പ്രവര്‍ത്തനം  ശക്തിപ്പെടുത്താനുള്ളവയാണ്.  വാക്സിനിലുള്ള  മൃതമാക്കിയ  സൂക്ഷ്മാണുക്കളും  അവയുടെ  ഘടകങ്ങളും  പെട്ടെന്നുതന്നെ  ശരീരത്തിന്‍റെ  പ്രതിരോധ  കോശങ്ങളുടെ  ആക്രമണംവഴി  വളരെവേഗംതന്നെ  അപ്രത്യക്ഷമാകും.  കുത്തിവച്ച  ശരീരഭാഗത്ത്  വാക്സിന്‍  ഘടകങ്ങള്‍  കൂടുതല്‍  സമയം  തങ്ങിനില്‍ക്കാനുപയോഗിക്കുന്ന  പദാര്‍ത്ഥങ്ങളെ  അഡ്ജുവന്‍റുകള്‍  എന്നുവിളിക്കുന്നു.  ഇക്കൂട്ടത്തില്‍പ്പെട്ട  പ്രധാനപ്പെട്ട  ഒന്നാണ്  അലൂമിനിയം  ലവണങ്ങള്‍.  ഇതുകൂടാതെ  വാക്സിനില്‍  മറ്റു  രോഗാണുക്കള്‍,  വിശേഷിച്ചും  ബാക്റ്റീരിയകള്‍  കടന്നുകൂടി  വിഷമയമാകാതിരിപ്പാന്‍  ചേര്‍ക്കുന്ന  സംരക്ഷകങ്ങളുമുണ്ട്  (Preservatives).  പലതരം  ആന്‍റിബയോട്ടിക്കുകളും  തൈമെറൊസാല്‍  എന്ന  രസസംയുക്ത  (Mercury)  വുമാണിങ്ങനെ  ചേര്‍ക്കുന്നതില്‍  പ്രമുഖമായവ.  വാക്സിന്‍  വിമര്‍ശകര്‍  എടുത്തുകാണിക്കുന്ന  ചിലതാണ്  ഈ  വസ്തുക്കളുടെ  സാന്നിദ്ധ്യം.  അതുസംബന്ധിച്ച  വിശദീകരണത്തിനാണ്  അടുത്തതായി  ശ്രമിക്കുന്നത്.

 

തൈമെറൊസാല്‍

ഒരു  വാക്സിന്‍റെ  ബഹുമാത്രാവയലുകള്‍  (Vials)  ഒരിക്കല്‍  തുറന്നുവച്ചശേഷം  വീണ്ടും  ഉപയോഗിക്കുമ്പോള്‍  അണുബാധയേറ്റ്  വിഷമയമാകാതിരിക്കാന്‍  സാധാരണയായി  ഉപയോഗിക്കുന്ന  ഒരു  രസ  (mercury)  സംയുക്തമാണ്  തയോമെര്‍സാല്‍  (തൈമെറൊസാല്‍  എന്നുംപറയും)  ഏതാണ്ട്  തൊണ്ണൂറിലേറെ  വര്‍ഷങ്ങളായി  ഇതുപയോഗത്തിലുണ്ട്.  തയോമെര്‍സാലിന്‍റെ  ഫലമെന്നു  വിശേഷിപ്പിക്കാവുന്ന  ഒരനിഷ്ടസംഭവവും  വൈദ്യശാസ്ത്രത്തിന്‍റെ  ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.  മെര്‍ക്കുറിയുടെതന്നെ  കൂടുതല്‍  വിഷകരവും  പ്രകൃതിയില്‍  സധാരണ  കാണുന്ന  തരത്തിലുള്ളതുമായ  മീതൈല്‍  മെര്‍ക്കുറിയുമായി  താരതമ്യം  ചെയ്യുന്നതുകൊണ്ടാണ്  അതിനെ  അപേക്ഷിച്ച്  വളരെ  സുരക്ഷിതമായ  ഈതൈല്‍  മെര്‍ക്കുറി  സംയുക്തമായ  തൈമെറൊസാലിനെതിരായ  പല  ആശങ്കകളും  ഉണ്ടാകാന്‍  കാരണം.  നമ്മുടെ  പരിസ്ഥിതിയിലും  തദ്വാരാ  ശരീരത്തിലും  നേരിയ  അളവില്‍  മെര്‍ക്കുറി  ലോകത്തെല്ലായിടത്തുംതന്നെ  കാണപ്പെടാറുണ്ട്.  ഇതാകട്ടെ  മീതൈല്‍  മെര്‍ക്കുറിയാണ്.  ചുറ്റുപാടുകളില്‍  കാണുന്ന  മെര്‍ക്കുറിയുടെ  അധിക  പങ്കും  സ്വാഭാവികമായുണ്ടാവുന്നതാണ്.  അമേരിക്കയിലെ  പരിസ്ഥിതി  സംരക്ഷണ  ഏജന്‍സി  (EPA)  വിലയിരുത്തല്‍  പ്രകാരം  മനുഷ്യപ്രവൃത്തികള്‍  മൂലമുള്ള  പാരിസ്ഥിതിക  മെര്‍ക്കുറിയുടെ  അളവ്  ആകെയുള്ളതിന്‍റെ  മൂന്നു  ശതമാനം  മാത്രമാണ്.  മഴവെള്ളം  വഴിയും  കാറ്റടിച്ചും  ജലസ്രോതസ്സുകളില്‍  എത്തിച്ചേരുന്ന  ലോഹമെര്‍ക്കുറിയെ  ബാക്റ്റീരിയകള്‍  മീതൈല്‍  മെര്‍ക്കുറിയാക്കി  മാറ്റുന്നു.  ജലസസ്യങ്ങളിലും  ചെറുമീനുകളും  കവച  മല്‍സ്യങ്ങളും  (Shell Fish)  മറ്റു  ചെറുജീവികളും  ആഹാരത്തിലൂടെ  അകത്താക്കുന്ന  ഇത്  അവയുടെ  ശരീരത്തില്‍  ജൈവ  സന്ദ്രീകരണം  വഴി  അടിഞ്ഞുകൂടുന്നു.  ഇവയെ  ആഹാരമാക്കുന്ന  വലിയ  മീനുകളില്‍  ഇത്  ബയോഅക്യുമുലേഷന്‍  എന്നും  വിളിക്കുന്ന  ഈ  പ്രതിഭാസ  ഫലമായി  വര്‍ദ്ധമാനമായ  തോതില്‍  ആയിത്തീരുന്നു.  നാം  ഭക്ഷിക്കുന്ന  മല്‍സ്യങ്ങളിലും  ചില  പച്ചക്കറികളിലും  അതിലുപരി  എത്രയെന്നറിയാതെ  ഉപയോഗിക്കുന്ന  ‘പാരമ്പര്യ’  ഔഷധങ്ങളിലും  ഒക്കെ  അടങ്ങിയിട്ടുള്ളതിന്‍റെ  എത്രയോ  കുറഞ്ഞ അളവില്‍  മാത്രമാണ്  വാക്സിന്‍വഴി  ഒരാളില്‍  മെര്‍ക്കുറി  എത്തിച്ചേരുന്നത്.  അതിലേറെ  പ്രധാനപ്പെട്ട  കാര്യം  വാക്സിനിലിടങ്ങിയത്  നേരത്തേ  സൂചിപ്പിച്ചപോലെ  ശരീരത്തില്‍  അധികം  തങ്ങിനില്‍ക്കാത്ത  ഈതൈല്‍  മെര്‍ക്കുറിയാണെന്നതാണ്.

പല  രാജ്യങ്ങളും  തയോമെര്‍സാല്‍  ഒരിക്കലും  ഉപയോഗിച്ചിട്ടില്ല.  അമേരിക്കയില്‍ത്തന്നെ  രണ്ടായിരമാണ്ടുമുതല്‍  ഇതില്ലാത്ത  വാക്സിനുകളാണ്  ഉപയോഗിക്കുന്നത്.  അതിനു  മുന്‍പോ  പിന്‍പോ  ഓട്ടിസമോ  മറ്റു  നാഡീരോഗങ്ങളോ  ഈ  രാജ്യങ്ങളില്‍  വാക്സിന്‍  ലഭിച്ചവരില്‍  അധികമായി  കണ്ടിട്ടില്ല.  മാത്രമല്ല  തയോമെര്‍സാല്‍  ഒഴിവാക്കപെട്ട  2000ത്തിനുശേഷവും  അവിടെ  ഓട്ടിസം  വര്‍ദ്ധിച്ചുവരുന്നതായാണ്  ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.  എന്നാല്‍  ഇത്  ഓട്ടിസംപോലെയുള്ള  പ്രശ്നങ്ങള്‍  സൃഷ്ടിക്കുന്നു  എന്ന  ആരോപണം  ഉയര്‍ന്നുവന്നപ്പോള്‍  അതു  വിശദമായി  പഠിക്കാന്‍  ലോകത്തൊട്ടാകെയുള്ള  വിവിധ  ഏജന്‍സികള്‍  തയ്യാറായി.  അതില്‍  നിന്നെത്തിച്ചേര്‍ന്ന  നിഗമനം  ഇതു  ഒരുവിധത്തിലുമുള്ള  പാര്‍ശ്വഫലങ്ങളും  സൃഷ്ടിക്കുന്നില്ല  എന്നും  അതുകൊണ്ടുതന്നെ  തുടര്‍ന്നും  ഉപയോഗിക്കാമെന്നുമാണ്.  എന്നാല്‍  ഇന്നും  ഇതിനെ  ഓട്ടിസകാരിയായി  വിശേഷിപ്പിക്കുന്നവരും  ഇതുമൂലം  ഒരു  ‘ഭോപ്പാല്‍  ദുരന്തം’  വരാന്‍  കാത്തിരിക്കുന്നവരും  ഈ  കൊച്ചു  കേരളത്തിലുമുണ്ടെന്ന്  അടുത്തിടെ  ഒരു  ലേഖനം  വായിച്ചപ്പോള്‍  മനസ്സിലാക്കാനായി.

എന്നാല്‍  അമേരിക്ക  പോലെയുള്ള  രാജ്യങ്ങളില്‍  ഈ  ആരോപണം  വാക്സിന്‍  വിരുദ്ധര്‍  ആവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ  ഫലമായി  വാക്സിനുകളില്‍  പൊതുവേയുള്ള  വിശ്വാസം  നഷടപ്പെടുന്നതിലേക്കെത്തിച്ചേരുകയും  വാക്സിന്‍  സ്വീകാര്യത  കുറയുകയുംചെയ്ത  പശ്ചാത്തലത്തിലാണവിടെ  തയോമെര്‍സാല്‍  പൂര്‍ണ്ണമായും  ഒഴിവാക്കാന്‍  നിശ്ചയിച്ചത്.  അതായത്  ഈ  തീരുമാനത്തിനുപിന്നില്‍  സയന്‍സിനേക്കാള്‍  അധികമായുണ്ടായിരുന്നത്  സാമൂഹിക  കാരണങ്ങളായിരുന്നു  എന്നു  ചുരുക്കം.  അതുകൊണ്ടുതന്നെ  തയോമെര്‍സാല്‍  അമേരിക്കയില്‍  നിരോധിച്ചതാണെന്നൊക്കെയുള്ള  ആരോപണങ്ങളില്‍  കഴമ്പൊന്നുമില്ല.

 

അലുമിനിയം

വാക്സിനിലെ  മാംസ്യങ്ങള്‍  കുത്തിവച്ചിടത്ത്  കൂടുതല്‍  സമയം  തങ്ങിനിന്ന്  പ്രതിരോധ  കോശങ്ങളെ  ഉത്തേജിപ്പിക്കാന്‍  ചേര്‍ക്കുന്ന  അലുമിനിയമാണ്  വിമര്‍ശന  വിധേയമായിട്ടുള്ള  മറ്റൊരു  പദാര്‍ത്ഥം.  ജൈവാണുവാക്സിനുകളായ  ബിസിജി, അഞ്ചാംപനി,  എംഎംആര്‍,  ചിക്കന്‍പോക്സ്  തുടങ്ങിയവയില്‍  ഇതുപയോഗിക്കാറുമില്ല.  അഡ്ജുവന്‍റ്  എന്നറിയപ്പെടുന്ന  ഇവയെ  വളരെ  നിസ്സാരമായ  അളവിലാണ്  ചേര്‍ക്കുന്നത്,  അതുകൊണ്ടുതന്നെ  ഇതു  കാര്യമായ  അനഭിമതവും  അസ്വീകാര്യവുമായ  പ്രതികരണം  ശരീരത്തിലുണ്ടാക്കുന്നുമില്ല.  നാം  ആഹാരത്തില്‍ക്കൂടി  ഒരു  ദിവസം  അകത്താക്കുന്ന  അലുമിനിയത്തിന്‍റെ  അളവുമായി  തട്ടിച്ചു  നോക്കുമ്പോള്‍  വാക്സിന്‍വഴി  ലഭിക്കുന്ന  ഇതിന്‍റെ  അളവ്  അതീവ  സൂക്ഷ്മമാണെന്നു  കാണാം.  ഇന്ത്യയില്‍  നടന്നിട്ടുള്ള  ഒരു  പഠനത്തില്‍  മുംബെയില്‍  ഒരു  മുതിര്‍ന്ന  ആള്‍  ഒരു  ദിവസം  ശരാശരി  6.3  മില്ലിഗ്രാം  അലുമിനിയം  ഭക്ഷണത്തിന്‍റെ  കൂടെ  അകത്താക്കുന്നുണ്ടെന്നാണ്  കണക്കാക്കപ്പെട്ടിട്ടുള്ളത്.  ഒരു  മാത്ര  വാക്സിനിലാകട്ടെ  ഇത്  0.25  മില്ലിഗ്രാം  എന്ന  അളവിലൊക്കെ  മാത്രമാണ്.  ഇത്  മേല്‍പ്പറഞ്ഞ  അളവിലെത്താന്‍  ഇരുപത്തഞ്ച്  കുത്തിവയ്പെങ്കിലും  വേണ്ടിവരുമല്ലോ.

 

ഫോര്‍മാലിന്‍

വാക്സിന്‍  പ്രശ്നങ്ങളുടെ  ചര്‍ച്ചയില്‍  ഉയര്‍ന്നുവരുന്ന  മറ്റൊരു  പദാര്‍ത്ഥം  ഫോര്‍മാലിനാണ്.  ഇത്  സൂക്ഷ്മജീവികളെയും  അവയുടെ  വിഷവസ്തുക്കളെയുമൊക്കെ  നിര്‍വ്വീര്യമാക്കാനാണ്  സാധാരണയായി  ഉപയോഗിക്കുന്നത്.  അതുകൊണ്ടുതന്നെ  അലുമിനിയത്തിന്‍റെ  കാര്യത്തില്‍  സൂചിപ്പിച്ചപോലെ  ജൈവവാക്സിനുകളില്‍  ഇതിന്‍റെ  ആവശ്യം  വരുന്നില്ല.  ഇതിന്‍റെ  ഉപയോഗവും  ആദ്യമായി  ആരംഭിച്ചത്  1923ലാണ്.  റാമോണ്‍  എന്ന  ശാസ്ത്രജ്ഞന്‍  ഡിഫ്തീരിയവിഷത്തെ  വിഷമയമല്ലാത്ത  ടോക്സോയ്ഡ്  ആക്കി  മാറ്റാനായിരുന്നു  ഇതുപയോഗിച്ചത്.  ഫോര്‍മാല്‍ഡിഹൈഡ്  എന്ന  ഈ  രാസവസ്തുവും  വളരെ  സൂക്ഷ്മമായ  അളവില്‍  മാത്രമേ  ഉപയോഗഘട്ടത്തിലുള്ള  വാക്സിനില്‍  കാണാനാകൂ.  ഇതാകട്ടെ  അമേരിക്കയിലെ  ഇ.പി.എ.  നിര്‍ദ്ദേശിക്കുന്ന  സുരക്ഷിത  അളവിലും  വളരെ  താഴെയുമാണ്.  മിക്കവാറും  രാജ്യങ്ങള്‍  ഉപയോഗിക്കുന്ന  വാക്സിനുകള്‍  ലോകാരോഗ്യസംഘടനയുടെ  മുന്‍കൂറായുള്ള  ഗുണനിലവാരം  (WHO Prequalification)  പാലിക്കേണ്ടണ്ടതാണെന്നതുകൊണ്ട്  അവയെല്ലാം  തന്നെ  ലോകത്തെല്ലായിടത്തും  ഒരേ  നിലവാരത്തില്‍  ലഭിക്കുന്നതുമാണ്.  ഫോര്‍മാലിന്‍  മൃഗങ്ങളില്‍  ക്യാന്‍സര്‍കാരിയാകാമെന്നു  പഠനങ്ങള്‍  സൂചിപ്പിക്കുന്നു.  മൃഗപരീഷണഫലങ്ങള്‍  അതേപടി  മനുഷ്യരിലേക്ക്  പകര്‍ത്തുന്നത്  തെറ്റായ  നിഗമനങ്ങളിലേക്കെത്താന്‍  ഇടയാക്കുമെന്ന്  ഒട്ടേറെ  സന്ദര്‍ഭങ്ങളിലൂടെ  മനസ്സിലാക്കാനായിട്ടുണ്ട്.  മനുഷ്യരില്‍  ഇതങ്ങനെയാവുന്നതായി  തെളിവുകളില്ല.  സാധാരണയായി  മോര്‍ച്ചറി  സൂക്ഷിപ്പുകാരും  അനാട്ടമി  ലാബറട്ടറികളില്‍  പ്രവര്‍ത്തിക്കുന്നവരും  നിരന്തരമെന്നോണം  കൈകാര്യം  ചെയ്തുവരുന്നതാണീ  രാസപദാര്‍ത്ഥം.  അവരിലാര്‍ക്കുംതന്നെ  ക്യാന്‍സറൊ  മറ്റുരോഗങ്ങളോ  ഇതുമൂലമുണ്ടണ്ടാവുന്നതായി  ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.  മാത്രമല്ല  നമ്മുടെ  ശരീരത്തില്‍  ഒറ്റക്കാര്‍ബണ്‍  ഉപാപചയം  (One carbon metabolism)  എന്ന  പ്രക്രിയയുടെ  ഫലമായി  ഈ  വസ്തു  വളരെ  സൂക്ഷ്മമായ  അളവിലാണെങ്കിലും  ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്;  അതുകൊണ്ടുഅതിന്‍റെ  സാന്നിദ്ധ്യം  രക്തതിലുണ്ട്  എന്നതും  ഇവിടെ  പ്രസ്താവ്യമാണ്.

 

അന്യജീവീകോശങ്ങളും  മനുഷ്യഭ്രൂണ  കോശങ്ങളും

ഇതുപോലെ  വാക്സിന്‍  വിരുദ്ധര്‍  ലോകത്തെല്ലായിടത്തും  ചര്‍ച്ചക്കു  വിധേയമാക്കുന്ന  ഒന്നാണ്  വാക്സിനുകളില്‍  അന്യജീവികോശങ്ങളും  മനുഷ്യഭ്രൂണകോശങ്ങളും  അടങ്ങിയിരിക്കുന്നു  എന്നത്.  തങ്ങളുടെ  വാദഗതികള്‍ക്ക്  എരിവും  പുളിയും  കൂട്ടാനുള്ള  ഒരു  വാദമെന്നതിലുപരി  ഇതില്‍  വലിയ  കാര്യമൊന്നുമില്ല.  ഈ  ആരോപണം  ശരിയല്ല  എന്നല്ല.  അതുകൊണ്ടുള്ള  പ്രശ്നങ്ങളെന്താണ്  എന്നതാണ്  പ്രസക്തമായ  ചോദ്യം.  അതിരിക്കട്ടെ.  ആധുനിക  വൈദ്യശാസ്ത്രത്തിന്‍റെ  വാക്സിന്‍,  കാന്‍സര്‍  ഔഷധ  ഗവേഷണങ്ങളിലൊക്കെ  നിര്‍ണ്ണായകമായ  സ്വാധീനം  ചെലുത്തിയ  ഒരു  കണ്ടുപിടിത്തമാണ്  ജീവശരീരങ്ങളില്‍നിന്ന്  വേര്‍തിരിച്ചെടുത്തകോശങ്ങളെ  പരീക്ഷണശാലയില്‍  വളര്‍ത്താമെന്നത്.  ഇതാണ്  ടിഷ്യു  കള്‍ച്ചര്‍  സാങ്കേതികവിദ്യ.  ഭ്രൂണത്തില്‍  നിന്നെടുക്കുന്ന  വിത്ത്കോശങ്ങളോ  കാന്‍സര്‍കോശങ്ങളൊ  ആവശ്യമായ  പോഷക  സാന്നിദ്ധ്യത്തില്‍  അനവരതം  വിഭജിച്ചു  പെരുകിക്കൊണ്ടണ്ടിരിക്കും.  ഇന്ന്  നിരവധി  ഗവേഷണങ്ങള്‍ക്കുപയോഗിക്കുന്ന  ഇത്തരത്തിലുള്ള  ഒരു  കോശനിരയാണ്  ഹിലാസെല്‍  എന്നറിയപ്പെടുന്നത്.  1951  ഫെബ്രുവരി  എട്ടാംതീയതി  അമേരിക്കയിലെ  ജോണ്‍  ഹോപ്കിന്‍സ്  ആശുപത്രിയില്‍  ഗര്‍ഭാശയഗള  കാന്‍സര്‍മൂലം  മരണമടഞ്ഞ  ഹെന്‍റിറ്റ  ലാക്സിന്‍റെ  കാന്‍സര്‍  കോശങ്ങളില്‍  നിന്നെടുത്തവയാണിത്.  ഇന്നും  അവ  വളരുന്നു.  പല  ഗവേഷണങ്ങള്‍ക്കും  ഉപയോഗിച്ചുകൊണ്ടിരിക്കകയും  ചെയ്യുന്നു.  1954ല്‍  ജോനാസ്  സാല്‍ക്  തന്‍റെ  പോളിയോ  വാക്സിനുണ്ടാക്കാനുപയോഗിച്ചതും  ഈ  കോശങ്ങള്‍തന്നെ.  അതുപോലെത്തന്നെയാണ്  ഭ്രൂണകോശങ്ങളുടെ  കാര്യവും.  മറ്റു  ജന്തുക്കളില്‍നിന്നെടുക്കുന്ന  കോശങ്ങളെ  അപേക്ഷിച്ച്  അലര്‍ജിയും  മറ്റു  പാര്‍ശ്വഫല  സാദ്ധ്യതകളും  കുറവായിരിക്കും  മനുഷ്യകോശങ്ങള്‍  വാക്സിനായുള്ള  അണുക്കളെ  വളര്‍ത്തിയെടുക്കാന്‍  ഉപയോഗിക്കുന്നത്.  ഇവിടെയും  ഈ  കോശങ്ങള്‍ക്കുവേണ്ടി  ഭ്രൂണഹത്യയൊന്നും  നടത്തിയിട്ടില്ല.  സ്വാഭാവിക  ഗര്‍ഭഛിദ്രത്തിനു  വിധേയമായ  ഭ്രൂണത്തില്‍നിന്നെടുത്ത  കോശങ്ങളാണിന്നും  ഉപയോഗിക്കുന്നത്.  സൂക്ഷ്മാണുക്കളെ  ഇതില്‍നിന്നും  വേര്‍തിരിച്ചെടുത്തുകഴിയുമ്പോള്‍  ഈ  കോശാവശിഷ്ടങ്ങളൊന്നും  അതിസൂക്ഷ്മമായ  അളവിലല്ലാതെ  വാക്സിനില്‍  കാണില്ല.

 

വാക്സിനുകള്‍  ജനസംഖ്യാനിയന്ത്രണത്തിന്!

സമീപകാലത്ത്  കേള്‍ക്കാനിടയായ  ഒരു  ആരോപണമാണ്  ഫിലിപ്പൈന്‍സില്‍  ടെറ്റനസ്  ടോക്സോയ്ഡ്  (ടി.ടി.)  വാക്സിനില്‍  ഹ്യൂമന്‍  കോറിയോണിക്  ഗോണാഡോട്രോപ്പിന്‍  എന്ന  ഹോര്‍മ്മോണ്‍  കലര്‍ത്തി  ഗോപ്യമായ  രീതിയില്‍  ഗര്‍ഭനിരോധനത്തിനു  ശ്രമിച്ചു  എന്നത്.  സത്യത്തിന്‍റെ  കണികപോലുമില്ലാത്ത  ഈ  ആരോപണം  ഉയര്‍ന്നുവരുന്നത്  തൊണ്ണൂറു  കളിലാണ്.  ഈ  രാജ്യങ്ങളില്‍  ഉപയോഗിച്ചിരുന്ന  വാക്സിന്‍റെ  ഗുണപരിശോധനാഘട്ടത്തില്‍  ഈ  പറയുന്ന  ഹോര്‍മ്മോണ്‍  സാന്നിധ്യം  അളക്കുന്നതിനുപയോഗിക്കുന്ന  പരിശോധന  നേരിയ  തോതില്‍  പോസിറ്റീവ്  ആയിക്കാണപ്പെടുകയുണ്ടായി.  തുടര്‍ന്നു  പല  ലാബറട്ടറികളിലും  നടന്ന  വിശദമായ  പരിശോധനയില്‍  ഇതൊരു  പരിശോധനാപ്പിഴവ്  (ആര്‍ട്ടിഫാക്റ്റ്)  ആണെന്നു  തെളിയുകയും  ചെയ്തു.  മാത്രമല്ല  ടിടി  വാക്സിന്‍  ലഭിച്ച  60,000-ഓളം  പേരില്‍  ഘട്ടങ്ങളിലായി  നടന്ന  പഠനപ്രകാരം  അവരില്‍  വന്ധ്യത  കൂടുതലായി  കാണപ്പെടുകയോ  ഗര്‍ഭിണികളില്‍  ഗര്‍ഭം

അലസിപ്പോവുന്നതായോ  കണ്ടെത്താനായില്ല.  എന്നാല്‍  ഈ  സമയത്ത്  ഒരു  ഗര്‍ഭ  നിരോധന  വാക്സിന്‍  എന്ന  ആശയത്തെ  മുന്‍നിര്‍ത്തി  ടിടിയും  എച്.സി.ജിയും  (ഹ്യൂമന്‍  കോറിയോ  ണിക്  ഗൊണാഡൊട്രോപ്പിന്‍)  കൂട്ടിക്കലര്‍ത്തിയുള്ള  ഒരു  പരീക്ഷണ  വാക്സിന്‍  ഇന്ത്യയില്‍  രൂപകല്‍പ്പന  ചെയ്യുകയും  ചിലരില്‍പരീക്ഷിക്കുകയും  ചെയ്തിരുന്നു.  അതാകട്ടെ  ചുരുക്കം  ചിലരില്‍  അവരുടെ  സമ്മതത്തോടെ  നടന്നതും  അതിനായി  പ്രത്യേകം  രൂപകല്‍പ്പന  ചെയ്തതുമായിരുന്നു.  ടിടി  എന്ന  നിലക്കു  എങ്ങും  തന്നെ  അതുപയോഗിക്കുകയുണ്ടായിട്ടുമില്ല.  ഈദൃശ  ആരോപണങ്ങളുടെ  പിന്നില്‍  പ്രവര്‍ത്തിക്കുന്നത്  ബോധപൂര്‍വ്വമായ  വളച്ചൊടിക്കലുകളാണെന്ന്  ഇതില്‍നിന്നു  വ്യക്തമാണല്ലോ.

 

വാക്സിനുകളുടെ  സുരക്ഷിതത്വം

 

വാക്സിനുകളുടെ  സുരക്ഷിതത്വം  അവയുടെ  ആവിഷ്ക്കര്‍ത്താക്കളെയും  ഇതര  ശാസ്ത്രജ്ഞരെയും  അതിലുപരി  സാധാരണക്കരെയും  എന്നും  ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള  ഒന്നാണ്.  ആരോഗ്യമുള്ള  ഒരാളില്‍  അയാള്‍  തുടര്‍ന്നും  അങ്ങനെ  തന്നെയിരിക്കണമെന്ന  ലക്ഷ്യത്തോടെ  നടത്തുന്ന  ഒരു  പ്രയോഗമെന്ന  നിലക്ക്  ഇത്  ഗുണകരമായിരിക്കുന്നതു  പോലെത്തന്നെ  തികച്ചും  സുരക്ഷിതവുമായിരിക്കണം.  അതുകൊണ്ടുതന്നെ  ഈ  ഉത്കണ്ഠകള്‍  ന്യായീകരിക്കത്തക്കതാണ്.  രോഗമില്ലാത്ത  ഒരു  വ്യക്തിക്ക്  രോഗം  വരാതിരിക്കാന്‍  നടത്തുന്ന  ഒരു  ഇടപെടല്‍  എന്ന  നിലക്ക്  ഇത്  തീര്‍ച്ചയായും  സര്‍വ്വപ്രധാനമാണ്.

സ്വാഭാവിക  വസൂരികൊണ്ട്  20-30  ശതമാനംവരെ  ആളുകള്‍  മരണപ്പെട്ടിരുന്നപ്പോള്‍  ജന്നറുടെ  വാക്സിന്‍  വരുന്നതിന്  മുന്‍പ്  പലയിടത്തും  വളരെ  പ്രചാരത്തിലുണ്ടായിരുന്ന  വാരിയോളേഷന്‍  മൂലം  1-2  ശതമാനം  പേരാണ്  മരിച്ചുകൊണ്ടിരുന്നത്.  അതുകൊണ്ട്  ഈ  മരണനിരക്ക്  സ്വീകാര്യമായി  അനുഭവപ്പെട്ടു.  ജന്നറുടെ  വസൂരിവാക്സിനും  പൂര്‍ണ്ണമായി  സുരക്ഷിതമായിരുന്നു  എന്നു  പറഞ്ഞുകൂടാ.  മുന്‍പ്  സൂചിപ്പിച്ചപോലെ  രോഗാണുക്കളെ  കണ്ടെത്തലും  രോഗാണു  സിദ്ധാന്തവുമെല്ലാം  ഒരു  നൂറ്റാണ്ടകലെയായിരുന്ന  കാലത്ത്  കെട്ടുകഥകളെയും  അനുഭവങ്ങളെയും  പിന്തുടര്‍ന്നാണല്ലോ  ജന്നര്‍  തന്‍റെ  വാക്സിന്‍  രൂപകല്‍പ്പന  ചെയ്യുന്നത്.  പശുക്കളില്‍  വസൂരിരോഗം  അത്ര  സര്‍വ്വസാധാരണമായിരുന്നില്ല  എന്നതുകൊണ്ട്  ഒട്ടേറെപ്പേരില്‍  ഉപയോഗിക്കാനാവുംവിധം  ഗോവസൂരി  അണുക്കള്‍  ലഭ്യമയിരുന്നില്ല.  അതുകൊണ്ട്  ഒരാളെ  കുത്തിവച്ചാല്‍,  അയാളിലുണ്ടാവുന്ന  വ്രണം  മറ്റൊരാളുടെ  ശരീരത്തിലുണ്ടാക്കുന്ന  മുറിവില്‍  ചേര്‍ത്തുവച്ചാണ്  അയാളെ  വാക്സിനേറ്റു  ചെയ്തുകൊണ്ടിരുന്നത്.  അതുകൊണ്ട്  ആ  വ്യക്തിയില്‍നിന്ന്  റ്റെറ്റനസ്,  സിഫിലിസ്,  ക്ഷയം  മുതലായവയുടെരോഗാണുക്കള്‍  പകരാനുള്ള  സാദ്ധ്യത  ധാരാളമായി  ഉണ്ടായിരുന്നു.  മുറിവു  പഴുക്കുന്നതിനിടയാക്കുന്ന  സ്റ്റ്രെപ്റ്റോകോക്കസ്,  സ്റ്റാഫൈലോകോക്കസ്  തുടങ്ങിയ  അണുക്കള്‍ സംക്രമിക്കാനും  സാധ്യത  വിരളമല്ലായിരുന്നു.

പിന്നീടു  ഏകദേശം  ഒരു  നൂറ്റാണ്ടിനുശേഷമാണല്ലോ  ലൂയി  പാസ്ച്ചറുടെ  റാബീസ്  വാക്സിന്‍  വരുന്നത്.  ഈ  വാക്സിന്‍  നിര്‍മ്മിക്കാന്‍  അന്നു  കണ്ടെത്തിയിട്ടില്ലാത്ത  വൈറസുകളെ  ശോഷിപ്പിക്കാന്‍  അദ്ദേഹം  കണ്ടെത്തിയ  മാര്‍ഗം  ഇന്നത്തെ  നിലക്കു  വളരെ  പ്രാകൃതമായ  ഒന്നായിരുന്നു  എന്നുപറയാം.  മുയലുകളുടെ  നാഡീകലകളില്‍  പേവിഷബാധയേല്‍പ്പിച്ച്  ആ  നാഡീകലകളെ  പുകയേല്‍പ്പിച്ചും  പിന്നീട്  രാസവസ്തുക്കളുപയോഗിച്ചുമാണത്  നിര്‍വ്വഹിച്ചിരുന്നത്.  ധാരാളമായി  നാഡീകലകള്‍  അടങ്ങിയ  ഈ  വാക്സിന്‍  കുത്തിവക്കുന്ന  മനുഷ്യരില്‍  അത്ര  അസാധാരണമല്ലാത്തവിധം  നാഡീരോഗങ്ങള്‍  ഉണ്ടാക്കുമായിരുന്നു.  സമീപ  കാലംവരെ  നാം  ഉപയോഗിച്ചുകൊണ്ടിരുന്ന  റാബീസ്  വാക്സിന്‍  ഈ  രീതിയില്‍  നിര്‍മ്മിച്ചതായിരുന്നു  എന്നതുകൊണ്ട്  ഇത്തരത്തിലുള്ള  പാര്‍ശ്വഫലങ്ങള്‍  വളരെ  സാധാരണവുമായിരുന്നു.  നൂറുശതമാനം  മരണസാദ്ധ്യതയുള്ള  രോഗത്തെ  സംബന്ധിച്ച്  ഇത്  അസ്വീകാര്യമാകേണ്ടതില്ലല്ലോ.  അതേസമയം  പുതിയ  സെല്‍  കള്‍ച്ചര്‍  വാക്സിന്‍  വന്നതോടെ  ഈ  പ്രശ്നം  പൂര്‍ണ്ണമായി  പരിഹരിക്കപ്പെട്ടു.  ഇത്തരത്തിലുള്ള നാഡീകലാവാക്സിന്‍റെ  (നാം  ഉപയോഗിച്ചിരുന്ന  സെമ്പ്ള്‍  വാക്സിന്‍)  തുടര്‍ന്നുള്ള  ഉപയോഗം  മനുഷ്യത്വഹീനമാണെന്ന  സുപ്രീംകോടതി  നിരീക്ഷണവും  ഇതിനുപകരം  തികച്ചും  സുരക്ഷിതമായ  സെല്‍  കള്‍ച്ചര്‍  വാക്സിനിലേക്കു  മാറാന്‍  ഭാരതസര്‍ക്കാര്‍  നിര്‍ബന്ധിതമായതിനു  പിന്നില്‍  ഉണ്ടായിരുന്നു  എന്നതും  ഈ  ഘട്ടത്തില്‍  ഓര്‍ക്കുകയാണ്.

എഡ്വേര്‍ഡ്  ജന്നറുടെ  കാലംമുതല്‍  ഇരുപതാം  നൂറ്റാണ്ടിന്‍റെ  മദ്ധ്യംവരെ  സൂക്ഷ്മജീവീശാസ്ത്രത്തിന്‍റെയും  സാങ്കേതികതയുടെയുമൊക്കെ  പരിമിതികള്‍മൂലം  വാക്സിനുകള്‍  തികച്ചും  സുരക്ഷിതമായിരുന്നു  എന്നു  പറഞ്ഞുകൂടാ.  വിവിധ  സാംക്രമികരോഗങ്ങള്‍  വാക്സിനേഷന്‍  വഴി  ഉണ്ടായിക്കൊണ്ടിരുന്നു.  സിഫിലിസ്,  സെപ്റ്റിസീമിയ,  ടെറ്റനസ്,  ബിവൈറസ്  മൂലമുള്ള  മഞ്ഞപ്പിത്തം  ഒക്കെ  ഇതില്‍പ്പെടും.  ഇരുപതാം  നൂറ്റാണ്ടിന്‍റെ  മദ്ധ്യം  വരെ  വാക്സിനുകളുടെ  ഉപയോഗം  വഴി  ഇതര  സാംക്രമിക  രോഗബാധകളും  മരണങ്ങളുമുണ്ടായ  സന്ദര്‍ഭങ്ങള്‍  നിരവധിയാണ്.  ഇതില്‍  എടുത്തു  പറയേണ്ടഒന്നാണ്  1930കളില്‍  ആവിഷ്കൃതമായി  രണ്ടാംലോകമഹായുദ്ധകാലത്ത്  അമേരിക്കന്‍  സേനയില്‍  വ്യാപകമായുപയോഗിച്ച  മഞ്ഞപ്പനി  വാക്സിന്‍.  ഇതുമൂലം  അനേകായിരം  പേര്‍ക്ക്  ഹെപ്പറ്റൈറ്റിസ്  ബി  മൂലമുള്ള  മഞ്ഞപ്പിത്തമുണ്ടാകുകയും  നൂറുകണക്കിനാളുകള്‍  മരണമടയുകയുമുബായി.  അതിനു  കാരണമാകട്ടെ  ഈ  വാക്സിന്‍  ഉണ്ടാക്കാനുപയോഗിച്ച  രക്തസിറത്തില്‍  പലതും ഹെപ്പറ്റൈറ്റിസ്  ബി  അണുക്കള്‍  അടങ്ങിയതായിരുന്നു  എന്നതാണ്.  എന്നാല്‍  ഏണ്‍പതുകളില്‍  ആദ്യമായി  ആവിഷ്കൃതമായ ഹെപ്പറ്റൈറ്റിസ്   ബി  വാക്സിന്‍  ഈ  രീതിയില്‍ത്തന്നെ  നിര്‍മിച്ചതായിരുന്നു  എങ്കിലും  ഇത്തരത്തില്‍  മറ്റു  രോഗങ്ങളൊന്നും  തന്നെ,  അതും  എയിഡ്സിന്‍റെ  ആരംഭകാലത്ത്,  അതിന്‍റെ  സംക്രമണരീതികള്‍  വിശദീകരിക്കപ്പെടുന്നതിനും  മുന്‍പ്  ആയിരുന്നിട്ടുകൂടി  സംക്രമിക്കുകയുണ്ടായില്ല  എന്നോര്‍ക്കണം.  അതിനു  കാരണം  അതുണ്ടാക്കാന്‍  പാലിച്ച  അതീവ  ജാഗ്രതയും  അതിനു  സഹായിച്ച  സാങ്കേതികത്തികവുമായിരുന്നു.

 

വാക്സിനുകളുടെ  പാര്‍ശ്വഫലങ്ങള്‍

 

വാക്സിനുകളുടെ  പാര്‍ശ്വഫല  സംബന്ധിയായ  ചര്‍ച്ചയിലുണ്ടാവുന്ന  ഒരു  മുഖ്യപ്രമാദം  അവയെ  ഔഷധങ്ങള്‍  ഉള്‍പ്പടെയുള്ള  മറ്റു  രാസികങ്ങളുമായി  താരതമ്യം  ചെയ്യുന്നതില്‍  നിന്നു  ണ്ടാവുന്നതാണ്.  വാക്സിന്‍  ശരീരത്തിന്‍റെ  രോഗപ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിച്ച്  അണുക്കള്‍ക്കെതിരായ  പ്രതിവസ്തുക്കള്‍  നിര്‍മ്മിക്കുന്നു.  ഈ  പ്രതിവസ്തുക്കള്‍  നിര്‍മ്മിക്കുന്ന  തോടൊപ്പം  ഇവ  നിര്‍മ്മിക്കാന്‍  വേണ്ട  ഒരു  ഓര്‍മ്മയും  നമ്മുടെ  ചില  കോശങ്ങള്‍ക്കു  നല്‍കുന്നു.  ശരീരത്തിന്‍റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കുക  മാത്രമാണവ  ചെയ്യുന്നത്.  അവയില്‍  മറ്റു  ‘രാസവസ്തുക്കള്‍’  ഒന്നും  അടങ്ങിയിട്ടില്ല  –  വളരെ  സൂക്ഷ്മമായ  അളവിലല്ലാതെ,  ഇവയാണെങ്കിലോ  കാലാകാലങ്ങളായി  ഉപയോഗിച്ചു  അവയുടെ  സുരക്ഷിതത്വം  ഉറപ്പാക്കിയിട്ടുള്ളതുമാണ്.  വാക്സിനുകള്‍  ശരീരത്തിന്‍റെ  സ്വാഭാവിക  പ്രവര്‍ത്തനത്തെ  ഉത്തേജിപ്പിക്കുക  മാത്രം  ചെയ്യുമ്പോള്‍  മറ്റൗഷധങ്ങള്‍  ഒരു  രാസപ്രക്രിയയെയാണ്  സ്വാധീനിക്കുന്നത്.  ആ  പ്രക്രിയയാകട്ടെ  ശരീരത്തിലെ  പല  കലകള്‍ക്കും  (ശരീരത്തിലെ  ഒരു  പ്രത്യേക  പ്രവര്‍ത്തനം  നടത്തുന്ന  കോശസമൂഹത്തെയാണ്  കല  അഥവാ  റ്റിഷ്യു  എന്നതു  കൊണ്ട്  വിവക്ഷിക്കുന്നത്)  അത്  വിവിധ  പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമുള്ളതായിരിക്കും,  അതുകൊണ്ടുതന്നെ  അതു  നാം  ആഗഹിക്കുന്ന  ഫലത്തോടൊപ്പം  ചില  പാര്‍ശ്വഫലങ്ങളും,  ഉളവാക്കിയേക്കാം.  മിക്കവാറും  മരുന്നുകളെ  സംബന്ധിച്ചൂം  ഇതു  നിസ്സാരമായിരിക്കുമെന്നു  മാത്രം.  വാക്സിനുകള്‍  അവ  ലക്ഷ്യമിടുന്ന  പ്രവൃത്തികള്‍  മാത്രം  ചെയ്യുന്നു.  ആ  പ്രവൃത്തികള്‍  സ്വാഭാവികമായും  ശരീരത്തില്‍  താത്ക്കാലികമായി  ചില  ഫലങ്ങള്‍  ഉളവാക്കുന്നു.  അതു  രോഗാണുഘടകങ്ങള്‍  കൊണ്ടൊ  അതില്‍  ചേര്‍ന്നിട്ടുള്ള  അലുമിനിയം  തയൊമെര്‍സാല്‍  തുടങ്ങിയവയുടെ  ഫലമോ  ആകാം.  പക്ഷെ  ഇതു  പൊതുവായിപ്പറഞ്ഞാല്‍  കുത്തിവച്ച  സ്ഥലത്ത്  ഒതുങ്ങുന്നവയായിരിക്കും.  വളരെ  ചുരുക്കം  വാക്സിനുകള്‍ക്കു  ഒന്നോ  രണ്ടോ  ദിവസത്തേക്കു  ചെറിയ  പനി  (ഉയര്‍ന്ന  ശരീരോഷ്മാവ്)  ഉണ്ടായെന്നും  വരാം.  വാക്സിനുകള്‍ക്കു  ആകെയുണ്ടാകാനിടയുള്ള  ഒരു  പാര്‍ശ്വഫലം  അവയിലെ  ഘടകങ്ങള്‍ക്കെതിരായുള്ള  അലര്‍ജിയാണ്.  അലര്‍ജി  എന്നത്  ഒരു  പ്രത്യേക  വസ്തുവിനോട്  ശരീരത്തിന്‍റെ  അമിതമായ  പ്രതികരണമാണ്.  ഇതിനുള്ള  സാധ്യത  ഒരാള്‍ക്കു  പാരമ്പര്യമായി  കിട്ടുന്നതാണ്.  അതു  പ്രവചിക്കുക  എളുപ്പമല്ല.  നീണ്ടുനില്‍ക്കുന്ന  അലര്‍ജിയൊന്നും  വാക്സിനുകള്‍  ഉണ്ടാക്കാറില്ല.  ഏതൊരു  അലര്‍ജിയും  അതിനു  കാരണമായ  വസ്തുക്കള്‍  ശരീരത്തില്‍  നിന്നും  ഒഴിവായിക്കഴിയുമ്പോള്‍  അപ്രത്യക്ഷമാകുന്നതാണ്.  പക്ഷെ  ചുരുക്കമായി  അലര്‍ജി  വളരെ  രൂക്ഷവും  ക്ഷിപ്രവുമാകാം.  വളരെ  അസാധാരണമായി  മാത്രം  സംഭവിക്കാറുള്ളതാണിത്.  ഇങ്ങനെയുണ്ടബാവുന്ന  അലര്‍ജിക്ക്  അനാഫൈലാക്സിസ്  എന്നു  പറയുന്നു.  ഇതാകട്ടെ  മരുന്ന്  അല്ലെങ്കില്‍  വാക്സിന്‍  കൊടുത്ത്  ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍  ഉണ്ടാവുന്നതാണ്.  ഉടന്‍  ചികില്‍സ  ലഭിക്കാതിരുന്നാല്‍  മരണകാരണം  പോലുമായേക്കാവുന്ന  ഒരവസ്ഥയാണ്.  ഇത്തരം  പ്രതികരണങ്ങള്‍  വാക്സിനുകളുടെയോ  ഔഷധങ്ങളുടെയോ  മാത്രം  പ്രശ്നമല്ല.  തേനീച്ചയുടെയും  കടന്നലിന്‍റെയും  കുത്ത്  ഇങ്ങനെയുണ്ടാക്കാന്‍  സാദ്ധ്യതയേറെയുള്ളതാണ്.  അമേരിക്കയിലൊക്കെ  ധാരാളം  ആളുകള്‍ക്കിപ്രകാരമുള്ള  അനാഫൈലാക്സിസിന്  കാരണമാണ്  കപ്പലണ്ടിയോടുള്ള  അലര്‍ജി  (ഇതുപയോഗപ്പെടുത്തി  ഒരാളെ  കൊല്ലാന്‍  ശ്രമിക്കുന്നത്  ഡാന്‍  ബ്രൌണ്‍  ചിത്രീകരിക്കുന്നുണ്ടല്ലോ).

 

 

 

സ്വാഭാവിക  രോഗമല്ലേ  വാക്സിന്‍  വഴിയുള്ള  കൃത്രിമ  പ്രതിരോധത്തേക്കാള്‍  അഭികാമ്യം?

 

 

സ്വാഭാവികരോഗം  പലപ്പോഴും  വാക്സിനെ  അപേക്ഷിച്ചു  ഉയര്‍ന്ന  പ്രതിരോധശേഷി  പ്രദാനം  ചെയ്തെന്നു  വരാം.  എന്നാല്‍  അവയുടെ  ഗതിയെന്തായിരിക്കുമെന്നു  പ്രവചിക്കാനാവില്ല.  നീണ്ടുനില്‍ക്കുന്ന  ആതുരതകളോ,  അംഗവൈകല്യങ്ങളോ,  മരണംതന്നെയോ  ഉണ്ടായെന്നുവരാം,  രോഗം  മൂലം.  രോഗമുണ്ടാക്കാതെതന്നെ  പ്രതിരോധം  സൃഷ്ടിക്കുന്ന  വാക്സിനുകള്‍  ഈ പ്രക്രിയയെ  നിയന്ത്രിതരൂപത്തിലാക്കുന്നതിനാല്‍  ഇത്തരം  കോശനാശവും  അതുണ്ടാക്കുന്ന  പ്രതികരണങ്ങളും  ഒഴിവാക്കാം.  രോഗം  മൂലമുള്ള  ആതുരതകളില്ലാതാക്കി  ജീവിതഗുണമേന്‍മയും  പ്രവര്‍ത്തനക്ഷമതയും  നിലനിര്‍ത്തുന്നു,  ചികില്‍സയുടെ  ചെലവില്ലാതാക്കുന്നു,  ചികില്‍സ  ഫലിക്കാത്ത  സന്ദര്‍ഭങ്ങളുണ്ടാവുന്നില്ല  ഇങ്ങനെ  നിരവധി  അനുകൂലഘടകങ്ങള്‍  സ്വഭാവിക  രോഗത്തെ  അപേക്ഷിച്ച്  വാക്സിനുകള്‍  സൃഷ്ടിക്കുന്നു.  പിന്നെ  വാക്സിന്‍പ്രവര്‍ത്തനത്തില്‍  കൃത്രിമമായൊന്നുമില്ല.  പ്രകൃതീപ്രവര്‍ത്തനത്തെ  നിയന്ത്രിതമാക്കുന്നു  എന്നുമാത്രമേയുള്ളു.

 

വാക്സിന്‍ മൂലം സ്വാഭാവികപ്രതിരോധം  തകരാറിലാവില്ലേ

സ്വാഭാവികപ്രതിരോധംതന്നെയാണ്  വാക്സിനുകള്‍  നല്‍കുന്നത്.  പ്രതിരോധസംവിധാനത്തെ  തകരാറിലാക്കുന്ന  ഒന്നുംതന്നെ  വാക്സിനുകളില്‍  ഇല്ല.  പ്രതിരോധത്തിനാവശ്യമായ  എന്നാല്‍  രോഗമുണ്ടാക്കാത്ത  അവസ്ഥ  മാത്രമാണ്  വാക്സിനുകള്‍  സൃഷ്ടിക്കുന്നത്.  തികച്ചും  സ്വഭാവികമായ, ശരീരത്തിന്‍റെ  പ്രകൃതിദത്തമായ  ഒരു  ശേഷിയെ  നിയന്ത്രിതമായി  നാം  ഉപയോഗപ്പെടുത്തുന്നു  എന്നു  മാത്രം.  വാക്സിനുകളുടെ  അഭാവത്തില്‍  സ്വഭാവിക  രോഗബാധയുടെ  ഫലമായി  മാത്രമേ  ഇത്തരത്തിലുള്ള  ‘ആര്‍ജ്ജിത  പ്രതിരോധം’  ലഭിക്കൂ.  അതാകട്ടെ  പലപ്പോഴും  പ്രവചനാതീതമായ  രൂപം  കൈക്കൊള്ളുകയും  പലതരം  സങ്കീര്‍ണ്ണതകള്‍ക്കും  വഴിവെച്ചെന്നുമിരിക്കാം.

 

ഒരേസമയം  ഇത്രയധികം  വാക്സിനുകള്‍  നല്‍കുന്നത്  കുഞ്ഞിന്‍റെ  ആരോഗ്യത്തെ  ദോഷകരമായി  ബാധിക്കില്ലേ ?

 

പ്രകൃതിയിലുള്ള  അനേകം  വസ്തുക്കള്‍  ആഹാരരൂപത്തിലും  വായുവില്‍ക്കൂടിയും,  തൊലിപ്പുറത്തുകൂടിയും  ഒക്കെ  നമ്മുടെ  ശരീരത്തില്‍  എപ്പോഴും  പ്രവേശിച്ചുകൊണ്ടിരിക്കുന്നുണ്ട്.  ഇതില്‍  രോഗാണുക്കളുമുണ്ടാവാം.  ഇവയോടെല്ലാം  പ്രതികരിച്ച്  തള്ളേണ്ടവയെ  തള്ളാനും  കൊള്ളേണ്ടവയെ  കൊള്ളാനുമുള്ള  ശേഷി  ശരീരത്തിനുണ്ട്.  ഇക്കൂട്ടത്തില്‍ത്തന്നെയാണ്  വാക്സിനിലെ  വസ്തുക്കളും  പ്രവര്‍ത്തിക്കുന്നത്.  വാക്സിനുകള്‍  ഇവയില്‍  രോഗാണുക്കളെ  തിരിച്ചറിഞ്ഞ്  അവക്കെതിരായി  സ്ഥായിയായതോ  താല്‍ക്കാലികമോ  ആയ  പ്രതിരോധം  സൃഷ്ടിക്കുന്നു  എന്നു  മാത്രം.

 

വാക്സിനുകള്‍  ഫലപ്രദമാണെന്നതിന്  തെളിവുണ്ടോ?

 

ഒട്ടേറെ  രോഗങ്ങള്‍  വാക്സിന്‍  ഉപയോഗത്തിലൂടെ  പെട്ടെന്നു  തന്നെ  കുറയാന്‍  തുടങ്ങിയ  നിരവധി  ഉദാഹരണങ്ങളുണ്ട്.  വിശേഷിച്ചും  എടുത്തു  പറയേണ്ടവയാണ്  വസൂരി,  ഡിഫ്തീരിയ,  ടെറ്റനസ്,  വില്ലന്‍ചുമ  തുടങ്ങിയവ.  പത്തൊന്‍പതാം  നൂറ്റാണ്ടിന്‍റെ  അവസാനം  വരെ  മിക്കവാറും  രാജ്യങ്ങളിലെ  കുട്ടികളിലെ  മരണത്തിന്‍റെ  മുഖ്യകാരണങ്ങളായിരുന്നു  ഡിഫ്തീരിയയും  വില്ലന്‍ചുമയും.  എന്നാല്‍  1940കളില്‍  ഇവക്കെതിരായി  വാക്സിനുകള്‍  നിലവില്‍വന്ന്  ഒന്നുരണ്ടു  വര്‍ഷത്തിനകം  ഇതുപയോഗിക്കാന്‍  തുടങ്ങിയ  രാജ്യങ്ങളില്‍  അവ  വിരളമായിത്തീര്‍ന്നു.  അതോടൊപ്പം  കാണേണ്ടതാണ്  നിയന്ത്രണാധീനമായിരുന്ന രോഗങ്ങള്‍  വാക്സിന്‍  ഉപയോഗം  കുറഞ്ഞ  സന്ദര്‍ഭങ്ങളിലൊക്കെ  തിരിച്ചുവരുന്നതും.  വില്ലന്‍ചുമ  വാക്സിനെതിരെ  വ്യാപകമായുണ്ടായ  പ്രചാരണങ്ങളും  തദ്ഫലമായുണ്ടായ  മിഥ്യാധാരണകളും  നിമിത്തം  പല  സ്കാന്‍ഡിനേവിയന്‍  രാജ്യങ്ങളിലും  ജപ്പാനിലും  ഇംഗ്ലണ്ടിലും  എഴുപതുകളില്‍  വാക്സിന്‍  ഉപയോഗം  ഗണ്യമായി  കുറയുകയും  തുടര്‍ന്നവിടെ  ഈ  രോഗം  വര്‍ദ്ധിക്കുകയും  ചെയ്തു.  വാക്സിന്‍  പുനരാരംഭിച്ചപ്പോള്‍  അവയെല്ലാംതന്നെ  നിയന്ത്രണവിധേയമാവുകയും  ചെയ്തു.  അതുപോലെ  ത്തന്നെയാണ്  തൊണ്ണൂറുകളുടെ  തുടക്കത്തില്‍  അതുവരെ  സോവിയറ്റ്  യൂണിയന്‍റെ  ഭാഗമായിരുന്ന  പല  റിപ്പബ്ലിക്കുകളിലും  ഡിഫ്തീരിയ  വാക്സിന്‍റെ  ഉപയോഗം  കുറഞ്ഞതും  ലക്ഷക്കണക്കിന്  പേരെ  ഈ  രോഗം  ബാധിച്ചതും.  വാക്സിന്‍  ഉപയോഗം  അഭികാമ്യതലത്തിലെത്തിച്ച  ശേഷം  മാത്രമേ  ഇത്  നിയന്ത്രണവിധേയമായുള്ളൂ.  മറ്റൊരുദാഹരണമാണ്  തൊണ്ണൂറുകളുടെ  അവസാനം  ബ്രിട്ടനില്‍  എം.എം.ആര്‍.  വാക്സിന്‍  ഓട്ടിസമുണ്ടാക്കുമെന്ന  ആരോപണമുയര്‍ന്നതും  അതുവഴി  ഈ  വാക്സിന്‍റെ  ഉപയോഗം  ഇടിഞ്ഞതും.  ഇതിന്റെ  ഫലമായി  മുണ്ടിനീരും  അഞ്ചാംപനിയും  ഒട്ടേറെ  റിപ്പോര്‍ട്ട്  ചെയ്യപ്പെടുകയുണ്ടായി.  കേരളത്തില്‍ത്തന്നെ  അടുത്തകാലത്ത്  വാക്സിന്‍  പ്രതിരോധ്യരോഗങ്ങള്‍  വാക്സിനില്‍നിന്ന്  വ്യാപകമായി  ഒഴിഞ്ഞുനില്‍ക്കാനുള്ള  പ്രവണത  കാണിക്കുന്ന  പ്രദേശങ്ങളില്‍  കൂടുതലായി  കണ്ടുവരുന്നുണ്ട്.  വര്‍ഷങ്ങളായി  ഇല്ലാതിരുന്ന  ഡിഫ്തീരിയയും  നവജാത  ശിശുക്കളിലെ  ടെറ്റനസുമൊക്കെ  തിരിച്ചുവരുന്നതു  കാണാം.  ഇതെഴുതുന്ന  സമയത്താകട്ടെ  മലപ്പുറത്തു  രണ്ടുകുട്ടികള്‍  ഡിഫ്തീരിയ  വന്ന്  മരണപ്പെട്ടിരിക്കുന്നതും  നാം  കണ്ടു.  ഇതൊക്കെ  കാണിക്കുന്നത്  ഈ  രോഗങ്ങള്‍  നിയന്ത്രണാധീനമായിരിക്കുന്നത്  വാക്സിനുകള്‍  വഴിയാണെന്നതാണ്.  വസൂരി  നിര്‍മ്മാര്‍ജ്ജനം  ചെയ്യാനായതും  പോളിയോ  നിര്‍മ്മാര്‍ജ്ജനത്തിന്‍റെ  പടിവാതില്‍ക്കലെത്തി  നില്‍ക്കുന്നതുമൊക്കെ  ഇവക്കെതിരായി  വാക്സിനുള്ളതുകൊണ്ടാണെന്നത്  നിര്‍വ്വിവാദമാണല്ലോ.  പേവിഷബാധയേറ്റാല്‍  ഒരു  ചികില്‍സകൊണ്ടും  ഫലമില്ലെന്നും  വാക്സിന്‍  കൊണ്ടു  മാത്രമേ  ഇതു  തടായാനാവൂ  എന്നതും  ഇന്നാരും  നിഷേധിക്കുമെന്നു  തോന്നുന്നില്ല.

 

വാക്സിന്‍  എടുത്താലും  രോഗം  വരാം…!

 

നാം  ഇടപെടുന്ന  ഒരു  പ്രവൃത്തിയും  എല്ലായ്പ്പോഴും  പൂര്‍ണ്ണമായി  സഫലമായെന്നു  വരില്ലല്ലോ.  പൂര്‍ണ്ണതയ്ക്കായുള്ള  ഒരു  ശ്രമം  നടത്താമെന്നല്ലേയുള്ളു.  ചുരുക്കമായിമാത്രം  ഈ  പൂര്‍ണ്ണത  കൈവരിക്കാനായെന്നുമിരിക്കും.  ഇതു  വാക്സിനുകളെ  സംബന്ധിച്ചും  പ്രസക്തമാണ്.  എല്ലാവരിലും  എല്ലായ്പ്പോഴും  വാക്സിനുകള്‍  ഫലിച്ചെന്നുവരില്ല.  ഒരു  ജീവജാതിയിലെ  ഓരോ  വ്യക്തിയും  വ്യത്യസ്തരായിരിക്കും  എന്നതുകൊണ്ടാണിത്.  നമ്മുടെ  ആകൃതിയും  പ്രകൃതിയുമെന്നതുപോലെ  ശരീരത്തിന്‍റെ  സൂക്ഷ്മധര്‍മ്മങ്ങളും  കോശങ്ങളിലെ  ജീനുകളാല്‍  നിയന്ത്രിതമാണല്ലോ.  {ഓരോ  കോശങ്ങളും  ചെയ്യേണ്ട  കാര്യങ്ങള്‍  അതിനെക്കൊണ്ട്  ചെയ്യിക്കാനുള്ള  നിര്‍ദ്ദേശമടങ്ങിയ  കോശകേന്ദ്രത്തിലെ  ഡി.എന്‍.എ.  എന്ന  നീണ്ടതന്മാത്രയുടെ  ഒരു  ഭാഗമാണ്  (Functional Unit)  ജീന്‍}.  പ്രതിരോധ  സംവിധാനത്തിലടങ്ങിയിരിക്കുന്ന  കോശനിരകളുടെ  വൈപുല്യവും  അവയുത്പ്പാദിപ്പിക്കുന്ന  രാസികങ്ങളുടെ  ബാഹുല്യവുമൊക്കെ  വച്ചുനോക്കുമ്പോള്‍  ഇതെല്ലാം  കൃത്യതയോടെ  മുന്നോട്ടു  നീങ്ങി  വിജയകരമായിത്തീരുന്നതാണ്  നമ്മെ  പലപ്പോഴും  അത്ഭുതപ്പെടുത്തുക.  എന്നാല്‍  ഇതില്‍  പാകപ്പിഴകളുണ്ടാവുന്നത്  വളരെ  ചുരുങ്ങിയ  സന്ദര്‍ഭങ്ങളില്‍മാത്രവും.

 

വാക്സിന്‍  ഫലിക്കാതെ  വരുന്നതിന്  പല  കാരണങ്ങളുണ്ട്

 

വാക്സിനുകള്‍  നല്‍കുന്നതിനുള്ള  പ്രായം  നിശ്ചയിക്കുന്നത്  പല  ഘടകങ്ങളെ  ആശ്രയിച്ചാണ്.  ഇതില്‍  ഏറ്റവും  പ്രധാനമായവ  രണ്ടാണ്.  ആദ്യമായി  ഈ  രോഗം  സധാരണയായി  ബാധിക്കാനിടയുള്ള  ഏറ്റവും  കുറഞ്ഞ  പ്രായം.  രണ്ട്,  അമ്മയില്‍നിന്നും  ഗര്‍ഭാവസ്ഥയില്‍  ലഭിച്ചിട്ടുള്ള  പ്രതിരോധ  വസ്തുക്കളുടെ  സാന്നിദ്ധ്യം.  അമ്മക്കു  വന്നിട്ടുള്ള  പലരോഗങ്ങളുടെയും  പ്രതിവസ്തുക്കളുടെ  സാന്നിദ്ധ്യം  കുഞ്ഞിനെ  താല്‍ക്കാലികമായെങ്കിലും  രോഗബാധയില്‍നിന്ന്  സംരക്ഷിക്കാനുതകിയേക്കും.  പക്ഷെ  രോഗം  തടയാനാവുന്നതുപോലെ  വാക്സിന്‍  രൂപത്തില്‍  നല്‍കുന്ന  വസ്തുക്കളെയും  നശിപ്പിക്കാനിവയ്ക്കാകും.  ഒരുദാഹരണം  കൊണ്ടിതു  വ്യക്തമാക്കാം.  അഞ്ചാംപനിക്കുള്ള  വാക്സിന്‍  നമ്മുടെ  നാട്ടില്‍  സാധാരണയായി  നല്‍കുന്നത്  ഒന്‍പതുമാസം  പ്രായമാകുമ്പോഴാണ്.  എന്നാല്‍  ഈ  സമയമാകുമ്പോഴേക്ക്  എല്ലാ  കുഞ്ഞുങ്ങളുടെയും  ശരീരത്തില്‍  നിന്ന്  അമ്മയില്‍നിന്നും  ലഭിച്ച  പ്രതിവസ്തുക്കള്‍  അപ്രത്യക്ഷമായിട്ടുണ്ടാകില്ല.  അങ്ങനെയുള്ളവരില്‍  വാക്സിനിലുള്ള  ശോഷിത  വൈറസ്സുകളെ  ഇവ  നശിപ്പിക്കുന്നു.  അവര്‍ക്ക്  പ്രതിരോധമുണ്ടാകുന്നുമില്ല.  എന്നാല്‍  നമ്മുടെ  നാട്ടില്‍  ഒന്‍പതുമാസം  പ്രായമാകുമ്പോഴേക്കും  കുഞ്ഞുങ്ങളില്‍  അഞ്ചാമ്പനി  ബാധയുണ്ടാകാന്‍  തുടങ്ങുകയും  ചെയ്യും.  അപ്പോള്‍  അമ്മയില്‍  നിന്നാര്‍ജ്ജിച്ച  പ്രതിരോധം  അപ്രത്യക്ഷമാകുന്ന  ഒരു  വയസ്സോ  ഒന്നേകാല്‍  വയസ്സോവരെ  കാത്തിരുന്നാല്‍  കുറെപ്പേര്‍ക്ക്  രോഗം  വരും.  അതുകൊണ്ട്  ഈ  സമയത്തെ  പ്രതിരോധകുത്തിവെപ്പ്  70  ശതമാനം  പേരിലേ  ഫലപ്രദമാവുന്നുള്ളു  എങ്കിലും  ഈ  പ്രായമാണ്  നാം  തെരഞ്ഞെടുത്തിരിക്കുന്നത്.  അതേ  സമയം  ഒരു  വയസ്സുകഴിഞ്ഞു  നല്‍കിയാല്‍  ഇത്  95  ശതമാനം  പേരിലും  ഫലിക്കും.  പക്ഷെ  ഈ  താമസം  ഒരു  ചെറിയ  ശതമാനം  കുഞ്ഞുങ്ങളെ  രോഗത്തിലേക്ക്  തള്ളിവിട്ടെന്നും  വരാം.  ഇതു  രണ്ടും  തമ്മിലുള്ള  സന്തുലിതമായ  ഒരു  സമീപനമെന്ന  നിലയ്ക്കാണ്  വാക്സിന്‍  ഒന്‍പതാം  മാസം  നല്‍കുന്നത്.

ഇതല്ലാതെതന്നെ  നിരവധി  കാരണങ്ങളാല്‍  ഒരാളില്‍  വാക്സിന്‍  ഫലിച്ചില്ലെന്നു  വരാം.  വ്യക്തിയെ  സംബന്ധിക്കുന്നതും    വാക്സിനെ  സംബന്ധിക്കുന്നതുമായ  കാരണങ്ങള്‍  ഇതിനു  ണ്ടാകാം.  വ്യക്തിയുടെ  പ്രായം,  ജനിതകസവിശേഷതകള്‍  അയാള്‍ക്കുള്ള  രോഗങ്ങള്‍  വിശേഷിച്ചും  പ്രതിരോധമാന്ദ്യമുണ്ടാക്കുന്നവ,  അഥവാ  വിവിധ  രോഗങ്ങള്‍ക്കായി  അങ്ങനെയുള്ള  ഔഷധസേവ  നടത്തുന്നവര്‍  ഒക്കെ  ഇക്കൂട്ടത്തില്‍  പരിഗണിക്കേണ്ടവയാണ്.  വാക്സിന്‍റെ  ഉല്‍പ്പാദനംമുതല്‍  ഉപഭോഗംവരെ  തുടരേണ്ട  ശീതശൃംഖലയിലുണ്ടാകൂന്ന  വിടവു  വാക്സിന്‍റെ  ഗുണത്തെ  ബാധിക്കാം.  ഇങ്ങനെയുള്ള  കാരണങ്ങളൊന്നുമില്ലാതെതന്നെ  ചിലര്‍ക്ക്  വാക്സിന്‍  ഫലിക്കാതെ  വരാം.  എന്നാല്‍  മിക്കവാറുമെല്ലാ  വാക്സിനുകളെ  സംബന്ധിച്ചും  ഇത്  ഒരു  ചെറുശതമാനം  മാത്രമായിരിക്കും.  രോഗസാദ്ധ്യതയുള്ള  പ്രായക്കാരെല്ലാവരും  വാക്സിനെടുക്കുമ്പോള്‍  ഇത്  അഗണ്യമായിരിക്കും,  എടുത്തുപറയത്തക്ക  പൊതുജനാരോഗ്യ  പ്രാധാന്യം  ഇതിനുണ്ടായിരിക്കുകയുമില്ല.

 

വാക്സിനുകള്‍ക്ക്  മുന്‍പുതന്നെ  രോഗങ്ങള്‍  നിയന്ത്രണ  വിധേയമായിതുടങ്ങിയിരുന്നു,  പൊതുജീവിത  നിലവാരം  മെച്ചപ്പെട്ടതിന്‍റെ  ഖ്യാതി  വൈദ്യശാസ്ത്രം  തട്ടിയെടുക്കുന്നു!

 

പല  രോഗങ്ങളും  ജീവിത  നിലവാരം  മെച്ചപ്പെട്ടതിന്‍റെ  ഫലമായി  കുറഞ്ഞിട്ടുണ്ട്,  പലതും  അപ്രത്യക്ഷമായിട്ടുമുണ്ട്.  പ്ലേഗും  കോളറയും  ടൈഫോയ്ഡും  ടൈഫസ്സുമൊക്കെ  ഇത്തരത്തിലുള്ളവയാണ്.  പോളിയോ,  ഹെപ്പറ്റൈറ്റിസ്  എ  മുതലായവയുടെ  കാര്യത്തില്‍  അവയുടെ  വ്യാപനത്തിന്‍റെ  രീതിയിലും  അതു  ബാധിക്കുന്നവരുടെ  പ്രായത്തിലുള്ള  വ്യത്യാസവുമൊക്കെയാണിത്  പ്രകടമായിട്ടുള്ളത്.  ഈ  രോഗങ്ങള്‍  ശൈശവത്തില്‍നിന്നു  കൌമാരത്തിലേക്കു  മാറുകയും  അവ  മൂലമുള്ള  സങ്കീര്‍ണ്ണതകള്‍  വര്‍ദ്ധിച്ച  തരത്തിലാവുകയും ചെയ്തിട്ടുണ്ട്.  അവയൊന്നും  അപ്രത്യക്ഷമായിട്ടില്ല.  അതേ  സമയം  വില്ലന്‍ചുമ,  ടെറ്റനസ്,  ഡിഫ്തീരിയ  മുതലായവ  മെച്ചപ്പെട്ട  പാര്‍പ്പിട  സൗകര്യങ്ങളുടെയുമൊക്കെ  ഫലമായി  അളവില്‍  കുറഞ്ഞിട്ടുണ്ടെങ്കിലും  ഇല്ലാതായിട്ടില്ല,  വാക്സിനില്ലെങ്കില്‍  ഇവയൊക്കെ  തിരിച്ചുവരുന്ന  ഉദാഹരണങ്ങള്‍  ഇതിനകം  ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.  ഇരുപതാം  നൂറ്റാണ്ടിന്‍റെ  ആരംഭംവരെ  പോളിയൊ  അമേരിക്ക  പോലെയുള്ള  രാജ്യങ്ങളില്‍  മിക്കവാറും  സ്ഥിരമായി  സമൂഹത്തില്‍  നിലനിന്നിരുന്നതാണ്.  രോഗബാധകള്‍ക്ക്  കാലികമായ  ഏറ്റക്കുറച്ചിലുകളുണ്ടായേക്കാമെങ്കിലും.  അങ്ങനെ  വരുമ്പോള്‍  ശൈശവത്തില്‍ത്തന്നെ  അധികം  പേരെയും  ബാധിക്കുന്നു.  ഈ  പ്രായക്കാരിലാകട്ടെ  കൌമാരക്കാരെയും  മുതിര്‍ന്നവരെയുമായി  താരതമ്യം  ചെയ്യുമ്പോള്‍  ഇതിന്‍റെ  തളര്‍ച്ചാസാദ്ധ്യതയും  (Paralysis)  മരണസാദ്ധ്യതയും  ഗണനീയമായതോതില്‍  കുറവായിരിക്കും.  എന്നാല്‍  ശുചിത്വവും  കുടിവെള്ളവുമൊക്കെ  മെച്ചപ്പെട്ട  ഇരുപതാം  നൂറ്റാണ്ടിന്‍റെ  ആദ്യപാദത്തോടെ  രോഗത്തിന്‍റെ  ഈ  സ്വഭാവത്തിനു  മാറ്റം  വരികയും  അതു  കൂടുതലും  കൗമാരക്കാരിലും  മുതിര്‍ന്നവരിലും  ആയിത്തീരുകയും  ചെയ്തു,  ശിശുക്കളില്‍  രോഗബാധയേല്‍ക്കുന്ന  ആയിരത്തിലൊരാള്‍ക്ക്  തളര്‍ച്ച  (Paralysis) സംഭവിക്കാമെങ്കില്‍  രണ്ടാമതുപറഞ്ഞ  വിഭാഗക്കാരില്‍  ഇത്  നൂറിലൊന്നോ  അന്‍പതിലൊന്നോ  ആയി  ഉയരാം.  അതായത്  രോഗം  ബാധിക്കുന്നവരിലെ  എണ്ണത്തില്‍  കുറവു  വന്നാലും  അതിന്‍റെ  ഫലമായുണ്ടാകുന്ന  സങ്കീര്‍ണ്ണതകള്‍  കൂടുതലാവുകയാണുണ്ടായത്  എന്നു  ചുരുക്കം.  ഒരു  പരിധിവരെ  ഈ  സ്വഭാവം  ഹെപ്പറ്റൈറ്റിസ്  എ  യും  പ്രകടിപ്പിക്കാറുണ്ട്.  കേരളത്തില്‍ത്തന്നെ  മൂന്നോനാലോ  പതിറ്റാബുമുന്‍പ്  മിക്കവാറുമെല്ലാവരെയും  ബാധിക്കുന്ന  ഒന്നായിരുന്നു  ഹെപ്പറ്റൈറ്റിസ്  എ.  ഇതും  ചെറുപ്രായക്കാരില്‍  അധികപങ്കും  ഒരു  നിസ്സാരരോഗമായി  വന്നുപോവുകയാണ്  പതിവ്  (ഇതൊരു  സാര്‍വത്രിക  നിയമമൊന്നുമല്ല,  ഈ  പ്രായക്കാരിലും  സങ്കീര്‍ണ്ണതകളും  മരണംപോലുമുണ്ടാകാം,  പക്ഷെ  വിരളമെന്നുമാത്രം).  എന്നാല്‍  ശുചിത്വ  കുടിവെള്ള  സംവിധാനങ്ങളിലുണ്ടായ  മാറ്റം  മൂലവും  സ്കൂള്‍പ്രായത്തിലൊക്കെ  കുട്ടികള്‍  ശുദ്ധജലം  മാത്രം  ഉപയോഗിക്കുന്നതുമൂലവും  ഈ  രോഗം  സാധാരണമല്ലാതായി.  പക്ഷെ  ഇവര്‍  മുതിര്‍ന്നശേഷം  പഠനാര്‍ത്ഥമോ  ജോലി  സംബന്ധമായോ  ഹോസ്റ്റലുകളിലേക്കും  മറ്റും  താമസം  മാറ്റുമ്പോള്‍  സ്ഥിതി  മാറുന്നു,  ആഹാരത്തില്‍ക്കൂടിയും  വെള്ളത്തില്‍ക്കൂടിയുമുള്ള  രോഗബാധകള്‍  സാധാരണമാവുന്നു.  ഈ  പ്രായക്കാരില്‍  ഉയര്‍ന്ന  മരണനിരക്കും  സ്ഥായീസ്വഭാവവും  (Chronicity)  പ്രകടമാവുകയും  ചെയ്യും.  കേരളത്തില്‍  കഴിഞ്ഞ  ഏതാനും  വര്‍ഷങ്ങളില്‍  ഇത്തരത്തിലുള്ള  നിരവധി  ഹെപ്പറ്ററ്റിസ്  എ  രോഗബാധകളുബായിട്ടുണ്ട്  (Epidemics).

 

ഇന്ത്യയില്‍  പോളിയോ  നിര്‍മ്മാജ്ജന  പരിപാടിയുമായി  ബന്ധപ്പെട്ടുബായ  ചില  വിമര്‍ശനങ്ങള്‍  പരിശോധിക്കാം

 

ഇതിനകം  നമ്മുടെ  കുട്ടികള്‍ക്ക്  എത്ര  തവണയാണ്  പോളിയോ  വാക്സിന്‍  നല്കിയിരിക്കുന്നത്,  ഇത്  അപകടമല്ലേ  എന്നാണൊരു  ചോദ്യം.  ആഗോള  പോളിയോ  നിര്‍മ്മാര്‍ജ്ജന  പരിപാടി  1988ലാണ്  ലോകാരോഗ്യസംഘടന  റോട്ടറി  ഇന്‍റര്‍നാഷണല്‍,  യൂണിസെഫ്,  അമേരിക്കയിലെ  സി.ഡി.സി.  എന്നിവയുടെ  സഹകരണത്തോടെ  ഏറ്റെടുക്കുന്നത്.  രണ്ടായിരാമാണ്ടാവുമ്പോഴെക്കും  പോളിയോ  ലോകത്തുനിന്നാകെ  നിര്‍മ്മാര്‍ജ്ജനം  ചെയ്യുക  എന്നതായിരുന്നു  ഇതിന്‍റെ  ലക്ഷ്യം.  1988ല്‍  125  രാജ്യങ്ങളിലായി  3,50,000  (മൂന്നരലക്ഷം)  കുട്ടികള്‍  പ്രതിവര്‍ഷം  പോളിയോ  ബാധിച്ചിരുന്ന  സ്ഥാനത്ത്  2001  ഏപ്രില്‍  മാസത്തെ  കണക്കുപ്രകാരം  ലോകത്തൊട്ടാകെ  2,849  രോഗങ്ങളാണൂ  റിപ്പോര്‍ട്ട്  ചെയ്തത്.  2012ല്‍  ഇന്ത്യയും  പോളിയോ  മുക്തമായതായി  കണ്ടെത്തിയതോടെ  ലോകത്താകെ  മൂന്നു  രാജ്യങ്ങളിലായി  ഒതുങ്ങി  ഈ  രോഗം.  ഇതെഴുതുന്ന  സമയത്ത്  ഈ  മൂന്നു  രാജ്യങ്ങളില്‍  നൈജീരിയയില്‍  ഈ  വര്‍ഷം  ഇതുവരെ  പോളിയോ  കണ്ടെത്തിയിട്ടുമില്ല.  അതായത്  ലോകം  പോളിയോ  മുക്തമാക്കുന്നതിന്‍റെ  പടിവാതില്‍ക്കലെത്തി  നില്‍ക്കുന്നു  എന്നര്‍ത്ഥം.

ഇന്ത്യയുള്‍പ്പടെയുള്ള  രാജ്യങ്ങളില്‍  ഇതിന്‍റെ  ഭാഗമായി  നിരവധി  തവണ  പോളിയോ  തുള്ളിമരുന്നു  കുട്ടികള്‍ക്ക്  നല്‍കി  ക്കഴിഞ്ഞിട്ടുണ്ട്.  വാക്സിനുകളെ  മറ്റു  ഔഷധങ്ങളുമായി  താരതമ്യം  ചെയ്ത്  പലരും  ഇത്  അമിതമാത്ര  (ഓവര്‍  ഡോസ്)  ആവില്ലെ  എന്നു  ഉത്ക്കണ്ഠപ്പെടാറുണ്ട്.  ഇതാകട്ടെ  യുക്തിഹീനമെന്ന്  തള്ളാനാവില്ല.  എന്നാല്‍  വാക്സിനുകളെ  മറ്റൌഷധങ്ങളില്‍നിന്നു  വേര്‍തിരിക്കുന്ന  ഒരു  പ്രധാനഗുണം  ഇതുതന്നെയാണ്.  നേരത്തേ  വിശദീകരിച്ചപോലെ  വാക്സിനുകളില്‍  മൃതമോ  ശോഷിതമോ  ആയ  അണുക്കളോ  അവയുടെ  ഘടകവസ്തുക്കളോ  മാത്രമേയുള്ളു.  അവക്കു  രോഗമുണ്ടാക്കാതെതന്നെ  പ്രതിരോധ  ശേഷിയെ  ഉത്തേജിപ്പിക്കാനാകും.  പ്രതിരോധശേഷിയെ  ഉത്തേജിപ്പിക്കുക  എന്ന  പ്രക്രിയയുടെ  ഭാഗമായി  ശരീരത്തില്‍  സ്വാഭാവികരോഗസമാനമായ  എന്നാല്‍  വളരെ  ലളിതമായ  പ്രതികരണങ്ങളാണൂ  വാക്സിനുകളുണ്ടാക്കുക.  ജൈവാണുവാക്സിനുകളാണെങ്കില്‍  ഇതു  ചെറിയ  രൂപത്തിലുള്ള  രോഗമായും  പ്രത്യക്ഷപ്പെടാം.  എന്നാല്‍  പ്രതിരോധമാര്‍ജ്ജിച്ചവരില്‍  ഈ  വക  ഒരു  പ്രതികരണവും  പ്രത്യേകിച്ചും  അലുമിനിയമോ  തൈമെറൊസാലോ  പോലുള്ള  മറ്റു  ചേരുവകളൊന്നുമില്ലാത്ത  പോളിയോ  വാക്സിന്‍  മൂലമുണ്ടാകില്ല.  പോളിയൊ  തുള്ളിമരുന്നിന്‍റെ അതീവ  വിരളമെന്നു  വിശേഷിപ്പിക്കാവുന്ന  ഒരു  പാര്‍ശ്വഫലമാണ്  ഈ  അണുക്കള്‍  ഉത്പ്പരിവര്‍ത്തനവിധേയമായി  രോഗോദ്പ്പാദകശേഷി  വീണ്ടെടുക്കുക  എന്നത്.  ഇങ്ങനെ  വന്നാല്‍  വാക്സിന്‍  ലഭിച്ചവരില്‍  തളര്‍വാതമുണ്ടാകാം.  എന്നാല്‍  ഇതാകട്ടെ  ലക്ഷങ്ങളില്‍  ഒരാള്‍ക്ക്  എന്ന  തോതില്‍  ഉണ്ടാവുന്നതാണ്.  ഒരാള്‍ക്ക്  ഇതുവരാനുള്ള  സാദ്ധ്യത  ആദ്യത്തെയോ  രണ്ടാമത്തെയോ  മാത്രയില്‍  മാത്രമായിരിക്കും.  ആവര്‍ത്തിച്ചു  നല്‍കുന്നത്  ഇതിന്‍റെ  സാദ്ധ്യത  വര്‍ദ്ധിപ്പിക്കുന്നില്ല  എന്നര്‍ത്ഥം.

ഇന്ത്യയില്‍  പോളിയോ  ഇല്ലെങ്കില്‍  പള്‍സ്  പോളിയോ  തുടരുന്നതിന്‍റെ  ആവശ്യകതയും  ചോദ്യം  ചെയ്യപ്പെടാറുണ്ട്.  ലോകത്തെല്ലായിടവും  പോളിയോമുക്തമാവുന്നതുവരെ  മറ്റു  രാജ്യങ്ങളില്‍നിന്നും  ഈ  രോഗം  ‘ഇറക്കുമതി’  ചെയ്യപ്പെടാനുള്ള  സാദ്ധ്യതയുണ്ട്.  ഇത്തരം  നിരവധി  സന്ദര്‍ഭങ്ങള്‍  ഇതിനകം  പോളിയോമുക്തമായ  രാജ്യങ്ങളിലുബായിട്ടുമുണ്ട്.  ഇനിയും  പോളിയോ  നിര്‍മ്മാര്‍ജനം  സാധിതമായിട്ടില്ലാത്ത  പാകിസ്താന്‍,  അഫ്ഗാനിസ്താന്‍  എന്നീ  രാജ്യങ്ങളുടെ  അയല്‍രാജ്യമെന്ന  നിലക്ക്  നമുക്കിത്  കൂടുതല്‍  പ്രസക്തമാണ്.  അതുകൊണ്ടാണ്  നാം  ഇപ്പോഴും  ‘പള്‍സ്പോളിയോ’  തുടരുന്നത്.

 

 

 

 

പള്‍സ്  പോളിയോക്കുശേഷം  തളര്‍വാതനിരക്ക്  കൂടിയതായുള്ളതാണ്  മറ്റൊരാരോപണം

 

പോളിയോ  നിര്‍മ്മാര്‍ജ്ജനപരിപാടിയുടെ  അനിവാര്യ  ഭാഗമാണ്  ഈ  രോഗത്തിന്‍റെ  കൃത്യമായ  അന്വേഷണവും  രേഖപ്പെടുത്തലും.പോളിയോരോഗത്തിന്‍റെ  തനതുലക്ഷണം  എന്നു  പറയാവുന്നത്  തളര്‍വാതം(Paralysis)ആണല്ലോ.  അപ്പോള്‍  കുട്ടികളിലുണ്ടാവുന്ന  എല്ലാ  തളര്‍വാതസംഭവങ്ങളും  രേഖപ്പെടുത്തുകയും  തുടര്‍പഠനം  നടത്തി  അവയില്‍  പോളിയോ  വല്ലതുമുണ്ടൊ,  ഉണ്ടെങ്കില്‍  എത്ര  എന്നൊക്കെയുള്ള  സ്ഥിതിവിവരക്കണക്ക്  ശേഖരിച്ചാല്‍  മാത്രമേ  വാസ്തവത്തില്‍  പോളിയോ  നിര്‍മ്മാര്‍ജ്ജനം  പൂര്‍ത്തിയാക്കിയതായി  പറയാന്‍  കഴിയൂ.  അതിനായി  15  വയസ്സുവരെയുള്ള  കുട്ടികളില്‍  തളര്‍ച്ചയുടേതെന്നു  തോന്നുന്ന  എല്ലാ  സന്ദര്‍ഭങ്ങളും  കണ്ടെത്തണം.  അത്  വെറും  പനിമൂലമോ,  മറ്റു  തളര്‍ച്ചാരോഗങ്ങള്‍  മൂലമോ,  ബാക്റ്റീരിയരോഗങ്ങള്‍മൂലമൊ  ഒക്കെ  ആകാം.  കുട്ടികളില്‍  പെട്ടെന്നുണ്ടാകുന്ന  ഇങ്ങനെയുള്ള  എല്ലാ  തളര്‍ച്ചാ  ലക്ഷണങ്ങളുമാണ്  അക്യൂട്  ഫ്ളാക്സിഡ്  പരാലിസിസ്  (AFP)  എന്ന  പേരില്‍  രേഖപ്പെടുത്തുന്നത്.  തുടര്‍നിരീക്ഷണങ്ങള്‍ക്കുശേഷം  മാത്രമേ  അതില്‍  പരാലിസിസ്  എത്രയുണ്ട്,  താല്‍ക്കലികമായുണ്ടായ  അസ്വാസ്ഥ്യങ്ങളെത്രയുണ്ട്,  തുടങ്ങിയവ  അറിയാന്‍  കഴിയൂ.  ഇങ്ങനെയുള്ള  വിലയിരുത്തലുകള്‍ക്കുശേഷം  യഥാര്‍ത്ഥ  തളര്‍വാത  നിരക്ക്  കൂടിയതായി  തെളിവൊന്നുമില്ല.  മാത്രമല്ല  പോളിയോ  വാക്സിന്‍  നല്‍കിയതുകൊണ്ടങ്ങനെ  കൂടാന്‍  കാരണവുമില്ല.  പോളിയോ  വാക്സിന്‍  മൂലമുണ്ടാകാവുന്ന  ഈദൃശസംഭവം  വാക്സിന്‍  മൂലമുള്ള  പരാലിസിസ്  എന്നറിയപ്പെടുന്ന  അവസ്ഥയാണ്.  (VAPP_ vaccine associated paralytic poliomyelitis)  ഇതാകട്ടെ  ദശലക്ഷങ്ങളിലൊരാള്‍ക്കെന്ന  തോതില്‍  വിരളമാണെന്നും  ഇതിനകം  സൂചിപ്പിച്ചല്ലോ.  പള്‍സ്  രൂപത്തിലായാലും  പതിവു  രൂപത്തിലായാലും  (Routine Immunization)  ലഭിക്കുന്ന  വാക്സിന്‍  നിമിത്തം  ഇതു  വരാം.  അതായത്  വി.എ.പി.പിയുടെ  നിരക്ക്  നല്‍കുന്ന  വാക്സിന്‍മാത്രകളുടെ  എണ്ണത്തിനാനുപാതികമായല്ല  എന്നുചുരുക്കം.

 

 

പോളിയോ  വാക്സിനില്‍  കാന്‍സര്‍കാരിയായ  വൈറസുകളടങ്ങിയിട്ടുബെന്നും  എയ്ഡ്സിനു  കാരണമായിരുന്നു  എന്നുമുള്ള  വിമര്‍ശനം

 

ഏഷ്യന്‍  റിസസ്  കുരങ്ങുകളുടെ  വൃക്കകോശങ്ങളില്‍  വളര്‍ത്തിയെടുത്ത  വൈറസ്സുകളാണ്  അന്‍പതുകളില്‍  നിര്‍വീര്യ  സാല്‍ക്ക്  വാക്സിനും  ജൈവശോഷിത  സാബിന്‍  വാക്സിനും  നിര്‍മ്മിക്കാനായി  ഉപയോഗിച്ചിരുന്നത്.  തുടര്‍ന്നുള്ള  അന്വേഷണങ്ങളില്‍  ഈ  വൈറസ്  കള്‍ച്ചറിനായി  ഉപയോഗിച്ച  കോശങ്ങളില്‍  ഒരുതരം  വൈറസ്  കടന്നുകൂടിയിട്ടുള്ളതായി  മെര്‍ക്ക്  ലാബറട്ടറിയില്‍  പ്രവര്‍ത്തിച്ചിരുന്ന  മോറിസ്  ഹില്‍മാന്‍  കണ്ടെത്തി.  സിമിയന്‍  വൈറസ്  40  എന്നറിയപ്പെട്ട  ഇത്  പരീക്ഷണ  മൃഗങ്ങളില്‍  ക്യാന്‍സറുണ്ടാക്കുന്നതാണെന്നു  തെളിയുകയുമുണ്ടായി.  ശാസ്ത്രലോകത്തിതുണ്ടാക്കിയ  ഞെട്ടല്‍  പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.  ലക്ഷോപലക്ഷം  കുഞ്ഞുങ്ങള്‍ക്കിതിനകം  ഈ  വാക്സിനുകള്‍  നല്‍കിക്കഴിഞ്ഞിരുന്നു.  അവരുടെയൊക്കെ  ഭാവിയെന്തായിരിക്കുമെന്ന  ന്യായമായ  ഉല്‍ക്കണ്ഠ!  എന്നാല്‍  വിശദവും  നിഷ്കൃഷ്ടവുമായ  പഠനങ്ങളുടെ  ഫലമായി  ഇവ  മനുഷ്യരില്‍  ക്യാന്‍സറോ  മറ്റുരോഗങ്ങളോ  സൃഷ്ടിക്കുന്നില്ല  എന്നു  വ്യക്തമായി.  പിന്നീടുള്ള  പോളിയോ  വാക്സിനുകളിലൊന്നുംതന്നെ  ഈ  വൈറസ്സുകളെ  കണ്ടെത്തിയിട്ടില്ല.  ഈ  സമയത്തു  വൈറസ്സുകളെ  വളര്‍ത്താന്‍  ഏഷ്യന്‍  റിസസ്  കുരങ്ങുകള്‍ക്കുപകരം  ആഫ്രിക്കന്‍  ഗ്രീന്‍  കുരങ്ങുകളെ  ഉപയോഗിക്കാന്‍  തുടങ്ങിയതിലൂടെയാണ്  എയ്ഡ്സ്  അമേരിക്കയിലെത്തിയതെന്ന  പുതിയ  ആരോപണത്തിനിടയാക്കിയെന്നതും  ഇവിടെ  ഓര്‍ക്കേണ്ടതുണ്ട്.  ഇതും  പഠനങ്ങളുടെ  പിന്‍ബലത്തില്‍  തെറ്റെന്നു  തെളിഞ്ഞിട്ടുള്ളതാണെങ്കിലും  വാക്സിന്‍  വിരുദ്ധര്‍  ഒരു  പ്രധാന  ആയുധമായി  ഉപയോഗിച്ചു  വരുന്നുണ്ട്  എന്നതാണ്  ദൗര്‍ഭാഗ്യകരം.

പോളിയോ  തുള്ളിമരുന്ന്  കുഴപ്പമുള്ളതാണെന്നും  പ്രയോജനം  കുറഞ്ഞതാണെന്നും  കണ്ടെത്തിയതുകൊണ്ടാണ്  കുത്തിവെപ്പു  രൂപത്തിലുള്ള  വാക്സിന്‍  ആരംഭിക്കാന്‍  ലോകാരോഗ്യ  സംഘടനയും  ഇന്ത്യാഗവണ്മെന്‍റുമൊക്കെ  ആലോചിക്കുന്നതെന്നാണ്  ഈയിടെ  ഉയര്‍ന്നുവരുന്ന  മറ്റൊരു  ആരോപണം.  പോളിയോ  തുള്ളിമരുന്നിന്‍റെ  രണ്ടുപ്രശ്നങ്ങളില്‍  ആദ്യത്തേതാണ്  മേല്‍വിവരിച്ച  വി.എ.പി.പി.  മറ്റൊരു  പ്രധാന  പ്രശ്നം  ശോഷിതമെങ്കിലും  ജീവാണുക്കളാണെന്നതിനാല്‍  അവക്കു  ഏറെക്കാലം  പരിസ്ഥിതിയില്‍  തങ്ങിനില്‍ക്കാനും  ആവര്‍ത്തിച്ചു  മനുഷ്യരെ  ബാധിക്കാനും  ആകുമെന്നതാണ്.  ഇങ്ങനെ  ആവര്‍ത്തിച്ച്  മനുഷ്യശരീരങ്ങളിലൂടെ  കടന്നു  പോവുന്നവക്ക്  ചിലപ്പോഴെല്ലാം  രോഗോല്‍പ്പാദകശേഷി  വീണ്ടെടുക്കാനാവുമെന്നും  കണ്ടെത്തിയിട്ടുണ്ട്.  അതും  സ്വാഭാവിക  രോഗാണുക്കളെപ്പോലെ  പെരുമാറുന്നതായും  നിരീക്ഷണങ്ങള്‍  തെളിയിച്ചിട്ടുണ്ട്.  ഇതാണ്  വാക്സിന്‍  ഉപലബ്ധ  വൈറസ്  ചംക്രമണം  (circulating vaccine derived polio virus-CVDPV).  ഇതുരണ്ടും  തുള്ളിമരുന്നിന്‍റെ  ഉപയോഗം  പൂര്‍ണ്ണമായവസാനിപ്പിച്ച്  കുത്തിവെപ്പായി  നല്‍കുന്ന  സാല്‍ക്  വാക്സിന്‍റെ  ഉപയോഗം  വഴി  മാത്രമേ  ഇല്ലാതാക്കാനാകൂ.  പോളിയോ  നിര്‍മ്മാര്‍ജ്ജനം  ഏറ്റെടുത്തു  നടന്ന  പ്രവര്‍ത്തനങ്ങളുടെയും  പഠനങ്ങളുടെയും  ഫലമായാണിവ  കണ്ടെത്തുന്നതും  കൈകാര്യം  ചെയ്യേണ്ടതിന്‍റെ  ആവശ്യകതയും  മാര്‍ഗ്ഗവും  ബോദ്ധ്യപ്പെടുന്നതും.  എന്നാല്‍  സാബിന്‍  വക്സിനാണ്  ലോകത്തിന്‍റെ  അധികഭാഗങ്ങളെയും  പോളിയോമുക്തിക്ക്  സഹായിച്ചതെന്ന്  മറന്നുകൂടാ.

 

പോളിയോ  തുള്ളിമരുന്ന്  നിരോധിച്ചതോ?

 

മേല്‍വിശദീകരിച്ചവയോടൊപ്പം  കാണേണ്ടതാണ്  തുള്ളിമരുന്നായി  നല്‍കുന്ന  സാബിന്‍  വാക്സിന്‍  അമേരിക്കയിലും  മറ്റും  നിരോധിച്ചതാണെന്ന  ആരോപണം.  ഇതിനകം  വിശദീകരിച്ചതാണ്  സാബിന്‍  വാക്സിന്‍റെ  പ്രശ്നങ്ങള്‍.  അതേ  സമയം  ലോകത്തെല്ലായിടത്തുനിന്നും  നിര്‍മ്മാര്‍ജ്ജനം  ചെയ്തു  കഴിയുന്നതുവരെയെങ്കിലും  ഈ  രോഗത്തിനെതിരായുള്ള  പ്രതിരോധ  വാക്സിന്‍റെ  ഉപയോഗം  നിര്‍ത്തിവക്കാനാകില്ല.  അതിനു  ശേഷവും  കുറേക്കാലത്തേക്കെങ്കിലും  വസൂരിവാക്സിനില്‍  നിന്നു  വ്യത്യസ്തമായി  പോളിയോ  വാക്സിന്‍റെ  ഉപയോഗം  തുടരേണ്ടിവരും.  ഈ  രണ്ടുരോഗങ്ങളുടെയും  സ്വഭാവങ്ങളിലുള്ള  വ്യതാസമാണിതിനു  കാരണം.  ഒരു  രാജ്യം  പൂര്‍ണ്ണമായും  സ്വാഭാവിക  പോളിയോ  മുക്തമായിക്കഴിയുമ്പോള്‍  അവിടെ  വല്ലപ്പോഴുമാണെങ്കിലുമുണ്ടാവുന്ന  സാബിന്‍  വാക്സിന്‍  മൂലമുള്ള  വി.എ.പി.പി.  എത്ര  ചെറുതായാലും  അസ്വീകാര്യവും  അധാര്‍മ്മികവുമാവും.  അതുകൊണ്ടാണ്  ഏറെക്കാലമായി  സ്വാഭാവികരോഗമില്ലാത്ത  രാജ്യങ്ങള്‍  ഈ  വാക്സിന്‍റെ  തുടരുപയോഗം  അവസാനിപ്പിച്ച്  സാല്‍ക്ക്  വാക്സിനിലേക്കു  മാറിയത്.  ഈ  രാജ്യങ്ങള്‍  സാബിന്‍  വാക്സിന്‍  എന്ന  ഒ.പി.വി.  നിരോധിച്ചതൊന്നുമല്ല.

 

പെന്‍റാവാലന്റ്  വാക്സിന്‍  വിവാദങ്ങള്‍

 

1974ല്‍  ഇ.പി.ഐ.  (EPI)  എന്ന  പേരില്‍  ലോകത്തൊട്ടാകെ  ഒരു  വാക്സിന്‍  പദ്ധതി  ലോകാരോഗ്യ  സംഘടനയുടെ  ആഭിമുഖ്യത്തില്‍  ആരംഭിച്ചു.  ഇന്ത്യ  1978ല്‍  ഇതില്‍  പങ്കുചേര്‍ന്നു.  ആദ്യം  ഉണ്ടായിരുന്ന  വാക്സിനുകള്‍  ക്ഷയരോഗത്തിനുള്ള  ബിസി.ജി.,  പിള്ളവാതത്തിനുള്ള  ഒ.പി.വി,  വില്ലന്‍ചുമ,  റ്റെറ്റനസ്,  ഡിഫ്ത്തീരിയ,  എന്നിവക്കുള്ള  ഡി.പി.റ്റി.യും  റ്റൈഫോയിഡ്  വാക്സിനും  ആണ്.  പിന്നീടു  റ്റൈഫോയിഡ്  വാക്സിന്‍  ഉപേക്ഷിച്ചു  അഞ്ചാംപനിക്കുള്ള  വാക്സിന്‍  ഉള്‍പ്പെടുത്തുകയും  പദ്ധതിയെ  1985ല്‍  യൂനിവേര്‍സല്‍  ഇമ്മ്യൂണൈസേഷന്‍  പ്രോഗ്രാം  (UIP)  എന്നു  പുനര്‍നാമകരണം  ചെയ്യുകയും  ഘട്ടം  ഘട്ടമായി  ഇന്ത്യയിലെ  എല്ലാ  ജില്ലകളിലേക്കും  വ്യാപിപ്പിക്കുകയും  ചെയ്തു.

ഇതിനിടെ  ഈ  അടിസ്ഥാന  വാക്സിനുകള്‍ക്കു  പുറമേ  പല  വാക്സിനുകളും  ആവിഷ്ക്കരിക്കപ്പെടുകയും  അവയില്‍  പലതും  ഒട്ടേറെ  രാജ്യങ്ങള്‍  അവരുടെ  സാര്‍വത്രിക  വാക്സിന്‍  പരിപാടിയില്‍  ഉള്‍പ്പെടുത്തുകയും  ചെയ്തു.  അതില്‍  എറ്റവും  പ്രധനപ്പെട്ട  ഒന്നാണ്  ഹെപ്പറ്റൈറ്റിസ്  ബി.  രോഗാണുക്കള്‍  മൂലമുള്ള  മഞ്ഞപ്പിത്തത്തിന്‍റെ  സുപ്രധാന  കാരണങ്ങളിലൊന്നാണിത്.  നവജാതശിശുക്കളെ  ബാധിക്കുമ്പോള്‍  90%  വരെ  കുഞ്ഞുങ്ങളില്‍  ഇതിന്‍റെ  വൈറസുകള്‍  തങ്ങിനില്‍ക്കാനും  പില്‍ക്കലത്ത്  കരളിന്‍റെ  സിറോസിസ്,  ക്യാന്‍സര്‍  മുതലായവക്കു  കാരണമാകാനും  സാദ്ധ്യതയുണ്ട്.  ഹെപ്പറ്റൈറ്റിസ്  ബി  ബാധമൂലം  ഒരുവര്‍ഷം  ലോകത്തൊട്ടാകെ  ആറു  ലക്ഷത്തോളം  പേര്‍  മരിക്കുന്നുണ്ടെന്നാണ്  കണക്ക്.  നവജാതശിശുക്കളെ  ബാധിക്കുമ്പോഴാണ്  ഇതു  കൂടുതല്‍  ഗൗരവതരമാകുന്നതെന്നു  പറഞ്ഞുവല്ലോ,  അതുകൊണ്ട്  ഇതിനുള്ള  വാക്സിന്‍റെ  ആദ്യ  ഡോസ്  പ്രസവാനന്തരം  ഉടന്‍  തന്നെയാണ്  കൊടുക്കാറ്.

അതിനുശേഷം  വ്യാപകമായി  ഉപയോഗത്തിലുണ്ടായ  മറ്റൊരു  വാക്സിനാണ്  ഹിബ്  വാക്സിന്‍.  ഹിബ്  എന്നത്  ഹീമൊഫിലസ്  ഇന്‍ഫ്ളുവന്‍സെ  ബി  എന്നറിയപ്പെടുന്ന  ബാക്ടീരിയയാണ്.  ഒരു  വയസ്സില്‍താഴെയുള്ള  കുട്ടികളിലാണിത്  ഗൗരവതരമായ  മസ്തിഷ്ക്കാണുബാധ  (മെനിഞ്ജൈറ്റിറ്റിസ്)  നിമോണിയ,  അസ്തിപഴുപ്പ്  (Osteomyelitis)  തുടങ്ങിയവയുണ്ടാക്കുന്നത്.  മെനിഞ്ജൈറ്റിറ്റിസ്  ബാധിക്കുന്ന  കഞ്ഞുങ്ങളില്‍  മൂന്നിലൊന്നുപേര്‍  മരിക്കുന്നു,  മൂന്നിലൊന്നുപേര്‍  കടുത്തവൈകല്യങ്ങളോടെ  രക്ഷപ്പെടുന്നു.  ബാക്കി  മൂന്നിലൊന്നുപേര്‍  പ്രകടമായ  പ്ര്ശ്നങ്ങളില്ലാതെ  രക്ഷപ്പെടുന്നു.  രണ്ടുദാശാബ്ദമായി  ഇതിനെതിരായ  ഫലപ്രദമായ  വാക്സിന്‍  ലഭ്യവുമാണ്.

2009ല്‍  ഇന്ത്യാഗവണ്മെന്‍റ  ്  ഹിബ്  വാക്സിന്‍  പെന്‍റവാലന്‍റ  ്  രൂപത്തില്‍  നടപ്പാക്കുന്നതിനുള്ള  നിര്‍ദ്ദേശത്തിന്‍റെ  ശാസ്ത്രീയതയും  സാങ്കേതിക  സാദ്ധ്യതയും  പരിശോധി  ക്കുന്നതിനായി  ഇന്ത്യന്‍  കൗണ്‍സില്‍  ഓഫ്  മെഡിക്കല്‍  റിസര്‍ച്ചിനെ  (ICMR)  ചുമതലപ്പെടുത്തി.  ഐ.സി.എം.ആര്‍.  ഇതിനായി  ഒരു  കമ്മറ്റി  രൂപീകരിക്കുകയും  അതിന്‍റെ  നിര്‍ദ്ദേശങ്ങളുടെ  അടിസ്ഥാനത്തില്‍  ഇമ്മ്യൂണൈസേഷനായുള്ള  ദേശീയ  ഉപദേശക  സമിതി  (NTAGI)  ഏകകണ്ഠമായി  ഈ  വാക്സിന്‍  ഇന്ത്യയില്‍  നടപ്പാക്കേണ്ടതാണെന്നു  തീരുമാനിക്കുകയും  ചെയ്തു.  വാക്സിന്‍  സുരക്ഷിതത്വം  സംബന്ധിച്ചുള്ള  ഉത്ക്കണ്ഠകള്‍  ചിലരെങ്കിലും  ഉയര്‍ത്തി  യിരുന്നതിനാല്‍  വാക്സിനുകളുടെ  അസ്വീകാര്യപ്രതികരണങ്ങള്‍  പഠിക്കാനുള്ള  സംവിധാനം  മെച്ചപ്പെടുത്തണമെന്നും  ഈ  കമ്മറ്റി  ശുപാര്‍ശ  ചെയ്തിരുന്നു.  വാക്സിന്‍  നടപ്പാക്കിയതോടൊപ്പം  അതും  പ്രാവര്‍ത്തികമാക്കി.  1987ലാണ്  ഹിബ്  വാക്സിന്  അമേരിക്കയില്‍  ആദ്യമായി  ലൈസന്‍സു  കൊടുക്കുന്നത്.  1997ല്‍  31  രാജ്യങ്ങള്‍  ഹിബ്  വാക്സിന്‍  ഉപയോഗിക്കാന്‍  തുടങ്ങിയെങ്കില്‍  2013  മാര്‍ച്ചോടെ  അത്  184  ആയി.

അങ്ങനെയാണ്  2011ല്‍  ഇന്ത്യയില്‍,  കേരളത്തിലും  തമിഴ്നാട്ടിലും  ഈ  വാക്സിന്‍  സാര്‍വത്രിക  വാക്സിന്‍  പദ്ധതിയില്‍  ഉള്‍പ്പെടുത്താന്‍  തീരുമാനിച്ചത്.  നമ്മുടെ  നാട്ടില്‍  നാലഞ്ചുവര്‍ഷം  മുന്‍പുതന്നെ  സ്വകാര്യമേഖലയിലും  പല  സര്‍ക്കാര്‍  ആശുപത്രികളിലും  ആശുപത്രി  വികസന  സമിതികള്‍  മുഖേനെയും  ഈ  വാക്സിന്‍  കൊടുത്തുവരുന്നുണ്ടായിരുന്നു.  അതുകൊണ്ടൊക്കെത്തന്നെ  ഈ  വാക്സിനെതിരായുയര്‍ന്നുവന്ന  സുരക്ഷാ  സംബന്ധിയായ  ഉത്കണ്ഠകളും  ആരോപണങ്ങളും  കഴമ്പില്ലാത്തതായിരുന്നു.  ഈ  സമയത്ത്  വാക്സിന്‍  നല്‍കാന്‍തുടങ്ങിയ  ശ്രീലങ്കയിലും  വിയറ്റ്നാമിലും  പാകിസ്താനിലുമൊക്കെ  ഉയര്‍ന്നുവന്ന,  വാക്സിന്‍  മരണങ്ങളുണ്ടാക്കിയെന്ന  ആരോപണങ്ങള്‍  ലോകാരോഗ്യസംഘടനയുടെ  ആഭിമുഖ്യത്തില്‍  അന്വേഷിച്ച്  അവ  വാക്സിനുകളുമായി  ബന്ധപ്പെട്ടവയല്ലെന്നും  കണ്ടെത്തിക്കഴിഞ്ഞിരുന്നു.

 

പെന്‍റാവലന്‍റും  മരണങ്ങളും

 

കേരളത്തില്‍  പെന്‍റാവലന്‍റ  ്  വാക്സിന്‍  ആരംഭിച്ചശേഷം  വാക്സിന്‍  ലഭിച്ച  കുട്ടികളിലുണ്ടായ  മരണങ്ങള്‍  വാക്സിന്‍  മൂലമാണെന്ന  ആരോപണം  ഉയര്‍ന്നുവരികയുണ്ടായത്  നമുക്കറിയാമല്ലോ.  ഇതു  കാര്യകാരണ  ബന്ധത്തോടെയുള്ളവയായിരുന്നില്ല  എന്നു  തുടര്‍പഠനങ്ങളില്‍  ബോദ്ധ്യപ്പെട്ടു.  കേരളത്തില്‍  ഒരുവര്‍ഷം  ഏതാണ്ട്  ആറായിരത്തോളം  ശിശുമരണങ്ങള്‍  നടക്കുന്നുണ്ട്.  1000  കുട്ടികള്‍  ജനിക്കുന്നതില്‍  എത്രപേര്‍  ഒരു  വയസ്സിനുമുന്‍പു  മരിക്കുന്നു  എന്നതാണ്  ശിശുമരണനിരക്ക്.  കേരളത്തിന്‍റെ  ശിശു  മരണനിരക്ക്  12  ആണ്.  അതായത്  5  ലക്ഷം  കുട്ടികള്‍  ജനിക്കുമ്പോള്‍  അതില്‍  6,000  കുട്ടികള്‍  ഒരുവയസ്സു  തികയുന്നതിനു  മുന്‍പു  മരിക്കുന്നു  എന്നര്‍ത്ഥം.  അങ്ങനെ  നോക്കുമ്പോള്‍  കണക്കെടുത്ത  ഒന്നര  വര്‍ഷക്കാലയളവില്‍  ഏതാണ്ട്  9,000  കുട്ടികള്‍  വിവിധ  കാരണങ്ങളാല്‍  മരിച്ചിട്ടുണ്ടായിരിക്കും.  ഈ  മരണങ്ങളില്‍  ഏതാണ്ട്  70  ശതമാനവും  28  ദിവസത്തിത്തില്‍ത്താഴെ  പ്രായമുള്ള  കുഞ്ഞുങ്ങളിലാണ്.  അപ്പോള്‍  ആകെ  നടന്നിട്ടുള്ള  മരണങ്ങളില്‍  3,000-ന  ടുത്തു  മരണങ്ങള്‍  വാക്സിന്‍  കിട്ടാന്‍  പ്രായമായ  കുട്ടികളില്‍  ഈ  ഒന്നരവര്‍ഷം  നടന്നു.  അതില്‍  80%  പേര്‍  വാക്സിന്‍  കിട്ടിയവരാണെങ്കില്‍  2,400  പേര്‍,  അതായത്  ഒരുദിവസം  5.34  കുട്ടികള്‍.  ഈ  മരണങ്ങളുടെ  കൃത്യമായ  കാരണങ്ങള്‍  പലപ്പോഴും  ലഭ്യമല്ല  എന്നതാണ്  വസ്തുത.  അങ്ങനെയൊരു  പഠനം  നടന്നാല്‍  മാത്രമേ  അതില്‍  എത്ര  മരണം  വാക്സിന്‍  കിട്ടിയവരിലുണ്ടായതിനു  സമാനമായതാണെന്നു  മനസ്സിലാക്കാനാവൂ.  ഇന്ത്യയില്‍  ഒരു  പക്ഷെ  എല്ലായിടത്തും  ഇതൊക്കെത്തന്നെയാണു  സ്ഥിതി.  2003ല്‍  ദില്ലിയില്‍  നടത്തിയ  ഒരു  പഠനത്തില്‍  449  മരണങ്ങളില്‍  11  എണ്ണം  വ്യക്തമായ  കാരണം  കണ്ടെത്താനാകാത്തതായി  പറഞ്ഞിട്ടുണ്ട്.  ഈ  മരണങ്ങളെല്ലാം  കൃത്യമായി  വെളിച്ചത്തുവന്നതും  അവ  പഠനവിധേയമായതും  നേരത്തേ  പറഞ്ഞ  എ.ഇ.എഫ്.ഐ.  സംവിധാനം  ഫലപ്രദമായി  നടപ്പാക്കിയതുകൊണ്ടുകൂടിയാണ്.  എ.ഇ.എഫ്.ഐ.  –  അഡ്വേര്‍സ്  ഇവന്‍റ  ്സ്  ഫോളോവിങ്ങ്  ഇമ്മ്യൂണൈസേഷന്‍  –  എന്നത്  പലരും  കരുതുന്നതുപോലെ  വാക്സിന്‍റെ  പാര്‍ശ്വഫലങ്ങളുടെ  ഒരു  കണക്കെടുപ്പല്ല.  വാക്സിന്‍  ലഭിച്ചവരില്‍  അതിനുശേഷം  ഉണ്ടാകുന്ന  എല്ലാ  ആരോഗ്യ  പ്രശ്നങ്ങളുടേയും  രേഖപ്പെടുത്തലാണ്.  എന്തു  പ്രശ്നങ്ങളുണ്ടായാലും  അതു  രേഖപ്പെടുത്തുന്നു.  അതു  വാക്സിന്‍കൊണ്ടാകാം  ആകാതെയുമിരിക്കാം.  കാര്യകാരണബന്ധം  സ്ഥാപിക്കുന്നതിന്  ചില  ശാസ്ത്രീയ  മാര്‍ഗ്ഗങ്ങളുണ്ട്.  അതു  വിശദമായി  ചര്‍ച്ച  ചെയ്യുക  ഇവിടെ  സാദ്ധ്യമല്ല.  ഇവിടെയും  വാക്സിന്‍  കിട്ടിയവരിലുണ്ടായ  മരണങ്ങളില്‍  ചിലതുമാത്രമാണ്  വ്യക്തമായ  കാരണങ്ങളില്ലാത്തത്.  അതില്‍ത്തന്നെ  മൂന്നു  കുട്ടികള്‍ക്കുപെന്‍റാവാലന്‍റ  ്  വാക്സിന്‍  കിട്ടിയിട്ടുമില്ല.

 

വാക്സിനുകളും  ഓട്ടിസവും

 

സമൂഹിക  ജീവിയായ  മനുഷ്യരെ  സംബന്ധിച്ചിടത്തോളം  ഏറ്റവും  വലിയ  പരാധീനതകളിലൊന്നാണ്  മറ്റുള്ളവരുമായി  സംവദിക്കാനും  സാമൂഹികമായി  ഇടപെടാനും  കഴിയാതിരിക്കുക  എന്നത്.  മറ്റുള്ളവരുമായി  ആശയവിനിമയത്തിനാകാതെ,  സംസാരശേഷി  വേണ്ടത്ര  വികസിക്കാതെ,  അവനവന്‍ലോകത്തു  അഭിരമിക്കുന്നതിനിടയാക്കുന്ന  ഒരു  രോഗാവസ്ഥയാണ്  ഓട്ടിസം.  കാരണം  വ്യക്തമല്ലാത്ത  ഈ  രോഗം  കഴിഞ്ഞ  ഏതാനും  പതിറ്റാണ്ടായി  കൂടിവരുന്നു  എന്ന  ഒരു  ധാരണ  പൊതുവേ  നിലനില്‍ക്കുന്നുണ്ട്.  ഒരു  പക്ഷേ  പലരോഗങ്ങളെ  സംബന്ധിച്ചും  എന്ന  പോലെ  പൊതുജനങ്ങള്‍ക്കിടയിലും  ഡോക്ടര്‍മാരുടെ  ഇടയിലും  ഈ  രോഗത്തെകുറിച്ചുള്ള  വര്‍ദ്ധിച്ച  അവബോധം  കൂടുതല്‍  രോഗനിര്‍ണ്ണയം  നടത്തുന്നതിലെത്തിയിട്ടുണ്ടെന്നത്  ഇതിനു  കാരണമായി  ചൂബിക്കാണിക്കാറുണ്ട്.  അതല്ല  വിശദീകരിക്കാനാവാത്ത  കാരണങ്ങളാല്‍  കൂടിവരുന്നു  എന്നും  വരാം.  ജനിതക  കാരണങ്ങളാണിന്നേറെ  ചര്‍ച്ച  ചെയ്യപ്പെടുന്നത്.  കാരണം  പ്രകടമല്ലാത്തപ്പോള്‍  എല്ലാത്തരം  അഭ്യൂഹാധിഷ്ടിത  സിദ്ധാന്തങ്ങളും  ആവിഷ്ക്കരിക്കപ്പെടുക  സ്വാഭാവികമാണ്.  അതിന്‍റെയൊക്കെ  പ്രണേതാക്കള്‍ക്കു  അവരവരുടെതായ  തെളിവുകള്‍  നിരത്താനായെന്നും  വരാം.  അതൊന്നുംതന്നെശാസ്ത്രത്തിന്‍റെ  സൂക്ഷ്മാവലോകനത്തിനു  മുന്‍പില്‍  നിലനില്‍ക്കുന്നതായി  ഇതുവരെ  കണ്ടിട്ടില്ല  എന്നു  മാത്രം.

ഇത്തരത്തിലൊരു  സിദ്ധാന്തവുമായി  രംഗപ്രവേശം  ചെയ്ത  ആളാണ്  ബ്രിട്ടണിലെ  റോയല്‍ഫ്രീ  ഹോസ്പിറ്റലില്‍  സര്‍ജനായിരുന്ന  ആന്‍ഡ്രു  വേക്ഫീല്‍ഡ്.  അദ്ദേഹം  1998ല്‍  വിഖ്യാത  വൈദ്യശാസ്ത്ര  മാസികയായ  ലന്‍സെറ്റില്‍  ഒരു  ലേഖനം  പ്രസിദ്ധീകരിച്ചു.  കുട്ടികളില്‍  ഉപയോഗിക്കുന്ന  എം.എം.ആര്‍  വാക്സിനില്‍  അടങ്ങിയിരിക്കുന്ന  അഞ്ചാമ്പനി  ഘടകം  അന്നനാളത്തിന്‍റെ  ആന്തരികസ്തരത്തിനു  ചോര്‍ച്ചയുണ്ടാക്കുമെന്നും  അതുവഴി  ഇതിലെ  മാംസ്യങ്ങള്‍  മസ്തിഷ്ക്കത്തിലെത്തി  അതിനു  തകരാറുകളുണ്ടാക്കുന്നു  എന്നതായിരുന്നു  അതിന്‍റെ  രത്നച്ചുരുക്കം.  ഈ  സങ്കല്പത്തിലേറെയും  ഗവേഷണഫലങ്ങള്‍  എന്നതിനേക്കാള്‍  അദ്ദേഹത്തിന്‍റെ  ഊഹം  മാത്രമായിരുന്നു.  കൂട്ടത്തില്‍  ഇത്  ഓട്ടിസത്തിനു  കാരണമാവുമെന്നും  അദ്ദേഹം  ഊഹിച്ചു,  പത്രസമ്മേളനവും  നടത്തി.  ലാന്‍സെറ്റില്‍  പ്രസിദ്ധീകൃതമായെന്നതുകൊണ്ടും  അറിയപ്പെടുന്ന  ഒരു  ഗവേഷകന്‍  എന്ന  നിലക്കും  മാദ്ധ്യമങ്ങള്‍  ഇതിനു  വലിയ  പ്രാധാന്യമാണ്  നല്‍കിയത്.  ഓട്ടിസത്തിനു  കാരണം  തേടിയിരുന്നവര്‍  ആഘോഷപൂര്‍വ്വം  ഇതു  കൊണ്ടാടി.  എം.എം.ആര്‍.  വാക്സിന്‍  എടുക്കുകയും  പിന്നീടു  ഓട്ടിസം  കണ്ടെത്തുകയും  ചെയ്തവര്‍  നഷ്ടപരിഹാരത്തിനായി  കോടതികളെ  സമീപിക്കാനാരംഭിച്ചു.  ബ്രിട്ടനിലും  അമേരിക്കയിലും  വാക്സിന്‍  ഉപയോഗം  ഗണ്യമായി  കുറയുകയും  വാക്സിന്‍മൂലം  തടയാവുന്ന  രോഗങ്ങള്‍  പലതും  വര്‍ദ്ധിത  വീര്യത്തോടെ  തിരിച്ചുവരാനും  തുടങ്ങി.  മരണങ്ങള്‍  പോലും  ഉണ്ടായി.  അധികം  വൈകാതെ  ഈ  ശാസ്ത്രലേഖനത്തിന്‍റെ  കള്ളി  വെളിച്ചത്തായി.  അതിനു  ഉപകരണമായി  വര്‍ത്തിച്ചത്  ബ്രിട്ടനില്‍ത്തന്നെ  സണ്‍ഡെ  റ്റൈംസില്‍  പ്രവര്‍ത്തിച്ചിരുന്ന  ബ്രയാന്‍  ഡിയര്‍  എന്ന  പത്രപ്രവര്‍ത്തകനും.  ഈ  പഠനം  നടത്തിയ  കുട്ടികളില്‍  അഞ്ചുപേരും  എം.എം.ആര്‍.  ഓട്ടിസം  ഉണ്ടാക്കുന്നു  എന്നു  പറഞ്ഞു  കോടതിയെ  സമീപിച്ചവരായിരുന്നു.  ഈ  കേസുകള്‍  വാദിച്ചിരുന്ന  റിച്ചാര്‍ഡ്  ബാറില്‍നിന്ന്  വേക്ഫീല്‍ഡ്  8  ലക്ഷം  അമേരിക്കന്‍  ഡോളര്‍  പഠനത്തിനായി  കൈപ്പറ്റുകയും  ചെയ്തതായി  ഡിയര്‍  കണ്ടെത്തി.  നിയമ  നടപടികള്‍ക്കു  ശക്തി  പകരാന്‍  നടത്തിയ  ഒരു  ഗവേഷണം!  ശാസ്ത്രലോകത്തെയും,  വിഖ്യാതമായ  മാസികയെയും  ഒക്കെ  തെറ്റിദ്ധരിപ്പിക്കാനുള്ള  ഒരു  ശ്രമം,  ഇതായിരുന്നു  വാക്സിന്‍  ഉപയോഗത്തിലും  വാക്സിന്‍  പ്രതിരോധ്യ  രോഗനിരക്കിലും  ഒക്കെ  അനിതരസധാരണമായ  പ്രത്യാഘാതങ്ങള്‍  സൃഷ്ടിച്ച  പഠനത്തിന്‍റെ  രീതി.  ഇന്നും  പക്ഷെ  ഈ  പഠനത്തെ  മുന്‍നിര്‍ത്തി  എം.എം.ആര്‍.  ഓട്ടിസം  ഉണ്ടാക്കുന്നു  എന്നു  പറയുകയും  വിശ്വസിക്കുകയും  ചെയ്യുന്നവര്‍  ദുര്‍ലഭമല്ല  എന്നതാണ്  ഏറെ  കഷ്ടം.  വിവരങ്ങള്‍  പുറത്തുവന്ന്  വൈകാതെ  തന്നെ  സഹഗവേഷകര്‍  ഈ  ഗവേഷണത്തെ  തള്ളിപ്പറഞ്ഞു.  ലാന്‍സെറ്റ്  ലേഖനം  പിന്‍വലിച്ചു.  ലാന്‍സെറ്റുപോലെ  ഒരു  ശാസ്ത്ര  മാസിക  ഒരു  ലേഖനം  പിന്‍വലിക്കുക  എന്നത്  വളരെ  അസാധാരണമാണ്.  ഇതിനൊക്കെ  പുറമേ  ഗവേഷണത്തിലും  വൈദ്യശാസ്ത്ര  നൈതികതയിലും  ഒക്കെ  വ്യക്തമായ  പെരുമാറ്റ  ദൂഷ്യം  ആരോപിക്കപ്പെട്ട  വേക്ഫീല്‍ദ്  ബ്രിട്ടണിലെ  മെഡിക്കല്‍  കൗണ്‍സിലിന്‍റെ  വിചാരണക്കു  വിധേയനായി.  കൗണ്‍സില്‍  രജിസ്റ്ററില്‍നിന്നും  പേര്  നീക്കം  ചെയ്യപ്പെടുകയും  ചെയ്തു.  ഒരാളെ  കൗണ്‍സിലിന്‍റെ  രജിസ്റ്റരില്‍  നിന്നും  നീക്കുക  എന്നാല്‍  അയാള്‍ക്കു  ഡോക്ടര്‍  എന്ന  നിലയില്‍  പ്രാക്റ്റീസ്  ചെയ്യാനുള്ള  അവകാശം  എടുത്തുകളയുക  എന്നാണര്‍ത്ഥം.  വളരെ  അപൂര്‍വ്വമായി,  അസാധരണത്തില്‍  അസാധാരണമായി  മാത്രം  സംഭവിക്കുന്ന  ഒന്നാണിതെന്നോര്‍ക്കണം.  അദ്ദേഹത്തിന്‍റെ  കുറ്റം  എത്ര  ഗൗരവതരമായാണ്  മെഡിക്കല്‍  കൗണ്‍സില്‍  കണ്ടതെന്നാണിതു  തെളിയിക്കുന്നത്.

ഇതു  കഴിഞ്ഞുവന്ന  പ്രധാനപ്പെട്ട  ഒരാരോപണമായിരുന്നു  ഓട്ടിസത്തിനു  കാരണം  ബഹുമാത്രാ  വാക്സിനുകളില്‍ചേര്‍ക്കുന്ന  തയോമെറൊസാല്‍  എന്ന  രാസ  സംയുക്തം  ആണെന്നത്.  1930കളില്‍  ഡി.റ്റി.പി.  വാക്സിന്‍  ഉപയോഗത്തിന്‍റെ  ഭാഗമായുണ്ടായ  ചില  മരണങ്ങള്‍  അന്യത്ര  സൂചിപ്പിച്ചിരുന്നല്ലോ.  അതിന്‍റെ  കാരണം  പലപ്പോഴായി  ഉപയോഗിച്ചിരുന്ന  ബഹുമാത്രാവാക്സിന്‍  വയലുകളില്‍  അപകടകരമായ  അണുബാധയുണ്ടായതായിരുന്നു.  അതിനു  പരിഹാരമായാണ്  ഒരു  അണുനാശകമായ  ഈതയില്‍  മെര്‍ക്കുറി  സംയുക്തമായ  തയോമെറോസാല്‍  വാക്സിനില്‍  ചേര്‍ക്കാനാരംഭിച്ചത്.  അന്നുമുതല്‍  പല  രാജ്യങ്ങളും  ഇതില്ലാത്തതും  ഉള്ളതുമായ  വാക്സിന്‍  ഉപയോഗിക്കുന്നുണ്ട്.  അവയെ  ഓട്ടിസവുമായി  ബന്ധിപ്പിക്കാനുള്ള  തെളിവുകളൊന്നും  ഉണ്ടായിട്ടില്ല,  ശാസ്ത്രലോകത്തു  നിന്നും  അങ്ങനെയൊരു  സിദ്ധാന്തം  ആവിഷ്കൃതമായിട്ടുമില്ല.  അതിലുപരി  മെര്‍ക്കുറി  മൂലമുണ്ടാവുന്ന  നാഡീരോഗാവസ്ഥകളും  ഓട്ടിസവും  തമ്മില്‍  സാമ്യവുമില്ല.  എങ്കിലും  നേരത്തേ  സൂചിപ്പിച്ചപോലെ  കാരണം  തേടി  നടക്കുന്നവര്‍ക്കു  കിട്ടിയ  ഒരു  പിടിവള്ളി  അതായിരുന്നു.  ശാസ്ത്രീയ  പിന്‍ബലമൊന്നുമില്ലാതെ  വന്നതെങ്കിലും  ഈ  സിദ്ധാന്തത്തെ  പിന്‍തുണക്കാനും  ആളുണ്ടായിരുന്നു,  ഇതിന്‍റെ  പേരിലും  കേസുകള്‍  ആവിര്‍ഭവിക്കുകയും  ചെയ്തു.

അങ്ങനെയാണ്  2002  ആയപ്പോഴേക്കും  അമേരിക്കയില്‍  മുന്നൂറോളം  നഷ്ടപരിഹാരക്കേസുകള്‍  വാക്സിന്‍  ഓട്ടിസമുണ്ടാക്കുന്നു  എന്നപേരില്‍  ആവിര്‍ഭവിക്കുന്നത്.  ഇതു  അധികം  വൈകാതെ  അയ്യായിരത്തോളമായി.  വൈദ്യശാസ്ത്രവിജ്ഞാനമുള്ളവരോ  ഡോക്ടര്‍  സമൂഹത്തോടു  പക്ഷപാതിത്വമുണ്ടെന്ന്  ആരോപണവിധേയരായിട്ടുള്ളവരോ  അല്ലാത്ത  മൂന്നു  ജഡ്ജിമാരടങ്ങിയ  ഫെഡറല്‍ക്കോടതി  ബഞ്ച്  എം.എം.  ആര്‍.  വാക്സിനോ  തൈമെറൊസാലോ  ഒറ്റക്കോ  കൂട്ടായോ  ഓട്ടിസമുണ്ടാക്കുന്നില്ലെന്ന്  അസന്നിഗ്ദ്ധമായി  വിധിയെഴുതി.  ശാസ്ത്രസമസ്യകളുടെ  ഉത്തരം  കോടതിയില്‍നിന്നുണ്ടാകുന്നത്  അഭികാമ്യമെന്നു  പറയാനാവില്ല.  എന്നാല്‍  ഇവിടെ  ഈ  ആരോപണങ്ങളുടെ  നിജസ്ഥിതി  പരിശോധിക്കപ്പെടുകയും  അവയൊക്കെത്തന്നെ  അടിസ്ഥാനരഹിതമെന്നു  കബെത്തുകയുമായിരുന്നു  എന്നോര്‍ക്കണം.

 

 

റൂബല്ലാ

 

ഇന്ത്യയില്‍  ഒരു  വര്‍ഷം  മുപ്പതുലക്ഷം  കുട്ടികളാണ്  വിവിധ  അംഗവൈകല്യങ്ങളോടെ  ജനിക്കുന്നത്.  ഇവയില്‍  മാരകമായവ  മൂന്നു  ലക്ഷത്തോളം  നവജാതശിശുമരണങ്ങള്‍ക്കു  കാരണവുമാവുന്നു.  ഇന്ത്യയില്‍  എതാണ്ട്  ഒരുലക്ഷം  കുട്ടികള്‍ക്കെങ്കിലും  പ്രതിവര്‍ഷം  ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന  റൂബല്ലയുടെ  ഫലമായുള്ള  കംജനിറ്റല്‍  റൂബല്ല  സിന്‍ഡ്രോം  (സി.ആര്‍.എസ്)  ബാധിക്കുന്നുണ്ടെന്നാണ്  കണക്കുകള്‍.  അതിലധികം  പേരില്‍  പ്രതിരോധിക്കാവുന്ന  അന്ധതയുടെയും  ബധിരതയുടെയും  കാരണമായും  ഗര്‍ഭാവസ്ഥയിലുണ്ടാവുന്ന  റൂബല്ല  കാരണമാവുന്നുണ്ട്.  ഈ  കണക്കുകളൊക്കെ  ഇന്ത്യയിലെയും  കേരളത്തിലെയും  സാഹചര്യങ്ങളില്‍  ഏതാണ്ട്  മതിപ്പുകണക്കുകളാണ്,  യാഥാര്‍ത്ഥ്യം  ഇതിലും  ബൃഹത്തായിരിക്കാനേ  ഇടയുള്ളു.

ജന്മവൈകല്യങ്ങള്‍  രണ്ടു  വിധത്തിലുണ്ട്.  തടയാനാകാത്ത  ജനിതകകാരണങ്ങളാലും  തടയാനാവുന്ന  രോഗപോഷണ  പ്രശ്നങ്ങളാലും  ഉണ്ടാവുന്നവ.  ഗര്‍ഭിണിയാവുന്നതിനു  മുന്‍പാരംഭിക്കുന്ന  ഫോളിക്  ആസിഡ്  ഉപയോഗം,  അയഡിന്‍  കുറവുകാണുന്ന  സ്ഥലങ്ങളില്‍  അതു  നേരത്തെ  കണ്ടെത്തി  ചികില്‍സിക്കുക  ഒക്കെ  വൈകല്യ  പ്രതിരോധത്തിനായി  അനുവര്‍ത്തിച്ചു  വരുന്ന  രീതികളാണ്.  മറ്റൊരു  പ്രധാന  ഇടപെടല്‍  സാംക്രമികരോഗങ്ങളായ  റൂബല്ല,  സിഫിലിസ്,  ടോക്സോപ്ലാസ്  മോസിസ്,  സൈറ്റൊമെഗാലോ  വൈറസ്  തുടങ്ങിയവ  കണ്ടെത്തി  ചികില്‍സിക്കുകയോ  പ്രതിരോധിക്കുകയോ  ആണ്.  ഇവയില്‍  എടുത്തുപറയേണ്ടഒന്നാണ്  റൂബല്ല.  അതിനെതിരായി  മാത്രമേ  ഈ  രോഗങ്ങളില്‍  വാക്സിന്‍  നിലവിലുള്ളു.

റൂബല്ലാ  രോഗം  നിസ്സാരമാണെങ്കിലും  ഗര്‍ഭസ്ഥശിശുക്കളില്‍  അതുണ്ടാക്കുന്ന  വൈകല്യങ്ങള്‍  അതീവ  ഗൗരവതരമായിരിക്കും.  റൂബല്ലയും  സമാനമായ  വൈറല്‍  രോഗങ്ങളും  തമ്മില്‍  തിരിച്ചറിയുക  പരിണതപ്രജ്ഞാരായ  ഭിഷഗ്വരര്‍ക്കുപോലും  പലപ്പോഴും  അസാധ്യമായിരിക്കും.  ലാബറട്ടറി  പരിശോധനയിലൂടെ  മാത്രമേ  അതിനു  കഴിയൂ.  അതുകൊണ്ട്  ബാല്യത്തിലോ  കൗമാരത്തിലോ  ഈ  രോഗം  വന്നവരാണോ  എന്ന്  ഒരാളെ  സംബന്ധിച്ചു  പറയുക  എളുപ്പമല്ല.  അപ്പോള്‍  വിവാഹ  പ്രയമെത്തുമ്പോള്‍  ഒരു  പെണ്‍കുട്ടി  റൂബല്ല  പ്രതിരോധം  ആര്‍ജ്ജിച്ച  ആളാണൊ  എന്നറിയാനും  സാധ്യമല്ല.  കേരളം  ഉള്‍പ്പടെ  ഇന്ത്യയില്‍  പല  സ്ഥലങ്ങളിലും  നടന്നിട്ടുള്ള  പഠനങ്ങള്‍  കാണിക്കുന്നത്  കൗമാരക്കാരുടെ  30-40  ശതമാനംപേര്‍  റൂബല്ലക്കെതിരായ  സ്വാഭാവിക  പ്രതിരോധം  ആര്‍ജ്ജിച്ചിട്ടില്ലാത്തവരും  അതുകൊണ്ടുതന്നെ  രോഗ  സാദ്ധ്യതയുള്ളവാരാണെന്നതുമാണ്.  ഈ  30%  പേരില്‍  മിക്കവാറും  എല്ലാവരും  വിവാഹിതരാവുകയും  ഗര്‍ഭിണികളാവുകയും  ചെയ്യുമ്പോഴേക്കു  രോഗപ്രതിരോധം  ആര്‍ജ്ജിച്ചിരിക്കും  എന്ന  ധാരണക്ക്  ശാസ്ത്രീയ  പഠനങ്ങളുടെ  പിന്‍ബലമൊന്നുമില്ല.  റൂബല്ല  രോഗം  എന്‍ഡെമിക്കായിരിക്കുന്ന  (ഒരു  പ്രദേശത്ത്  സ്ഥിരമായി  ഒരു  രോഗം  നിലനില്‍ക്കുന്ന  അവസ്ഥ)  സ്ഥലങ്ങളില്‍  സി.ആര്‍.എസ്.  രോഗം  ഉണ്ടാകാതിരിക്കുന്നുമില്ല.

എം.എം.ആര്‍.  വാക്സിന്‍  എടുത്തവര്‍ക്കിതു  വീണ്ടും  വേണോ,  പ്രശ്നങ്ങളുണ്ടാക്കുമോ  എന്നൊക്കെ  ചോദ്യമുയര്‍ന്നിട്ടുണ്ട്.  ഇതെടുത്തവരില്‍  റൂബല്ല  പ്രതിരോധം  ഉണ്ടാകാം  അവരെ  കണ്ടെത്തി  ഒഴിവാക്കുക  പ്രായോഗികമല്ല.  മാത്രമല്ല  ഒരു  മാത്ര  വാക്സിന്‍  എല്ലാവരിലും  എല്ലായ്പ്പോഴും  പ്രതിരോധം  സൃഷ്ടിച്ചെന്നു  വരില്ല.  അതുകൊണ്ടുതന്നെ  അമേരിക്കന്‍  അക്കാദമി  ഓഫ്  പിഡിയാട്രിക്സ്  പോലുള്ള  സംഘടനകള്‍  ഈ  വാക്സിന്‍  രണ്ടു  മാത്രകള്‍  നല്‍കേണ്ടതാണെന്നു  നിര്‍ദ്ദേശിക്കുന്നുണ്ട്.  രബാമതൊരിക്കല്‍  എടുക്കുന്നതു  ദോഷമില്ലെന്നു  മാത്രമല്ല  നല്ലതാണെന്നു  സാരം.

 

ഉപസംഹാരം

 

ആധുനിക  ശാസ്ത്രത്തിന്‍റെ  സാദ്ധ്യതകളെ  നിര്‍ല്ലോപം  സ്വാംശീകരിച്ചുകൊണ്ടാണ്  പാശ്ചാത്യവൈദ്യം  വളര്‍ന്നുവന്നത്.  വസൂരി  വാക്സിനില്‍  ആരംഭിച്ചു  പേവിഷവാക്സിനില്‍  അവസാനിച്ച  വാക്സിനുകളുടെ  ആദ്യ  ശതകം  ഒരു  ശാസ്ത്രീയ  ചിന്തയുടെ  പ്രായോഗികാവിഷ്ക്കാരം  ആയിരുന്നു  എന്നു  പറഞ്ഞുകൂട.  സൂക്ഷ്മാണുശാസ്ത്രത്തെപ്പറ്റിയുള്ള  അറിവില്ലാതിരിക്കുകയോ  പരിമിതമായിരിക്കുകയോ  ചെയ്തിരുന്ന  അക്കാലത്ത്  അതൊരു  അനുഭവമാത്ര  പ്രക്രിയയായിരുന്നു  എന്നു  പറയാം.  എങ്കിലും  കോടാനുകോടി  ജീവന്‍  രക്ഷിക്കാനും  ഭൂമുഖത്തുനിന്നുതന്നെ  വസൂരിരോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്യുന്നതിനും  ഉപകരണം  ആവുകയും  ചെയ്തതാണല്ലോ  വസൂരി  വാക്സിന്‍.  പേവിഷവാക്സിനും  പ്രത്യേക  പഠനങ്ങളൊന്നുമില്ലാതെയാണ്  ആദ്യമായി  സുനിശ്ചിത  മരണത്തില്‍നിന്നും  രക്ഷ  നേടാന്‍  കഴിഞ്ഞ  ജോസഫ്  മീസ്റ്ററില്‍നിന്നും  മറ്റുള്ളവരിലേക്കു  വ്യാപകമാകുന്നത്.  തുടര്‍ന്നു  ആവിഷ്കൃതമാവുന്ന  ഡിഫ്തീരിയ,  വില്ലന്‍ചുമ,  ടെറ്റനസ്  ഘടകങ്ങളടങ്ങിയ  ഡി.പി.ടി.യും  ഏതാബ്  ഇക്കാലത്ത്  നിലവില്‍വന്ന  ടൈഫോയിഡ്,  മഞ്ഞപ്പനി  വാക്സിനുകളും  എല്ലാംതന്നെ  ലാബറട്ടറിയില്‍  നിന്നും  നേരെ  സമൂഹത്തിലേക്കു  എത്തിച്ചേരുകയായിരുന്നു.  ശാസ്ത്രത്തിന്‍റെ,  വിശേഷിച്ചും  സ്റ്റാറ്റിസ്റ്റിക്സിന്‍റെ,  രീതിശാസ്ത്രം  ഉപയോഗപ്പെടുത്തിയുള്ള  ഒരു  ഗുണദോഷ  വിചാരമോ  നിയന്ത്രിത  പഠനങ്ങളൊകൂടാതെതന്നെ  ചിരപ്രതിഷ്ഠനേടിയവയായിരുന്നു  എന്നര്‍ത്ഥം.  എന്നാല്‍  ആദ്യത്തെ  പോളിയോ  വാക്സിനായ  സാല്‍ക്  വാക്സിനിലെത്തിയപ്പോഴേക്കും  സ്ഥിതി  മാറി.  ലാബറട്ടറിയിലോ  ഗവേഷകരുടെ  കുടുംബാംഗങ്ങളിലോ  പരീഷിച്ചറിഞ്ഞാല്‍  പോരാ  എന്ന  തിരിച്ചറിവ്  ശാസ്ത്രത്തിനുണ്ടാവുന്നത്  അപ്പോഴാണ്.  ഏതാണ്ട്  ഇരുപതുലക്ഷംപേരാണ്  വാക്സിന്‍  ലഭിച്ചവരും  ലഭിക്കാത്തവരുമായി  ഈ  പഠനത്തിലുണ്ടായിരുന്നത്.  ഇത്രയും  പേരില്‍  പഠിച്ചശേഷം  നടപ്പാക്കിയ  പരിപാടിയില്‍ത്തന്നെ  രണ്ടാഴ്ച്ചക്കുള്ളില്‍  മാരകമായ  പ്രശ്നങ്ങള്‍  കണ്ടെത്തി.  പക്ഷെ  പഠനത്തിന്‍റെ  കുറവോ  പരിമിതിയോ  ആയിരുന്നില്ല  അതിനു  കാരണം,  നേരെമറിച്ചു  ഒരു  വാക്സിന്‍  നിര്‍മ്മാതാവിന്‍റെ  അനവധാനതയായിരുന്നു.  പ്രകടമായ  വീഴ്ച്ചമൂലം  നിര്‍വ്വീര്യമാക്കപ്പെടാത്ത  വൈറസുകള്‍  വാക്സിനില്‍  കടന്നുകൂടിയതാണ്  അപകടത്തിനു  കാരണമായത്.  വര്‍ഷങ്ങളുടെ  കാത്തിരിപ്പിനു  ശേഷം  അമേരിക്കന്‍  ജനതയുടെ  ഒരു  പൊതുവികാരമായി  ആവിഷ്കൃതമായ  ഒരു  വാക്സിന്‍റെ  കാര്യത്തിലാണിതുണ്ടായതെന്നോര്‍ക്കുമ്പോള്‍  ശാസ്ത്രജ്ഞരിലും  ആരോഗ്യ  പ്രവര്‍ത്തകരിലും  അതുണ്ടാക്കിയ  മോഹഭംഗവും  നിരാശയും  വിവരിക്കാനാകാത്തതാണ്.  പക്ഷെ  അവര്‍  വാക്സിന്‍  പരിപാടി  ഉപേക്ഷിക്കുകയല്ല,  പരിമിതികളും  വീഴ്ച്ചകളും  പരിഹരിച്ചു  മുന്നോട്ടു  പോവുകയാണുണ്ടായത്.  1954ലെ  ഈ  സംഭവത്തിനു  ശേഷം  വാക്സിന്‍  സംബന്ധിയായ  ഇത്തരം  ഒരു  അപകടവും  ഈ  അറുപതാണ്ടുകള്‍ക്കിടയിലുബയിട്ടില്ല  എന്നതാണ്  വസ്തുത.  തുടര്‍ന്നുണ്ടായവയൊക്കെത്തന്നെ  ശാസ്ത്രത്തിന്‍റെ  നിഷ്കൃഷ്ട  വിലയിരുത്തലിനു  മുന്‍പില്‍  പിടിച്ചു  നില്‍ക്കാനാകാതെ  തള്ളിപ്പോയ  കേവല  ആരോപണങ്ങള്‍  മാത്രമായിരുന്നു.

കുടിവെള്ളം,  പരിസരശുചിത്വം,  പോഷകാഹാരം  എന്നിവക്കൊക്കെ  പകരംവെക്കാവുന്നതാണ്  വാക്സിനുകള്‍  എന്നു  ഗൗരവതരമായ  വാക്സിന്‍  ചര്‍ച്ചയിലൊരിടത്തും  ആരും  തന്നെ  പറഞ്ഞതായി  അറിവില്ല.  എന്നാല്‍  സാംക്രമികരോഗ  നിയന്ത്രണകാര്യത്തില്‍  ഇതിനൊക്കെ  അനുപൂരകമായുണ്ടാകേണ്ട  ഒന്നാണ്  വാക്സിനുകള്‍  എന്നതാണ്  വസ്തുത.  ഇതൊക്കെ  കഴിഞ്ഞിട്ടുമതി  വാക്സിനുകള്‍  എന്ന  വാദം  സാംക്രമികരോഗ  ചരിത്രം  അറിയാവുന്ന  ആരുംതന്നെ  ഉയര്‍ത്തുമെന്നു  തോന്നുന്നില്ല.  ഇപ്പറഞ്ഞ  കാര്യങ്ങള്‍  ഒരു  രാജ്യത്തിന്‍റെ  ഭരണ  സംവിധാനത്തിന്‍റെ  അനിവാര്യഘടകങ്ങളാണ്.  രാജ്യരക്ഷയും  അടിസ്ഥന  സൗകര്യ  വികസനവുമൊക്കെപ്പോലെ.  ഇതു  രണ്ടും  കൂട്ടിക്കുഴക്കുമ്പോഴാണ്  വിവാദമുണ്ടാവുന്നത്.  വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങളില്‍  പലതും  ഉയര്‍ന്ന  ജീവിത  നിലവാരം  കൈവരിച്ചു  എന്നതുകൊണ്ട്  മാത്രം  അപ്രത്യക്ഷമായിട്ടില്ല  എന്നത്  വികസിത  വ്യവസായവല്‍കൃത  രാജ്യങ്ങളിലെ  അനുഭവങ്ങളില്‍  നിന്നും  സുവ്യക്തമാണ്.  ചിലവയുടെ  സ്വാഭാവിക  പ്രകൃതിയില്‍  ഒട്ടേറെ  മാറ്റങ്ങള്‍  വന്നിട്ടുണ്ട്  എന്നത്  ശരിയാണെങ്കിലും.

ഇന്ത്യന്‍  വാക്സിന്‍  പരിപാടി  യുക്തിസഹമല്ല  എന്നാണ്  മറ്റൊരു  വിമര്‍ശനം.  പോളിയോക്കെതിരയുള്ള  തുള്ളിമരുന്നു  വ്യാപകമായതോടുകൂടി  ക്യൂബപോലുള്ള  രാജ്യങ്ങള്‍  അറുപതുകളില്‍ത്തന്നെ  ഈ  രോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്തു.  ഇതു  വാക്സിന്‍കൊണ്ടുമാത്രം  സാധിച്ച  ഒന്നായിരുന്നു  എന്നത്  നിഷ്പക്ഷമതികളെ  സംബന്ധിച്ചു  നിസ്തര്‍ക്കമായ  ഒന്നാണ്.  പക്ഷെ  വീണ്ടും  വിമര്‍ശകര്‍  പോളിയോയെ  സാനിറ്റേഷന്‍  പ്രശ്നമായി  വിലയിരുത്താനാണ്  വ്യഗ്രത  കാണിക്കുന്നത്.  അതുപോലെ  റോട്ടാവൈറസ്  രോഗവും  സാനിറ്റേഷന്‍  കൊണ്ട്  പരിഹരിക്കാവുന്ന  ഒന്നല്ല  എന്നത്  ശാസ്ത്ര  ലോകം  പരക്കെ  അംഗീകരിക്കുന്ന  ഒന്നാണ്.  അതുകൊണ്ടാണ്  ലോകത്തൊട്ടാകെയുള്ള  ശിശുമരണങ്ങളില്‍  നിര്‍ണ്ണായകസ്ഥാനം  വഹിക്കുന്ന  വയറിളക്കരോഗ  നിയന്ത്രണത്തില്‍  ഈ  വാക്സിനുള്ള  സ്ഥാനം  ലോകാരോഗ്യ  സംഘടന,  യൂണിസെഫ്  തുടങ്ങിയവയും  അമേരിക്കയിലെ  സാംക്രമിക  രോഗ  നിയന്ത്രണപ്രതിരോധ  കേന്ദ്രമായ  സി.ഡി.സിയും  ഒക്കെ  നിര്‍ദ്ദേശിക്കുന്നത്.

എക്സ്പാന്‍ഡഡ്  പ്രോഗ്രാം  ഓണ്‍  ഇമ്മ്യൂണൈസേഷന്‍  എന്ന  പേരില്‍  1976ല്‍  ആരംഭിച്ചപ്പോള്‍  നിലവിലിരുന്ന  ഫലപ്രപ്രദമായ  വാക്സിനുകള്‍  ക്ഷയം,  ഡിഫ്തീരിയ,  വില്ലന്‍ചുമ,  പോളിയൊ,  അഞ്ചാമ്പനി  എന്നിവക്കെതിരെയായിരുന്നു.  ഇവയിലധികവും  പേറ്റന്‍റ  ്  സംരക്ഷണയിലായിരുന്നില്ല  എന്നതുകൊണ്ട്  ചെലവ്  കുറഞ്ഞതുമായിരുന്നു.  അന്ന്  മെനിഞ്ജൈറ്റിസ്,  നിമോണിയ,  വയറിളക്കരോഗങ്ങള്‍  എന്നിവ  ഇല്ലാതിരുന്നതുകൊണ്ടോ  ഗൗരവതരമല്ലാതിരുന്നതുകൊണ്ടോ  അല്ല  അവ  പരിഗണനാര്‍ഹമല്ലാതിരുന്നത്.  അന്നും  ഇന്നും  ലോകത്തൊട്ടാകെ  കൂടുതല്‍  കുട്ടികള്‍  മരിക്കുന്നത്  ഈ  രോഗങ്ങള്‍  മൂലം  തന്നെയാണ്.  എന്നാല്‍  ഈ  രോഗങ്ങള്‍ക്കെതിരെ  ഫലപ്രദമായ  വാക്സിനുകളൊന്നും  അന്ന്  നിലവിലില്ലായിരുന്നു.  അങ്ങനെയുള്ളവ  ഉണ്ടായിരുന്നെങ്കില്‍  അവ  കൂടി  ഉള്‍പ്പെടുത്തിയാകുമായിരുന്നു  പദ്ധതി  ആവിഷക്കരിക്കുമായിരുന്നത്  എന്നു  ന്യായമായും  ഊഹിക്കാവുന്നതാണ്.  ഈ  രോഗങ്ങള്‍ക്കു  വാക്സിന്‍  നിലവിലില്ലാതിരുന്ന  ഘട്ടത്തില്‍  നിലവിലുള്ള  വാക്സിനുകള്‍  ഉള്‍പ്പെടുത്തി  സാങ്കേതികവും  സാമ്പത്തികവുമായ  സാദ്ധ്യതകളുടെ  അടിസ്ഥാനത്തില്‍  ഒരു  പദ്ധതി  ആവിഷകരിച്ചു  എന്നേ  ഉള്ളു.  ഇ.പി.ഐ.  തുടങ്ങുമ്പോഴേക്കും  അതുമൂലം  തടയാവുന്ന  പല  രോഗങ്ങളും  വികസിത  രാജ്യങ്ങളില്‍  നിയന്ത്രണ  വിധേയമായിരുന്നു,  ഒരു  പക്ഷെ  പോളിയോ  ഒഴികെ.  എന്നാല്‍  അവയുടെ  തിരോഭാവത്തിന്‍റെ  അവസാന  ഘട്ടത്തിനു  വാക്സിനുകള്‍  നിര്‍ണ്ണായക  സംഭാവന  ചെയ്തുതാനും.
ന്യൂമോകോക്കസ്,  ഹിബ്,  ഹെപ്പറ്ററ്റിസ്  ബി,  റൊട്ടാവൈറസ്  തുടങ്ങിയവക്കെതിരായ  വാക്സിനുകള്‍  നിശ്ചയമായും  നമ്മുടെ  കുട്ടികളിലെ  രോഗാതുരതയും  മരണനിരക്കും  കുറക്കുന്നതില്‍  നിര്‍ണ്ണായക  പങ്കു  വഹിക്കാന്‍  കഴിയുന്ന  വയാണ്.  ഹെപ്പറ്റൈറ്റിസ്  എ,  ചിക്കന്‍പോക്സ്  എന്നിവക്കും  അവയുടേതായ  പ്രയോജനം  സ്വീകര്‍ത്താക്കള്‍ക്കുണ്ടാകുമെന്നത്  നിസ്തര്‍ക്കമാണ്.  അതുപോലെത്തന്നെ  ഇന്ത്യയിലെ  സ്ത്രീകളിലെ  മുഖ്യക്യാന്‍സറുകളിലൊന്നായ  ഗര്‍ഭാശയഗള  (രലൃ്ശരമഹ)  ക്യാന്‍സറിനെതിരായുള്ള  വാക്സിനും  ഈ  ഗണത്തില്‍  തീര്‍ച്ചയായും  പരിഗണിക്കേണ്ടതാണ്.  ഇന്നത്തെ  സാഹചര്യത്തില്‍  ‘പാരമ്പര്യ’  വാക്സിനുകള്‍  മതി  എന്നൊന്നും  പറയുന്നതില്‍  ഒരു  യുക്തിസഹതയുമുണ്ടെന്നു  തോന്നുന്നില്ല.  പുതിയവയെ  സംബന്ധിച്ചുള്ള  ചര്‍ച്ചകള്‍  പഴയവയുടെ  ഉപയോഗം  കുറയാന്‍  കാരണമാവുന്നു  എന്നതും  വലിയ  കഴമ്പുള്ള  വിമര്‍ശനമൊന്നുമല്ല.  വികസിതമായ  ശാസ്ത്രത്തിന്‍റെയും  സാങ്കേതികവിദ്യകളുടെയും  പശ്ചാത്തലത്തില്‍  വാക്സിനുകള്‍  ഏറെ  ഫലപ്രദവും  സുരക്ഷിതവുമായ  ഒരു  കാലഘട്ടത്തിലാണ്  നാം  ജീവിക്കുന്നത്.  ശാസ്ത്ര  വിഷയങ്ങള്‍  വിമര്‍ശനവിധേയമാക്കുമ്പോള്‍  അനിവാര്യമായുംവേണ്ട  സന്തുലനം  ഉണ്ടാവുന്നുണ്ട്  എന്നുറപ്പക്കാനുള്ള  ബാദ്ധ്യത  നാമേവരും  ഏറ്റെടുക്കണം  എന്നാണ്  അവസാനമായി  സൂചിപ്പിക്കാനുള്ളത്.

 

മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം(ലേഖകന്റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)