വാക്സിൻ പ്രതിരോധ്യ രോഗങ്ങൾ (Vaccine Preventable Diseases)


പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ  അവസാനത്തോടെമാത്രമാണ്  ബാക്റ്റീരിയകളും  വൈറസ്സുകളുമാണ്  സാംക്രമികരോഗങ്ങള്‍ക്കുകാരണമെന്നു  സുസ്ഥാപിതമായ  രീതിയില്‍  അംഗീകരിക്കപ്പെടുന്നത്.  വൈദ്യശാസ്ത്രത്തെ  തികച്ചും  വിപ്ലവകരമായ  ദിശയിലേയ്ക്കു  നയിച്ച  ഒന്നായിരുന്നു  ഇത്.  വിവിധജന്തുക്കളിലും  പിന്നീടു  പരീക്ഷണശാലയിലെ  പോഷക  മാദ്ധ്യമങ്ങളിലും  സൂക്ഷ്മജീവികളെ  വളര്‍ത്തിയെടുക്കുന്നതില്‍  വിജയിച്ചവരാണ്  ഫ്രാന്‍സിലെ  ലൂയി  പാസ്ച്ചറും  ജര്‍മ്മനിയിലെ  റോബര്‍ട്  കോക്കും.  തുടര്‍ന്നുള്ള  കാലങ്ങളില്‍  ശരീരബാഹ്യമായ  കലകളിലും  ഇതു  സാധിതമാകുമെന്നു  വന്നു  (ടിഷ്യു  കള്‍ച്ചര്‍)  ഇതൊക്കെ  സൂക്ഷ്മജീവീശാസ്ത്രത്തിലും  വാക്സിന്‍  നിര്‍മ്മാണത്തിലും  വളരെയേറെ  സംഭാവനകള്‍  നല്‍കിയ  നേട്ടങ്ങളായിരുന്നു.

 

മനുഷ്യര്‍  നായാടി  നാടോട  നടന്നിരുന്നകാലത്തെ  നൂറോ  നൂറ്റന്‍പതോ  പേര്‍  മാത്രംവരുന്ന  ചെറുസമൂഹങ്ങളില്‍  സാംക്രമിക  രോഗങ്ങള്‍  വിരളമായിരുന്നു.  ആര്‍ക്കെങ്കിലും  അങ്ങനെയുണ്ടായാലും  അത്  അയാളില്‍  നിന്നു  വ്യാപകരോഗബാധയിലെയ്ക്കെത്തിച്ചേരുക  സാദ്ധ്യമായിരുന്നില്ല.  തുടര്‍ന്നു  കൃഷിയും  മൃഗപരിപാലനവും  സാര്‍വത്രികമാകുകയും  മനുഷ്യര്‍  തിങ്ങിപ്പാര്‍ക്കുന്ന  ജനപദങ്ങള്‍  രൂപംകൊള്ളുകയും  ചെയ്തതോടെയാണ്  സാംക്രമികരോഗങ്ങള്‍  വ്യാപകമാകാനും  അതൊരു  തുടര്‍ക്കഥയാകാനും  ആരംഭിച്ചത്.  പിന്നീടുള്ള  മാനവചരിത്രത്തിന്റെ  ഗതിവഗതികളെ  സാംക്രമികരോഗങ്ങള്‍  കുറച്ചൊന്നുമല്ല  സ്വാധീനിച്ചിട്ടുളത്.  പരാശ്രയികളായ  സൂക്ഷ്മാണുക്കള്‍  മറ്റൊരു  ജീവശരീരത്തില്‍  പ്രവേശിച്ച്  അവിടെ  നിലയുറപ്പിയ്ക്കാനായി  സ്വീകരിയ്ക്കുന്ന  മാര്‍ഗ്ഗങ്ങളും  അതിനോടു  പ്രതികരിച്ചുകൊണ്ട്  ആതിഥേയശരീരം  സൃഷ്ടിക്കുന്ന  പ്രതികരണങ്ങളും  കൂടിച്ചേര്‍ന്ന  ഒരു  പ്രക്രിയയാണ്  ഇന്‍ഫക്ഷന്‍  (അണുബാധ)  എന്നു  പറയാം.  അണുബാധമൂലമുണ്ടാകുന്ന  ലക്ഷണങ്ങളില്‍  പലതും  രോഗാണുക്കളെക്കാളധികമായി  ശാരീരികപ്രതികരണങ്ങള്‍  മൂലമുണ്ടാകുന്നവയാണ്.  അണുസാന്നിദ്ധ്യത്തോടു  പ്രതികരിച്ചുകൊ്ണ്ട്  അതിനെ  തുരത്താനായി  ശരീരം  വിവിധകോശങ്ങളെ  അണിനിരത്തുകയും  ഈ  പ്രക്രിയ  വിജയിപ്പിക്കാനായി  അവ  വിവിധ  രാസസംയുക്തങ്ങളെ  ഉത്പാദിപ്പിയ്ക്കുകയും  ചെയ്യുന്നു.  ഇവയെല്ലാം  ചേര്‍ന്ന്  ശരീരത്തിലുണ്ടാക്കുന്ന  പ്രതികരണങ്ങളെയാണ്  ഇന്‍ഫ്ളമേഷന്  എന്ന  പദംകൊണ്ടര്‍ത്ഥമാക്കുന്നത്.  ഈ  പ്രക്രിയയുടെ  അനന്തരഫലം  അണുബാധയേല്‍ക്കുന്ന  വ്യക്തിയുടെ  പ്രതിരോധശേഷിയുടെയും  ശരീരത്തില്‍  പ്രവേശിയ്ക്കുന്ന  അണുക്കളുടെ  വീറിനെയും  (വിറുലന്‍സ്)  അളവിനെയും  അടിസ്ഥനപ്പെടുത്തിയായിരിയ്ക്കും.  വേത്ര  പ്രതിരോധശേഷിയുള്ള  ഒരാള്‍ക്ക്  ഇവയെ  ഫലപ്രദമായി  തുരത്താനായെന്നിരിയ്ക്കും.  ചിലരെ  സംബന്ധിച്ച്  അണുക്കള്‍  കുറെ  പ്രതികരണങ്ങളും  രോഗാവസ്ഥയും  സൃഷ്ടിച്ചശേഷം  മാത്രമേ  ഇതില്‍  വിജയിയ്ക്കൂ.  ചിലര്‍ക്കാകട്ടെ  ഇതില്‍  ഒട്ടുംതന്നെ  വിജയിക്കാനായെന്നു  വരില്ല.  അവര്‍ക്ക്  രോഗം  അതിന്റെ  പൂര്‍ണ്ണാവസ്ഥയില്‍  ഉണ്ടാകുകയും  ആ  രോഗത്തിന്റെ  സ്വഭാവമനുസരിച്ച്  മരണമോ  ഗൌരവതരമായ  സങ്കീര്‍ണ്ണതകളോ  ഉണ്ടാകാം.  അതായത്  ചിലര്‍  രോഗമുണ്ടാകാതെതന്നെ  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ചിലര്‍  രോഗത്തോടു  കൂടി  പ്രതിരോധശേഷിയാര്‍ജ്ജിയ്ക്കുന്നു.  ഇനിയും  ചിലരാകട്ടെ  രോഗത്തിനു  കീഴടങ്ങി  മരണമോ  തീവ്രമായ  ആതുരതകളോ  ഏറ്റുവാങ്ങുന്നു.  മരണത്തിനു  കീഴടങ്ങാത്തപക്ഷം  ഇവരും  സാവധാനത്തില്‍  പ്രതിരോധശേഷി  ആര്‍ജ്ജിച്ചെന്നിരിയ്ക്കാം.  പ്രതിരോധത്തിന്റെ  ആദ്യകാലശ്രമങ്ങള്‍  ആദ്യത്തെ  വാക്സിന്‍  വസൂരിയ്ക്കെതിരായി  എഡ്വേര്‍ഡ്  ജന്നര്‍  കണ്ടുപിടിച്ചതാണ്.  എന്നാല്‍  അതിനുമുന്‍പുതന്നെ  ഇന്ത്യയിലെയും  ചൈനയിലെയും  ഒക്കെ  ആള്‍ക്കാര്‍  കണ്ടറിഞ്ഞ  കാര്യമാണ്  വസൂരി  ഒരിക്കല്‍  വന്നവരെ  പിന്നീടു  ബാധിയ്ക്കാറില്ല  എന്നത്.  ഇതിന്റെ  അടിസ്ഥാനത്തില്‍  ലളിതമായ  രോഗാവസ്ഥ  കൃത്രിമമായി  സൃഷ്ടിയ്ക്കുക  എന്ന  ആശയം  ഇവിടങ്ങളില്‍  രൂപം  കൊള്ളുകയും  വിവിധമാര്‍ഗങ്ങളിലൂടെ  അവര്‍  അതു  പ്രയോഗത്തില്‍  വരുത്തുകയും  ചെയ്തിരുന്നതായി  വിശ്വസിയ്ക്കത്തക്ക  തെളിവുകളുണ്ട്.  ഈ  സമ്പ്രദായം  പല  രാജ്യങ്ങളിലും  വിവാദവിധേയമായിരുന്നെങ്കിലും  പൊതുവേ  സ്വീകാര്യമായി.  ബഞ്ചമിന്‍  ഫ്രാങ്ക്ളിനും  ജോര്‍ജ്  വാഷിങ്ടണുമൊക്കെ  ഇതിന്റെ  പ്രയോക്താക്കാളും  പരിപോഷകരും  ആയിത്തീരുകയും  ചെയ്തു.  ആദ്യമായി  വസൂരിയ്ക്കെതിരായ  വാക്സിന്‍  രൂപകല്പന  ചെയ്യുന്നത്  ഇംഗ്ലണ്ടിലെ  ഒരു  നാട്ടിന്‍പുറത്തു  പ്രാക്റ്റീസ്  ചെയ്തിരുന്ന  എഡ്വേര്‍ഡ്  ജന്നര്‍  എന്ന  ഭിഷഗ്വരനാണ്.  പശുക്കളെ  ബാധിയ്ക്കുന്ന  ഗോവസൂരിരോഗം  വന്നവര്‍ക്ക്  വസൂരിബാധിയ്ക്കാറില്ലെന്ന  നാട്ടറിവിനെ  പ്രയോജനപ്പെടുത്തി  നടത്തിയ  അന്വേഷണങ്ങളും  പഠനങ്ങളുംവഴി  ഗോവസൂരിയണുക്കളെ  ഉപയോഗിച്ചുള്ള  പ്രതിരോധം  എന്ന  ആശയം  ശാസ്ത്രീയമായി  തെളിയിയ്ക്കാനദ്ദേഹത്തിനു  കഴിഞ്ഞു.  താമസംവിനാ  ഈ  സമ്പ്രദായം  യൂറോപ്പിലെങ്ങും  സര്‍വ്വസധാരണമായി.

 

എന്താണ്  വാക്സിനുകള്‍

 

രോഗങ്ങള്‍  ജനിതകം,  ജീവിതശൈലീജന്യം,  സാംക്രമികം  എന്നൊക്കെയായി  വര്‍ഗ്ഗീകരിക്കാം.  നാഗരികതയുടെ  തുടക്കത്തില്‍  ജീവിതശൈലീരോഗങ്ങള്‍  മുന്‍നിരയിലെത്തുംമുന്‍പ്    വന്‍തോതിൽ  ജനങ്ങളെ  വലച്ചിരുന്നത്  സാംക്രമിക  രോഗങ്ങളാണ്.  രോഗാണുക്കളെപ്പറ്റിയുള്ള  അറിവും  രോഗ  പ്രതിരോധശാസ്ത്രത്തിലുണ്ടണ്ടായ  കുതിച്ചുചാട്ടങ്ങളും  വാക്സിനുകള്‍  വഴിയുള്ള  രോഗനിയന്ത്രണം  എന്ന  ആശയത്തിനു  ശക്തിപകര്‍ന്നു.  രോഗാണുക്കളെ  കണ്ടെത്തുക  ശോഷിപ്പിക്കുക  വാകിസിന്‍  ഉണ്ടാക്കുക  എന്നതായിരുന്നു  ലൂയി  പാസ്ചര്‍  പോലെയുള്ള  ഈ  രംഗത്തെ  ആദ്യപഥികരുടെ  മുദ്രാവാക്യം.

 

 

നിര്‍ജ്ജീവ  രോഗാണുക്കള്‍ക്കും  ജീവനുള്ളതെങ്കിലും  രോഗകാരിയല്ലാത്തവിധം  ശോഷിതമായ  രോഗാണുക്കള്‍ക്കും  അവയുടെ  ചില  ഘടകങ്ങള്‍ക്കു  മാത്രമായും  ഒക്കെ  രോഗ  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കാനും  അവക്കെതിരായ  പ്രതിവസ്തുക്കളെ  നിര്‍മ്മിച്ച്  പ്രതിരോധശേഷി  നല്‍കാനും  കഴിയും  എന്ന  കണ്ടെണ്ടത്തലോടുകൂടിയാണ്  വാക്സിന്‍  നിര്‍മ്മാണം  സുഗമമായതും  ഗതിവേഗമാര്‍ജ്ജിച്ച്  വ്യാപകമാവുന്നതും  രോഗപ്രതിരോധത്തിന്റെ  ഒരു  നെടുംതൂണായി  മാറുന്നതും.

 

 

ശരീരത്തിന്റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനങ്ങളെ  ഉല്ലംഘിച്ച്  രോഗാണുക്കള്‍ക്ക്  ശരീരത്തില്‍  പ്രവേശിക്കാനായാല്‍  മൂന്ന്  പരിണതികള്‍ക്കാണ്  സാദ്ധ്യത.  കാര്യമായ  അസുഖമൊന്നുമുണ്ടാക്കാതെ  എന്നാല്‍  പ്രതിരോധം  സൃഷ്ടിച്ച്  അവ  പിന്‍വാങ്ങും.  ചിലരില്‍  കാര്യമായ  രോഗമുണ്ടാക്കുമെങ്കിലും  ആത്യന്തികമായി  അവരും  രോഗമുക്തി  നേടും.  എന്നാല്‍  കുറേപ്പേരെങ്കിലും  രോഗത്തിന്  കീഴടങ്ങി  മരിക്കുകയോ  കാര്യമായ  അവശിഷ്ട  ഫലങ്ങളോടെ  രക്ഷപ്പെടുകയും  ചെയ്യും.  രോഗബാധിതനാകുന്നൊരാളില്‍  ഇതിലേതാണ്  സംഭവിക്കുക  എന്ന്  പ്രവചിക്കാനാകാത്തത്  പ്രതിരോധം  കൂടുതല്‍  പ്രസക്തമാക്കുന്നു.  അതുകൊണ്ടു  ആദ്യം  പറഞ്ഞതിനു  സമാനമായ  അവസ്ഥ  സൃഷ്ടിക്കുന്നതിന്  രോഗാണുക്കളെ  ശോഷിപ്പിച്ചോ  മൃതമാക്കിയോ  അവയുടെ  ഘടകങ്ങളെടുത്തൊ  ഒരാളില്‍  പ്രയോഗിക്കുന്നു.  കാര്യമായ  രോഗാവസ്ഥകളൊന്നുമില്ലാതെ  തന്നെ  അയാള്‍  പ്രതിരോധമാര്‍ജ്ജിക്കുന്നു.  ഇതാണ്  ഇമ്മ്യുണൈസേഷന്‍  എന്ന  പ്രതിരോധ  പ്രവര്‍ത്തനത്തിന്റെ  ശാസ്ത്രീയാടിത്തറയെന്നു  പറയാം.

 

 

 

 

വാക്സിനുകളുടെ  പ്രവര്‍ത്തനരീതി

 

രോഗാണുക്കളെയും  അന്യവസ്തുക്കളെയും  ശരീരത്തില്‍  പ്രവേശിക്കാതെ  നോക്കാനുള്ള  ആദ്യ  പ്രതിരോധനിരയാണ്  നമ്മുടെ  തൊലിയും  അതിന്‍റെ  അമ്ലതയും,  നാസികകളിലെ  മൃദുരോമങ്ങളും,  കണ്ണീരും,  ശരീരസ്രവങ്ങളുടെ  അമ്ലതയുമൊക്കെ.  അതുപോലെത്തന്നെയാണ്  പരസ്പരസഹായത്തോടെ  ശരീരത്തിന്‍റെ  പലഭാഗങ്ങളിലും  സഹജീവനം  (Symbiosis)  നിര്‍വ്വഹിക്കുന്ന  കോടാനുകോടിവരുന്ന  സുഹൃദാണുക്കളുടെ  സാന്നിദ്ധ്യവും  (Normal  Flora).  പ്രതിരോധത്തിനായുള്ള  സവിശേഷ  കോശങ്ങളും  രാസികങ്ങളുമുണ്ട്.  രോഗാണുക്കളുമായി  സമ്പര്‍ക്കമില്ലതെതന്നെ  ഏതുതരം  രോഗാണുക്കളെയും  അന്യവസ്തുക്കളെയും  വിശേഷിച്ചും  മാംസ്യരൂപത്തിലുള്ളവയെ  തടഞ്ഞുനിര്‍ത്താന്‍പോന്ന  ഒരു  പ്രതിരോധ  സംവിധാനമാണാദ്യം  പ്രവര്‍ത്തനക്ഷമമാക്കുക.  സ്വാഭാവികമായും  പരാദങ്ങളായ  അണുക്കളില്‍  കുറെയെങ്കിലും  ഇവയെയെല്ലാം  മറികടക്കാനുള്ള  അനുകൂലനങ്ങള്‍  നേടിയിരിക്കുമല്ലോ,  അല്ലെങ്കില്‍  അവ  ഇതിനകം  അന്യം  നിന്നിരിക്കും.  അങ്ങനെ  ഈ  അനുകൂലന  സഹയത്തോടെ  ശരീരത്തിലിടം  നേടാനാവുന്നവയെ  പ്രതിരോധിക്കാനുള്ള  ഒരോ  രോഗാണുവിനേയും  ലക്ഷ്യംവച്ചുള്ള  സവിശേഷ  പ്രതിരോധമാണ്  അടുത്തതായി  പ്രവര്‍ത്തനക്ഷമമാക്കുക.  ഇതാകട്ടെ  ഈ  രോഗാണുവിനെ  കണ്ടെത്തിക്കഴിഞ്ഞശേഷം  ശരീരം  നടത്തുന്ന  പ്രതികരണമാണ്.  ആര്‍ജ്ജിത  പ്രതിരോധം  എന്നാണിതിനെ  വിളിക്കുക.  രോഗാണുക്കളുടെ  ഉപരിതല  രാസികങ്ങളുടെ  ഘടന  തിരിച്ചറിയാനും  (Pattern  Recognition)  അവ  സ്വന്തമല്ലെന്ന്  മനസ്സിലാക്കാനും  സമര്‍ത്ഥമായ  മേല്‍പ്പറഞ്ഞ  സ്വാഭാവിക  പ്രതിരോധ  കോശങ്ങള്‍  ഈ  അണുക്കളെ  വിഴുങ്ങുകയും  (Phagocytosis)  അവയുടെ  മാംസ്യാവശിഷ്ടങ്ങള്‍  ആര്‍ജിത്ത  പ്രതിരോധ  നിരയിലെ  സവിശേഷകോശ  നിരയായ  ലസികാകോശങ്ങള്‍ക്ക്  (ലിംഫോസൈറ്റുകള്‍)  കൈമാറുകയും  ചെയ്യുന്നു.  ഈ  കോശങ്ങള്‍  ഉടന്‍തന്നെ  ഉത്തേജിതരാകുകയും  പെട്ടെന്ന്  വിഭജിച്ചു  പെരുകി  പ്രവര്‍ത്തന  സജ്ജരാകുകയും  ചെയ്യുന്നു.  ഇവയില്‍  ചിലവ  ശരീരത്തില്‍  പ്രവേശിച്ച  രോഗാണുക്കള്‍ക്കെതിരെയുള്ള  (ആന്‍റിജനുകള്‍)  പ്രതിവസ്തുക്കള്‍  (ആന്‍റിബോഡികള്‍)  നിര്‍മ്മിക്കുന്നു.  ഈ  പ്രതിവസ്തുക്കള്‍  വിവിധ  രൂപത്തില്‍  പ്രവര്‍ത്തിച്ചു  രോഗാണുക്കളെ  നിര്‍വ്വീര്യമാക്കുന്നു.  ഇതെല്ലായ്പ്പോഴും  പൂര്‍ണ്ണമായി  ഫലപ്രദമായെന്നുവരില്ല.  അവിടെ  അടുത്ത  കോശനിരസഹായത്തിനെത്തുകയും  ചെയ്യുന്നു.  ഈ  രണ്ടുവിഭാഗം  കോശങ്ങളുടെയും  സഹായത്തോടെ  മിക്കവാറും  സന്ദര്‍ഭങ്ങളില്‍  രോഗാണുക്കള്‍  തുരത്തപ്പെട്ടിരിക്കും.  ഈ  വിവരിച്ച  സംവിധാനങ്ങള്‍  പൂര്‍ണ്ണഫല  പ്രാപ്തിയിലെത്താന്‍  പലപ്പോഴും  ഒന്നിലേറെ  പ്രാവശ്യം  രോഗാണുക്കളുമായുള്ള  കണ്ടുമുട്ടല്‍  ആവശ്യമായി  വരും,  വിശേഷിച്ചും  വാക്സിനുകളില്‍  ഉള്ളതുപോലെ  അവയുടെ  അളവും  ശക്തിയും  കുറഞ്ഞിരിക്കുമ്പോള്‍.  അതുകൊണ്ടാണ്  വാക്സിനുകളില്‍  പലതും  ഒന്നിലേറെ  പ്രാവശ്യം  നല്‍കേണ്ടിവരുന്നത്.  എന്നാല്‍  ജൈവശോഷിതാണുക്കള്‍  പലപ്പോഴും  ഇത്  ഒറ്റത്തവണകൊണ്ടു  പൂര്‍ത്തീകരിക്കാന്‍  പര്യാപ്തമായെന്നുമിരിക്കും.  ഇങ്ങനെയുണ്ടാകുന്ന  പ്രതിരോധം  ഒരോ  പ്രാവശ്യം  ആവര്‍ത്തിക്കുമ്പോഴും  ശക്തി  കൂടിക്കൂടി  വരുന്നു.  എന്നാല്‍  ഈ  ആവര്‍ത്തിത  പ്രതികരണങ്ങള്‍ക്ക്  ഒരു  നിശ്ചിത  ഇടവേളയുണ്ട്.  സധാരണയായി  അത്  കുറഞ്ഞത്  നാലാഴ്ച്ചയാണ്.  അതുകൊണ്ടാണ്  മിക്കവാറും  വാക്സിനുകള്‍  നാലാഴ്ച്ചത്തെ  ഇടവേളകളില്‍  നല്‍കുന്നത്.  ഈ  പ്രതിരോധകോശ  നിരകളില്‍  ചിലവ  ഓര്‍മ്മക്കോശങ്ങളായി  രൂപാന്തരം  പ്രാപിക്കുകയും  ശരീരത്തിന്‍റെ  വിവിധ  ഭാഗങ്ങളിലായി  സുഖസുഷുപ്തിയിലായിക്കഴിയുകയും  ചെയ്യും.  മറ്റൊരവസരത്തില്‍  ശരീരത്തില്‍  പ്രവേശിക്കുന്ന  ഇതേ  അണുക്കളെ  ഈ  കോശങ്ങള്‍  പെട്ടെന്നുതന്നെ  തിരിച്ചറിയുകയും  ശരീരത്തിലിടം  നേടാനാകുന്നതിനു  മുന്‍പ്  അവയെ  തുരത്തുകയും  ചെയ്യുന്നു.  ആദ്യംപറഞ്ഞ  പ്രക്രിയകള്‍  പൂര്‍ത്തീകരിക്കാന്‍  രണ്ടോമൂന്നോ  ആഴ്ച്ചകളെടുക്കുമെങ്കില്‍  ഈ  രണ്ടാമതു  പറഞ്ഞ  ഓര്‍മ്മക്കോശങ്ങള്‍  വഴിയുള്ള  ആവര്‍ത്തിത  പ്രതിരോധം  ക്ഷിപ്രസദ്ധ്യമാണ്.  അതു  ശക്തിയേറിയതായിരിക്കും.  ഇങ്ങനെ  സൂക്ഷ്മാണുക്കളുടെ  സഹജമായ  രാസഘടന  തിരിച്ചറിയാന്‍  കഴിവുള്ള  അനേകായിരം  തരത്തിലുള്ള  സ്വീകാരികളുള്ള  ലസികാകോശങ്ങളാണ്  നമുക്കുള്ളത്.  അതുകൊണ്ടു  പ്രകൃതിയില്‍ക്കാണുന്ന  മിക്കവാറുമെല്ലാത്തരം  പരാദാണുക്കളുമായി  അവയെ  കണ്ടുമുട്ടുന്ന  സന്ദര്‍ഭങ്ങളില്‍  പ്രതികരിക്കാനുള്ള  ശേഷി  നമുക്കുണ്ട്.  അതായത്  കുറെ  അണുക്കള്‍  കണ്ടുമുട്ടിക്കഴിയുമ്പോള്‍  തീര്‍ന്നുപോകുന്നതല്ലെന്നു  ചുരുക്കം.

 

 

വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങൾ

 

ഫലപ്രദമായ  വാക്സിനുകള്‍  നിലവിലുള്ള  രോഗങ്ങളാണ്  വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങള്‍  എന്ന  പേരില്‍  അറിയപ്പെടുന്നത്.  ഈ  രോഗങ്ങള്‍  മൂലമുണ്ടാകുന്ന  മരണങ്ങളെ  വാക്സിന്‍  പ്രതിരോധ്യ  മരണങ്ങള്‍  എന്നും  വിശേഷിപ്പിച്ചു  പോരുന്നു.

 

ലോകാരോഗ്യസംഘടനയുടെ  കാഴ്ചപ്പാടില്‍  ദിഫ്തീരിയ,  ഹീമോഫിലസ്  ഇന്ഫ്ലുവെന്സ  ബി,  മീസില്‍സ്,  ഹെപ്പറ്റൈറ്റിസ്  ബി,വില്ലന്‍  ചുമ,  മസ്തിഷ്ക്കജ്വരം,  മുണ്ടിനീര്,  പോളിയോ,  കുതിരസന്നി,  റുബെല്ല,  ക്ഷയം,  മഞ്ഞപ്പനി  എന്നിവയാണ്  വാക്സിന്‍  പ്രതിരോധ്യ  രോഗങ്ങളില്‍  പ്രധാനികള്‍.  ഏകദേശം  ഇരുപത്തിയഞ്ചോളം  രോഗങ്ങള്‍ക്കെതിരെ  ലോകാരോഗ്യസംഘടനയുടെ  അംഗീകാരം  ഉള്ള  വാക്സിനുകള്‍  ഇന്ന്  ലോകത്തു  ലഭ്യമാണ്.

 

രോഗപ്രതിരോധ  മേഖലയിലെ  ഈ  മഹാത്ഭുതങ്ങള്‍  ലോകമെമ്പാടും  രണ്ടര  മില്യണ്‍  ജീവന്‍  ഓരോ  വര്‍ഷവും  സംരക്ഷിക്കുന്നുണ്ട്.  100%  കവറേജും  100%ഗുണഫലവും  ഈ  വാക്സിനുകള്‍ക്കു  ലഭിച്ചാല്‍  ഇന്ന്  വികസ്വരരാജ്യങ്ങളില്‍  സംഭവിക്കുന്ന  ഏഴു  ശിശുമരണങ്ങളില്‍  ഒരെണ്ണം  എങ്കിലും  തടയാന്‍  ആകും  എന്നാണ്  ലോകാരോഗ്യസംഘടനയുടെ  കണക്കുകള്‍  സൂചിപ്പിക്കുന്നത്.  വാക്സിന്‍  പ്രതിരോധ്യ  മരണങ്ങളില്‍  98  ശതമാനവും  സംഭവിക്കുന്നത്‌  ഹീമോഫിലസ്  ഇന്ഫ്ലുവെന്സ  ബി,  മീസില്‍സ്,  വില്ലന്‍  ചുമ,  കുതിരസന്നി  എന്നീ  രോഗങ്ങള്‍  മൂലമാണ്.  ലോകത്താകമാനം  ഈ  മരണങ്ങള്‍  പൊതുവായി  സംഭവിക്കുന്നതിനുള്ള  പ്രധാന  കാരണം  വാക്സിനുകള്‍  എടുക്കുവാനുള്ള  സാമ്പത്തിക  ശേഷി  ഇല്ലായ്മയും  ആരോഗ്യ  സംവിധാനങ്ങളിലെയ്ക്ക്  എത്തിപ്പെടാനുള്ള  ബുദ്ധിമുട്ടുകളും  ആണു.  പക്ഷേ  നമ്മുടെ  കൊച്ചുകേരളത്തിലോ?  വാക്സിനുകളെ  അന്താരാഷ്‌ട്ര  ഗൂടാലോചനാ  സിദ്ധാന്തങ്ങളുടെ  പൊടിപ്പും  തൊങ്ങലും  വച്ച  മസാലക്കഥകളിലേയ്ക്ക്  ബോധപൂര്‍വ്വം  കുത്തിത്തിരുകി  ചില  കുബുദ്ധികള്‍  നടത്തിപ്പോരുന്ന    കുപ്രചരണങ്ങളില്‍  വീണുപോകുന്ന  ഒരു  സമൂഹം  ആണു  നമ്മുടെ  പ്രധാന  വെല്ലുവിളി.

 

വീഡിയോ കാണൂവാക്സിന്‍ പ്രതിരോധ്യരോഗങ്ങള്‍