അഞ്ചാംപനി


ലേഖകന്‍ , ഡോ. കിരണ്‍ നാരായണന്‍ , എറണാകുളം ജില്ലയിലെ പോത്താനിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്

 

ആമുഖം

 

ജര്‍മൻ ഭാഷയിലെ  “എടുത്തു കാണപ്പെടുന്ന പാടുകൾ” എന്നര്‍ത്ഥം  വരുന്ന  മസേല്‍ (masel) എന്ന വാക്കില്‍നിന്നാണ് ഈ രോഗത്തിന്റെ പേരിന്റെ ഉത്ഭവം. ഈ രോഗത്തിന്റെ മറ്റൊരു പേരായ റൂബിയോള എന്ന പദത്തിന്റെ അര്‍ത്ഥം ചുവന്ന കുത്തുകള്‍ എന്നാണ്. ലോകമാകമാനം ഏകദേശം രണ്ടുകോടി ആളുകളെ ബാധിക്കുന്ന, വളരെയധികം സാംക്രമിക ശേഷിയുള്ള ഈ രോഗം പ്രധാനമായും ബാധിക്കുന്നതു കുട്ടികളെയാണ്. വികസ്വരരാജ്യങ്ങളില്‍ ഈ രോഗത്തിന്റെ മൃത്യു ശേഷി രണ്ടു മുതല്‍ പതിനഞ്ചു ശതമാനം വരെയാണ്. 1960 കളില്‍ വാക്സിന്‍ ലഭ്യമാകുന്നതിനു മുന്‍പ് ഈ രോഗം ലോകത്താകമാനം ഏകദേശം 1350,00,000 ആളുകളെ കൊന്നൊടുക്കിയിട്ടുള്ളതായാണു കണക്കുകള്‍.

 

ചരിത്രം

 

അഞ്ചാംപനി ബാധിച്ച രോഗിയുടെ ഒരു ആസ്ടെക് (aztec) ചിത്രം (പതിനാറാംനൂറ്റാണ്ട്)

മനുഷ്യരെ ബാധിക്കുന്ന ഒരു രോഗം എന്ന നിലയില്‍ അഞ്ചാംപനി അറിയപ്പെട്ടു തുടങ്ങുന്നത് ക്രിസ്തുവര്‍ഷം 500  മുതല്‍ക്കാണ്. ഈ അസുഖത്തെപ്പറ്റി ചരിത്രത്തില്‍ എഴുതപ്പെട്ട രേഖകള്‍ ഉള്ളത് എ.ഡി. 865-925 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അബു ബക്കാര്‍ എന്ന അറബി ഭിഷഗ്വരന്റെ ലിഖിതങ്ങളില്‍ ആണ്. A.D. 1529 ല്‍ ക്യൂബയില്‍ ആകമാനം പൊട്ടിപ്പുറപ്പെട്ട ഈ രോഗം അന്നത്തെ ജനസംഖ്യയുടെ വലിയൊരുവിഭാഗത്തെ കൊന്നൊടുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഹോണ്ടുറാസ് എന്ന രാജ്യത്തിലെ പകുതി ജനതയെ ആണു അഞ്ചാംപനി നാമാവശേഷമാക്കിയത്. 1846 ല്‍ പാനം എന്ന ഗവേഷകന്‍ ആണു ഈ രോഗത്തിന്റെ പകര്‍ച്ചാശേഷിയെ കുറിച്ചും മറ്റും ആദ്യമായി പഠനങ്ങള്‍ നടത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ പകുതിയോളം ജനതയെ ഇല്ലാതാക്കി സംഹാരതാണഡവമാടാന്‍  ഈ അസുഖത്തിനായി. 1958ല്‍ എൻഡേഴ്സ് എന്ന അമേരിക്കന്‍ ഗവേഷകന്‍ ആണ് ഈ രോഗാണുവിനെ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ചത്. 2006 ല്‍ മാത്രം ലോകത്താകമാനം 2,42,000 ജീവനുകള്‍ ഈ രോഗം കവര്‍ന്നെടുതിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണമായി ലോകാരോഗ്യസംഘടന കാണുന്നത്, എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് മീസില്‍സ് വാക്സിന്‍ എങ്കിലും കൊടുക്കുവാന്‍ സാധിക്കാതതിനെയാണ്.

 

 

രോഗകാരണം

 

ഇത് ഒരു പാരാമിക്സോ വൈറസ് (virus)  മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗം ആണ്. മണ്ണന്‍, പൊങ്ങന്‍പനി, കരുവന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

 

സാംക്രമികരോഗശാസ്ത്രം

 

 

ഇതിന്റെ ഉദ്ഭവനകാലം (incubation period) 10-14 ദിവസങ്ങളാണ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം, ത്വക്ക്, നേത്രശ്ളേഷ്മസ്തരം, വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ഈ അസുഖം രോഗിയുടെ തുമ്മല്‍ ചുമ എന്നിവയിലൂടെയും അടുത്ത് ഇടപഴകുന്നതിലൂടെയും  വായുവിലൂടെ പകരുന്നു. വളരെ സാന്ക്രമിക ശേഷിയുള്ള ഈ രോഗാണുവിന് ഏകദേശം 2 മണിക്കൂര്‍ വരെ വായുവിലും പ്രതലങ്ങളിലും അതിജീവിക്കുവാനുള്ള കഴിവുണ്ട്. രോഗിയില്‍ ത്വക്ക്-ക്ളോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു 4 ദിവസം മുന്‍പ് മുതല്‍ 4 ദിവസങ്ങള്‍ക്ക് ശേഷം വരെ രോഗം പകരുവാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു.

 

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തില്‍ കടന്നതിനു ശേഷം ഏകദേശം 10 മുതൽ 12 ദിവസം  ശേഷം ആരംഭിക്കുന്ന ഉയർന്ന പനി  ആണ് സാധാരണയായി അഞ്ചാംപനിയുടെ  ആദ്യ ലക്ഷണം, ഇത്  4 മുതല്‍  7 ദിവസം  വരെ നീണ്ടുനിൽക്കാം. കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെള്ളമെടുപ്പ്,  ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. ഏകദേശം 3 ദിവസങ്ങൾക്കകം, ത്വക്ക്-ക്ളോമങ്ങള്‍ (papulae) പ്രത്യക്ഷമാകുന്നു.  ഇത് മുഖം, കഴുത്ത്  എന്നിടങ്ങളില്‍ ആരംഭിച്ചു ക്രമേണ ശരീരം ആസകലം വ്യാപിക്കുന്നു. ഇത് 5 മുതല്‍  6 ദിവസം വരെ  നീണ്ടുനിൽക്കുന്നു. വായ്ക്കകത്ത് സ്ഫോടങ്ങള്‍ (koplick’s spots) ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും.  രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികള്‍ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

സാധാരണഗതിയില്‍ മാരകമല്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും പോഷകാഹാരക്കുറുളളവരിലും പ്രതിരോധകുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്തവരിലും  ശ്വേതമണ്ഡലത്തിലെ പുണ്ണ് (corneal ulcer), വായ്പ്പുണ്ണ്, ബ്രോങ്കോന്യൂമോണിയ (bronchopneumonia),  മധ്യകര്‍ണശോഥം (otitis media), വയറിളക്കരോഗങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ്‌ (SSPE), മയോകാര്‍ഡൈറ്റിസ്‌ എന്നിവ സങ്കീര്‍ണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും 20 വയസ്സിനു മേലെ പ്രായമുള്ളവരിലും മേല്‍പ്പറഞ്ഞ സങ്കീർണതകൾക്കുള്ള സാദ്ധ്യത ഏറെയാണ്‌. യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കാത്തപക്ഷം മരണം വരെ സംഭവിക്കാം. വര്‍ഷംതോറും ഏകദേശം രണ്ടുലക്ഷം പേരെ ഈ രോഗം കൊന്നോടുക്കുന്നുണ്ട്.

ഗർഭിണികളില്‍  അഞ്ചാംപനി കഠിനമായ സങ്കീർണതകൾ ഉണ്ടാക്കുന്നു. ഇവരില്‍  ഗർഭച്ഛിദ്രമോ  മാസം തികയാതെയുള്ള പ്രസവമോ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌.

 

ചികിത്സ

പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികള്‍ സ്വീകരിക്കുകയും സങ്കീര്‍ണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. സങ്കീർണതകൾ ഒഴിവാക്കുവാനായി അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് വിറ്റാമിൻ എ നൽകാറുണ്ട്. രോഗിയെ കാണുന്ന  ആദ്യ ദിനം, 6 മാസം വരെ പ്രായം ഉള്ളവർക്ക് 50,000 IU (International Units), 6 മാസം മുതൽ ഒരു വയസുവരെ 100,000 IU, ഒരു വയസിനു മുകളിൽ പ്രായം ഉള്ളവർക്ക് 200,000 IU എന്നിങ്ങനെ നൽകുന്നു. ഇതേ ഡോസ് 24 മണിക്കൂറുകൾക്കു ശേഷവും നൽകുന്നു. വിറ്റാമിൻ എ രോഗികളുടെ ശ്ലേഷ്മസ്തരത്തിന്റെ വേഗത്തിലുള്ള വീണ്ടെടുക്കലിന്(Rapid Recovery) സഹായകമാകുന്നു. ഈ മുന്‍കരുതല്‍  അഞ്ചാംപനിയുടെ മരണനിരക്കു 50% കണ്ടു കുറയ്ക്കുന്നു.

രോഗിയെ രോഗാരംഭം മുതല്‍ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം. മീസില്‍സ്‌ വാക്സിന്‍ കൊടുത്ത്‌ പ്രതിരോധിക്കാവുന്ന ഈ രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച്‌ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കണം.

 

 

രോഗപ്രതിരോധം

 

 

ആന്റിമീസില്‍സ് വാക്സിന്‍ സജീവരോഗപ്രതിരോധമായും, ഗാമാഗ്ളോബുലിന്‍ നിഷ്ക്രിയപ്രതിരോധമായും ഉപയോഗിക്കുന്നു. 1958-ല്‍ എന്‍ഡേഴ്സ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനും  സഹപ്രവര്‍ത്തകരും കൂടിയാണ് ആന്റിമീസില്‍സ് വാക്സിന്‍ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും (killed -virus vaccine) ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് യോജിച്ചത്. മൃതവൈറസ്‍വാക്സിന്‍ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകള്‍ എല്ലാം 1963 മുതല്‍ ഉപയോഗത്തിലുള്ളതാണ്.

ഇന്ത്യയിലെ  സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന നല്‍കി വരുന്നത് നിഷ്ക്രിയവൈറസുകള്‍ അടങ്ങിയ  വാക്സിനാണ്. ഒന്‍പതാം മാസത്തിലും, 15 മുതല്‍ 18 മാസം വരെയുള്ള കാലഘട്ടത്തിലുമായി  രണ്ടു ഡോസ് വാക്സിന്‍ ആണു നല്‍കേണ്ടത്.

 

 

അവലംബം

ടീം അമൃതകിരണം  വാക്സിന്‍ പ്രതിരോധ്യരോഗങ്ങള്‍