കുത്തിവെപ്പും കുത്തിത്തിരിപ്പും
ത്തിവെപ്പ് അന്നും ഇന്നും രക്ഷിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്ക് ഒരു പോലെ പേടിസ്വപ്നമാണ്. മെഡിക്കല്‍ രംഗത്ത് നിന്നുള്ള വ്യക്തി ആയിട്ടും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിട്ടും ഇന്നും എനിക്ക് എന്റെ കുഞ്ഞുങ്ങളെ സൂചി വെയ്ക്കുന്നത് കാണാന്‍ പേടിയാണ്. അവരുടെ കണ്ണീരും പനിയും വേദനയും എനിക്ക് രണ്ടു ദിവസത്തെ ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.എല്ലാവര്ക്കും ഈ വേദന തുല്യമാണ് എന്ന സത്യം ഉള്‍ക്കൊണ്ടു തന്നെയാണ് വാക്സിനേഷന് ശതമാനം ഏറെ കുറഞ്ഞ മലപ്പുറം മേഖലയില്‍ നിന്നുള്ള ഞാന്‍ ഈ ചെറിയ ലേഖനം എഴുതാന്‍ തുടങ്ങുന്നത്.
എന്ത് കൊണ്ട് വാക്സിന് എതിര്‍ക്കപ്പെടുന്നു എന്നത് ഇന്നും എനിക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ലാത്ത വിഷയമാണ്. വാക്സിനെ എതിര്‍ക്കുന്നവര്‍ക്ക് സ്ഥാപിതതാല്പര്യങ്ങള് ഉണ്ടോ എന്നും അറിയില്ല.
പക്ഷെ, രോഗം തടയുന്നത് ദൈവത്തിന്റെ കടമയില്‍ കൈകടത്തലാണ് എന്ന് തുടങ്ങിയ പ്രചാരണങ്ങള്‍ ഈ 2016ലും ഉറക്കെ പ്രഖ്യാപിച്ചു, രോഗം തടയുന്നത് മതത്തിനും ദൈവത്തിനും എതിരാണ് എന്ന് പഠിപ്പിച്ചു പിഞ്ചുപൈതങ്ങളെ മരണത്തിനു വിട്ടു കൊടുക്കുന്നവര്‍ ഏതു ദൈവത്തിന്റെ വക്താവാണ് എന്ന് മനസ്സിലാകുന്നില്ല.
വീടും കുടുംബവും ആശുപത്രിയും മാത്രം കണ്ടിട്ടുള്ള സാധാരണ വീട്ടമ്മമാര്‍ക്ക് ദൈവമെന്ന അന്തിമ ആശ്രയവും നഷ്ടപ്പെടുമെന്നു കേള്‍ക്കുമ്പോള്‍ ഭയം തോന്നുക സ്വാഭാവികം. പക്ഷെ, യാതൊരു ബന്ധവുമില്ലാത്ത രണ്ടു കാര്യങ്ങളെ കൂട്ടിച്ചേര്‍ത്തു കാര്യം നേടുന്നവരുടെ ലക്ഷ്യം എന്ത് തന്നെയായാലും നഷ്ടം സഹിക്കേണ്ടി വരുന്നത് വരും തലമുറയ്ക്ക് മാത്രമാണ്, കൂടെ വലിയ സ്വപനങ്ങളോടെ അവരെ നെഞ്ചോട് ചേര്‍ക്കുന്ന മാതാപിതാക്കള്‍ക്കും.
വാക്സിന് എന്തിനു, എന്ത് കൊണ്ട്?
ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നിര്ബന്ധിതവാക്സിനേഷന് കൊണ്ട് തടുത്തു നിര്‍ത്താന്‍ ശ്രമിക്കുന്ന പത്തോളം അസുഖങ്ങള്‍ ഉണ്ട്.അതില്‍ പോളിയോ വാക്സിന് വ്യാപകമായി നല്കി നമ്മള് പോളിയോ എന്ന ആയുഷ്കാലവൈകല്യത്തെ തോല്‍പ്പിച്ചു കഴിഞ്ഞു.ഇപ്പോള്‍ നല്കപ്പെടുന്ന ‘പള്‍സ് പോളിയോ’ പദ്ധതി പോലും ഉടന്‍ തന്നെ പിന്‍വലിക്കപ്പെടാന്‍ പോകുന്നതാണ്.
ഡിഫ്തീരിയ, ടെറ്റനസ് പോലെ മരണത്തിനു പര്യായമായ അസുഖങ്ങളില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വാക്സിനുകളെ അന്ധമായി എതിര്‍ക്കുന്ന ഒരു പ്രവണത ഈയിടെയായി കണ്ടു വരുന്നു.
അവയില്‍ മരുന്നുകളും അടങ്ങിയിട്ടില്ല. രോഗമുണ്ടാക്കാന്‍ ശേഷി നഷ്ടപ്പെട്ട അണുക്കളെ കുത്തിവെച്ച് ശരീരത്തിലെ സ്വാഭാവികമായ പ്രതിരോധശേഷിയെ ആ രോഗത്തെ പരിചയപ്പെടുത്തുകയും, അതിനാല്‍ പിന്നീടൊരിക്കല്‍ അതേ അസുഖം വന്നാല്‍ ശരീരം യഥാസമയം പ്രതികരിച്ചു രോഗത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മുന്‍പ് കണ്ട ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടുമ്പോള്‍ പെട്ടെന്ന് എഴുതി തീരുന്നു, പാസ് ആകുന്നു.ഇത്രയേ ഉള്ളൂ സംഗതി.
യാതൊരു പാര്‍ശ്വഫലങ്ങളും ഇവക്കില്ല.കുത്തിവെച്ചാല്‍ ഉണ്ടാകുന്ന പനി ശരീരത്തിന്റെ സ്വഭാവികപ്രതിരോധം നടക്കുന്നു എന്നതിന്റെ തെളിവ് മാത്രമാണ്. കുത്തിവെച്ച ഭാഗത്തെ വേദന അല്പസമയം കൊണ്ട് മാറുന്നതുമാണ്. അല്ലാതെ പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഇവ വന്ധ്യതക്കോ ഓട്ടിസത്തിനോ മറ്റൊന്നിനും തന്നെയോ കാരണമാകുന്നില്ല.
പ്രതിരോധശേഷി കുറഞ്ഞതു കാരണം കുത്തിവെയപ്പ് എടുക്കാന്‍ സാധിക്കാത്ത ചില അവസ്ഥകളില്‍ (AIDS,സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍) ഉള്ളവരെ സംരക്ഷിക്കുന്ന കടമ കൂടി കൃത്യമായി കുത്തിവെയ്പ്പ് എടുത്തവര്‍ ചെയ്യുന്നുണ്ട്. ഈ നിസ്സഹായരിലേക്ക് അസുഖം പകരുന്നതിനു ഒരു വിലങ്ങുതടിയായി വാക്സിനേറ്റ് ചെയ്യപ്പെട്ടവര്‍ നിലകൊള്ളുന്നു. ‘Herd immunity’ എന്ന ഈ പ്രതിഭാസവും നമ്മള് കണക്കിലെടുക്കേണ്ടതുണ്ട്. അങ്ങനെ പരിഗണിക്കുമ്പോള്‍ വാക്സിനേഷന് ഒരു സാമൂഹികബാധ്യത കൂടിയാണ്.
എതിര്‍പ്പുകള്‍!
ആശ വര്‍ക്കര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും വീടുകളിലേക്ക് കുത്തിവെയ്പ്പ് ബോധവല്‍ക്കരണത്തിനായി ചെല്ലുമ്പോള്‍ എത്രയോ വീട്ടമ്മമാര്‍ ഈ വ്യക്തിയുടെ വീഡിയോ എടുത്തു കാണിച്ചു അപമാനിച്ചു ഇറക്കി വിട്ടു എന്ന് നിറകണ്ണുകളോടെ പറയുന്നത് കേട്ടിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെയും കൂട്ടരുടെയും ചില നിലപാടുകള്‍ കൂടി ഞാന്‍ എന്റെ ലേഖനത്തില്‍ ഉള്‍പ്പെടുത്തുകയാണ്.
അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ?
പോരാ. പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന് കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.
അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.
തെറ്റ്. ഒരു വാക്സിനും മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്ജെക്ഷന് വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.
അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന് തന്നെ ആകണമെന്നുമില്ല.വാക്സിന് സൂക്ഷിക്കുന്ന സങ്കീര്‍ണമായ ‘cold chain’ മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന് കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.
വാക്സിന് കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും.
തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG വാക്സിന് കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം 239 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.
ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവവും അവ വളരുന്ന പരിസ്ഥിതി സാഹചര്യങ്ങളും വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.
മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് എന്തിനു കൊടുക്കുന്നു?
അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള് രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.
മുന്‍തലമുറക്ക് ഈ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന് പറയുന്നവരോട് അന്ന് എത്ര പേര് ആശുപത്രിയില്‍ എത്തിപ്പെടാതെ മരണപ്പെട്ടിരുന്നു എന്നും, അവരുടെ അസുഖങ്ങള്‍ എല്ലാം കാര്യകാരണസഹിതം രേഖപ്പെടുത്തിയിരുന്നോ എന്നും ചോദിക്കേണ്ടി വരും.
ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?
ഒരു ചികിത്സാവിധിയിലും ഈ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിച്ചു മാറ്റാന്‍ മരുന്നില്ല. ലക്ഷണങ്ങള്‍ മെച്ചപ്പെട്ടേക്കാം, വേദന കുറക്കാന്‍ ആയേക്കാം.പക്ഷെ,അവയൊന്നും വാക്സിന് കൊണ്ട് തടയാവുന്ന അസുഖങ്ങള്‍ നല്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നില്ല.
വാക്സിന് കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, ‘കുത്തിവെച്ചു വേദനിപ്പിക്കല്’ ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം.
പേപ്പട്ടി കടിച്ചാല്‍ ആരെങ്കിലും കുത്തിവെപ്പ് എടുക്കാതിരിക്കുമോ?വസൂരി എന്ന മരണത്തിനു പര്യായമായ അസുഖം നിലവിലുള്ള കാലത്ത് ആരും നിര്‍ബന്ധിക്കാതെ തന്നെ എല്ലാവരും കുത്തിവെപ്പ് എടുത്തിരുന്നു.എന്ത് കൊണ്ട്?മരണഭയം…മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ അറിയാത്തത് കൊണ്ട് വാക്സിന് വേണ്ടെന്നു തോന്നുന്നു.അതിനെതിരെ ജല്പനങ്ങളും ഉണ്ടാകുന്നു.
വാക്സിനെ എതിര്‍ക്കുന്ന ആര്‍ക്കെങ്കിലും പട്ടി കടിച്ച ശേഷം റാബീസ് വാക്സിന് എടുക്കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമോ?(റാബീസ് വൈറസ് വളരെ പതുക്കെ മാത്രമേ ശരീരത്തില്‍ പ്രവര്‍ത്തിക്കൂ..അതിനാല്‍ തന്നെ പട്ടി കടിച്ച ശേഷം എടുത്താല്‍ തന്നെ ഫലപ്രദമാണ്).
വാക്സിനുകള്‍ക്ക് രഹസ്യ അജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.
വാക്സിന് യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ ‘കേരള മോഡല്‍’ എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള് കേടുവരുത്തുന്നത് വരെ.
ഏതൊരു അസുഖത്തിനും ശാരീരികാവസ്ഥക്കും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യം നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്.നമ്മുടെ അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് ഘോരഘോരം കൊട്ടിഘോഷിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ നമുക്കറിയില്ല എന്നത് മുതലെടുക്കുകയാണ് ചെയ്യുന്നത്.പൊട്ടകിണറ്റിലെ തവളകളെ പോലെ ‘ഞാന്‍ കാണുന്നതാണ് ലോകം’ എന്ന് കരുതാതെ ഒരു വാദം കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള അവസ്ഥകള്‍ കൂടി പരിഗണിക്കാനും പഠിക്കാനുമുള്ള വിവേകം നാം കാണിച്ചാല്‍ ഇത്തരക്കാര്‍ അവരുടെ പാട്ടിനു പൊയ്ക്കോളും.
ഇന്ന്, വന്ധ്യതക്ക് നൂറായിരം കാരണങ്ങള്‍ ഉണ്ട്.വൈകി നടക്കുന്ന വിവാഹം, കരിയര്‍ കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഗര്‍ഭം നീട്ടി വെക്കുന്നത്, പിസിഒഡി പോലുള്ള ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങള്‍ വരെ. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്.ഇതില്‍ വാക്സിനെ കുറ്റപ്പെടുത്തുന്നത് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ്.
ചിന്തിക്കാനും ചോദിച്ചറിയാനുമുളള വിവേകബുദ്ധിയാണ് നമുക്കാവശ്യം.തടയുന്നതാണ് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത് എന്ന വളരെ അര്‍ത്ഥവത്തായ ഇംഗ്ലീഷ് പഴമൊഴി നമുക്കെല്ലാം സുപരിചിതമാണല്ലോ.അത് കൊണ്ട് തന്നെ, വാക്സിനേഷന് നമ്മുടെ കുട്ടികളോടുള്ള കടമയായി, അതിലുപരി അവരുടെ അവകാശമായി നമ്മള് നടത്തി കൊടുക്കേണ്ടതുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് പോളിയോ നമുക്ക് തുടച്ചു നീക്കാനായി.ഇപ്പോള്‍ പോളിയോ ലോകത്ത് നിലനില്‍ക്കുന്നത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.അവിടങ്ങളില്‍ ‘അമേരിക്കയുടെ രഹസ്യഅജണ്ടയില്‍ പെട്ട മരുന്ന്’ എന്ന് പ്രചരിപ്പിച്ചു കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു നിഷേധിക്കുന്നു.ഈ അവസ്ഥ ഇന്ത്യയില്‍ വരുത്താനാണോ നമ്മള് കൂട്ട് നില്‍ക്കേണ്ടത്?
2014 ജനുവരി മുതല്‍ നവംബര്‍ വരെ 260 പുതിയ പോളിയോ കേസുകളും 2015 വര്‍ഷത്തില്‍ 53 പോളിയോ കേസുകളും പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതിയ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ആണിത് എന്ന് കൂടി നമ്മള് ചേര്‍ത്ത് വായിക്കണം.
ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള് തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ.
വാക്സിനുകള്‍ കൃത്യമായി അവയുടെ കൃത്യസമയത്ത് തന്നെ നല്‍കുക. സമയം തെറ്റിയുള്ള വാക്സിനേഷന് അവയുടെ ഫലം ഇല്ലാതാക്കിയേക്കാം. വാക്സിനേഷന് കുഞ്ഞുങ്ങളുടെ അവകാശമാണ്, നമുക്ക് സമൂഹത്തോടുള്ള ബാധ്യതയും. ഈ ദൗത്യത്തില്‍ നാം തോളോടുതോള്‍ ചേര്‍ന്നെങ്കില്‍ മാത്രമേ വസൂരിയും പോളിയോയും ഓര്‍മ്മയില്‍ മറഞ്ഞത് പോലെ നമ്മുടെ തലമുറകളെ നശിപ്പിക്കാന്‍ പ്രാപ്തമായ ഈ അസുഖങ്ങളെ ഫലപ്രദമായി നമുക്ക് ഇല്ലായ്മ ചെയ്യാന്‍ കഴിയൂ.
ഓര്‍ക്കുക.. ഇതൊരു ഡോക്ടറും രോഗിയും മാത്രം ഉള്‍ക്കൊള്ളുന്ന രംഗമേ അല്ല!! മറിച്ചു, നമ്മുടെ കുഞ്ഞിന്റെ ജീവനും ഭാവിയുമാണ്. വാക്സിന് കുഞ്ഞിന്റെ ജന്മാവകാശമാണ്. അത് നിഷേധിക്കാതിരിക്കുക. കുപ്രചാരകര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ.
ലേഖിക: ഷിംന അസീസ് ,
കെ.എം.സി.ടി. മെഡിക്കല്‍കോളേജ്, കോഴിക്കോട്