അമൃതകിരണം – ഒരു ആമുഖം
പ്രിയരേ,
നേക ദശാബ്ദങ്ങളായി ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കരുത്തുറ്റ സംരക്ഷണ കവചം തീര്‍ക്കുന്ന പ്രതിരോധ കുത്തിവയ്പുകള്ക്കെതിരായി സമൂഹത്തിന്റെ ചില കോണുകളിൽ നിന്നും നിരുത്തരവാദപരവും അബദ്ധജടിലങ്ങളുമായ പ്രസ്താവനകൾ ഉയരുന്ന ഈ സന്ദര്‍ഭത്തിൽ കെ.ജി.എം.ഒ.എ. ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങുകയാണ്.
നമ്മുടെ പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ ഭാവി ജിവിതം തകര്‍ക്കുന്ന രോഗങ്ങളായ പോളിയോ, ഡിഫ്തീരിയ, വില്ലൻ ചുമ, സന്നിപാത ജ്വരം, ക്ഷയം, ഹെപ്പറ്റൈറ്റിസ്സ് ബി, അഞ്ചാംപനി, ഹീമോഫീലസ് ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ എന്നിവക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുകൾ മനുഷ്യന്റെ ആരോഗ്യചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി വാഴ്ത്തപ്പെടുന്നവയാണ്. ഒരു ദശാബ്ദം മുന്‍പ് വരെ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട കുട്ടികൾ കുടുംബങ്ങളുടെ തീരാവേദനയായിരുന്നു. എത്രയെത്ര മുഖങ്ങളിൽ നിന്നാണ് ഈ മഹാമാരികൾ പുഞ്ചിരികൾ മായ്ച്ചു കളഞ്ഞിട്ടുള്ളത്. ആ അവസ്ഥയിൽ നിന്നും ഇന്ന് ലോകമാകെ പഠനവിഷയമാക്കപ്പെടുന്ന കേരള മോഡൽ ആരോഗ്യത്തിലേക്ക് നമ്മെ എത്തിച്ചതിൽ ഈ പ്രതിരോധ കുത്തിവയ്പുകൾ പ്രഥമസ്ഥാനീയമായ പങ്കു വഹിക്കുന്നു.
അനേക ദശകങ്ങൾ നീളുന്ന പഠന ഗവേഷണങ്ങളിലൂടെ ലോകാരോഗ്യ സംഘടനയുടെ കർശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായി നല്കപ്പെടുന്ന ഈ കുത്തിവയ്പുകൾ കുഞ്ഞുങ്ങള്‍ക്ക് തികച്ചും സുരക്ഷിതമാണ് എന്ന കാര്യത്തിൽ യാതൊരു സംശയങ്ങള്‍ക്കും സ്ഥാനമില്ല എന്ന വസ്തുത ഞങ്ങൾ പൊതുജനങ്ങളോട് ഉറപ്പിച്ചുപറയാൻ ആഗ്രഹിക്കുകയാണ്. ഈ പ്രതിരോധ കുത്തിവയ്പുകളെ എതിര്‍ക്കുന്നവർ എന്തെങ്കിലും ശാസ്ത്രീയ അടിത്തറകളുടെ പേരിലല്ല, മറിച്ചു കേവല മനോധര്‍മ്മം അനുസരിച്ചാണ് ഇവയെ എതിര്‍ക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരക്കാർ സമൂഹത്തിന്റെ ഭാവിയെ കുരുതികഴിച്ചാലും സാരമില്ല അവനവനു എങ്ങനേയും ശ്രോതാക്കളെ ഉണ്ടാക്കണം എന്ന അപകടകരമായ നിക്ഷിപ്ത താല്പര്യങ്ങൾ മാത്രം ഉള്ളവരാണ്.
വര്‍ഷങ്ങളായി നമുക്കിടയിൽ ഇല്ലാതിരുന്ന ഡിഫ്തീരിയ എന്ന മാരകമായ സാംക്രമിക രോഗം ബാധിച്ച് ഒരു ജില്ലയിൽ മരണങ്ങളുണ്ടായത് പ്രബുദ്ധ കേരളത്തിനേറ്റ തിരിച്ചടിയാണ്. പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെ ഉണ്ടാകുന്ന ഓരോ ചെറു ശബ്ദങ്ങളും, ചലനങ്ങളും, നമ്മുടെ ആരോഗ്യ സൂചികകളെ തകിടം മറിക്കുകയും, നൂറ്റാണ്ടുകൾ പിറകിലേക്ക് നമ്മെ വലിച്ചിഴക്കുകയും ചെയ്യും.
പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞുങ്ങള്‍ക്ക് യഥാസമയം നല്കുന്ന കാര്യത്തിൽ നാം യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകരുത്. ഇത്തരം ഒരു സംരംഭത്തിനായ് മുന്നിട്ടിറങ്ങുന്നത് കെ. ജി. എം. ഒ യ്ക് തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യ കൗമാരങ്ങൾ ഊന്നുവടികളിലും രോഗകിടക്കകളിലും ഉഴറിപ്പോകാതിരിക്കട്ടെ. കുഞ്ഞുങ്ങൾ നാളെയുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ വെമ്പുന്ന പൂമ്പാറ്റകളാണ്. നാളെകളിൽ പാര്ക്കേണ്ടവർ. അവരുടെ ചിറകുകൾ അജ്ഞതയുടെ അഗ്നിയാൽ കരിയാതിരിക്കട്ടെ. സത്യത്തിന്റെ സൂര്യ തേജസ് നമുക്ക് വഴികാട്ടിയാകട്ടെ.
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്കും സംവേദനങ്ങള്ക്കുമായി “അമൃതകിരണം” എന്ന ഈ പേജ് ഞങ്ങൾ സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായ് കാതോര്‍ത്തുകൊണ്ട് സവിനയം
കെ. ജി. എം. ഒ. എ.
(എറണാകുളം )
കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്