സുരക്ഷിതത്വവും പാര്‍ശ്വഫലങ്ങളും

വാക്സിനുകളുടെ  സുരക്ഷിതത്വം

വാക്സിനുകളുടെ  സുരക്ഷിതത്വം  അവയുടെ  ആവിഷ്ക്കര്‍ത്താക്കളെയും  ഇതര  ശാസ്ത്രജ്ഞരെയും  അതിലുപരി  സാധാരണക്കരെയും  എന്നും  ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള  ഒന്നാണ്.  ആരോഗ്യമുള്ള  ഒരാളില്‍  അയാള്‍  തുടര്‍ന്നും  അങ്ങനെ  തന്നെയിരിക്കണമെന്ന  ലക്ഷ്യത്തോടെ  നടത്തുന്ന  ഒരു  പ്രയോഗമെന്ന  നിലക്ക്  ഇത്  ഗുണകരമായിരിക്കുന്നതു  പോലെത്തന്നെ  തികച്ചും  സുരക്ഷിതവുമായിരിക്കണം.  അതുകൊണ്ടുതന്നെ  ഈ  ഉത്കണ്ഠകള്‍  ന്യായീകരിക്കത്തക്കതാണ്.  രോഗമില്ലാത്ത  ഒരു  വ്യക്തിക്ക്  രോഗം  വരാതിരിക്കാന്‍  നടത്തുന്ന  ഒരു  ഇടപെടല്‍  എന്ന  നിലക്ക്  ഇത്  തീര്‍ച്ചയായും  സര്‍വ്വപ്രധാനമാണ്.

സ്വാഭാവിക  വസൂരികൊണ്ട്  20-30  ശതമാനംവരെ  ആളുകള്‍  മരണപ്പെട്ടിരുന്നപ്പോള്‍  ജന്നറുടെ  വാക്സിന്‍  വരുന്നതിന്  മുന്‍പ്  പലയിടത്തും  വളരെ  പ്രചാരത്തിലുണ്ടായിരുന്ന  വാരിയോളേഷന്‍  മൂലം  1-2  ശതമാനം  പേരാണ്  മരിച്ചുകൊണ്ടിരുന്നത്.  അതുകൊണ്ട്  ഈ  മരണനിരക്ക്  സ്വീകാര്യമായി  അനുഭവപ്പെട്ടു.  ജന്നറുടെ  വസൂരിവാക്സിനും  പൂര്‍ണ്ണമായി  സുരക്ഷിതമായിരുന്നു  എന്നു  പറഞ്ഞുകൂടാ.  മുന്‍പ്  സൂചിപ്പിച്ചപോലെ  രോഗാണുക്കളെ  കണ്ടെത്തലും  രോഗാണു  സിദ്ധാന്തവുമെല്ലാം  ഒരു  നൂറ്റാണ്ടകലെയായിരുന്ന  കാലത്ത്  കെട്ടുകഥകളെയും  അനുഭവങ്ങളെയും  പിന്തുടര്‍ന്നാണല്ലോ  ജന്നര്‍  തന്‍റെ  വാക്സിന്‍  രൂപകല്‍പ്പന  ചെയ്യുന്നത്.  പശുക്കളില്‍  വസൂരിരോഗം  അത്ര  സര്‍വ്വസാധാരണമായിരുന്നില്ല  എന്നതുകൊണ്ട്  ഒട്ടേറെപ്പേരില്‍  ഉപയോഗിക്കാനാവുംവിധം  ഗോവസൂരി  അണുക്കള്‍  ലഭ്യമയിരുന്നില്ല.  അതുകൊണ്ട്  ഒരാളെ  കുത്തിവച്ചാല്‍,  അയാളിലുണ്ടാവുന്ന  വ്രണം  മറ്റൊരാളുടെ  ശരീരത്തിലുണ്ടാക്കുന്ന  മുറിവില്‍  ചേര്‍ത്തുവച്ചാണ്  അയാളെ  വാക്സിനേറ്റു  ചെയ്തുകൊണ്ടിരുന്നത്.  അതുകൊണ്ട്  ആ  വ്യക്തിയില്‍നിന്ന്  റ്റെറ്റനസ്,  സിഫിലിസ്,  ക്ഷയം  മുതലായവയുടെരോഗാണുക്കള്‍  പകരാനുള്ള  സാദ്ധ്യത  ധാരാളമായി  ഉണ്ടായിരുന്നു.  മുറിവു  പഴുക്കുന്നതിനിടയാക്കുന്ന  സ്റ്റ്രെപ്റ്റോകോക്കസ്,  സ്റ്റാഫൈലോകോക്കസ്  തുടങ്ങിയ  അണുക്കള്‍ സംക്രമിക്കാനും  സാധ്യത  വിരളമല്ലായിരുന്നു.

പിന്നീടു  ഏകദേശം  ഒരു  നൂറ്റാണ്ടിനുശേഷമാണല്ലോ  ലൂയി  പാസ്ച്ചറുടെ  റാബീസ്  വാക്സിന്‍  വരുന്നത്.  ഈ  വാക്സിന്‍  നിര്‍മ്മിക്കാന്‍  അന്നു  കണ്ടെത്തിയിട്ടില്ലാത്ത  വൈറസുകളെ  ശോഷിപ്പിക്കാന്‍  അദ്ദേഹം  കണ്ടെത്തിയ  മാര്‍ഗം  ഇന്നത്തെ  നിലക്കു  വളരെ  പ്രാകൃതമായ  ഒന്നായിരുന്നു  എന്നുപറയാം.  മുയലുകളുടെ  നാഡീകലകളില്‍  പേവിഷബാധയേല്‍പ്പിച്ച്  ആ  നാഡീകലകളെ  പുകയേല്‍പ്പിച്ചും  പിന്നീട്  രാസവസ്തുക്കളുപയോഗിച്ചുമാണത്  നിര്‍വ്വഹിച്ചിരുന്നത്.  ധാരാളമായി  നാഡീകലകള്‍  അടങ്ങിയ  ഈ  വാക്സിന്‍  കുത്തിവക്കുന്ന  മനുഷ്യരില്‍  അത്ര  അസാധാരണമല്ലാത്തവിധം  നഡീരോഗങ്ങള്‍  ഉണ്ടാക്കുമായിരുന്നു.  സമീപ  കാലംവരെ  നാം  ഉപയോഗിച്ചുകൊണ്ടിരുന്ന  റാബീസ്  വാക്സിന്‍  ഈ  രീതിയില്‍  നിര്‍മ്മിച്ചതായിരുന്നു  എന്നതുകൊണ്ട്  ഇത്തരത്തിലുള്ള  പാര്‍ശ്വഫലങ്ങള്‍  വളരെ  സാധാരണവുമായിരുന്നു.  നൂറുശതമാനം  മരണസാദ്ധ്യതയുള്ള  രോഗത്തെ  സംബന്ധിച്ച്  ഇത്  അസ്വീകാര്യമാകേണ്ടതില്ലല്ലോ.  അതേസമയം  പുതിയ  സെല്‍  കള്‍ച്ചര്‍  വാക്സിന്‍  വന്നതോടെ  ഈ  പ്രശനം  പൂര്‍ണ്ണമായി  പരിഹരിക്കപ്പെട്ടു.  ഇത്തരത്തിലുള്ള

നാഡീകലാവാക്സിന്‍റെ  (നാം  ഉപയോഗിച്ചിരുന്ന  സെമ്പ്ള്‍  വാക്സിന്‍)  തുടര്‍ന്നുള്ള  ഉപയോഗം  മനുഷ്യത്വഹീനമാണെന്ന  സുപ്രീംകോടതി  നിരീക്ഷണവും  ഇതിനുപകരം  തികച്ചും  സുരക്ഷിതമായ  സെല്‍  കള്‍ച്ചര്‍  വാക്സിനിലേക്കു  മാറാന്‍  ഭാരതസര്‍ക്കാര്‍  നിര്‍ബന്ധിതമായതിനു  പിന്നില്‍  ഉണ്ടായിരുന്നു  എന്നതും  ഈ  ഘട്ടത്തില്‍  ഓര്‍ക്കുകയാണ്.

എഡ്വേര്‍ഡ്  ജന്നറുടെ  കാലംമുതല്‍  ഇരുപതാം  നൂറ്റാണ്ടിന്‍റെ  മദ്ധ്യംവരെ  സൂക്ഷ്മജീവീശാസ്ത്രത്തിന്‍റെയും  സാങ്കേതികതയുടെയുമൊക്കെ  പരിമിതികള്‍മൂലം  വാക്സിനുകള്‍  തികച്ചും  സുരക്ഷിതമായിരുന്നു  എന്നു  പറഞ്ഞുകൂട.  വിവിധ  സാംക്രമികരോഗങ്ങള്‍  വാക്സിനേഷന്‍  വഴി  ഉണ്ടായിക്കൊണ്ടിരുന്നു.  സിഫിലിസ്,  സെപ്റ്റിസീമിയ,  ടെറ്റനസ്,  ബിവൈറസ്  മൂലമുള്ള  മഞ്ഞപ്പിത്തം  ഒക്കെ  ഇതില്‍പ്പെടും.  ഇരുപതാം  നൂറ്റാണ്ടിന്‍റെ  മധ്യം  വരെ  വാക്സിനുകളുടെ  ഉപയോഗം  വഴി  ഇതര  സാംക്രമിക  രോഗബാധകളും  മരണങ്ങളുമുണ്ടായ  സന്ദര്‍ഭങ്ങള്‍  നിരവധിയാണ്.  ഇതില്‍  എടുത്തു  പറയേണ്ടഒന്നാണ്  1930കളില്‍  ആവിഷ്കൃതമായി  രണ്ടാംലോകമഹായുദ്ധകാലത്ത്  അമേരിക്കന്‍  സേനയില്‍  വ്യാപകമായുപയോഗിച്ച  മഞ്ഞപ്പനി  വാക്സിന്‍.  ഇതുമൂലം  അനേകായിരം  പേര്‍ക്ക്  ഹെപ്പറ്റൈറ്റിസ്  ബി  മൂലമുള്ള  മഞ്ഞപ്പിത്തമുണ്ടാകുകയും  നൂറുകണക്കിനാളുകള്‍  മരണമടയുകയുമുബായി.  അതിനു  കാരണമാകട്ടെ  ഈ  വക്സിന്‍  ഉബാക്കാനുപയോഗിച്ച  രക്തസിറത്തില്‍പ്പലതും  ഹെപറ്ററ്റിസ്  ബി  അണുക്കള്‍  അടങ്ങിയതായിരുന്നു  എന്നതാണ്.  എന്നാല്‍  ഏണ്‍പതുകളില്‍  ആദ്യമായി  ആവിഷ്കൃതമായ  ഹെപ്പറ്ററ്റൈസ്  ബി  വാക്സിന്‍  ഈ  രീതിയില്‍ത്തന്നെ  നിര്‍മിച്ചതായിരുന്നു  എങ്കിലും  ഇത്തരത്തില്‍  മറ്റു  രോഗങ്ങളൊന്നും  തന്നെ,  അതും  എയിഡ്സിന്‍റെ  ആരംഭകാലത്ത്,  അതിന്‍റെ  സംക്രമണരീതികള്‍  വിശദീകരിക്കപ്പെടുന്നതിനും  മുന്‍പ്  ആയിരുന്നിട്ടുകൂടി  സംക്രമിക്കുകയുണ്ടായില്ല  എന്നോര്‍ക്കണം.  അതിനു  കാരണം  അതുണ്ടാക്കാന്‍  പാലിച്ച  അതീവ  ജാഗ്രതയും  അതിനു  സഹായിച്ച  സാങ്കേതികത്തികവുമായിരുന്നു.

വാക്സിനുകളുടെ  പാര്‍ശ്വഫലങ്ങള്‍

വാക്സിനുകളുടെ  പാര്‍ശ്വഫല  സംബന്ധിയായ  ചര്‍ച്ചയിലുണ്ടാവുന്ന  ഒരു  മുഖ്യപ്രമാദം  അവയെ  ഔഷധങ്ങള്‍  ഉള്‍പ്പടെയുള്ള  മറ്റു  രാസികങ്ങളുമായി  താരതമ്യം  ചെയ്യുന്നതില്‍  നിന്നു  ണ്ടാവുന്നതാണ്.  വാക്സിന്‍  ശരീരത്തിന്‍റെ  രോഗപ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിച്ച്  അണുക്കള്‍ക്കെതിരായ  പ്രതിവസ്തുക്കള്‍  നിര്‍മ്മിക്കുന്നു.  ഈ  പ്രതിവസ്തുക്കള്‍  നിര്‍മ്മിക്കുന്ന  തോടൊപ്പം  ഇവ  നിര്‍മ്മിക്കാന്‍  വേണ്ട  ഒരു  ഓര്‍മ്മയും  നമ്മുടെ  ചില  കോശങ്ങള്‍ക്കു  നല്‍കുന്നു.  ശരീരത്തിന്‍റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കുക  മാത്രമാണവ  ചെയ്യുന്നത്.  അവയില്‍  മറ്റു  ‘രാസവസ്തുക്കള്‍’  ഒന്നും  അടങ്ങിയിട്ടില്ല  –  വളരെ  സൂക്ഷ്മമായ  അളവിലല്ലാതെ,  ഇവയാണെങ്കിലോ  കാലാകാലങ്ങളായി  ഉപയോഗിച്ചു  അവയുടെ  സുരക്ഷിതത്വം  ഉറപ്പാക്കിയിട്ടുള്ളതുമാണ്.  വാക്സിനുകള്‍  ശരീരത്തിന്‍റെ  സ്വാഭാവിക  പ്രവര്‍ത്തനത്തെ  ഉത്തേജിപ്പിക്കുക  മാത്രം  ചെയ്യുമ്പോള്‍  മറ്റൗഷധങ്ങള്‍  ഒരു  രാസപ്രക്രിയയെയാണ്  സ്വാധീനിക്കുന്നത്.  ആ  പ്രക്രിയയാകട്ടെ  ശരീരത്തിലെ  പല  കലകള്‍ക്കും  (ശരീരത്തിലെ  ഒരു  പ്രത്യേക  പ്രവര്‍ത്തനം  നടത്തുന്ന  കോശസമൂഹത്തെയാണ്  കല  അഥവാ  റ്റിഷ്യു  എന്നതു  കൊണ്ട്  വിവക്ഷിക്കുന്നത്)  അത്  വിവിധ  പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമുള്ളതായിരിക്കും,  അതുകൊണ്ടുതന്നെ  അതു  നാം  ആഗഹിക്കുന്ന  ഫലത്തോടൊപ്പം  ചില  പാര്‍ശ്വഫലങ്ങളും,  ഉളവാക്കിയേക്കാം.  മിക്കവാറും  മരുന്നുകളെ  സംബന്ധിച്ചൂം  ഇതു  നിസ്സാരമായിരിക്കുമെന്നു  മാത്രം.  വാക്സിനുകള്‍  അവ  ലക്ഷ്യമിടുന്ന  പ്രവൃത്തികള്‍  മാത്രം  ചെയ്യുന്നു.  ആ  പ്രവൃത്തികള്‍  സ്വാഭാവികമായും  ശരീരത്തില്‍  താത്ക്കാലികമായി  ചില  ഫലങ്ങള്‍  ഉളവാക്കുന്നു.  അതു  രോഗാണുഘടകങ്ങള്‍  കൊണ്ടൊ  അതില്‍  ചേര്‍ന്നിട്ടുള്ള  അലുമിനിയം  തയൊമെര്‍സാല്‍  തുടങ്ങിയവയുടെ  ഫലമോ  ആകാം.  പക്ഷെ  ഇതു  പൊതുവായിപ്പറഞ്ഞാല്‍  കുത്തിവച്ച  സ്ഥലത്ത്  ഒതുങ്ങുന്നവയായിരിക്കും.  വളരെ  ചുരുക്കം  വാക്സിനുകള്‍ക്കു  ഒന്നോ  രണ്ടോ  ദിവസത്തേക്കു  ചെറിയ  പനി  (ഉയര്‍ന്ന  ശരീരോഷ്മാവ്)  ഉണ്ടായെന്നും  വരാം.  വാക്സിനുകള്‍ക്കു  ആകെയുണ്ടാകാനിടയുള്ള  ഒരു  പാര്‍ശ്വഫലം  അവയിലെ  ഘടകങ്ങള്‍ക്കെതിരായുള്ള  അലര്‍ജിയാണ്.  അലര്‍ജി  എന്നത്  ഒരു  പ്രത്യേക  വസ്തുവിനോട്  ശരീരത്തിന്‍റെ  അമിതമായ  പ്രതികരണമാണ്.  ഇതിനുള്ള  സാധ്യത  ഒരാള്‍ക്കു  പാരമ്പര്യമായി  കിട്ടുന്നതാണ്.  അതു  പ്രവചിക്കുക  എളുപ്പമല്ല.  നീണ്ടുനില്‍ക്കുന്ന  അലര്‍ജിയൊന്നും  വക്സിനുകള്‍  ഉണ്ടാക്കാറില്ല.  ഏതൊരു  അലര്‍ജിയും  അതിനു  കാരണമായ  വസ്തുക്കള്‍  ശരീരത്തില്‍  നിന്നും  ഒഴിവായിക്കഴിയുമ്പോള്‍  അപ്രത്യക്ഷമാകുന്നതാണ്.  പക്ഷെ  ചുരുക്കമായി  അലര്‍ജി  വളരെ  രൂക്ഷവും  ക്ഷിപ്രവുമാകാം.  വളരെ  അസാധാരണമായി  മാത്രം  സംഭവിക്കാറുള്ളതാണിത്.  ഇങ്ങനെയുണ്ടബാവുന്ന  അലര്‍ജിക്ക്  അനാഫൈലാക്സിസ്  എന്നു  പറയുന്നു.  ഇതാകട്ടെ  മരുന്ന്  അല്ലെങ്കില്‍  വാക്സിന്‍  കൊടുത്ത്  ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍  ഉണ്ടാവുന്നതാണ്.  ഉടന്‍  ചികില്‍സ  ലഭിക്കാതിരുന്നാല്‍  മരണകാരണം  പോലുമായേക്കാവുന്ന  ഒരവസ്ഥയാണ്.  ഇത്തരം  പ്രതികരണങ്ങള്‍  വാക്സിനുകളുടെയോ  ഔഷധങ്ങളുടെയോ  മാത്രം  പ്രശ്നമല്ല.  തേനീച്ചയുടെയും  കടന്നലിന്‍റെയും  കുത്ത്  ഇങ്ങനെയുണ്ടാക്കാന്‍  സാദ്ധ്യതയേറെയുള്ളതാണ്.  അമേരിക്കയിലൊക്കെ  ധാരാളം  ആളുകള്‍ക്കിപ്രകാരമുള്ള  അനാഫൈലാക്സിസിന്  കാരണമാണ്  കപ്പലണ്ടിയോടുള്ള  അലര്‍ജി  (ഇതുപയോഗപ്പെടുത്തി  ഒരാളെ  കൊല്ലാന്‍  ശ്രമിക്കുന്നത്  ഡാന്‍  ബ്രൌണ്‍  ചിത്രീകരിക്കുന്നുബല്ലോ).

ലേഖകന്‍ : ഡോ. പി.എന്‍.എന്‍. പിഷാരടി, എഫ്.ഐ.എ.പി.

കരുനാഗപ്പള്ളി

മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരളസംസ്ഥാന ശാഖ

മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

(ലേഖകന്‍റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)