പ്രവര്‍ത്തനരീതിയും ചേരുവകളും
വാക്സിനുകളുടെ പ്രവര്‍ത്തനരീതി
രോഗാണുക്കളെയും അന്യവസ്തുക്കളെയും ശരീരത്തില്‍ പ്രവേശിക്കാതെ നോക്കാനുള്ള ആദ്യ പ്രതിരോധനിരയാണ് നമ്മുടെ തൊലിയും അതിന്റെ അമ്ലതയും, നാസികകളിലെ മൃദുരോമങ്ങളും, കണ്ണീരും, ശരീരസ്രവങ്ങളുടെ അമ്ലതയുമൊക്കെ. അതുപോലെത്തന്നെയാണ് പരസ്പരസഹായത്തോടെ ശരീരത്തിന്റെ പലഭാഗങ്ങളിലും സഹജീവനം (Symbiosis) നിര്‍വ്വഹിക്കുന്ന കോടാനുകോടിവരുന്ന സുഹൃദാണുക്കളുടെ സാന്നിദ്ധ്യവും (Normal Flora). പ്രതിരോധത്തിനായുള്ള സവിശേഷ കോശങ്ങളും രാസികങ്ങളുമുണ്ട്. രോഗാണുക്കളുമായി സമ്പര്‍ക്കമില്ലതെതന്നെ ഏതുതരം രോഗാണുക്കളെയും അന്യവസ്തുക്കളെയും വിശേഷിച്ചും മാംസ്യരൂപത്തിലുള്ളവയെ തടഞ്ഞുനിര്‍ത്താന്‍പോന്ന ഒരു പ്രതിരോധ സംവിധാനമാണാദ്യം പ്രവര്‍ത്തനക്ഷമമാക്കുക. സ്വാഭാവികമായും പരാദങ്ങളായ അണുക്കളില്‍ കുറെയെങ്കിലും ഇവയെയെല്ലാം മറികടക്കാനുള്ള അനുകൂലനങ്ങള്‍ നേടിയിരിക്കുമല്ലോ, അല്ലെങ്കില്‍ അവ ഇതിനകം അന്യം നിന്നിരിക്കും. അങ്ങനെ ഈ അനുകൂലന സഹയത്തോടെ ശരീരത്തിലിടം നേടാനാവുന്നവയെ പ്രതിരോധിക്കാനുള്ള ഒരോ രോഗാണുവിനേയും ലക്ഷ്യംവച്ചുള്ള സവിശേഷ പ്രതിരോധമാണ് അടുത്തതായി പ്രവര്‍ത്തനക്ഷമമാക്കുക. ഇതാകട്ടെ ഈ രോഗാണുവിനെ കണ്ടെത്തിക്കഴിഞ്ഞശേഷം ശരീരം നടത്തുന്ന പ്രതികരണമാണ്. ആര്‍ജ്ജിത പ്രതിരോധം എന്നാണിതിനെ വിളിക്കുക. രോഗാണുക്കളുടെ ഉപരിതല രാസികങ്ങളുടെ ഘടന തിരിച്ചറിയാനും (Pattern Recognition) അവ സ്വന്തമല്ലെന്ന് മനസ്സിലാക്കാനും സമര്‍ത്ഥമായ മേല്‍പ്പറഞ്ഞ സ്വാഭാവിക പ്രതിരോധ കോശങ്ങള്‍ ഈ അണുക്കളെ വിഴുങ്ങുകയും (Phagocytosis) അവയുടെ മാംസ്യാവശിഷ്ടങ്ങള്‍ ആര്‍ജിത്ത പ്രതിരോധ നിരയിലെ സവിശേഷകോശ നിരയായ ലസികാകോശങ്ങള്‍ക്ക് (ലിംഫോസൈറ്റുകള്‍ – Lymphocytes) കൈമാറുകയും ചെയ്യുന്നു. ഈ കോശങ്ങള്‍ ഉടന്‍തന്നെ ഉത്തേജിതരാകുകയും പെട്ടെന്ന് വിഭജിച്ചു പെരുകി പ്രവര്‍ത്തന സജ്ജരാകുകയും ചെയ്യുന്നു. ഇവയില്‍ ചിലവ ശരീരത്തില്‍ പ്രവേശിച്ച രോഗാണുക്കള്‍ക്കെതിരെയുള്ള (ആന്റിജനുകള്‍ – Antigens) പ്രതിവസ്തുക്കള്‍ (ആന്റിബോഡികള്‍ – Antibodies) നിര്‍മ്മിക്കുന്നു. ഈ പ്രതിവസ്തുക്കള്‍ വിവിധ രൂപത്തില്‍ പ്രവര്‍ത്തിച്ചു രോഗാണുക്കളെ നിര്‍വ്വീര്യമാക്കുന്നു. ഇതെല്ലായ്പ്പോഴും പൂര്‍ണ്ണമായി ഫലപ്രദമായെന്നുവരില്ല. അവിടെ അടുത്ത കോശനിരസഹായത്തിനെത്തുകയും ചെയ്യുന്നു. ഈ രണ്ടുവിഭാഗം കോശങ്ങളുടെയും സഹായത്തോടെ മിക്കവാറും സന്ദര്‍ഭങ്ങളില്‍ രോഗാണുക്കള്‍ തുരത്തപ്പെട്ടിരിക്കും. ഈ വിവരിച്ച സംവിധാനങ്ങള്‍ പൂര്‍ണ്ണഫല പ്രാപ്തിയിലെത്താന് പലപ്പോഴും ഒന്നിലേറെ പ്രാവശ്യം രോഗാണുക്കളുമായുള്ള കണ്ടുമുട്ടല്‍ ആവശ്യമായി വരും, വിശേഷിച്ചും വാക്സിനുകളില്‍ ഉള്ളതുപോലെ അവയുടെ അളവും ശക്തിയും കുറഞ്ഞിരിക്കുമ്പോള്‍. അതുകൊണ്ടാണ് വാക്സിനുകളില്‍ പലതും ഒന്നിലേറെ പ്രാവശ്യം നല്‍കേണ്ടിവരുന്നത്. എന്നാല്‍ ജൈവശോഷിതാണുക്കള്‍ പലപ്പോഴും ഇത് ഒറ്റത്തവണകൊണ്ടു പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമായെന്നുമിരിക്കും. ഇങ്ങനെയുണ്ടാകുന്ന പ്രതിരോധം ഒരോ പ്രാവശ്യം ആവര്‍ത്തിക്കുമ്പോഴും ശക്തി കൂടിക്കൂടി വരുന്നു. എന്നാല്‍ ഈ ആവര്‍ത്തിത പ്രതികരണങ്ങള്‍ക്ക് ഒരു നിശ്ചിത ഇടവേളയുണ്ട്. സാധാരണയായി അത് കുറഞ്ഞത് നാലാഴ്ച്ചയാണ്. അതുകൊണ്ടാണ് മിക്കവാറും വാക്സിനുകള്‍ നാലാഴ്ച്ചത്തെ ഇടവേളകളില്‍ നല്‍കുന്നത്. ഈ പ്രതിരോധകോശ നിരകളില്‍ ചിലവ ഓര്‍മ്മക്കോശങ്ങളായി രൂപാന്തരം പ്രാപിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുഖസുഷുപ്തിയിലായിക്കഴിയുകയും ചെയ്യും. മറ്റൊരവസരത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ഇതേ അണുക്കളെ ഈ കോശങ്ങള്‍ പെട്ടെന്നുതന്നെ തിരിച്ചറിയുകയും ശരീരത്തിലിടം നേടാനാകുന്നതിനു മുന്‍പ് അവയെ തുരത്തുകയും ചെയ്യുന്നു. ആദ്യംപറഞ്ഞ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടോ മൂന്നോ ആഴ്ച്ചകളെടുക്കുമെങ്കില്‍ ഈ രണ്ടാമതു പറഞ്ഞ ഓര്‍മ്മക്കോശങ്ങള്‍ വഴിയുള്ള ആവര്‍ത്തിത പ്രതിരോധം ക്ഷിപ്രസദ്ധ്യമാണ്. അതു ശക്തിയേറിയതായിരിക്കും. ഇങ്ങനെ സൂക്ഷ്മാണുക്കളുടെ സഹജമായ രാസഘടന തിരിച്ചറിയാന്‍ കഴിവുള്ള അനേകായിരം തരത്തിലുള്ള സ്വീകാരികളുള്ള ലസികാകോശങ്ങളാണ് നമുക്കുള്ളത്. അതുകൊണ്ടു പ്രകൃതിയില്‍ക്കാണുന്ന മിക്കവാറുമെല്ലാത്തരം പരാദാണുക്കളുമായി അവയെ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാനുള്ള ശേഷി നമുക്കുണ്ട്. അതായത് കുറെ അണുക്കള്‍ കണ്ടുമുട്ടിക്കഴിയുമ്പോള്‍ തീര്‍ന്നുപോകുന്നതല്ലെന്നു ചുരുക്കം.
വാക്സിന് നിര്‍മ്മാണവും അവയിലെ ചേരുവകളും, അവ സംബന്ധിച്ച വിവാദങ്ങളും
വാക്സിനുകളുണ്ടാക്കുന്നതിന് രോഗാണുക്കളെ ശോഷിപ്പിച്ചോ മൃതമാക്കിയോ അവയുടെ ഘടകങ്ങളെടുത്തോ ഒക്കെയാണെന്ന് വിശദീകരിച്ചല്ലോ. സൂക്ഷ്മാണുക്കളെ ശോഷിപ്പിക്കുന്നതിനും മൃതമാക്കുന്നതിനും ഉയര്‍ന്ന ഊഷ്മാവോ ഫോര്‍മാലിന്‍ പോലുള്ള രാസികങ്ങളോ ആണുപയോഗിക്കുന്നത്. അതുപോലെത്തന്നെ ഈ അണുക്കളെ പരീക്ഷണശാലയില്‍ വന്‍തോതില്‍ വളര്‍ത്തിയെടുക്കുന്നതിന് പോഷകമാദ്ധ്യമങ്ങളോ വിവിധകോശനിരകളോ ഉപയോഗിക്കുന്നു. ഇവയുടെ അംശങ്ങള്‍ വാക്സിനില്‍ ചെറിയ തോതില്‍ അടങ്ങിയിരിക്കും. എന്നാല്‍ വാക്സിന് നിര്‍മ്മാണ ഘട്ടങ്ങളിലെ ശുദ്ധീകരണ പ്രക്രിയക്കുശേഷം ഇതൊക്കെ ശരീരത്തില്‍ ഒരു പ്രതികരണവുമുണ്ടാക്കാനാകാത്ത വിധം സൂക്ഷ്മമായ അളവില്‍ മാത്രമേ കാണാറുള്ളു. ഇനിയും മറ്റൊരു വിഭാഗം വസ്തുക്കള്‍ വാക്സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ളവയാണ്. വാക്സിനിലുള്ള മൃതമാക്കിയ സൂക്ഷ്മാണുക്കളും അവയുടെ ഘടകങ്ങളും പെട്ടെന്നുതന്നെ ശരീരത്തിന്റെ പ്രതിരോധ കോശങ്ങളുടെ ആക്രമണംവഴി വളരെവേഗംതന്നെ അപ്രത്യക്ഷമാകും. കുത്തിവച്ച ശരീരഭാഗത്ത് വാക്സിന് ഘടകങ്ങള്‍ കൂടുതല്‍ സമയം തങ്ങിനില്ക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെ അഡ്ജുവന്റുകള്‍ എന്നുവിളിക്കുന്നു. ഇക്കൂട്ടത്തില്പ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് അലൂമിനിയം ലവണങ്ങള്‍. ഇതുകൂടാതെ വാക്സിനില്‍ മറ്റു രോഗാണുക്കള്‍ വിശേഷിച്ചും ബാക്റ്റീരിയകള്‍ കടന്നുകൂടി വിഷമയമാകാതിരിപ്പാന് ചേര്‍ക്കുന്ന സംരക്ഷകങ്ങളുണ്ട് (ുൃലലെൃ്മശ്ലേെ). പലതരം ആന്റിബയോട്ടിക്കുകളും തൈമെറൊസാല്‍ എന്ന രസസംയുക്ത (ാലൃരൗൃ്യ) വുമാണിങ്ങനെ ചേര്‍ക്കുന്നതില്‍ പ്രമുഖമായവ. വാക്സിന് വിമര്‍ശകര്‍ എടുത്തുകാണിക്കുന്ന ചിലതാണ് ഈ വസ്തുക്കളുടെ സാന്നിദ്ധ്യം. അതുസംബന്ധിച്ച വിശദീകരണത്തിനാണ് അടുത്തതായി ശ്രമിക്കുന്നത്.
ലേഖകന്‍ : ഡോ. പി.എന്‍.എന്‍. പിഷാരടി, എഫ്.ഐ.എ.പി.
കരുനാഗപ്പള്ളി
മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരളസംസ്ഥാന ശാഖ
മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ലേഖകന്റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)

തൈമെറൊസാല്‍
ഒരു വാക്സിന്റെ ബഹുമാത്രാവയലുകള് ഒരിക്കല്‍ തുറന്നുവച്ചശേഷം വീണ്ടും ഉപയോഗിക്കുമ്പോള്‍ അണുണ്ടണ്ടാധയേറ്റു വിഷമയമാകാതിരിക്കാന്‍ സധാരണയായി ഉപയോഗിക്കുന്ന ഒരു രസ സംയുക്തമാണ് തയോമെര്‍സാല്‍.
അലുമിനിയം
വാക്സിനിലെ മാംസ്യങ്ങള്‍ കുത്തിവച്ചിടത്ത് കൂടുതല്‍ സമയം തങ്ങിനിന്ന് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ചേര്‍ക്കുന്ന പദാര്‍ത്ഥം.
ഫോര്‍മാലിന്‍
ഇത് സൂക്ഷ്മജീവികളെയും അവയുടെ വിഷവസ്തുക്കളെയുമൊക്കെ നിര്‍വ്വീര്യമാക്കാനാണ് സധാരണയായി ഉപയോഗിക്കുന്നത്.
തൈമെറൊസാല്‍
ഒരു വാക്സിന്റെ ബഹുമാത്രാവയലുകള് (്ശമഹെ) ഒരിക്കല്‍ തുറന്നുവച്ചശേഷം വീണ്ടും ഉപയോഗിക്കുമ്പോള്‍ അണുണ്ടണ്ടാധയേറ്റു വിഷമയമാകാതിരിക്കാന്‍ സധാരണയായി ഉപയോഗിക്കുന്ന ഒരു രസ (ാലൃരൗൃ്യ) സംയുക്തമാണ് തയോമെര്‍സാല്‍ (തൈമെറൊസാല്‍ എന്നുംപറയും) ഏതാണ്ട് തൊണ്ണൂറിലേറെ വര്‍ഷങ്ങളായി ഇതുപയോഗത്തിലുണ്ട്. തയോമെര്സാലിന്റെ ഫലമെന്നു വിശേഷിപ്പിക്കാവുന്ന ഒരനിഷ്ടസംഭവവും വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മെര്ക്കുറിയുടെതന്നെ കൂടുതല്‍ വിഷകരവും പ്രകൃതിയില്‍ സധാരണ കാണുന്ന തരത്തിലുള്ളതുമായ മീതൈല്‍ മെര്‍ക്കുറിയുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അതിനെ അപേക്ഷിച്ച് വളരെ സുരക്ഷിതമായ ഈതൈല്‍ മെര്‍ക്കുറി സംയുക്തമായ തൈമെറൊസാലിനെതിരായ പല ആശങ്കകളും ഉണ്ടാകാന്‍ കാരണം. നമ്മുടെ പരിസ്ഥിതിയിലും തദ്വാരാ ശരീരത്തിലും നേരിയ അളവില്‍ മെര്‍ക്കുറി ലോകത്തെല്ലായിടത്തുംതന്നെ കാണപ്പെടാറുണ്ട്. ഇതാകട്ടെ മീതൈല്‍ മെര്‍ക്കുറിയാണ്. ചുറ്റുപാടുകളില്‍ കാണുന്ന മെര്‍ക്കുറിയുടെ അധിക പങ്കും സ്വാഭാവികമായുണ്ടാവുന്നതാണ്. അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഋജഅ) വിലയിരുത്തല്‍ പ്രകാരം മനുഷ്യപ്രവൃത്തികള്‍ മൂലമുള്ള പാരിസ്ഥിതിക മെര്‍ക്കുറിയുടെ അളവ് ആകെയുള്ളതിന്റെ മൂന്നു ശതമാനം മാത്രമാണ്. മഴവെള്ളം വഴിയും കാറ്റടിച്ചും ജലസ്രോതസ്സുകളില്‍ എത്തിച്ചേരുന്ന ലോഹമെര്ക്കുറിയെ ബാക്റ്റീരിയകള്‍ മീതൈല്‍ മെര്‍ക്കുറിയാക്കി മാറ്റുന്നു. ജലസസ്യങ്ങളിലും ചെറുമീനുകളും കവച മല്‍സ്യങ്ങളും (വെലഹഹളശവെ) മറ്റു ചെറുജീവികളും ആഹാരത്തിലൂടെ അകത്താക്കുന്ന ഇത് അവയുടെ ശരീരത്തില്‍ ജൈവ സന്ദ്രീകരണം വഴി അടിഞ്ഞുകൂടുന്നു. ഇവയെ ആഹാരമാക്കുന്ന വലിയ മീനുകളില്‍ ഇത് ബയോഅക്യുമുലേഷന്‍ എന്നും വിളിക്കുന്ന ഈ പ്രതിഭാസ ഫലമായി വര്‍ദ്ധമാനമായ തോതില്‍ ആയിത്തീരുന്നു. നാം ഭക്ഷിക്കുന്ന മല്‍സ്യങ്ങളിലും ചില പച്ചക്കറികളിലും അതിലുപരി എത്രയെന്നറിയാതെ ഉപയോഗിക്കുന്ന ‘പാരമ്പര്യ’ ഔഷധങ്ങളിലും ഒക്കെ അടങ്ങിയിട്ടുള്ളതിന്റെ എത്രയോ കൂറഞ്ഞഅളവില് മാത്രമാണ് വാക്സിന്‍വഴി ഒരാളില്‍ മെര്‍ക്കുറി എത്തിച്ചേരുന്നത്. അതിലേറെ പ്രധാനപ്പെട്ട കാര്യം വാക്സിനിലിടങ്ങിയത് നേരത്തേ സൂചിപ്പിച്ചപോലെ ശരീരത്തില്‍ അധികം തങ്ങിനില്ക്കാത്ത ഈതൈല്‍ മെര്ക്കുറിയാണെന്നതാണ്.
പല രാജ്യങ്ങളും തയോമെര്‍സാല്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അമേരിക്കയില്‍ത്തന്നെ രണ്ടായിരമാണ്ടുമുതല്‍ ഇതില്ലാത്ത വാക്സിനുകളാണ് ഉപയോഗിക്കുന്നത്. അതിനു മുന്‍പോ പിന്‍പോ ഓട്ടിസമോ മറ്റു നാഡീരോഗങ്ങളോ ഈ രാജ്യങ്ങളില്‍ വാക്സിന് ലഭിച്ചവരില്‍ അധികമായി കണ്ടിട്ടില്ല. മാത്രമല്ല തയോമെര്‍സാല്‍ ഒഴിവാക്കപെട്ട 2000ത്തിനുശേഷവും അവിടെ ഓട്ടിസം വര്‍ദ്ധിച്ചുവരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത് ഓട്ടിസംപോലെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അതു വിശദമായി പഠിക്കാന്‍ ലോകത്തൊട്ടാകെയുള്ള വിവിധ ഏജന്‍സികള്‍ തയ്യാറായി. അതില്‍ നിന്നെത്തിച്ചേര്‍ന്ന നിഗമനം ഇതു ഒരുവിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കുന്നില്ല എന്നും അതുകൊണ്ടണ്ടുതന്നെ തുടര്‍ന്നും ഉപയോഗിക്കാമെന്നുമാണ്. എന്നാല്‍ ഇന്നും ഇതിനെ ഓട്ടിസകാരിയായി വിശേഷിപ്പിക്കുന്നവരും ഇതുമൂലം ഒരു ‘ഭോപ്പാല്‍ ദുരന്തം’ വരാന്‍ കാത്തിരിക്കുന്നവരും ഈ കൊച്ചു കേരളത്തിലുമുണ്ടെന്ന് അടുത്തിടെ ഒരു ലേഖനം വായിച്ചപ്പോള്‍ മനസ്സിലാക്കാനായി.
എന്നാല്‍ അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഈ ആരോപണം വാക്സിന് വിരുദ്ധര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി വാക്സിനുകളില്‍ പൊതുവേയുള്ള വിശ്വാസം നഷടപ്പെടുന്നതിലേക്കെത്തിച്ചേരുകയും വാക്സിന് സ്വീകാര്യത കുറയുകയുംചെയ്ത പശ്ചാത്തലത്തിലാണവിടെ തയോമെര്‍സാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നിശ്ചയിച്ചത്. അതായത് ഈ തീരുമാനത്തിനുപിന്നില്‍ സയന്‍സിനേക്കാള്‍ അധികമായുണ്ടായിരുന്നത് സാമൂഹിക കാരണങ്ങളായിരുന്നു എന്നു ചുരുക്കം. അതുകൊണ്ടുതന്നെ തയോമെര്‍സാല്‍ അമേരിക്കയില്‍ നിരോധിച്ചതാണെന്നൊക്കെയുള്ള ആരോപണങ്ങളില്‍ കഴമ്പൊന്നുമില്ല.
അലുമിനിയം
വാക്സിനിലെ മാംസ്യങ്ങള്‍ കുത്തിവച്ചിടത്ത് കൂടുതല്‍ സമയം തങ്ങിനിന്ന് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ചേര്‍ക്കുന്ന അലുമിനിയമാണ് വിമര്‍ശന വിധേയമായിട്ടുള്ള മറ്റൊരു പദാര്‍ത്ഥം. ജൈവാണുവാക്സിനുകളായ ബിസിജി, അഞ്ചാമ്പനി, എംഎംആര്‍, ചിക്കന്‍പോക്സ് തുടങ്ങിയവയില്‍ ഇതുപയോഗിക്കാറുമില്ല. അഡ്ജുവന്റ് എന്നറിയപ്പെടുന്ന ഇവയെ വളരെ നിസ്സാരമായ അളവിലാണ് ചേര്‍ക്കുന്നത്, അതുകൊണ്ടുതന്നെ ഇതു കാര്യമായ അനഭിമതവും അസ്വീകാര്യവുമായ പ്രതികരണം ശരീരത്തിലുണ്ടാക്കുന്നുമില്ല. നാം ആഹാരത്തില്‍ക്കൂടി ഒരു ദിവസം അകത്താക്കുന്ന അലുമിനിയത്തിന്റെ അളവുമായി തട്ടിച്ചു നോക്കുമ്പോള്‍ വാക്സിന്‍വഴി ലഭിക്കുന്ന ഇതിന്റെ അളവ് അതീവ സൂക്ഷ്മമാണെന്നു കാണാം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഒരു പഠനത്തില്‍ മുംബെയില്‍ ഒരു മുതിര്‍ന്ന ആള് ഒരു ദിവസം ശരാശരി 6.3 മില്ലിഗ്രാം അലുമിനിയം ഭക്ഷണത്തിന്റെ കൂടെ അകത്താക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു മാത്ര വാക്സിനിലാകട്ടെ ഇത് 0.25 മില്ലിഗ്രാം എന്ന അളവിലൊക്കെ മാത്രമാണ്. ഇത് മേല്‍പ്പറഞ്ഞ അളവിലെത്താന്‍ ഇരുപത്തഞ്ച് കുത്തിവൈപ്പെങ്കിലും വേണ്ടണ്ടിവരുമല്ലോ.
ഫോര്‍മാലിന്‍
വാക്സിന് പ്രശ്നങ്ങളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പദാര്‍ത്ഥം ഫോര്‍മാലിനാണ്. ഇത് സൂക്ഷ്മജീവികളെയും അവയുടെ വിഷവസ്തുക്കളെയുമൊക്കെ നിര്‍വ്വീര്യമാക്കാനാണ് സധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അലുമിനിയത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചപോലെ ജൈവവാക്സിനുകളില് ഇതിന്റെ ആവശ്യം വരുന്നില്ല. ഇതിന്റെ ഉപയോഗവും ആദ്യമായി ആരംഭിച്ചത് 1923ലാണ്. റാമോണ്‍ എന്ന ശാസ്ത്രജ്ഞന് ഡിഫ്തീരിയവിഷത്തെ വിഷമയമല്ലാത്ത ടോക്സോയ്ഡ് ആക്കി മാറ്റാനായിരുന്നു ഇതുപയോഗിച്ചത്. ഫോര്‍മാല്‍ഡിഹൈഡ് എന്ന ഈ രാസവസ്തുവും വളരെ സൂക്ഷ്മമായ അളവില്‍ മാത്രമേ ഉപയോഗഘട്ടത്തിലുള്ള വാക്സിനില്‍ കാണാനാകൂ. ഇതാകട്ടെ അമേരിക്കയിലെ ഇ.പി.എ. നിര്‍ദ്ദേശിക്കുന്ന സുരക്ഷിത അളവിലും വളരെ താഴെയുമാണ്. മിക്കവാറും രാജ്യങ്ങള്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ ലോകാരോഗ്യസംഘടനയുടെ മുന്‍കൂറായുള്ള ഗുണനിലവാരം (ണഒഛ ുൃലൂൗമഹശളശരമശേീി) പാലിക്കേണ്ടണ്ടതാണെന്നതുകൊണ്ട് അവയെല്ലാം തന്നെ ലോകത്തെല്ലായിടത്തും ഒരേ നിലവാരത്തില്‍ ലഭിക്കുന്നതുമാണ്. ഫോര്‍മാലിന്‍ മൃഗങ്ങളില്‍ ക്യാന്സര്കാരിയാകാമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗപരീഷണഫലങ്ങള് അതേപടി മനുഷ്യരിലേക്ക് പകര്‍ത്തുന്നത് തെറ്റായ നിഗമനങ്ങളിലേക്കെത്താന്‍ ഇടയാക്കുമെന്ന് ഒട്ടേറെ സന്ദര്‍ഭങ്ങളിലൂടെ മനസ്സിലാക്കാനായിട്ടുണ്ട്. മനുഷ്യരില്‍ ഇതങ്ങനെയാവുന്നതായി തെളിവുകളില്ല. സാധാരണയായി മോര്‍ച്ചറി സൂക്ഷിപ്പുകാരും അനാട്ടമി ലാബറട്ടറികളില്‍ പ്രവര്‍ത്തിക്കുന്നവരും നിരന്തരമെന്നോണം കൈകാര്യം ചെയ്തുവരുന്നതാണീ രാസപദാര്‍ത്ഥം. അവരിലാര്‍ക്കുംതന്നെ ക്യാന്‍സറൊ മറ്റുരോഗങ്ങളോ ഇതുമൂലമുണ്ടണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല നമ്മുടെ ശരീരത്തില്‍ ഒറ്റക്കാര്ബണ് ഉപാപചയം (ീില രമൃയീി ാലമേയീഹശാെ) എന്ന പ്രക്രിയയുടെ ഫലമായി ഈ വസ്തു വളരെ സൂക്ഷ്മമായ അളവിലാണെങ്കിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്; അതുകൊണ്ടുഅതിന്റെ സാന്നിദ്ധ്യം രക്തതിലുണ്ട് എന്നതും ഇവിടെ പ്രസ്താവ്യമാണ്.
അന്യജീവീകോശങ്ങളും മനുഷ്യഭ്രൂണ കോശങ്ങളും
ഇതുപോലെ വാക്സിന് വിരുദ്ധര്‍ ലോകത്തെല്ലായിടത്തും ചര്‍ച്ചക്കു വിധേയമാക്കുന്ന ഒന്നാണ് വാക്സിനുകളില്‍ അന്യജീവികോശങ്ങളും മനുഷ്യഭ്രൂണകോശങ്ങളും അടങ്ങി യിരിക്കുന്നു എന്നത്. തങ്ങളുടെ വാദഗതികള്‍ക്ക് എരിവും പുളിയും കൂട്ടാനുള്ള ഒരു വാദമെന്നതിലുപരി ഇതില്‍ വലിയ കാര്യമൊന്നുമില്ല. ഈ ആരോപണം ശരിയല്ല എന്നല്ല. അതുകൊണ്ടുള്ള പ്രശ്നങ്ങളെന്താണ് എന്നതാണ് പ്രസക്തമായ ചോദ്യം. അതിരിക്കട്ടെ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വാക്സിന്, കാന്‍സര്‍ ഔഷധ ഗവേഷണങ്ങളിലൊക്കെ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു കണ്ടുപിടിത്തമാണ് ജീവശരീരങ്ങളില്നിന്ന് വേര്തിരിച്ചെടുത്തകോശങ്ങളെ പരീക്ഷണശാലയില്‍ വളര്‍ത്താമെന്നത്. ഇതാണ് ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യ. ഭ്രൂണത്തില്‍ നിന്നെടുക്കുന്ന വിത്ത്കോശങ്ങളോ കാന്സര്കോശങ്ങളൊ ആവശ്യമായ പോഷക സാന്നിദ്ധ്യത്തില്‍ അനവരതം വിഭജിച്ചു പെരുകിക്കൊണ്ടണ്ടിരിക്കും. ഇന്ന് നിരവധി ഗവേഷണങ്ങള്‍ക്കുപയോഗിക്കുന്ന ഇത്തരത്തിലുള്ള ഒരു കോശനിരയാണ് ഹി ലാസെല് എന്നറിയപ്പെടുന്നത്. 1951 ഫെണ്ട്രണ്ടുവരി എട്ടാംതീയതി അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയില്‍ ഗര്‍ഭാശയഗള കാന്‍സര്‍മൂലം മരണമടഞ്ഞ ഹെന്റിറ്റ ലാക്സിന്റെ കാന്‍സര്‍ കോശങ്ങളില്‍ നിന്നെടുത്തവയാണിത്. ഇന്നും അവ വളരുന്നു. പല ഗവേഷണങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടിരിക്കകയും ചെയ്യുന്നു. 1954ല്‍ ജോനാസ് സാല്‍ക് തന്റെ പോളിയോ വാക്സിനുണ്ടാക്കാനുപയോഗിച്ചതും ഈ കോശങ്ങള്തന്നെ. അതുപോലെത്തന്നെയാണ് ഭ്രൂണകോശങ്ങളുടെ കാര്യവും. മറ്റു ജന്തുക്കളില്നിന്നെടുക്കുന്ന കോശങ്ങളെ അപേക്ഷിച്ച് അലര്‍ജിയും മറ്റു പാര്‍ശ്വഫല സാദ്ധ്യതകളും കുറവായിരിക്കും മനുഷ്യകോശങ്ങള്‍ വാക്സിനായുള്ള അണുക്കളെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെയും ഈ കോശങ്ങള്ക്കുവേണ്ടി ഭ്രൂണഹത്യയൊന്നും നടത്തിയിട്ടില്ല. സ്വാഭാവിക ഗര്‍ഭഛിദ്രത്തിനു വിധേയമായ ഭ്രൂണത്തില്നിന്നെടുത്ത കോശങ്ങളാണിന്നും ഉപയോഗിക്കുന്നത്. സൂക്ഷ്മാണുക്കളെ ഇതില്‍നിന്നും വേര്തിരിച്ചെടുത്തുകഴിയുമ്പോള് ഈ കോശാവശിഷ്ടങ്ങളൊന്നും അതിസൂക്ഷ്മമായ അളവിലല്ലാതെ വാക്സിനില്‍ കാണില്ല.
ലേഖകന്‍ : ഡോ. പി.എന്‍.എന്‍. പിഷാരടി, എഫ്.ഐ.എ.പി.
കരുനാഗപ്പള്ളി
മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരളസംസ്ഥാന ശാഖ
മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ലേഖകന്റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)