വാക്സിന്‍ – മുഖവുരയും ചരിത്രവും

വാ

ക്സിന്‍മൂലം  തടയാവുന്ന  രോഗമായ  ഡിഫ്തീരിയ  മൂലമുള്ള  മരണത്തില്‍  കേരളം  ഒരിക്കല്‍ക്കൂടി  സാക്ഷ്യം  വഹിച്ചിരിക്കുന്നു.  ദൗര്‍ഭാഗ്യകരമായ  ഈ  അവസ്ഥയ്ക്ക്  ഏറ്റവും  പ്രധാനകാരണമായി  മാദ്ധ്യമങ്ങളും  ഡോക്ടര്‍മാരുടെ  സംഘടനകളും  കാണുന്നത്  സമീപകാലത്തായി  കേരളത്തില്‍  വളര്‍ന്നുവന്ന  വാക്സിന്‍  വിരുദ്ധവികാരമാണ്.  ഇതൊക്കെ  നമ്മുടെ  മാത്രം  പ്രശ്നങ്ങളല്ല.  മതപരമായ  വിയോജിപ്പുകളും  ആധുനികേതര  ചികില്‍സാ  സമ്പ്രദായങ്ങളുടെ  എതിര്‍പ്പുകളും  ഒക്കെ  ഇതില്‍പ്പെടും.  പ്രകൃത്യാ  ഉള്ളതിന്റെ  മഹത്വവും  കൃത്രിമമായതിന്റെ  ദോഷങ്ങളും  ഒരു  ഒഴിയാബാധപോലെ  പിന്തുടരുന്ന  വ്യക്തികളും  സംഘടനകളുമൊക്കെ  ഈ  അവസ്ഥാവിശേഷത്തിന്  കാര്യമായ  സംഭാവന  ചെയ്തിട്ടുണ്ട്.  അമേരിക്കയിലും  മറ്റും  തങ്ങളുടെ  കുട്ടികള്‍ക്ക്  വാക്സിന്‍  നല്‍കുക  എന്നത്  രക്ഷാകര്‍ത്താക്കളുടെ  നിയമപരമായ  ബാദ്ധ്യതയാണ്.  എന്നാല്‍  അവിടങ്ങളിലൊക്കെ  ഇതില്‍നിന്ന്  ഒഴിഞ്ഞുനില്‍ക്കാൻ  പലരും  ചൂണ്ടിക്കാണിക്കുന്നത്  തങ്ങള്‍ക്ക്  വാക്സിനേഷനോടുള്ള  മനസ്സാക്ഷിയുട  വിയോജിപ്പാണ്  (കൊണ്‍സെന്‍ഷ്യസ്  ഒബ്ജക്ഷന്‍).  അവിടെയും  മതവിഭാഗങ്ങളും  മറ്റു  സ്ഥാപിത  താല്‍പ്പര്യത്തിന്റെ  വക്താക്കളുമൊക്കെ  വാക്സിന്‍  വിരുദ്ധ  നിലപാടില്‍  കാരണക്കാരായുണ്ട്.  ഇതിന്റെ  ഫലമായി  അവിടെയും  വ്യാപകമാകുന്ന  വാക്സിന്‍  പ്രതിരോധ്യരോഗങ്ങളുടെ  തിരിച്ചുവരവു  നിമിത്തം  പല  സംസ്ഥാനങ്ങളും  നിയമത്തിലെ  ഈ  വ്യവസ്ഥ  എടുത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്.  നമ്മുടെ  നാട്ടിലും  ഇത്തരം  നിയമം  വേണമെന്ന  ആവശ്യം  ഇന്ത്യന്‍  അക്കാദമി  ഓഫ്  പിഡിയാട്രിക്സ്  ഏറെക്കാലമായി  ഉയര്‍ത്തുന്നുണ്ട്.  നാം  നേരിടുന്ന  അവസ്ഥാവിശേഷത്തിന്റെ  മുഖ്യകാരണം  ബോധപൂര്‍വ്വമുള്ളതും  അല്ലാത്തതുമായ  പ്രചാരണങ്ങളും  ഇതില്‍  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  സാമാന്യജനങ്ങള്‍ക്കുള്ള  വൈഷമ്യങ്ങളുമാണ്.  ഇതിന്റെ  പരിഹാരം  ഒരു  ലേഖനത്തിന്റെ  പരിമിതികള്‍ക്ക്  അകത്തൊതുങ്ങുന്നതുമല്ല.  എങ്കിലും  അതിനായുള്ള  ഒരെളിയ  ശ്രമമാണിവിടെ  നടത്തുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് ബാക്റ്റീരിയകളും വൈറസ്സുകളും ആണ് സാംക്രമിക രോഗങ്ങള്‍ക്ക് കാരണമെന്ന് സുസ്ഥാപിതമായ രീതിയില്‍ അംഗീകരിക്കപ്പെടുന്നത്. വൈദ്യശാസ്ത്രത്തെ തികച്ചും വിപ്ലവകരമായ ദിശയിലേക്കു നയിച്ച ഒന്നായിരുന്നു ഇത്.

വിവിധ  ജന്തുക്കളിലും  പിന്നീടു  പരീക്ഷണശാലയിലെ  പോഷക  മാദ്ധ്യമങ്ങളിലും  സൂക്ഷ്മജീവികളെ  വളര്‍ത്തിയെടുക്കുന്നതിൽ  വിജയിച്ചവരാണ്  ഫ്രാന്‍സിലെ  ലൂയി  പാസ്ച്ചറും  ജര്‍മ്മനിയിലെ  റോബര്‍ട്  കോക്കും.  തുടര്‍ന്നുള്ള  കാലങ്ങളില്‍  ശരീരബാഹ്യമായ  കലകളിലും  ഇതു  സാധിതമാകുമെന്ന്  വന്നു  (ടിഷ്യു  കള്‍ച്ചര്‍).  ഇതൊക്കെ  സൂക്ഷ്മജീവിശാസ്ത്രത്തിലും  വാക്സിന്‍  നിര്‍മ്മാണത്തിലും  വളരെയേറെ  സംഭാവനകള്‍  നല്‍കിയ  നേട്ടങ്ങളായിരുന്നു.

മനുഷ്യര്‍  നായാടി  നാടോടി  നടന്നിരുന്ന  കാലത്തെ  നൂറോ  നൂറ്റന്‍പതോപേര്‍  മാത്രംവരുന്ന  ചെറുസമൂഹങ്ങളില്‍  സാംക്രമിക  രോഗങ്ങള്‍  വിരളമായിരുന്നു.  ആര്‍ക്കെങ്കിലും  അങ്ങനെയുണ്ടണ്ടായാലും  അത്  അയാളില്‍നിന്നു  വ്യാപക  രോഗബാധയിലെക്കെത്തിച്ചേരുക  സാദ്ധ്യമായിരുന്നില്ല.  തുടര്‍ന്ന്  കൃഷിയും  മൃഗപരിപാലനവും  സാര്‍വത്രികമാവുകയും  മനുഷ്യര്‍  തിങ്ങിപ്പാര്‍ക്കുന്ന  ജനപഥങ്ങള്‍  രൂപംകൊള്ളുകയും  ചെയ്തതോടെയാണ്  സാംക്രമികരോഗങ്ങള്‍  വ്യാപകമാകാനും  അതൊരു  തുടര്‍ക്കഥയാകാനും  ആരംഭിച്ചത്.  പിന്നീടുള്ള  മാനവ  ചരിത്രത്തിന്റെ  ഗതിവിഗതികളെ  സാംക്രമിക  രോഗങ്ങള്‍  കുറച്ചൊന്നുമല്ല  സ്വാധീനിച്ചിട്ടുള്ളത്.

പരാശ്രയികളായ  സൂക്ഷ്മാണുക്കള്‍  മറ്റൊരു  ജീവശരീരത്തില്‍  പ്രവേശിച്ച്  അവിടെ  നിലയുറപ്പിക്കാനായി  സ്വീകരിക്കുന്ന  മാര്‍ഗ്ഗങ്ങളും  അതിനോടു  പ്രതികരിച്ചുകൊണ്ട്  ആതിഥേയശരീരം  സൃഷ്ടിക്കുന്ന  പ്രതികരണങ്ങളും  കൂടിച്ചേര്‍ന്ന  ഒരു  പ്രക്രിയയാണ്  ഇന്‍ഫെക്ഷന്‍  (അണുബാധ)  എന്നു  പറയാം.  അണുബാധ  മൂലമുണ്ടാവുന്ന  ലക്ഷണങ്ങളില്‍  പലതും  രോഗാണുക്കളെക്കാളധികമായി  ശാരീരിക  പ്രതികരണങ്ങള്‍  മൂലമുണ്ടാവുന്നവയാണ്.  അണുസാന്നിദ്ധ്യത്തോടു  പ്രതികരിച്ചുകൊണ്ട്  അതിനെ  തുരത്താനായി  ശരീരം  വിവിധ  കോശങ്ങളെ  അണിനിരത്തുകയും  ഈ  പ്രക്രിയ  വിജയിപ്പിക്കാനായി  അവ  വിവിധ  രാസസംയുക്തങ്ങളെ  ഉത്പാദിപ്പിക്കുകയും  ചെയ്യുന്നു.  ഇവയെല്ലാം  ചേര്‍ന്ന്  ശരീരത്തിലുണ്ടാക്കുന്ന  പ്രതികരണങ്ങളെയാണ്  ഇന്‍ഫ്ളമേഷന്‍  എന്ന  പദം  കൊണ്ടര്‍ത്ഥമാക്കുന്നത്.  ഈ  പ്രക്രിയയുടെ  അനന്തരഫലം  അണുബാധയേല്‍ക്കുന്ന  വ്യക്തിയുടെ  പ്രതിരോധ  ശേഷിയുടെയും  ശരീരത്തില്‍  പ്രവേശിക്കുന്ന  അണുക്കളുടെ  വീറിനെയും  (വിറുലന്‍സ്)  അളവിനെയും  അടിസ്ഥാനപ്പെടുത്തിയായിരിക്കും.  വേണ്ടത്ര  പ്രതിരോധ  ശേഷിയുള്ള  ഒരാള്‍ക്ക്  ഇവയെ  ഫലപ്രദമായി  തുരത്താനായെന്നിരിക്കും.  ചിലരെ  സംബന്ധിച്ച്  അണുക്കള്‍  കുറെ  പ്രതികരണങ്ങളും  രോഗാവസ്ഥയും  സൃഷ്ടിച്ചശേഷം  മാത്രമേ  ഇതില്‍  വിജയിക്കൂ.  ചിലര്‍ക്കാകട്ടെ  ഇതില്‍  ഒട്ടുംതന്നെ  വിജയിക്കാനായെന്നുവരില്ല.  അവര്‍ക്ക്  രോഗം  അതിന്റെ  പൂര്‍ണ്ണാവസ്ഥയില്‍  ഉണ്ടാകുകയും  ആ  രോഗത്തിന്‍റെ  സ്വഭാവമനുസരിച്ച്  മരണമോ  ഗൗരവതരമായ  സങ്കീര്‍ണ്ണതകളോ  ഉണ്ടാകാം.  അതായത്  ചിലര്‍  രോഗമുണ്ടാകാതെതന്നെ  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ചിലര്‍  രോഗത്തോടുകൂടി  പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നു,  ഇനിയും  ചിലരാകട്ടെ  രോഗത്തിനു  കീഴടങ്ങി  മരണമോ  തീവ്രമായ  ആതുരതകളോ  ഏറ്റുവാങ്ങുന്നു.  മരണത്തിനു  കീഴടങ്ങാത്തപക്ഷം  ഇവരും  സാവധാനത്തില്‍  പ്രതിരോധശേഷി  ആര്‍ജ്ജിച്ചെന്നിരിക്കാം.

പ്രതിരോധത്തിന്റെ  ആദ്യകാലശ്രമങ്ങള്‍

ആദ്യത്തെ  വാക്സിന്‍  വസൂരിക്കെതിരായി  എഡ്വേര്‍ഡ്  ജന്നര്‍  കണ്ടുപിടിച്ചതാണ്.  എന്നാല്‍  അതിനുമുന്‍പുതന്നെ  ഇന്ത്യയിലെയും  ചൈനയിലെയും  ഒക്കെ  ആള്‍ക്കാര്‍  കണ്ടറിഞ്ഞ  കാര്യമാണ്  വസൂരി  ഒരിക്കല്‍  വന്നവരെ  പിന്നീടു  ബാധിക്കാറില്ല  എന്നത്.  ഇതിന്റെ  അടിസ്ഥാനത്തില്‍  ലളിതമായ  രോഗാവസ്ഥ  കൃത്രിമമായി  സൃഷ്ടിക്കുക  എന്ന  ആശയം  ഇവിടങ്ങളില്‍  രൂപം  കൊള്ളുകയും  വിവിധമാര്‍ഗങ്ങളിലൂടെ  അവര്‍  അതു  പ്രയോഗത്തില്‍  വരുത്തുകയും  ചെയ്തിരുന്നതായി  വിശ്വസിക്കത്തക്ക  തെളിവുകളുണ്ട്.  ഈ  സമ്പ്രദായം  പല  രാജ്യങ്ങളിലും  വിവാദ  വിധേയമായിരുന്നെങ്കിലും  പൊതുവേ  സ്വീകാര്യമായി.  ബഞ്ചമിന്‍  ഫ്രാങ്ക്ളിനും  ജോര്‍ജ്  വാഷിങ്ടണുമൊക്കെ  ഇതിന്റെ  പ്രയോക്താക്കാളും  പരിപോഷകരും  ആയിത്തീരുകയും  ചെയ്തു.  ആദ്യമായി  വസൂരിക്കെതിരായ  വാക്സിന്‍  രൂപകല്‍പ്പന  ചെയ്യുന്നത്  ഇംഗ്ലിലെ  ഒരു  നാട്ടിന്‍പുറത്തു  പ്രാക്റ്റീസ്  ചെയ്തിരുന്ന  എഡ്വേര്‍ഡ്  ജന്നര്‍  എന്ന  ഭിഷഗ്വരനാണ്.  പശുക്കളെ  ബാധിക്കുന്ന  ഗോവസൂരിരോഗം  വന്നവര്‍ക്ക്  വസൂരി  ബാധിക്കാറില്ലെന്ന  നാട്ടറിവിനെ  പ്രയോജനപ്പെടുത്തി  നടത്തിയ  അന്വേഷണങ്ങളും  പഠനങ്ങളുംവഴി  ഗോവസൂരിയണുക്കളെ  ഉപയോഗിച്ചുള്ള  പ്രതിരോധം  എന്ന  ആശയം  ശാസ്ത്രീയമായി  തെളിയിക്കാനദ്ദേഹത്തിനു  കഴിഞ്ഞു.  താമസംവിനാ  ഈ  സമ്പ്രദായം  യൂറോപ്പിലെങ്ങും  സര്‍വ്വസാധാരണമായി.  വാക്സിനേഷന്‍  എന്ന  പേരു  വീണ  ഇത്  പലരാജ്യങ്ങളും  നിയമം  വഴി  നടപ്പാക്കാനുള്ള  ശ്രമങ്ങള്‍  തുടങ്ങുകയും  അതിനിടെ  അങ്ങിങ്ങായി  പൊട്ടിപ്പുറപ്പെടാന്‍  തുടങ്ങിയിരുന്ന  എതിര്‍പ്പുകള്‍  ഇതോടെ  രൂക്ഷമാവുകയും  ചെയ്തു.  “ആന്‍റിവാക്സിനേഷന്‍  ലീഗ്”  എന്ന  ഒരു  സംഘടനയും  ഇംഗ്ലണ്ടില്‍  രൂപീകൃതമായി.

വസൂരി  നിര്‍മ്മാര്‍ജ്ജനം

1950കളിലെ  വിലയിരുത്തല്‍പ്രകാരം  പ്രതിവര്‍ഷം  ലോകമെമ്പാടുമായി  5  കോടി  ആള്‍ക്കാരുടെ  മരണത്തിനും  അതിലേറെപ്പേരുടെ  അന്ധതയ്ക്കും  ഇതരവൈകല്യങ്ങള്‍ക്കും  കാരണമായിക്കൊണ്ടിരുന്ന  ഒന്നാണ്  വസൂരി.  1950കളില്‍ത്തന്നെ  അമേരിക്കന്‍  ഭൂഖണ്ഡങ്ങളിലെ  അര്‍ജന്‍റീന,  ബ്രസീല്‍,  കൊളംബിയ,  യുക്കഡോര്‍  എന്നീ  രാജ്യങ്ങളൊഴികെയുള്ളവയില്‍  നിന്നും  രോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്തിരുന്നു  എന്നു  പറയാം.  1958ല്‍  റഷ്യന്‍  ആരോഗ്യവകുപ്പില്‍  ഉപമന്ത്രിയായിരുന്ന  വിക്ടര്‍  ഷ്ഡാനോവാണ്  ആദ്യമായി  ലോകവ്യാപകമായി  ഈ  രോഗം  നിര്‍മ്മാര്‍ജ്ജനം  ചെയ്യുക  എന്ന  ആശയം  ലോകാരോഗ്യ  അസ്സംബ്ലി  മുന്‍പാകെ  കൊണ്ടുവരുന്നത്.  1959ല്‍  ഇത്  അംഗീകരിക്കപ്പെടുകയും  ഔപചാരികമായി  ലോക  വസൂരി  നിര്‍മ്മാര്‍ജ്ജനപരിപാടി  ആരംഭിക്കുകയും  ചെയ്തു.  എന്നാല്‍  ഇഴഞ്ഞു  നീങ്ങിയ  ഇത്  കാര്യമായ  പ്രതികരണമൊന്നും  ഉണ്ടാക്കിയില്ല.  1967ല്‍  ശക്തി  പ്രാപിച്ച  ഈ  പ്രസ്ഥാനം  ആദ്യം  ഡൊണാള്‍ഡ്  ഹെന്‍ഡേര്‍സന്‍റെയും  തുടര്‍ന്ന്  ഇസാവോ  അരീറ്റയുടെയും  നേതൃത്വത്തില്‍  വിജയകരമായ  പരിസമാപ്തിയിലെത്തുകയും  1980ല്‍  ലോകം  വസൂരി  വിമുക്തമായതായി  ലോകാരോഗ്യസംഘടന  പ്രഖ്യാപിക്കുകയും  ചെയ്തു.  ഈ  പരിപാടി  ഗൗരവതരമായി  മുന്നോട്ടുപോകാനാരംഭിച്ച  1967ല്‍  പ്രതിവര്‍ഷം  വികസ്വര  രാജ്യങ്ങളിലെല്ലാമായി  100  കോടി  അമേരിക്കന്‍  ഡോളറെങ്കിലും  ഈ  രോഗം  മൂലം  നഷ്ടമുണ്ടായിക്കൊണ്ടണ്ടിരുന്നതായാണ്  കണക്കാക്കപ്പെട്ടിട്ടുള്ളത്.  എഡ്വേര്‍ഡ്  ജന്നറുടെ  വാക്സിന്‍വഴി  അന്‍പതുകോടി  ജീവനെങ്കിലും  രക്ഷിക്കാനുതകിയിട്ടുണ്ടെന്നാണ്  പണ്ഡിതമതം.  ഫലപ്രദമായഒരു  വാക്സിന്‍റെ  ലഭ്യത  ഒന്നുകൊണ്ടുമാത്രമാണ്  ഈ  വിജയം  കൊയ്തെടുക്കാന്‍  മാനവരാശിക്കായത്.

രോഗാണുസിദ്ധാന്തം

വിവിധ  പഞ്ചസാരകളില്‍നിന്ന്  ചാരായമുണ്ടാക്കുന്ന  ഫെര്‍മന്റെഷൻ,  ജൈവവസ്തുക്കളുടെ  അഴുകല്‍,  തുടങ്ങിയവ  ജൈവ  പ്രക്രിയകളാണെന്ന്  സ്ഥാപിക്കുന്നതിലും  വലിയ    പങ്കുവഹിച്ചവരാണ്  തിയൊഡോര്‍  ഷ്വാൻ,  ജോൺ  റ്റിന്‍ഡൽ,  ലൂയിപാസ്ച്ചര്‍  തുടങ്ങിയവര്‍.  സൂതികാജ്വരവും  കോളറയുമൊക്കെ  സംക്രമിക  സ്വഭാവമുള്ളതാകാമെന്ന  ധാരണയോടെ  അവയെ  തടയാനുള്ള  മാര്‍ഗ്ഗങ്ങൾ  നിര്‍ദ്ദേശിച്ച  സെമ്മെല്‍വിസും  ജോൺ  സ്നോയും  അണുബാധാമുക്തമായ  (ആന്‍റിസെപ്റ്റിക്  സര്‍ജറി)  ശസ്ത്രക്രിയയുടെ  ഉപജ്ഞാതാവായറിയപ്പെടുന്ന  ജോസഫ്  ലിസ്റ്ററുമൊക്കെ  സാംക്രമികരോഗങ്ങളുടെ  അണുസിദ്ധാന്തത്തെ  അരക്കിട്ടുറപ്പിക്കുവാന്‍  സഹായിച്ചവരാണ്.  ഇത്  സംശയാതീതമായി  സ്ഥാപിച്ചതാകട്ടെ  ലൂയി  പാസ്ച്ചറിന്‍റെയും  റോബര്‍ട്  കോക്കിന്‍റെയും  ഗവേഷണങ്ങളും.  ഈ  സിദ്ധാന്തത്തിന്  പൂര്‍ണത  വരുത്തിയ  ആളാണ്  ജര്‍മ്മന്‍കാരനായ  റോബര്‍ട്  കോക്ക്.  ഈ  സിദ്ധാന്തത്തിന്‍റെ  അടിസ്ഥനശിലയായി  ഇന്നും  കണക്കാക്കപ്പെടുന്നതാണ്  കോക്കിന്‍റെ  പ്രമാണങ്ങള്‍  (Koch’s  Postulates).

എന്താണ്  വാക്സിനുകള്‍

രോഗങ്ങള്‍  ജനിതകം,  ജീവിതശൈലീജന്യം,  സാംക്രമികം  എന്നൊക്കെയായി  വര്‍ഗ്ഗീകരിക്കാം.  നാഗരികതയുടെ  തുടക്കത്തില്‍  ജീവിതശൈലീരോഗങ്ങള്‍  മുന്‍നിരയിലെത്തുംമുന്‍പ്    വന്‍തോതിൽ  ജനങ്ങളെ  വലച്ചിരുന്നത്  സാംക്രമിക  രോഗങ്ങളാണ്.  രോഗാണുക്കളെപ്പറ്റിയുള്ള  അറിവും  രോഗ  പ്രതിരോധശാസ്ത്രത്തിലുണ്ടണ്ടായ  കുതിച്ചുചാട്ടങ്ങളും  വാക്സിനുകള്‍  വഴിയുള്ള  രോഗനിയന്ത്രണം  എന്ന  ആശയത്തിനു  ശക്തിപകര്‍ന്നു.  രോഗാണുക്കളെ  കണ്ടെത്തുക  ശോഷിപ്പിക്കുക  വാകിസിന്‍  ഉണ്ടാക്കുക  എന്നതായിരുന്നു  ലൂയി  പാസ്ചര്‍  പോലെയുള്ള  ഈ  രംഗത്തെ  ആദ്യപഥികരുടെ  മുദ്രാവാക്യം.

നിര്‍ജ്ജീവ  രോഗാണുക്കള്‍ക്കും  ജീവനുള്ളതെങ്കിലും  രോഗകാരിയല്ലാത്തവിധം  ശോഷിതമായ  രോഗാണുക്കള്‍ക്കും  അവയുടെ  ചില  ഘടകങ്ങള്‍ക്കു  മാത്രമായും  ഒക്കെ  രോഗ  പ്രതിരോധ  സംവിധാനത്തെ  ഉത്തേജിപ്പിക്കാനും  അവക്കെതിരായ  പ്രതിവസ്തുക്കളെ  നിര്‍മ്മിച്ച്  പ്രതിരോധശേഷി  നല്‍കാനും  കഴിയും  എന്ന  കണ്ടെണ്ടത്തലോടുകൂടിയാണ്  വാക്സിന്‍  നിര്‍മ്മാണം  സുഗമമായതും  ഗതിവേഗമാര്‍ജ്ജിച്ച്  വ്യാപകമാവുന്നതും  രോഗപ്രതിരോധത്തിന്റെ  ഒരു  നെടുംതൂണായി  മാറുന്നതും.

ശരീരത്തിന്റെ  സ്വാഭാവിക  പ്രതിരോധ  സംവിധാനങ്ങളെ  ഉല്ലംഘിച്ച്  രോഗാണുക്കള്‍ക്ക്  ശരീരത്തില്‍  പ്രവേശിക്കാനായാല്‍  മൂന്ന്  പരിണതികള്‍ക്കാണ്  സാദ്ധ്യത.  കാര്യമായ  അസുഖമൊന്നുമുണ്ടാക്കാതെ  എന്നാല്‍  പ്രതിരോധം  സൃഷ്ടിച്ച്  അവ  പിന്‍വാങ്ങും.  ചിലരില്‍  കാര്യമായ  രോഗമുണ്ടാക്കുമെങ്കിലും  ആത്യന്തികമായി  അവരും  രോഗമുക്തി  നേടും.  എന്നാല്‍  കുറേപ്പേരെങ്കിലും  രോഗത്തിന്  കീഴടങ്ങി  മരിക്കുകയോ  കാര്യമായ  അവശിഷ്ട  ഫലങ്ങളോടെ  രക്ഷപ്പെടുകയും  ചെയ്യും.  രോഗബാധിതനാകുന്നൊരാളില്‍  ഇതിലേതാണ്  സംഭവിക്കുക  എന്ന്  പ്രവചിക്കാനാകാത്തത്  പ്രതിരോധം  കൂടുതല്‍  പ്രസക്തമാക്കുന്നു.  അതുകൊണ്ടു  ആദ്യം  പറഞ്ഞതിനു  സമാനമായ  അവസ്ഥ  സൃഷ്ടിക്കുന്നതിന്  രോഗാണുക്കളെ  ശോഷിപ്പിച്ചോ  മൃതമാക്കിയോ  അവയുടെ  ഘടകങ്ങളെടുത്തൊ  ഒരാളില്‍  പ്രയോഗിക്കുന്നു.  കാര്യമായ  രോഗാവസ്ഥകളൊന്നുമില്ലാതെ  തന്നെ  അയാള്‍  പ്രതിരോധമാര്‍ജ്ജിക്കുന്നു.  ഇതാണ്  ഇമ്മ്യുണൈസേഷന്‍  എന്ന  പ്രതിരോധ  പ്രവര്‍ത്തനത്തിന്റെ  ശാസ്ത്രീയാടിത്തറയെന്നു  പറയാം.

ലേഖകന്‍ : ഡോ. പി.എന്‍.എന്‍. പിഷാരടി, എഫ്.ഐ.എ.പി.

കരുനാഗപ്പള്ളി

മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരളസംസ്ഥാന ശാഖ

മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

(ലേഖകന്‍റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)