വാക്സിനുകളെക്കുറിച്ചുള്ള സംശയങ്ങള്‍/അബദ്ധധാരണകള്‍

വാക്സിനുകള്‍  ജനസംഖ്യാനിയന്ത്രണത്തിന്!

സമീപകാലത്ത്  കേള്‍ക്കാനിടയായ  ഒരു  ആരോപണമാണ്  ഫിലിപ്പൈന്‍സില്‍  ടെറ്റനസ്  ടോക്സോയ്ഡ്  (ടി.ടി.)  വാക്സിനില്‍  ഹ്യൂമന്‍  കോറിയോണിക്  ഗോണാഡോട്രോപ്പിന്‍  എന്ന  ഹോര്‍മ്മോണ്‍  കലര്‍ത്തി  ഗോപ്യമായ  രീതിയില്‍  ഗര്‍ഭനിരോധനത്തിനു  ശ്രമിച്ചു  എന്നത്.  സത്യത്തിന്‍റെ  കണികപോലുമില്ലാത്ത  ഈ  ആരോപണം  ഉയര്‍ന്നുവരുന്നത്  തൊണ്ണൂറു  കളിലാണ്.  ഈ  രാജ്യങ്ങളില്‍  ഉപയോഗിച്ചിരുന്ന  വാക്സിന്‍റെ  ഗുണപരിശോധനാഘട്ടത്തില്‍  ഈ  പറയുന്ന  ഹോര്‍മ്മോണ്‍  സാന്നിധ്യം  അളക്കുന്നതിനുപയോഗിക്കുന്ന  പരിശോധന  നേരിയ  തോതില്‍  പോസിറ്റീവ്  ആയിക്കാണപ്പെടുകയുണ്ടായി.  തുടര്‍ന്നു  പല  ലാബറട്ടറികളിലും  നടന്ന  വിശദമായ  പരിശോധനയില്‍  ഇതൊരു  പരിശോധനാപ്പിഴവ്  (ആര്‍ട്ടിഫാക്റ്റ്)  ആണെന്നു  തെളിയുകയും  ചെയ്തു.  മാത്രമല്ല  ടിടി  വാക്സിന്‍  ലഭിച്ച  60,000-ഓളം  പേരില്‍  ഘട്ടങ്ങളിലായി  നടന്ന  പഠനപ്രകാരം  അവരില്‍  വന്ധ്യത  കൂടുതലായി  കാണപ്പെടുകയോ  ഗര്‍ഭിണികളില്‍  ഗര്‍ഭം അലസിപ്പോവുന്നതായോ  കണ്ടെത്താനായില്ല.  എന്നാല്‍  ഈ  സമയത്ത്  ഒരു  ഗര്‍ഭ  നിരോധന  വാക്സിന്‍  എന്ന  ആശയത്തെ  മുന്‍നിര്‍ത്തി  ടിടിയും  എച്.സി.ജിയും  (ഹ്യൂമന്‍  കോറിയോ  ണിക്  ഗൊണാഡൊട്രോപ്പിന്‍)  കൂട്ടിക്കലര്‍ത്തിയുള്ള  ഒരു  പരീക്ഷണ  വാക്സിന്‍  ഇന്ത്യയില്‍  രൂപകല്‍പ്പന  ചെയ്യുകയും  ചിലരില്‍പരീക്ഷിക്കുകയും  ചെയ്തിരുന്നു.  അതാകട്ടെ  ചുരുക്കം  ചിലരില്‍  അവരുടെ  സമ്മതത്തോടെ  നടന്നതും  അതിനായി  പ്രത്യേകം  രൂപകല്‍പ്പന  ചെയ്തതുമായിരുന്നു.  ടിടി  എന്ന  നിലക്കു  എങ്ങും  തന്നെ  അതുപയോഗിക്കുകയുണ്ടായിട്ടുമില്ല.  ഈദൃശ  ആരോപണങ്ങളുടെ  പിന്നില്‍  പ്രവര്‍ത്തിക്കുന്നത്  ബോധപൂര്‍വ്വമായ  വളച്ചൊടിക്കലുകളാണെന്ന്  ഇതില്‍നിന്നു  വ്യക്തമാണല്ലോ.

സ്വാഭാവിക രോഗമല്ലെ വാക്സിന്‍ വഴിയുള്ള കൃത്രിമ പ്രതിരോധത്തേക്കാള്‍ അഭികാമ്യം?

സ്വാഭാവികരോഗം പലപ്പോഴും വാക്സിനെ അപേക്ഷിച്ചു ഉയര്‍ന്ന പ്രതിരോധശേഷി പ്രദാനം ചെയ്തെന്നു വരാം. എന്നാല്‍ അവയുടെ ഗതിയെന്തായിരിക്കുമെന്നു പ്രവചിക്കാനാവില്ല. നീണ്ടുനില്‍ക്കുന്ന ആതുരതകളോ, അംഗവൈകല്യങ്ങളോ, മരണംതന്നെയോ ഉണ്ടായെന്നുവരാം, രോഗം മൂലം. രോഗമുണ്ടാക്കാതെതന്നെ പ്രതിരോധം സൃഷ്ടിക്കുന്ന വാക്സിനുകള്‍ ഈപ്രക്രിയയെ നിയന്ത്രിതരൂപത്തിലാക്കുന്നതിനാല്‍ ഇത്തരം കോശനാശവും അതുണ്ടാക്കുന്ന പ്രതികരണങ്ങളും ഒഴിവാക്കാം. രോഗം മൂലമുള്ള ആതുരതകളില്ലാതാക്കി ജീവിതഗുണമേന്‍മയും പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തുന്നു, ചികില്‍സയുടെ ചെലവില്ലാതാക്കുന്നു, ചികില്‍സ ഫലിക്കാത്ത സന്ദര്‍ഭങ്ങളുണ്ടാവുന്നില്ല ഇങ്ങനെ നിരവധി അനുകൂലഘടകങ്ങള്‍ സ്വഭാവിക രോഗത്തെ അപേക്ഷിച്ച് വാക്സിനുകള്‍ സൃഷ്ടിക്കുന്നു. പിന്നെ വാക്സിന്‍പ്രവര്‍ത്തനത്തില്‍ കൃത്രിമമായൊന്നുമില്ല. പ്രകൃതീപ്രവര്‍ത്തനത്തെ നിയന്ത്രിതമാക്കുന്നു എന്നുമാത്രമേയുള്ളു.

വാക്സിന്‍മൂലം സ്വാഭാവികപ്രതിരോധം തകരാറിലാവില്ലേ?

സ്വാഭാവികപ്രതിരോധംതന്നെയാണ് വാക്സിനുകള്‍ നല്‍കുന്നത്. പ്രതിരോധസംവിധാനത്തെ തകരാറിലാക്കുന്ന ഒന്നുംതന്നെ വാക്സിനുകളില്‍ ഇല്ല. പ്രതിരോധത്തിനാവശ്യമായ എന്നാല്‍ രോഗമുണ്ടാക്കാത്ത അവസ്ഥ മാത്രമാണ് വാക്സിനുകള്‍ സൃഷ്ടിക്കുന്നത്. തികച്ചും സ്വഭാവികമായശരീരത്തിന്‍റെ പ്രകൃതിദത്തമായ ഒരു ശേഷിയെ നിയന്ത്രിതമായി നാം ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. വാക്സിനുകളുടെ അഭാവത്തില്‍ സ്വഭാവിക രോഗബാധയുടെ ഫലമായി മാത്രമേ ഇത്തരത്തിലുള്ള ‘ആര്‍ജിത പ്രതിരോധം’ ലഭിക്കൂ. അതാകട്ടെ പലപ്പോഴും പ്രവചനാതീതമായ രൂപം കൈക്കൊള്ളൂകയും പലതരം സങ്കീര്‍ണ്ണതകള്‍ക്കും വഴി വച്ചെന്നുമിരിക്കാം.

ഒരേസമയം ഇത്രയധികം വാക്സിനുകള്‍ നല്‍കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലേ?

പ്രകൃതിയിലുള്ള അനേകം വസ്തുക്കള്‍ ആഹാരരൂപത്തിലും വായുവില്‍ക്കൂടിയും, തൊലിപ്പുറത്തുകൂടിയും ഒക്കെ നമ്മുടെ ശരീരത്തില്‍ എപ്പോഴും പ്രവേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ രോഗാണുക്കളുമുബാവാം. ഇവയോടെല്ലാം പ്രതികരിച്ച് തള്ളേണ്ടവയെ തള്ളാനും കൊള്ളേണ്ടവയെ കൊള്ളാനുമുള്ള ശേഷി ശരീരത്തിനുണ്ട്. ഇക്കൂട്ടത്തില്‍ത്തന്നെയാണ് വാക്സിനിലെ വസ്തുക്കളും പ്രവര്‍ത്തിക്കുന്നത്. വാക്സിനുകള്‍ ഇവയില്‍ രോഗാണുക്കളെ തിരിച്ചറിഞ്ഞ് അവക്കെതിരായി സ്ഥായിയായതോ താല്‍ക്കാലികമോ ആയ പ്രതിരോധം സൃഷ്ടിക്കുന്നു എന്നു മാത്രം.

വാക്സിനുകള്‍ ഫലപ്രദമാണെന്നതിന് തെളിവുണ്ടോ?

ഒട്ടേറെ രോഗങ്ങള്‍ വാക്സിന്‍ ഉപയോഗത്തിലൂടെ പെട്ടെന്നു തന്നെ കുറയാന്‍ തുടങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ട്. വിശേഷിച്ചും എടുത്തു പറയേണ്ടവയാണ് വസൂരി, ഡിഫ്തീരിയ, ടെറ്റനസ് വില്ലന്‍ചുമ തുടങ്ങിയവ. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ മിക്കവാറും രാജ്യങ്ങളിലെ കുട്ടികളിലെ മരണത്തിന്‍റെ മുഖ്യകാരണങ്ങളായിരുന്നു ഡിഫ്തീരിയയും വില്ലന്‍ചുമയും. എന്നാല്‍ 1940കളില്‍ ഇവക്കെതിരായി വാക്സിനുകള്‍ നിലവില്‍വന്ന് ഒന്നുരണ്ടു വര്‍ഷത്തിനകം ഇതുപയോഗിക്കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവ വിരളമായിത്തീര്‍ന്നു. അതോടൊപ്പം കാണേണ്ടതാണ് നിയന്ത്രണാധീനമായിരുന്നരോഗങ്ങള്‍ വാക്സിന്‍ ഉപയോഗം കുറഞ്ഞ സന്ദര്‍ഭങ്ങളിലൊക്കെ തിരിച്ചുവരുന്നതും. വില്ലന്‍ചുമ വാക്സിനെതിരെ വ്യാപകമായുണ്ടായ പ്രചാരണങ്ങളും തദ്ഫലമായുണ്ടായ മിഥ്യാധാരണകളും നിമിത്തം പല സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ജപ്പാനിലും ഇംഗ്ലണ്ടിലും എഴുപതുകളില്‍ വാക്സിന്‍ ഉപയോഗം ഗണ്യമായി കുറയുകയും തുടര്‍ന്നവിടെ ഈ രോഗം വര്‍ദ്ധിക്കുകയും ചെയ്തു. വാക്സിന്‍ പുനരാരംഭിച്ചപ്പോള്‍ അവയെല്ലാംതന്നെ നിയന്ത്രണവിധേയമാവുകയും ചെയ്തു. അതുപോലെ ത്തന്നെയാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ അതുവരെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന പല റിപ്പബ്ലിക്കുകളിലും ഡിഫ്തീരിയ വാക്സിന്‍റെ ഉപയോഗം കുറഞ്ഞതും ലക്ഷക്കണക്കിന് പേരെ ഈ രോഗം ബാധിച്ചതും. വാക്സിന്‍ ഉപയോഗം അഭികാമ്യതലത്തിലെത്തിച്ച ശേഷം മാത്രമേ ഇത് നിയന്ത്രണവിധേയമായുള്ളൂ. മറ്റൊരുദാഹരണമാണ് തൊണ്ണൂറുകളുടെ അവസാനം ബ്രിട്ടനില്‍ എം.എം.ആര്‍. വാക്സിന്‍ ഓട്ടിസമുണ്ടാക്കുമെന്ന ആരോപണമുയര്‍ന്നതും അതുവഴി ഈ വാക്സിന്‍റെ ഉപയോഗം ഇടിഞ്ഞതും. ഇതിന്‍റെ ലമായി മുണ്ടിനീരും അഞ്ചാംപനിയും ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയു ണ്ടായി. കേരളത്തില്‍ത്തന്നെ അടുത്തകാലത്ത് വാക്സിന്‍ പ്രതിരോധ്യരോഗങ്ങള്‍ വാക്സിനില്‍നിന്ന് വ്യാപകമായി ഒഴിഞ്ഞുനില്‍ക്കാനുള്ള പ്രവണത കാണിക്കുന്ന പ്രദേശങ്ങളില്‍ കൂടുതലായി കണ്ടുവരുന്നുബ്. വര്‍ഷങ്ങളായി ഇല്ലാതിരുന്ന ഡിഫ്തീരിയയും നവജാത ശിശുക്കളിലെ ടെറ്റനസുമൊക്കെ തിരിച്ചുവരുന്നതു കാണാം. ഇതെഴുതുന്ന സമയത്താകട്ടെ മലപ്പുറത്തു രണ്ടുകുട്ടികള്‍ ഡിഫ്തീരിയ വന്ന് മരണപ്പെട്ടിരിക്കുന്നതും നാം കണ്ടു. ഇതൊക്കെ കാണിക്കുന്നത് ഈ രോഗങ്ങള്‍ നിയന്ത്രണാധീനമായിരിക്കുന്നത് വാക്സിനുകള്‍ വഴിയാണെന്നതാണ്. വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനായതും പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നതുമൊക്കെ ഇവക്കെതിരായി വാക്സിനുള്ളതുകൊണ്ടാണെന്നത് നിര്‍വ്വിവാദമാണല്ലോ. പേവിഷബാധയേറ്റാല്‍ ഒരു ചികില്‍സകൊണ്ടും ഫലമില്ലെന്നും വാക്സിന്‍ കൊണ്ടു മാത്രമേ ഇതു തടായാനാവൂ എന്നതും ഇന്നാരും നിഷേധിക്കുമെന്നു തോന്നുന്നില്ല.

വാക്സിന്‍ എടുത്താലും രോഗം വരില്ലേ?

നാം ഇടപെടുന്ന ഒരു പ്രവൃത്തിയും എല്ലായ്പ്പോഴും പൂര്‍ണ്ണമായി സഫലമായെന്നു വരില്ലല്ലോ. പൂര്‍ണ്ണതക്കായുള്ള ഒരു ശ്രമം നടത്താമെന്നല്ലേയുള്ളു. ചുരുക്കമായിമാത്രം ഈ പൂര്‍ണ്ണത കൈവരിക്കാനായെന്നുമിരിക്കും. ഇതു വാക്സിനുകളെ സംബന്ധിച്ചും പ്രസക്തമാണ്. എല്ലാവരിലും എല്ലായ്പ്പോഴും വാക്സിനുകള്‍ ഫലിച്ചെന്നുവരില്ല. ഒരു ജീവജാതിയിലെ ഓരോ വ്യക്തിയും വ്യത്യസ്തരായിരിക്കും എന്നതുകൊണ്ടാണിത്. നമ്മുടെ ആകൃതിയും പ്രകൃതിയുമെന്നതുപോലെ ശരീരത്തിന്‍റെ സൂക്ഷ്മധര്‍മ്മങ്ങളും കോശങ്ങളിലെ ജീനുകളാല്‍ നിയന്ത്രിതമാണല്ലോ. (ഓരോ കോശങ്ങളും ചെയ്യേണ്ട കാര്യങ്ങള്‍ അതിനെക്കൊണ്ട് ചെയ്യിക്കാനുള്ള നിര്‍ദ്ദേശമടങ്ങിയ കോശകേന്ദ്രത്തിലെ ഡി.എന്‍.എ. എന്ന നീണ്ടതന്മാത്രയുടെ ഒരു ഭാഗമാണ് (ളൗിരശേീിമഹ ൗിശേ) ജീന്‍.) പ്രതിരോധ സംവിധാനത്തിലടങ്ങിയിരിക്കുന്ന കോശനിരകളുടെ വൈപുല്യവും അവയുത്പ്പാദിപ്പിക്കുന്ന രാസികങ്ങളുടെ ബാഹുല്യവുമൊക്കെ വച്ചുനോക്കുമ്പോള്‍ ഇതെല്ലാം കൃത്യതയോടെ മുന്നോട്ടു നീങ്ങി വിജയകരമായിത്തീരുന്നതാണ് നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തുക. എന്നാല്‍ ഇതില്‍ പാകപ്പിഴകളുണ്ടാവുന്നത് വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍മാത്രവും.
വാക്സിന്‍ ഫലിക്കാതെ വരുന്നതിന് പല കാരണങ്ങളുണ്ട്
വാക്സിനുകള്‍ നല്‍കുന്നതിനുള്ള പ്രായം നിശ്ചയിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇതില്‍ ഏറ്റവും പ്രധാനമായവ രണ്ടാണ്. ആദ്യമായി ഈ രോഗം സധാരണയായി ബാധിക്കാനിടയുള്ള ഏറ്റവും കുറഞ്ഞ പ്രായം. രണ്ട്, അമ്മയില്‍നിന്നും ഗര്‍ഭാവസ്ഥയില്‍ ലഭിച്ചിട്ടുള്ള പ്രതിരോധ വസ്തുക്കളുടെ സാന്നിദ്ധ്യം. അമ്മക്കു വന്നിട്ടുള്ള പലരോഗങ്ങളുടെയും പ്രതിവസ്തുക്കളുടെ സാന്നിദ്ധ്യം കുഞ്ഞിനെ താല്‍ക്കാലികമായെങ്കിലും രോഗബാധയില്‍നിന്ന് സംരക്ഷിക്കാനുതകിയേക്കും. പക്ഷെ രോഗം തടയാനാവുന്നതുപോലെ വാക്സിന്‍ രൂപത്തില്‍ നല്‍കുന്ന വസ്തുക്കളെയും നശിപ്പിക്കാനിവക്കാകും. ഒരുദാഹരണം കൊണ്ടിതു വ്യക്തമാക്കാം. അഞ്ചാമ്പനിക്കുള്ള വാക്സിന്‍ നമ്മുടെ നാട്ടില്‍ സാധാരണയായി നല്‍കുന്നത് ഒന്‍പതുമാസം പ്രായമാകുമ്പോഴാണ്. എന്നാല്‍ ഈ സമയമാകുമ്പോഴേക്ക് എല്ലാ കുഞ്ഞുങ്ങളുടെയും ശരീരത്തില്‍ നിന്ന് അമ്മയില്‍നിന്നും ലഭിച്ച പ്രതിവസ്തുക്കള്‍ അപ്രത്യക്ഷമായിട്ടുണ്ടാകില്ല. അങ്ങനെയുള്ളവരില്‍ വാക്സിനിലുള്ള ശോഷിത വൈറസ്സുകളെ ഇവ നശിപ്പിക്കുന്നു. അവര്‍ക്ക് പ്രതിരോധമുണ്ടാകുന്നുമില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഒന്‍പതുമാസം പ്രായമാകുമ്പോഴേക്കും കുഞ്ഞുങ്ങളില്‍ അഞ്ചാമ്പനി ബാധയുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ അമ്മയില്‍ നിന്നാര്‍ജ്ജിച്ച പ്രതിരോധം അപ്രത്യക്ഷമാകുന്ന ഒരു വയസ്സോ ഒന്നേകാല്‍ വയസ്സോവരെ കാത്തിരുന്നാല്‍ കുറെപ്പേര്‍ക്ക് രോഗം വരും. അതുകൊണ്ട് ഈ സമയത്തെ പ്രതിരോധകുത്തിവെപ്പ് 70 ശതമാനം പേരിലേ ഫലപ്രദമാവുന്നുള്ളു എങ്കിലും ഈ പ്രായമാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ഒരു വയസ്സുകഴിഞ്ഞു നല്‍കിയാല്‍ ഇത് 95 ശതമാനം പേരിലും ഫലിക്കും. പക്ഷെ ഈ താമസം ഒരു ചെറിയ ശതമാനം കുഞ്ഞുങ്ങളെ രോഗത്തിലേക്ക് തള്ളിവിട്ടെന്നും വരാം. ഇതു രണ്ടും തമ്മിലുള്ള സന്തുലിതമായ ഒരു സമീപനമെന്ന നിലക്കാണ് വാക്സിന്‍ ഒന്‍പതാം മാസം നല്‍കുന്നത്.

ഇതല്ലാതെതന്നെ നിരവധി കാരണങ്ങളാല്‍ ഒരാളില്‍ വാക്സിന്‍ ഫലിച്ചില്ലെന്നു വരാം. വ്യക്തിയെ സംബന്ധിക്കുന്നതും വാക്സിനെ സംബന്ധിക്കുന്നതുമായ കാരണങ്ങള്‍ ഇതിനുണ്ടാകാം. വ്യക്തിയുടെ പ്രായം, ജനിതകസവിശേഷതകള്‍ അയാള്‍ക്കുള്ള രോഗങ്ങള്‍ വിശേഷിച്ചും പ്രതിരോധമാന്ദ്യമുണ്ടാക്കുന്നവ, അഥവാ വിവിധ രോഗങ്ങള്‍ക്കായി അങ്ങനെ യുള്ള ഔഷധസേവ നടത്തുന്നവര്‍ ഒക്കെ ഇക്കൂട്ടത്തില്‍ പരിഗണിക്കേണ്ടവയാണ്. വാക്സിന്‍റെ ഉല്‍പ്പാദനംമുതല്‍ ഉപഭോഗംവരെ തുടരേണ്ട ശീതശൃംഘലയിലുണ്ടാകൂന്ന വിടവു വാക്സിന്‍റെ ഗുണത്തെ ബാധിക്കാം. ഇങ്ങനെയുള്ള കാരണങ്ങളൊന്നുമില്ലാതെതന്നെ ചിലര്‍ക്ക് വാക്സിന്‍ ഫലിക്കാതെ വരാം. എന്നാല്‍ മിക്കവാറുമെല്ലാ വാക്സിനുകളെ സംബന്ധിച്ചും ഇത് ഒരു ചെറുശതമാനം മാത്രമായിരിക്കും. രോഗസാദ്ധ്യതയുള്ള പ്രായക്കാരെല്ലാവരും വാക്സിനെ ടുക്കുമ്പോള്‍ ഇത് അഗണ്യമായിരിക്കും, എടുത്തുപറയത്തക്ക പൊതുജനാരോഗ്യ പ്രാധാന്യം ഇതിനുണ്ടായിരിക്കുകയുമില്ല.

വാക്സിനുകള്‍ക്ക് മുന്‍പുതന്നെ രോഗങ്ങള്‍ നിയന്ത്രണ വിധേയമായിതുടങ്ങിയിരുന്നു, പൊതുജീവിത നിലവാരം മെച്ചപ്പെട്ടതിന്‍റെ ഖ്യാതി വൈദ്യശാസ്ത്രം തട്ടിയെടുക്കുന്നു!

പല രോഗങ്ങളും ജീവിത നിലവാരം മെച്ചപ്പെട്ടതിന്‍റെ ഫലമായി കുറഞ്ഞിട്ടുണ്ട്, പലതും അപ്രത്യക്ഷമായിട്ടുമുണ്ട്. പ്ലേഗും കോളറയും ടൈഫോയ്ഡും ടൈഫസ്സുമൊക്കെ ഇത്തരത്തിലുള്ളവയാണ്. പോളിയോ, ഹെപ്പറ്റൈറ്റിസ് എ മുതലായവയുടെ കാര്യത്തില്‍ അവയുടെ വ്യാപനത്തിന്‍റെ രീതിയിലും അതു ബാധിക്കുന്നവരുടെ പ്രായത്തിലുള്ള വ്യത്യാസവുമൊക്കെയാണിത് പ്രകടമായിട്ടുള്ളത്. ഈ രോഗങ്ങള്‍ ശൈശവത്തില്‍നിന്നു കൌമാരത്തിലേക്കു മാറുകയും അവ മൂലമുള്ള സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിച്ച തരത്തിലാവുകയും ചെയ്തിട്ടുണ്ട്. അവയൊന്നും അപ്രത്യക്ഷമായിട്ടില്ല. അതേ സമയം വില്ലന്‍ചുമ, ടെറ്റനസ്, ഡിഫ്തീരിയ മുതലായവ മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങളുടെയുമൊക്കെ ഫലമായി അളവില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലാതായിട്ടില്ല, വാക്സിനില്ലെങ്കില്‍ ഇവയൊക്കെ തിരിച്ചുവരുന്ന ഉദാഹരണങ്ങള്‍ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭംവരെ പോളിയൊ അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ മിക്കവാറും സ്ഥിരമായി സമൂഹത്തില്‍ നിലനിന്നിരുന്നതാണ്. രോഗബാധകള്‍ക്ക് കാലികമായ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാമെങ്കിലും. അങ്ങനെ വരുമ്പോള്‍ ശൈശവത്തില്‍ത്തന്നെ അധികം പേരെയും ബാധിക്കുന്നു. ഈ പ്രായക്കാരിലാകട്ടെ കൌമാരക്കാരെയും മുതിര്‍ന്നവരെയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്‍റെ തളര്‍ച്ചാസാദ്ധ്യതയും (ുമൃമഹ്യശെെ) മരണസാദ്ധ്യതയും ഗണനീയമായതോതില്‍ കുറവായിരിക്കും. എന്നാല്‍ ശുചിത്വവും കുടിവെള്ളവുമൊക്കെ മെച്ചപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തോടെ രോഗത്തിന്‍റെ ഈ സ്വഭാവത്തിനു മാറ്റം വരികയും അതു കൂടുതലും കൗമാരക്കാരിലും മുതിര്‍ന്നവരിലും ആയിത്തീരുകയും ചെയ്തു, ശിശുക്കളില്‍ രോഗബാധയേല്‍ക്കുന്ന ആയിരത്തിലൊരാള്‍ക്ക് തളര്‍ച്ച (ുമൃമഹ്യശെെ) സംഭവിക്കാമെങ്കില്‍ രണ്ടാമതുപറഞ്ഞ വിഭാഗക്കാരില്‍ ഇത് നൂറിലൊന്നോ അന്‍പതിലൊന്നോ ആയി ഉയരാം. അതായത് രോഗം ബാധിക്കുന്നവരിലെ എണ്ണത്തില്‍ കുറവു വന്നാലും അതിന്‍റെ ഫലമായുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കൂടുതലാവുകയാണുണ്ടായത് എന്നു ചുരുക്കം. ഒരു പരിധിവരെ ഈ സ്വഭാവം ഹെപ്പറ്റൈറ്റിസ് എ യും പ്രകടിപ്പിക്കാറുണ്ട്. കേരളത്തില്‍ത്തന്നെ മൂന്നോനാലോ പതിറ്റാബുമുന്‍പ് മിക്കവാറുമെല്ലാവരെയും ബാധിക്കുന്ന ഒന്നായിരുന്നു ഹെപ്പറ്റൈറ്റിസ് എ. ഇതും ചെറുപ്രായക്കാരില്‍ അധികപങ്കും ഒരു നിസ്സാരരോഗമായി വന്നുപോവുകയാണ് പതിവ് (ഇതൊരു സാര്‍വത്രിക നിയമമൊന്നുമല്ല, ഈ പ്രായക്കാരിലും സങ്കീര്‍ണ്ണതകളും മരണംപോലുമുണ്ടാകാം, പക്ഷെ വിരളമെന്നുമാത്രം). എന്നാല്‍ ശുചിത്വ കുടിവെള്ള സംവിധാനങ്ങളിലുണ്ടായ മാറ്റം മൂലവും സ്കൂള്‍പ്രായത്തിലൊക്കെ കുട്ടികള്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുന്നതുമൂലവും ഈ രോഗം സധാരണമല്ലാതായി. പക്ഷെ ഇവര്‍ മുതിര്‍ന്നശേഷം പഠനാര്‍ത്ഥമോ ജോലി സംബന്ധമായോ ഹോസ്റ്റലുകളിലേക്കും മറ്റും താമസം മാറ്റുമ്പോള്‍ സ്ഥിതി മാറുന്നു, ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയുമുള്ള രോഗബാധകള്‍ സാധാരണമാവുന്നു. ഈ പ്രായക്കാരില്‍ ഉയര്‍ന്ന മരണനിരക്കും സ്ഥായീസ്വഭാവവും (രവൃീിശരശ്യേ) പ്രകടമാവുകയും ചെയ്യും. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി ഹെപ്പറ്ററ്റിസ് എ രോഗബാധകളുബായിട്ടുണ്ട് (ലുശറലാശരെ).

പെന്‍റാവാലന്റ് വാക്സിന്‍ വിവാദങ്ങള്‍

1974ല്‍ ഇ.പി.ഐ. (ഋജക) എന്ന പേരില്‍ ലോകത്തൊട്ടാകെ ഒരു വാക്സിന്‍ പദ്ധതി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ഇന്ത്യ 1978ല്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യം ഉണ്ടായിരുന്ന വാക്സിനുകള്‍ ക്ഷയരോഗത്തിനുള്ള ബിസി.ജി., പിള്ളവാതത്തിനുള്ള ഒ.പി.വി, വില്ലന്‍ചുമ, റ്റെറ്റനസ്, ഡിഫ്ത്തീരിയ, എന്നിവക്കുള്ള ഡി.പി.റ്റി.യും റ്റൈഫോയിഡ് വാക്സിനും ആണ്. പിന്നീടു റ്റൈഫോയിഡ് വാക്സിന്‍ ഉപേക്ഷിച്ചു അഞ്ചാംപനിക്കുള്ള വാക്സിന്‍ ഉള്‍പ്പെടുത്തുകയും പദ്ധതിയെ 1985ല്‍ യൂനിവേര്‍സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (ഡകജ) എന്നു പുനര്‍നാമകരണം ചെയ്യുകയും ഘട്ടം ഘട്ടമായി ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.
ഇതിനിടെ ഈ അടിസ്ഥാന വാക്സിനുകള്‍ക്കു പുറമേ പല വാക്സിനുകളും ആവിഷ്ക്കരിക്കപ്പെടുകയും അവയില്‍ പലതും ഒട്ടേറെ രാജ്യങ്ങള്‍ അവരുടെ സാര്‍വത്രിക വാക്സിന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതില്‍ എറ്റവും പ്രധനപ്പെട്ട ഒന്നാണ ് ഹെപ്പറ്റൈറ്റിസ് ബി. രോഗാണുക്കള്‍ മൂലമുള്ള മഞ്ഞപ്പിത്തത്തിന്‍റെ സുപ്രധാന കാരണങ്ങളിലൊന്നാണിത്. നവജാതശിശുക്കളെ ബാധിക്കുമ്പോള്‍ 90% വരെ കുഞ്ഞുങ്ങളില്‍ ഇതിന്‍റെ വൈറസുകള്‍ തങ്ങിനില്‍ക്കാനും പില്‍ക്കലത്ത് കരളിന്‍റെ സിറോസിസ്, ക്യാന്‍സര്‍ മുതലായവക്കു കാരണമാകാനും സാദ്ധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധമൂലം ഒരുവര്‍ഷം ലോകത്തൊട്ടാകെ ആറു ലക്ഷത്തോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. നവജാതശിശുക്കളെ ബാധിക്കുമ്പോഴാണ് ഇതു കൂടുതല്‍ ഗൗരവതരമാകുന്നതെന്നു പറഞ്ഞുവല്ലോ, അതുകൊണ്ട് ഇതിനുള്ള വാക്സിന്‍റെ ആദ്യ ഡോസ് പ്രസവാനന്തരം ഉടന്‍ തന്നെയാണ് കൊടുക്കാറ്.
അതിനുശേഷം വ്യാപകമായി ഉപയോഗത്തിലുണ്ടായ മറ്റൊരു വാക്സിനാണ് ഹിബ് വാക്സിന്‍. ഹിബ് എന്നത് ഹീമൊഫിലസ് ഇന്‍ഫ്ളുവന്‍സെ ബി എന്നറിയപ്പെടുന്ന ബാക്ടീരിയയാണ്. ഒരു വയസ്സില്‍താഴെയുള്ള കുട്ടികളിലാണിത് ഗൗരവതരമായ മസ്തിഷ്ക്കാണുബാധ (മെനിഞ്ജൈറ്റിറ്റിസ്) നിമോണിയ, അസ്തിപഴുപ്പ് (ീലെേീാ്യലഹശശേെ) തുടങ്ങിയവയുണ്ടാക്കുന്നത്. മെനിഞ്ജൈറ്റിറ്റിസ് ബാധിക്കുന്ന കഞ്ഞുങ്ങളില്‍ മൂന്നിലൊന്നുപേര്‍ മരിക്കുന്നു, മൂന്നിലൊന്നുപേര്‍ കടുത്തവൈകല്യങ്ങളോടെ രക്ഷപ്പെടുന്നു. ബാക്കി മൂന്നിലൊന്നുപേര്‍ പ്രകടമായ പ്ര്ശ്നങ്ങളില്ലാതെ രക്ഷപ്പെടുന്നു. രണ്ടുദാശാബ്ദമായി ഇതിനെതിരായ ഫലപ്രദമായ വാക്സിന്‍ ലഭ്യവുമാണ്.
2009ല്‍ ഇന്ത്യാഗവണ്മെന്‍റ ് ഹിബ് വാക്സിന്‍ പെന്‍റവാലന്‍റ ് രൂപത്തില്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‍റെ ശാസ്ത്രീയതയും സാങ്കേതിക സാദ്ധ്യതയും പരിശോധി ക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (കഇങഞ) ചുമതലപ്പെടുത്തി. ഐ.സി.എം.ആര്‍. ഇതിനായി ഒരു കമ്മറ്റി രൂപീകരിക്കുകയും അതിന്‍റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇമ്മ്യൂണൈസേഷനായുള്ള ദേശീയ ഉപദേശക സമിതി (ചഠഅഏക) ഏകകണ്ഠമായി ഈ വാക്സിന്‍ ഇന്ത്യയില്‍ നടപ്പാക്കേണ്ടതാണെന്നു തീരുമാനിക്കുകയും ചെയ്തു. വാക്സിന്‍ സുരക്ഷിതത്വം സംബന്ധിച്ചുള്ള ഉത്ക്കണ്ഠകള്‍ ചിലരെങ്കിലും ഉയര്‍ത്തി യിരുന്നതിനാല്‍ വാക്സിനുകളുടെ അസ്വീകാര്യപ്രതികരണങ്ങള്‍ പഠിക്കാനുള്ള സംവിധാനം മെച്ചപ്പെടുത്തണമെന്നും ഈ കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. വാക്സിന്‍ നടപ്പാക്കിയതോടൊപ്പം അതും പ്രാവര്‍ത്തികമാക്കി. 1987ലാണ് ഹിബ് വാക്സിന് അമേരിക്കയില്‍ ആദ്യമായി ലൈസന്‍സു കൊടുക്കുന്നത്. 1997ല്‍ 31 രാജ്യങ്ങള്‍ ഹിബ് വാക്സിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കില്‍ 2013 മാര്‍ച്ചോടെ അത് 184 ആയി.
അങ്ങനെയാണ് 2011ല്‍ ഇന്ത്യയില്‍, കേരളത്തിലും തമിഴ്നാട്ടിലും ഈ വാക്സിന്‍ സാര്‍വത്രിക വാക്സിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നമ്മുടെ നാട്ടില്‍ നാലഞ്ചുവര്‍ഷം മുന്‍പുതന്നെ സ്വകാര്യമേഖലയിലും പല സര്‍ക്കാര്‍ ആശുപത്രികളിലും ആശുപത്രി വികസന സമിതികള്‍ മുഖേനെയും ഈ വാക്സിന്‍ കൊടുത്തുവരുന്നുണ്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഈ വാക്സിനെതിരായുയര്‍ന്നുവന്ന സുരക്ഷാ സംബന്ധിയായ ഉത്കണ്ഠകളും ആരോപണങ്ങളും കഴമ്പില്ലാത്തതായിരുന്നു. ഈ സമയത്ത് വാക്സിന്‍ നല്‍കാന്‍തുടങ്ങിയ ശ്രീലങ്കയിലും വിയറ്റ്നാമിലും പാകിസ്താനിലുമൊക്കെ ഉയര്‍ന്നുവന്ന, വാക്സിന്‍ മരണങ്ങളുണ്ടാക്കിയെന്ന ആരോപണങ്ങള്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ അന്വേഷിച്ച് അവ വാക്സിനുകളുമായി ബന്ധപ്പെട്ടവയല്ലെന്നും കണ്ടെത്തിക്കഴിഞ്ഞിരുന്നു.

പെന്‍റാവലന്‍റും മരണങ്ങളും

കേരളത്തില്‍ പെന്‍റാവലന്‍റ ് വാക്സിന്‍ ആരംഭിച്ചശേഷം വാക്സിന്‍ ലഭിച്ച കുട്ടികളിലുണ്ടായ മരണങ്ങള്‍ വാക്സിന്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നുവരികയുണ്ടായത് നമുക്കറിയാമല്ലോ. ഇതു കാര്യകാരണ ബന്ധത്തോടെയുള്ളവയായിരുന്നില്ല എന്നു തുടര്‍പഠനങ്ങളില്‍ ബോദ്ധ്യപ്പെട്ടു. കേരളത്തില്‍ ഒരുവര്‍ഷം ഏതാണ്ട് ആറായിരത്തോളം ശിശുമരണങ്ങള്‍ നടക്കുന്നുണ്ട്. 1000 കുട്ടികള്‍ ജനിക്കുന്നതില്‍ എത്രപേര്‍ ഒരു വയസ്സിനുമുന്‍പു മരിക്കുന്നു എന്നതാണ് ശിശുമരണനിരക്ക്. കേരളത്തിന്‍റെ ശിശു മരണനിരക്ക് 12 ആണ്. അതായത് 5 ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 6,000 കുട്ടികള്‍ ഒരുവയസ്സു തികയുന്നതിനു മുന്‍പു മരിക്കുന്നു എന്നര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ കണക്കെടുത്ത ഒന്നര വര്‍ഷക്കാലയളവില്‍ ഏതാണ്ട് 9,000 കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ടായിരിക്കും. ഈ മരണങ്ങളില്‍ ഏതാണ്ട് 70 ശതമാനവും 28 ദിവസത്തിത്തില്‍ത്താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ്. അപ്പോള്‍ ആകെ നടന്നിട്ടുള്ള മരണങ്ങളില്‍ 3,000-ന ടുത്തു മരണങ്ങള്‍ വാക്സിന്‍ കിട്ടാന്‍ പ്രായമായ കുട്ടികളില്‍ ഈ ഒന്നരവര്‍ഷം നടന്നു. അതില്‍ 80% പേര്‍ വാക്സിന്‍ കിട്ടിയവരാണെങ്കില്‍ 2,400 പേര്‍, അതായത് ഒരുദിവസം 5.34 കുട്ടികള്‍. ഈ മരണങ്ങളുടെ കൃത്യമായ കാരണങ്ങള്‍ പലപ്പോഴും ലഭ്യമല്ല എന്നതാണ് വസ്തുത. അങ്ങനെയൊരു പഠനം നടന്നാല്‍ മാത്രമേ അതില്‍ എത്ര മരണം വാക്സിന്‍ കിട്ടിയവരിലുണ്ടായതിനു സമാനമായതാണെന്നു മനസ്സിലാക്കാനാവൂ. ഇന്ത്യയില്‍ ഒരു പക്ഷെ എല്ലായിടത്തും ഇതൊക്കെത്തന്നെയാണു സ്ഥിതി. 2003ല്‍ ദില്ലിയില്‍ നടത്തിയ ഒരു പഠനത്തില്‍ 449 മരണങ്ങളില്‍ 11 എണ്ണം വ്യക്തമായ കാരണം കണ്ടെത്താനാകാത്തതായി പറഞ്ഞിട്ടുണ്ട്. ഈ മരണങ്ങളെല്ലാം കൃത്യമായി വെളിച്ചത്തുവന്നതും അവ പഠനവിധേയമായതും നേരത്തേ പറഞ്ഞ എ.ഇ.എഫ്.ഐ. സംവിധാനം ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടുകൂടിയാണ്. എ.ഇ.എഫ്.ഐ. – അഡ്വേര്‍സ് ഇവന്‍റ ്സ് ഫോളോവിങ്ങ് ഇമ്മ്യൂണൈസേഷന്‍ – എന്നത് പലരും കരുതുന്നതുപോലെ വാക്സിന്‍റെ പാര്‍ശ്വഫലങ്ങളുടെ ഒരു കണക്കെടുപ്പല്ല. വാക്സിന്‍ ലഭിച്ചവരില്‍ അതിനുശേഷം ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളുടേയും രേഖപ്പെടുത്തലാണ്. എന്തു പ്രശ്നങ്ങളുണ്ടായാലും അതു രേഖപ്പെടുത്തുന്നു. അതു വാക്സിന്‍കൊണ്ടാകാം ആകാതെയുമിരിക്കാം. കാര്യകാരണബന്ധം സ്ഥാപിക്കുന്നതിന് ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. അതു വിശദമായി ചര്‍ച്ച ചെയ്യുക ഇവിടെ സാദ്ധ്യമല്ല. ഇവിടെയും വാക്സിന്‍ കിട്ടിയവരിലുണ്ടായ മരണങ്ങളില്‍ ചിലതുമാത്രമാണ് വ്യക്തമായ കാരണങ്ങളില്ലാത്തത്. അതില്‍ത്തന്നെ മൂന്നു കുട്ടികള്‍ക്കുപെന്‍റാവാലന്‍റ ് വാക്സിന്‍ കിട്ടിയിട്ടുമില്ല.

വാക്സിനുകളും ഓട്ടിസവും

സമൂഹിക ജീവിയായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരാധീനതകളിലൊന്നാണ് മറ്റുള്ളവരുമായി സംവദിക്കാനും സാമൂഹികമായി ഇടപെടാനും കഴിയാതിരിക്കുക എന്നത്. മറ്റുള്ളവരുമായി ആശയവിനിമയത്തിനാകാതെ, സംസാരശേഷി വേണ്ടത്ര വികസിക്കാതെ, അവനവന്‍ലോകത്തു അഭിരമിക്കുന്നതിനിടയാക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം. കാരണം വ്യക്തമല്ലാത്ത ഈ രോഗം കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി കൂടിവരുന്നു എന്ന ഒരു ധാരണ പൊതുവേ നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷേ പലരോഗങ്ങളെ സംബന്ധിച്ചും എന്ന പോലെ പൊതുജനങ്ങള്‍ക്കിടയിലും ഡോക്ടര്‍മാരുടെ ഇടയിലും ഈ രോഗത്തെകുറിച്ചുള്ള വര്‍ദ്ധിച്ച അവബോധം കൂടുതല്‍ രോഗനിര്‍ണ്ണയം നടത്തുന്നതിലെത്തിയിട്ടുണ്ടെന്നത് ഇതിനു കാരണമായി ചൂബിക്കാണിക്കാറുണ്ട്. അതല്ല വിശദീകരിക്കാനാവാത്ത കാരണങ്ങളാല്‍ കൂടിവരുന്നു എന്നും വരാം. ജനിതക കാരണങ്ങളാണിന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. കാരണം പ്രകടമല്ലാത്തപ്പോള്‍ എല്ലാത്തരം അഭ്യൂഹാധിഷ്ടിത സിദ്ധാന്തങ്ങളും ആവിഷ്ക്കരിക്കപ്പെടുക സ്വാഭാവികമാണ്. അതിന്‍റെയൊക്കെ പ്രണേതാക്കള്‍ക്കു അവരവരുടെതായ തെളിവുകള്‍ നിരത്താനായെന്നും വരാം. അതൊന്നുംതന്നെശാസ്ത്രത്തിന്‍റെ സൂക്ഷ്മാവലോകനത്തിനു മുന്‍പില്‍ നിലനില്‍ക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല എന്നു മാത്രം.
ഇത്തരത്തിലൊരു സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്ത ആളാണ് ബ്രിട്ടണിലെ റോയല്‍ഫ്രീ ഹോസ്പിറ്റലില്‍ സര്‍ജനായിരുന്ന ആന്‍ഡ്രു വേക്ഫീല്‍ഡ്. അദ്ദേഹം 1998ല്‍ വിഖ്യാത വൈദ്യശാസ്ത്ര മാസികയായ ലന്‍സെറ്റില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കുട്ടികളില്‍ ഉപയോഗിക്കുന്ന എം.എം.ആര്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്ന അഞ്ചാമ്പനി ഘടകം അന്നനാളത്തിന്‍റെ ആന്തരികസ്തരത്തിനു ചോര്‍ച്ചയുണ്ടാക്കുമെന്നും അതുവഴി ഇതിലെ മാംസ്യങ്ങള്‍ മസ്തിഷ്ക്കത്തിലെത്തി അതിനു തകരാറുകളുണ്ടാക്കുന്നു എന്നതായിരുന്നു അതിന്‍റെ രത്നച്ചുരുക്കം. ഈ സങ്കല്പത്തിലേറെയും ഗവേഷണഫലങ്ങള്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന്‍റെ ഊഹം മാത്രമായിരുന്നു. കൂട്ടത്തില്‍ ഇത് ഓട്ടിസത്തിനു കാരണമാവുമെന്നും അദ്ദേഹം ഊഹിച്ചു, പത്രസമ്മേളനവും നടത്തി. ലാന്‍സെറ്റില്‍ പ്രസിദ്ധീകൃതമായെന്നതുകൊണ്ടും അറിയപ്പെടുന്ന ഒരു ഗവേഷകന്‍ എന്ന നിലക്കും മാദ്ധ്യമങ്ങള്‍ ഇതിനു വലിയ പ്രാധാന്യമാണ് നല്‍കിയത്. ഓട്ടിസത്തിനു കാരണം തേടിയിരുന്നവര്‍ ആഘോഷപൂര്‍വ്വം ഇതു കൊണ്ടാടി. എം.എം.ആര്‍. വാക്സിന്‍ എടുക്കുകയും പിന്നീടു ഓട്ടിസം കണ്ടെത്തുകയും ചെയ്തവര്‍ നഷ്ടപരിഹാരത്തിനായി കോടതികളെ സമീപിക്കാനാരംഭിച്ചു. ബ്രിട്ടനിലും അമേരിക്കയിലും വാക്സിന്‍ ഉപയോഗം ഗണ്യമായി കുറയുകയും വാക്സിന്‍മൂലം തടയാവുന്ന രോഗങ്ങള്‍ പലതും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചുവരാനും തുടങ്ങി. മരണങ്ങള്‍ പോലും ഉണ്ടായി. അധികം വൈകാതെ ഈ ശാസ്ത്രലേഖനത്തിന്‍റെ കള്ളി വെളിച്ചത്തായി. അതിനു ഉപകരണമായി വര്‍ത്തിച്ചത് ബ്രിട്ടനില്‍ത്തന്നെ സണ്‍ഡെ റ്റൈംസില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രയാന്‍ ഡിയര്‍ എന്ന പത്രപ്രവര്‍ത്തകനും. ഈ പഠനം നടത്തിയ കുട്ടികളില്‍ അഞ്ചുപേരും എം.എം.ആര്‍. ഓട്ടിസം ഉണ്ടാക്കുന്നു എന്നു പറഞ്ഞു കോടതിയെ സമീപിച്ചവരായിരുന്നു. ഈ കേസുകള്‍ വാദിച്ചിരുന്ന റിച്ചാര്‍ഡ് ബാറില്‍നിന്ന് വേക്ഫീല്‍ഡ് 8 ലക്ഷം അമേരിക്കന്‍ ഡോളര്‍ പഠനത്തിനായി കൈപ്പറ്റുകയും ചെയ്തതായി ഡിയര്‍ കണ്ടെത്തി. നിയമ നടപടികള്‍ക്കു ശക്തി പകരാന്‍ നടത്തിയ ഒരു ഗവേഷണം! ശാസ്ത്രലോകത്തെയും, വിഖ്യാതമായ മാസികയെയും ഒക്കെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമം, ഇതായിരുന്നു വാക്സിന്‍ ഉപയോഗത്തിലും വാക്സിന്‍ പ്രതിരോധ്യ രോഗനിരക്കിലും ഒക്കെ അനിതരസധാരണമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച പഠനത്തിന്‍റെ രീതി. ഇന്നും പക്ഷെ ഈ പഠനത്തെ മുന്‍നിര്‍ത്തി എം.എം.ആര്‍. ഓട്ടിസം ഉണ്ടാക്കുന്നു എന്നു പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ദുര്‍ലഭമല്ല എന്നതാണ് ഏറെ കഷ്ടം. വിവരങ്ങള്‍ പുറത്തുവന്ന് വൈകാതെ തന്നെ സഹഗവേഷകര്‍ ഈ ഗവേഷണത്തെ തള്ളിപ്പറഞ്ഞു. ലാന്‍സെറ്റ് ലേഖനം പിന്‍വലിച്ചു. ലാന്‍സെറ്റുപോലെ ഒരു ശാസ്ത്ര മാസിക ഒരു ലേഖനം പിന്‍വലിക്കുക എന്നത് വളരെ അസാധാരണമാണ്. ഇതിനൊക്കെ പുറമേ ഗവേഷണത്തിലും വൈദ്യശാസ്ത്ര നൈതികതയിലും ഒക്കെ വ്യക്തമായ പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട വേക്ഫീല്‍ദ് ബ്രിട്ടണിലെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ വിചാരണക്കു വിധേയനായി. കൗണ്‍സില്‍ രജിസ്റ്ററില്‍നിന്നും പേര് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഒരാളെ കൗണ്‍സിലിന്‍റെ രജിസ്റ്റരില്‍ നിന്നും നീക്കുക എന്നാല്‍ അയാള്‍ക്കു ഡോക്ടര്‍ എന്ന നിലയില്‍ പ്രാക്റ്റീസ് ചെയ്യാനുള്ള അവകാശം എടുത്തുകളയുക എന്നാണര്‍ത്ഥം. വളരെ അപൂര്‍വ്വമായി, അസാധരണത്തില്‍ അസാധാരണമായി മാത്രം സംഭവിക്കുന്ന ഒന്നാണിതെന്നോര്‍ക്കണം. അദ്ദേഹത്തിന്‍റെ കുറ്റം എത്ര ഗൗരവതരമായാണ് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടതെന്നാണിതു തെളിയിക്കുന്നത്.
ഇതു കഴിഞ്ഞുവന്ന പ്രധാനപ്പെട്ട ഒരാരോപണമായിരുന്നു ഓട്ടിസത്തിനു കാരണം ബഹുമാത്രാ വാക്സിനുകളില്‍ചേര്‍ക്കുന്ന തയോമെറൊസാല്‍ എന്ന രാസ സംയുക്തം ആണെന്നത്. 1930കളില്‍ ഡി.റ്റി.പി. വാക്സിന്‍ ഉപയോഗത്തിന്‍റെ ഭാഗമായുണ്ടായ ചില മരണങ്ങള്‍ അന്യത്ര സൂചിപ്പിച്ചിരുന്നല്ലോ. അതിന്‍റെ കാരണം പലപ്പോഴായി ഉപയോഗിച്ചിരുന്ന ബഹുമാത്രാവാക്സിന്‍ വയലുകളില്‍ അപകടകരമായ അണുബാധയുണ്ടായതായിരുന്നു. അതിനു പരിഹാരമായാണ് ഒരു അണുനാശകമായ ഈതയില്‍ മെര്‍ക്കുറി സംയുക്തമായ തയോമെറോസാല്‍ വാക്സിനില്‍ ചേര്‍ക്കാനാരംഭിച്ചത്. അന്നുമുതല്‍ പല രാജ്യങ്ങളും ഇതില്ലാത്തതും ഉള്ളതുമായ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. അവയെ ഓട്ടിസവുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഉണ്ടായിട്ടില്ല, ശാസ്ത്രലോകത്തു നിന്നും അങ്ങനെയൊരു സിദ്ധാന്തം ആവിഷ്കൃതമായിട്ടുമില്ല. അതിലുപരി മെര്‍ക്കുറി മൂലമുണ്ടാവുന്ന നാഡീരോഗാവസ്ഥകളും ഓട്ടിസവും തമ്മില്‍ സാമ്യവുമില്ല. എങ്കിലും നേരത്തേ സൂചിപ്പിച്ചപോലെ കാരണം തേടി നടക്കുന്നവര്‍ക്കു കിട്ടിയ ഒരു പിടിവള്ളി അതായിരുന്നു. ശാസ്ത്രീയ പിന്‍ബലമൊന്നുമില്ലാതെ വന്നതെങ്കിലും ഈ സിദ്ധാന്തത്തെ പിന്‍തുണക്കാനും ആളുണ്ടായിരുന്നു, ഇതിന്‍റെ പേരിലും കേസുകള്‍ ആവിര്‍ഭവിക്കുകയും ചെയ്തു.
അങ്ങനെയാണ് 2002 ആയപ്പോഴേക്കും അമേരിക്കയില്‍ മുന്നൂറോളം നഷ്ടപരിഹാരക്കേസുകള്‍ വാക്സിന്‍ ഓട്ടിസമുണ്ടാക്കുന്നു എന്നപേരില്‍ ആവിര്‍ഭവിക്കുന്നത്. ഇതു അധികം വൈകാതെ അയ്യായിരത്തോളമായി. വൈദ്യശാസ്ത്രവിജ്ഞാനമുള്ളവരോ ഡോക്ടര്‍ സമൂഹത്തോടു പക്ഷപാതിത്വമുണ്ടെന്ന് ആരോപണവിധേയരായിട്ടുള്ളവരോ അല്ലാത്ത മൂന്നു ജഡ്ജിമാരടങ്ങിയ ഫെഡറല്‍ക്കോടതി ബഞ്ച് എം.എം. ആര്‍. വാക്സിനോ തൈമെറൊസാലോ ഒറ്റക്കോ കൂട്ടായോ ഓട്ടിസമുണ്ടാക്കുന്നില്ലെന്ന് അസന്നിഗ്ദ്ധമായി വിധിയെഴുതി. ശാസ്ത്രസമസ്യകളുടെ ഉത്തരം കോടതിയില്‍നിന്നുണ്ടാകുന്നത് അഭികാമ്യമെന്നു പറയാനാവില്ല. എന്നാല്‍ ഇവിടെ ഈ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കപ്പെടുകയും അവയൊക്കെത്തന്നെ അടിസ്ഥാനരഹിതമെന്നു കബെത്തുകയുമായിരുന്നു എന്നോര്‍ക്കണം.

റൂബല്ലാ

ഇന്ത്യയില്‍ ഒരു വര്‍ഷം മുപ്പതുലക്ഷം കുട്ടികളാണ് വിവിധ അംഗവൈകല്യങ്ങളോടെ ജനിക്കുന്നത്. ഇവയില്‍ മാരകമായവ മൂന്നു ലക്ഷത്തോളം നവജാതശിശുമരണങ്ങള്‍ക്കു കാരണവുമാവുന്നു. ഇന്ത്യയില്‍ എതാണ്ട് ഒരുലക്ഷം കുട്ടികള്‍ക്കെങ്കിലും പ്രതിവര്‍ഷം ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന റൂബല്ലയുടെ ഫലമായുള്ള കംജനിറ്റല്‍ റൂബല്ല സിന്‍ഡ്രോം (സി.ആര്‍.എസ്) ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അതിലധികം പേരില്‍ പ്രതിരോധിക്കാവുന്ന അന്ധതയുടെയും ബധിരതയുടെയും കാരണമായും ഗര്‍ഭാവസ്ഥയിലുണ്ടാവുന്ന റൂബല്ല കാരണമാവുന്നുണ്ട്. ഈ കണക്കുകളൊക്കെ ഇന്ത്യയിലെയും കേരളത്തിലെയും സാഹചര്യങ്ങളില്‍ ഏതാണ്ട് മതിപ്പുകണക്കുകളാണ്, യാഥാര്‍ത്ഥ്യം ഇതിലും ബൃഹത്തായിരിക്കാനേ ഇടയുള്ളു.
ജന്മവൈകല്യങ്ങള്‍ രണ്ടു വിധത്തിലുണ്ട്. തടയാനാകാത്ത ജനിതകകാരണങ്ങളാലും തടയാനാവുന്ന രോഗപോഷണ പ്രശ്നങ്ങളാലും ഉണ്ടാവുന്നവ. ഗര്‍ഭിണിയാവുന്നതിനു മുന്‍പാരംഭിക്കുന്ന ഫോളിക് ആസിഡ് ഉപയോഗം, അയഡിന്‍ കുറവുകാണുന്ന സ്ഥലങ്ങളില്‍ അതു നേരത്തെ കണ്ടെത്തി ചികില്‍സിക്കുക ഒക്കെ വൈകല്യ പ്രതിരോധത്തിനായി അനുവര്‍ത്തിച്ചു വരുന്ന രീതികളാണ്. മറ്റൊരു പ്രധാന ഇടപെടല്‍ സാംക്രമികരോഗങ്ങളായ റൂബല്ല, സിഫിലിസ്, ടോക്സോപ്ലാസ് മോസിസ്, സൈറ്റൊമെഗാലോ വൈറസ് തുടങ്ങിയവ കണ്ടെത്തി ചികില്‍സിക്കുകയോ പ്രതിരോധിക്കുകയോ ആണ്. ഇവയില്‍ എടുത്തുപറയേണ്ടഒന്നാണ് റൂബല്ല. അതിനെതിരായി മാത്രമേ ഈ രോഗങ്ങളില്‍ വാക്സിന്‍ നിലവിലുള്ളു.
റൂബല്ലാ രോഗം നിസ്സാരമാണെങ്കിലും ഗര്‍ഭസ്ഥശിശുക്കളില്‍ അതുണ്ടാക്കുന്ന വൈകല്യങ്ങള്‍ അതീവ ഗൗരവതരമായിരിക്കും. റൂബല്ലയും സമാനമായ വൈറല്‍ രോഗങ്ങളും തമ്മില്‍ തിരിച്ചറിയുക പരിണതപ്രജ്ഞാരായ ഭിഷഗ്വരര്‍ക്കുപോലും പലപ്പോഴും അസാധ്യമായിരിക്കും. ലാബറട്ടറി പരിശോധനയിലൂടെ മാത്രമേ അതിനു കഴിയൂ. അതുകൊണ്ട് ബാല്യത്തിലോ കൗമാരത്തിലോ ഈ രോഗം വന്നവരാണോ എന്ന് ഒരാളെ സംബന്ധിച്ചു പറയുക എളുപ്പമല്ല. അപ്പോള്‍ വിവാഹ പ്രയമെത്തുമ്പോള്‍ ഒരു പെണ്‍കുട്ടി റൂബല്ല പ്രതിരോധം ആര്‍ജ്ജിച്ച ആളാണൊ എന്നറിയാനും സാധ്യമല്ല. കേരളം ഉള്‍പ്പടെ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നടന്നിട്ടുള്ള പഠനങ്ങള്‍ കാണിക്കുന്നത് കൗമാരക്കാരുടെ 30-40 ശതമാനംപേര്‍ റൂബല്ലക്കെതിരായ സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചിട്ടില്ലാത്തവരും അതുകൊണ്ടുതന്നെ രോഗ സാദ്ധ്യതയുള്ളവാരാണെന്നതുമാണ്. ഈ 30% പേരില്‍ മിക്കവാറും എല്ലാവരും വിവാഹിതരാവുകയും ഗര്‍ഭിണികളാവുകയും ചെയ്യുമ്പോഴേക്കു രോഗപ്രതിരോധം ആര്‍ജ്ജിച്ചിരിക്കും എന്ന ധാരണക്ക് ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലമൊന്നുമില്ല. റൂബല്ല രോഗം എന്‍ഡെമിക്കായിരിക്കുന്ന (ഒരു പ്രദേശത്ത് സ്ഥിരമായി ഒരു രോഗം നിലനില്‍ക്കുന്ന അവസ്ഥ) സ്ഥലങ്ങളില്‍ സി.ആര്‍.എസ്. രോഗം ഉണ്ടാകാതിരിക്കുന്നുമില്ല.
എം.എം.ആര്‍. വാക്സിന്‍ എടുത്തവര്‍ക്കിതു വീണ്ടും വേണോ, പ്രശ്നങ്ങളുണ്ടാക്കുമോ എന്നൊക്കെ ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇതെടുത്തവരില്‍ റൂബല്ല പ്രതിരോധം ഉണ്ടാകാം അവരെ കണ്ടെത്തി ഒഴിവാക്കുക പ്രായോഗികമല്ല. മാത്രമല്ല ഒരു മാത്ര വാക്സിന്‍ എല്ലാവരിലും എല്ലായ്പ്പോഴും പ്രതിരോധം സൃഷ്ടിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ് പോലുള്ള സംഘടനകള്‍ ഈ വാക്സിന്‍ രണ്ടു മാത്രകള്‍ നല്‍കേണ്ടതാണെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. രബാമതൊരിക്കല്‍ എടുക്കുന്നതു ദോഷമില്ലെന്നു മാത്രമല്ല നല്ലതാണെന്നു സാരം.

ഉപസംഹാരം

ആധുനിക ശാസ്ത്രത്തിന്‍റെ സാദ്ധ്യതകളെ നിര്‍ല്ലോപം സ്വാംശീകരിച്ചുകൊണ്ടാണ് പാശ്ചാത്യവൈദ്യം വളര്‍ന്നുവന്നത്. വസൂരി വാക്സിനില്‍ ആരംഭിച്ചു പേവിഷവാക്സിനില്‍ അവസാനിച്ച വാക്സിനുകളുടെ ആദ്യ ശതകം ഒരു ശാസ്ത്രീയ ചിന്തയുടെ പ്രായോഗികാവിഷ്ക്കാരം ആയിരുന്നു എന്നു പറഞ്ഞുകൂട. സൂക്ഷ്മാണുശാസ്ത്രത്തെപ്പറ്റിയുള്ള അറിവില്ലാതിരിക്കുകയോ പരിമിതമായിരിക്കുകയോ ചെയ്തിരുന്ന അക്കാലത്ത് അതൊരു അനുഭവമാത്ര പ്രക്രിയയായിരുന്നു എന്നു പറയാം. എങ്കിലും കോടാനുകോടി ജീവന്‍ രക്ഷിക്കാനും ഭൂമുഖത്തുനിന്നുതന്നെ വസൂരിരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഉപകരണം ആവുകയും ചെയ്തതാണല്ലോ വസൂരി വാക്സിന്‍. പേവിഷവാക്സിനും പ്രത്യേക പഠനങ്ങളൊന്നുമില്ലാതെയാണ് ആദ്യമായി സുനിശ്ചിത മരണത്തില്‍നിന്നും രക്ഷ നേടാന്‍ കഴിഞ്ഞ ജോസഫ് മീസ്റ്ററില്‍നിന്നും മറ്റുള്ളവരിലേക്കു വ്യാപകമാകുന്നത്. തുടര്‍ന്നു ആവിഷ്കൃതമാവുന്ന ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് ഘടകങ്ങളടങ്ങിയ ഡി.പി.ടി.യും ഏതാബ് ഇക്കാലത്ത് നിലവില്‍വന്ന ടൈഫോയിഡ്, മഞ്ഞപ്പനി വാക്സിനുകളും എല്ലാംതന്നെ ലാബറട്ടറിയില്‍ നിന്നും നേരെ സമൂഹത്തിലേക്കു എത്തിച്ചേരുകയായിരുന്നു. ശാസ്ത്രത്തിന്‍റെ, വിശേഷിച്ചും സ്റ്റാറ്റിസ്റ്റിക്സിന്‍റെ, രീതിശാസ്ത്രം ഉപയോഗപ്പെടുത്തിയുള്ള ഒരു ഗുണദോഷ വിചാരമോ നിയന്ത്രിത പഠനങ്ങളൊകൂടാതെതന്നെ ചിരപ്രതിഷ്ഠനേടിയവയായിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ആദ്യത്തെ പോളിയോ വാക്സിനായ സാല്‍ക് വാക്സിനിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. ലാബറട്ടറിയിലോ ഗവേഷകരുടെ കുടുംബാംഗങ്ങളിലോ പരീഷിച്ചറിഞ്ഞാല്‍ പോരാ എന്ന തിരിച്ചറിവ് ശാസ്ത്രത്തിനുണ്ടാവുന്നത് അപ്പോഴാണ്. ഏതാണ്ട് ഇരുപതുലക്ഷംപേരാണ് വാക്സിന്‍ ലഭിച്ചവരും ലഭിക്കാത്തവരുമായി ഈ പഠനത്തിലുണ്ടായിരുന്നത്. ഇത്രയും പേരില്‍ പഠിച്ചശേഷം നടപ്പാക്കിയ പരിപാടിയില്‍ത്തന്നെ രണ്ടാഴ്ച്ചക്കുള്ളില്‍ മാരകമായ പ്രശ്നങ്ങള്‍ കണ്ടെത്തി. പക്ഷെ പഠനത്തിന്‍റെ കുറവോ പരിമിതിയോ ആയിരുന്നില്ല അതിനു കാരണം, നേരെമറിച്ചു ഒരു വാക്സിന്‍ നിര്‍മ്മാതാവിന്‍റെ അനവധാനതയായിരുന്നു. പ്രകടമായ വീഴ്ച്ചമൂലം നിര്‍വ്വീര്യമാക്കപ്പെടാത്ത വൈറസുകള്‍ വാക്സിനില്‍ കടന്നുകൂടിയതാണ് അപകടത്തിനു കാരണമായത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അമേരിക്കന്‍ ജനതയുടെ ഒരു പൊതുവികാരമായി ആവിഷ്കൃതമായ ഒരു വാക്സിന്‍റെ കാര്യത്തിലാണിതുണ്ടായതെന്നോര്‍ക്കുമ്പോള്‍ ശാസ്ത്രജ്ഞരിലും ആരോഗ്യ പ്രവര്‍ത്തകരിലും അതുണ്ടാക്കിയ മോഹഭംഗവും നിരാശയും വിവരിക്കാനാകാത്തതാണ്. പക്ഷെ അവര്‍ വാക്സിന്‍ പരിപാടി ഉപേക്ഷിക്കുകയല്ല, പരിമിതികളും വീഴ്ച്ചകളും പരിഹരിച്ചു മുന്നോട്ടു പോവുകയാണുണ്ടായത്. 1954ലെ ഈ സംഭവത്തിനു ശേഷം വാക്സിന്‍ സംബന്ധിയായ ഇത്തരം ഒരു അപകടവും ഈ അറുപതാണ്ടുകള്‍ക്കിടയിലുബയിട്ടില്ല എന്നതാണ് വസ്തുത. തുടര്‍ന്നുണ്ടായവയൊക്കെത്തന്നെ ശാസ്ത്രത്തിന്‍റെ നിഷ്കൃഷ്ട വിലയിരുത്തലിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ തള്ളിപ്പോയ കേവല ആരോപണങ്ങള്‍ മാത്രമായിരുന്നു.

കുടിവെള്ളം, പരിസരശുചിത്വം, പോഷകാഹാരം എന്നിവക്കൊക്കെ പകരംവെക്കാവുന്നതാണ് വാക്സിനുകള്‍ എന്നു ഗൗരവതരമായ വാക്സിന്‍ ചര്‍ച്ചയിലൊരിടത്തും ആരും തന്നെ പറഞ്ഞതായി അറിവില്ല. എന്നാല്‍ സാംക്രമികരോഗ നിയന്ത്രണകാര്യത്തില്‍ ഇതിനൊക്കെ അനുപൂരകമായുണ്ടാകേണ്ട ഒന്നാണ് വാക്സിനുകള്‍ എന്നതാണ് വസ്തുത. ഇതൊക്കെ കഴിഞ്ഞിട്ടുമതി വാക്സിനുകള്‍ എന്ന വാദം സാംക്രമികരോഗ ചരിത്രം അറിയാവുന്ന ആരുംതന്നെ ഉയര്‍ത്തുമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒരു രാജ്യത്തിന്‍റെ ഭരണ സംവിധാനത്തിന്‍റെ അനിവാര്യഘടകങ്ങളാണ്. രാജ്യരക്ഷയും അടിസ്ഥന സൗകര്യ വികസനവുമൊക്കെപ്പോലെ. ഇതു രണ്ടും കൂട്ടിക്കുഴക്കുമ്പോഴാണ് വിവാദമുണ്ടാവുന്നത്. വാക്സിന്‍ പ്രതിരോധ്യ രോഗങ്ങളില്‍ പലതും ഉയര്‍ന്ന ജീവിത നിലവാരം കൈവരിച്ചു എന്നതുകൊണ്ട് മാത്രം അപ്രത്യക്ഷമായിട്ടില്ല എന്നത് വികസിത വ്യവസായവല്‍കൃത രാജ്യങ്ങളിലെ അനുഭവങ്ങളില്‍ നിന്നും സുവ്യക്തമാണ്. ചിലവയുടെ സ്വാഭാവിക പ്രകൃതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും.

ഇന്ത്യന്‍ വാക്സിന്‍ പരിപാടി യുക്തിസഹമല്ല എന്നാണ് മറ്റൊരു വിമര്‍ശനം. പോളിയോക്കെതിരയുള്ള തുള്ളിമരുന്നു വ്യാപകമായതോടുകൂടി ക്യൂബപോലുള്ള രാജ്യങ്ങള്‍ അറുപതുകളില്‍ത്തന്നെ ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്തു. ഇതു വാക്സിന്‍കൊണ്ടുമാത്രം സാധിച്ച ഒന്നായിരുന്നു എന്നത് നിഷ്പക്ഷമതികളെ സംബന്ധിച്ചു നിസ്തര്‍ക്കമായ ഒന്നാണ്. പക്ഷെ വീണ്ടും വിമര്‍ശകര്‍ പോളിയോയെ സാനിറ്റേഷന്‍ പ്രശ്നമായി വിലയിരുത്താനാണ് വ്യഗ്രത കാണിക്കുന്നത്. അതുപോലെ റോട്ടാവൈറസ് രോഗവും സാനിറ്റേഷന്‍ കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല എന്നത് ശാസ്ത്ര ലോകം പരക്കെ അംഗീകരിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ലോകത്തൊട്ടാകെയുള്ള ശിശുമരണങ്ങളില്‍ നിര്‍ണ്ണായകസ്ഥാനം വഹിക്കുന്ന വയറിളക്കരോഗ നിയന്ത്രണത്തില്‍ ഈ വാക്സിനുള്ള സ്ഥാനം ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയവയും അമേരിക്കയിലെ സാംക്രമിക രോഗ നിയന്ത്രണപ്രതിരോധ കേന്ദ്രമായ സി.ഡി.സിയും ഒക്കെ നിര്‍ദ്ദേശിക്കുന്നത്.

എക്സ്പാന്‍ഡഡ് പ്രോഗ്രാം ഓണ്‍ ഇമ്മ്യൂണൈസേഷന്‍ എന്ന പേരില്‍ 1976ല്‍ ആരംഭിച്ചപ്പോള്‍ നിലവിലിരുന്ന ഫലപ്രപ്രദമായ വാക്സിനുകള്‍ ക്ഷയം, ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയൊ, അഞ്ചാമ്പനി എന്നിവക്കെതിരെയായിരുന്നു. ഇവയിലധികവും പേറ്റന്‍റ ് സംരക്ഷണയിലായിരുന്നില്ല എന്നതുകൊണ്ട് ചെലവ് കുറഞ്ഞതുമായിരുന്നു. അന്ന് മെനിഞ്ജൈറ്റിസ്, നിമോണിയ, വയറിളക്കരോഗങ്ങള്‍ എന്നിവ ഇല്ലാതിരുന്നതുകൊണ്ടോ ഗൗരവതരമല്ലാതിരുന്നതുകൊണ്ടോ അല്ല അവ പരിഗണനാര്‍ഹമല്ലാതിരുന്നത്. അന്നും ഇന്നും ലോകത്തൊട്ടാകെ കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ഈ രോഗങ്ങള്‍ മൂലം തന്നെയാണ്. എന്നാല്‍ ഈ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ വാക്സിനുകളൊന്നും അന്ന് നിലവിലില്ലായിരുന്നു. അങ്ങനെയുള്ളവ ഉണ്ടായിരുന്നെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തിയാകുമായിരുന്നു പദ്ധതി ആവിഷക്കരിക്കുമായിരുന്നത് എന്നു ന്യായമായും ഊഹിക്കാവുന്നതാണ്. ഈ രോഗങ്ങള്‍ക്കു വാക്സിന്‍ നിലവിലില്ലാതിരുന്ന ഘട്ടത്തില്‍ നിലവിലുള്ള വാക്സിനുകള്‍ ഉള്‍പ്പെടുത്തി സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ ഒരു പദ്ധതി ആവിഷകരിച്ചു എന്നേ ഉള്ളു. ഇ.പി.ഐ. തുടങ്ങുമ്പോഴേക്കും അതുമൂലം തടയാവുന്ന പല രോഗങ്ങളും വികസിത രാജ്യങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നു, ഒരു പക്ഷെ പോളിയോ ഒഴികെ. എന്നാല്‍ അവയുടെ തിരോഭാവത്തിന്‍റെ അവസാന ഘട്ടത്തിനു വാക്സിനുകള്‍ നിര്‍ണ്ണായക സംഭാവന ചെയ്തുതാനും.
ന്യൂമോകോക്കസ്, ഹിബ്, ഹെപ്പറ്ററ്റിസ് ബി, റൊട്ടാവൈറസ് തുടങ്ങിയവക്കെതിരായ വാക്സിനുകള്‍ നിശ്ചയമായും നമ്മുടെ കുട്ടികളിലെ രോഗാതുരതയും മരണനിരക്കും കുറക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിയുന്ന വയാണ്. ഹെപ്പറ്റൈറ്റിസ് എ, ചിക്കന്‍പോക്സ് എന്നിവക്കും അവയുടേതായ പ്രയോജനം സ്വീകര്‍ത്താക്കള്‍ക്കുണ്ടാകുമെന്നത് നിസ്തര്‍ക്കമാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ സ്ത്രീകളിലെ മുഖ്യക്യാന്‍സറുകളിലൊന്നായ ഗര്‍ഭാശയഗള (രലൃ്ശരമഹ) ക്യാന്‍സറിനെതിരായുള്ള വാക്സിനും ഈ ഗണത്തില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ‘പാരമ്പര്യ’ വാക്സിനുകള്‍ മതി എന്നൊന്നും പറയുന്നതില്‍ ഒരു യുക്തിസഹതയുമുണ്ടെന്നു തോന്നുന്നില്ല. പുതിയവയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പഴയവയുടെ ഉപയോഗം കുറയാന്‍ കാരണമാവുന്നു എന്നതും വലിയ കഴമ്പുള്ള വിമര്‍ശനമൊന്നുമല്ല. വികസിതമായ ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യകളുടെയും പശ്ചാത്തലത്തില്‍ വാക്സിനുകള്‍ ഏറെ ഫലപ്രദവും സുരക്ഷിതവുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്ര വിഷയങ്ങള്‍ വിമര്‍ശനവിധേയമാക്കുമ്പോള്‍ അനിവാര്യമായുംവേണ്ട സന്തുലനം ഉണ്ടാവുന്നുണ്ട് എന്നുറപ്പക്കാനുള്ള ബാദ്ധ്യത നാമേവരും ഏറ്റെടുക്കണം എന്നാണ് അവസാനമായി സൂചിപ്പിക്കാനുള്ളത്.

ലേഖകന്‍ :
ഡോ. പി.എന്‍.എന്‍. പിഷാരടി,
എഫ്.ഐ.എ.പി.

കരുനാഗപ്പള്ളി

മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരള സംസ്ഥാന ശാഖ

മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ലേഖകന്‍റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)