വാക്സിന് പ്രതിരോധ്യ രോഗങ്ങള്‍
ലപ്രദമായ വാക്സിനുകള്‍ നിലവിലുള്ള രോഗങ്ങളാണ് വാക്സിന് പ്രതിരോധ്യ രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെ വാക്സിന് പ്രതിരോധ്യ മരണങ്ങള് എന്നും വിശേഷിപ്പിച്ചു പോരുന്നു.
ലോകാരോഗ്യസംഘടനയുടെ കാഴ്ചപ്പാടില്‍ ദിഫ്തീരിയ, ഹീമോഫിലസ് ഇന്ഫ്ലുവെന്സ ബി, മീസില്‍സ്, ഹെപ്പറ്റൈറ്റിസ് ബി,വില്ലന്‍ ചുമ, മസ്തിഷ്ക്കജ്വരം, മുണ്ടിനീര്, പോളിയോ, കുതിരസന്നി, റുബെല്ല, ക്ഷയം, മഞ്ഞപ്പനി എന്നിവയാണ് വാക്സിന് പ്രതിരോധ്യ രോഗങ്ങളില്‍ പ്രധാനികള്‍. ഏകദേശം ഇരുപത്തിയഞ്ചോളം രോഗങ്ങള്‍ക്കെതിരെ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉള്ള വാക്സിനുകള്‍ ഇന്ന് ലോകത്തു ലഭ്യമാണ്.
രോഗപ്രതിരോധ മേഖലയിലെ ഈ മഹാത്ഭുതങ്ങള്‍ ലോകമെമ്പാടും രണ്ടര മില്യണ്‍ ജീവന് ഓരോ വര്‍ഷവും സംരക്ഷിക്കുന്നുണ്ട്. 100% കവറേജും 100%ഗുണഫലവും ഈ വാക്സിനുകള്‍ക്കു ലഭിച്ചാല്‍ ഇന്ന് വികസ്വരരാജ്യങ്ങളില്‍ സംഭവിക്കുന്ന ഏഴു ശിശുമരണങ്ങളില്‍ ഒരെണ്ണം എങ്കിലും തടയാന്‍ ആകും എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്സിന് പ്രതിരോധ്യ മരണങ്ങളില്‍ 98 ശതമാനവും സംഭവിക്കുന്നത് ഹീമോഫിലസ് ഇന്ഫ്ലുവെന്സ ബി, മീസില്‍സ്, വില്ലന്‍ ചുമ, കുതിരസന്നി എന്നീ രോഗങ്ങള്‍ മൂലമാണ്. ലോകത്താകമാനം ഈ മരണങ്ങള് പൊതുവായി സംഭവിക്കുന്നതിനുള്ള പ്രധാന കാരണം വാക്സിനുകള്‍ എടുക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലായ്മയും ആരോഗ്യ സംവിധാനങ്ങളിലെയ്ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും ആണു. പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലോ? വാക്സിനുകളെ അന്താരാഷ്ട്ര ഗൂടാലോചനാ സിദ്ധാന്തങ്ങളുടെ പൊടിപ്പും തൊങ്ങലും വച്ച മസാലക്കഥകളിലേയ്ക്ക് ബോധപൂര്‍വ്വം കുത്തിത്തിരുകി ചില കുബുദ്ധികള്‍ നടത്തിപ്പോരുന്ന കുപ്രചരണങ്ങളില്‍ വീണുപോകുന്ന ഒരു സമൂഹം ആണു നമ്മുടെ പ്രധാന വെല്ലുവിളി.