മുണ്ടിനീര്

കവിളിന്റെ സമീപത്തുള്ള പരോട്ടിഡ് ഗ്രന്ഥികള്‍ (parotid glands) എന്ന് പേരുള്ള ഉമിനീര്‍ഗ്രന്ധികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം(mumps). ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ് കേരളത്തില്‍ കണ്ടുവരുന്നത്.

ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും, ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. മുണ്ടിനീര് സാധാരണയായി മാരകമല്ല. ലോകത്തിന്റെ ഏതു ഭാഗം എടുത്താലും, വാര്‍ഷിക രോഗ നിരക്ക് (annual incidence rate) ഒരു ലക്ഷം ജനസംഖ്യയില്‍ 100-1000 രോഗികള്‍ എന്നതാണ്. മുണ്ടിനീര് ഓരോ 2-5 വര്‍ഷം കൂടുമ്പോള്‍ പകര്‍ച്ചവ്യാധിയായി പരിണമിച്ച് വളരെ അധികം ആളുകളെ ബാധിക്കുന്നതായി കാണുന്നു.  എന്നാല്‍ ഇത് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത സമൂഹത്തിന്റെ  കാര്യമാണ്.

രോഗകാരണം

Myxovirus parotiditis എന്ന് പേരുള്ള വൈറസുകളാണ് മുണ്ടിനീര് ഉണ്ടാക്കുന്നത്.ഉമിനീരില്‍ നിന്നും, ഉമിനീര്‍ ഗ്രന്ധികളില്‍ നിന്ന് വായിലേക്ക്നീളുന്ന ഗ്രന്ഥിനാളികളില്‍ നിന്നും ഈ വൈറസിനെ വേര്‍തിരിച്ചെടുക്കാം. രോഗിയുടെ രക്തം, മൂത്രം, മുലപ്പാല്‍, തലച്ചോറിലെ cerebrospinal fluid എന്നിവയിലും ഈ വൈറസ്‌ കാണപ്പെടുന്നു.

ആരില്‍ നിന്ന് പകരുന്നു?

രോഗബാധിതരില്‍ 30 മുതല്‍ 40 ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും  തന്നെ കണ്ടെന്നു വരില്ല. എന്നാല്‍ ഇവരില്‍നിന്നും, രോഗലക്ഷണങ്ങള്‍ ഉള്ള ആളുകളില്‍ നിന്നും ഈ വൈറസ്‌ മറ്റുള്ളവരിലേക്ക് പടരുന്നു.

രോഗം പകരാനുള്ള സാധ്യത:

ഉമിനീരിലൂടെയോ, നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ ഈ രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചശേഷം 2-4 ആഴ്ചകള്‍ക്ക് (സാധാരണ 14-18 ദിവസം)  ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.

ആദ്യ രോഗലക്ഷണം കാണുന്നതിനു 4-6 ദിവസം മുന്‍പ് മുതല്‍, രോഗലക്ഷണം കണ്ടുതുടങ്ങി ഒരാഴ്ച വരെ ഒരു രോഗി മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തും. ഇങ്ങനെ ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത 86% വരെയാണ്.

രോഗസാധ്യത ആര്‍ക്കെല്ലാം?

5-9 വയസ്സില്‍ പരോട്ടിഡ് ഗ്രന്ധിക്ക് കാണുന്ന വീക്കം മുഖ്യമായും മുണ്ടിനീര് മൂലമാണ് ഉണ്ടാകുന്നത്. സാധാരണ കുട്ടികളില്‍ കാണുന്ന ഈ അസുഖം, പ്രതിരോധശേഷി കുറഞ്ഞ ആളുകളില്‍ ഏതുപ്രായത്തിലും ബാധിക്കാം. എന്നാല്‍ പ്രായം കൂടിയവരില്‍ അസുഖത്തിന്റെ തീവ്രത കനത്തതായിരിക്കും. രോഗത്തിന്റെ സങ്കീര്‍ണതകളും ഇവരില്‍ കൂടുതലായി കാണപ്പെടാം.

മുലപ്പാലില്‍ നിന്ന് രോഗപ്രതിരോധശേഷിക്കുതകുന്ന ആന്റിബോഡികള്‍ ലഭിക്കുന്നതിനാല്‍, ആറുമാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ മുണ്ടിനീരു സാധാരണയായി കണ്ടുവരുന്നില്ല.

രോഗലക്ഷണങ്ങള്‍

30-40 ശതമാനം പേര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടാവില്ല.
പ്രധാന ലക്ഷണമായി, വേദനയോടുകൂടിയ പരോട്ടിഡ് ഗ്രന്ധിയുടെ വീക്കം ആണ് ഉണ്ടാവുക. ഇത് ഒരുവശത്തോ , ഇരുവശങ്ങളിലുമോ ആവാം. മറ്റ് ഉമിനീര്‍ ഗ്രന്ധികളെയും ഈ അസുഖം ബാധിക്കാം. സാധാരണയായി ആദ്യ ലക്ഷണമായി ചെവി വേദനയാണ് ഉണ്ടാവുക. വീക്കം പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ്, ചിലര്‍ക്ക് വായ തുറക്കാനുള്ള വിഷമവും, വേദനയും ഉണ്ടാകുന്നു. ചിലരില്‍ പനി, തലവേദന, ജലദോഷം എന്നിവയും കാണുന്നു. ഉമിനീര്‍ ഗ്രന്ധിവീക്കം 1-2 ആഴ്ചകൊണ്ട് മാറുന്നു. ഇവയ്ക്കുപുറമേ, ഈ വൈറസ്‌ ബാധിക്കാന്‍ സാധ്യതയുള്ള മറ്റ് അവയവങ്ങള്‍ ആണ് വൃഷണം, പാന്‍ക്രിയാസ്, തലച്ചോര്‍, അണ്ഡാശയം, പ്രോസ്റ്റേറ്റ് എന്നിവ.

പാര്‍ശ്വഫലങ്ങള്‍/ പ്രത്യാഘാതങ്ങള്‍

 1. വൃഷണ വീക്കം: ഉമിനീര്‍ ഗ്രന്ധിക്ക് പുറമേ ഈ രോഗാണു ഏറ്റവുമധികം ബാധിക്കുന്നത് വൃഷണങ്ങളെയാണ്. വേദന, വീക്കം  എന്നിവയാണ് ലക്ഷണം. മുണ്ടിനീര് ബാധിക്കുന പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 20-40% പേര്‍ക്ക് വൃഷണവീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുണ്ടാകുന്ന 75% പേര്‍ക്കും ഒരു വശത്ത് മാത്രമേ വീക്കം ബാധിക്കുകയുള്ളൂ. മുണ്ടിനീരുമൂലം ഉണ്ടാകുന്ന വൃഷണവീക്കം, വന്ധ്യതയിലെയ്ക്കു നയിക്കുന്നതായി നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
 2. അണ്ഡാശയത്തിലെ വീക്കം: അസുഖം ഉണ്ടാകുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍5% പേര്‍ക്ക് ഇതുണ്ടാകുന്നു. അടിവയറ്റില്‍ വേദനയാണ് ലക്ഷണം.
 3. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വീക്കം: വയറിനു മുകള്‍ഭാഗത്തെ വേദന,ഓക്കാനം,  ചര്‍ദ്ദി എന്നിവ ഉണ്ടായാല്‍ ഈ സങ്കീര്‍ണ്ണത ഇല്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തണം.
 4. മെനിഞ്ചൈറ്റിസ്: തലച്ചോറിന്റെ ആവരണത്തിന്റെ അണുബാധ.15% പേരില്‍ കാണുന്നു.
 5. എന്‍സെഫലൈറ്റിസ്:തലച്ചോറില്‍ തന്നെയുള്ള അണുബാധ. 0.02-0.03% പേര്‍ക്കെ ഈ സ്ഥിതി ഉണ്ടാകാന്‍ സാധ്യത ഉള്ളു.
 6. ബധിരത: ഒരുലക്ഷം രോഗികളില്‍ അഞ്ചുപേര്‍ക്ക് സാധ്യത.
 7. സന്ധിവീക്കം/arthritis
 8. ഹൈഡ്രോകെഫാലസ്: തലച്ചോറിന്റെ അറകളില്‍ വെള്ളം കെട്ടുന്ന അവസ്ഥ.
 9. മറ്റു ഞരമ്പുകളെ ബാധിച്ച്cerebellar ataxia, facial palsy, transverse myelitis എന്നിങ്ങനെ പല അവസ്ഥകള്‍ ഉണ്ടാകാം.

ഗര്‍ഭിണികളില്‍ മുണ്ടിനീര്‍ ഉണ്ടായാല്‍, ഗര്‍ഭസ്ഥ ശിശുവില്‍ അംഗവൈകല്യങ്ങള്‍ ഉണ്ടാകുന്നതായി തെളിവില്ലെങ്കിലും, ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസത്തില്‍ ആണെങ്കില്‍ ഗര്‍ഭം അലസാനുള്ള സാധ്യത 25% ആണ്.

ചികിത്സ

പ്രത്യേക ചികിത്സ ഇല്ല. രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് പ്രതിവിധി സ്വീകരിക്കുകയും, സങ്കീര്‍ണതകളെ തടയുകയും അവയെ നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുകയും വേണം. രോഗപകര്‍ച്ച തടയാന്‍, രോഗിയെ വീടിനുള്ളില്‍ തന്നെ പരിചരിക്കണം. വേണ്ടത്ര വിശ്രമം, ധാരാളം ജലം, ലഘുഭക്ഷണം എന്നിവ ആവശ്യം ഒരുക്കണം. പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങള്‍ ഒന്നുമില്ല.

രോഗപ്രതിരോധം

രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാണ്. 1940കളില്‍ ഉപയോഗിച്ചിരുന്ന മൃത വൈറസ്‌ വാക്സിന്‍ പകരം ഇപ്പോള്‍ ജൈവ നിഷ്ക്രിയ വാക്സിന്‍ ലഭ്യമാണ്. MMR എന്ന ഈ വാക്സിന്‍ അഞ്ചാം പനി, റുബെല്ല , എന്നിവയ്ക്ക് പുറമേ മുണ്ടിനീരിനെയും പ്രതിരോധിക്കുന്നു. ഒന്നേകാല്‍ മുതല്‍ ഒന്നര വയസ്സുള്ള കുട്ടികള്‍ക്കാണ് ഇത് നല്‍കേണ്ടത്.നാല് മുതല്‍ ആറു വയസ്സില്‍ ഒരു അധിക ഡോസ് കൂടെ അവശ്യമാണ്.

ജൈവ വാക്സിനായതിനാല്‍, ഇത് ഗര്‍ഭിണികള്‍ക്കും, പ്രതിരോധശേഷി കുറഞ്ഞ എയിഡ്സ്, കാന്‍സര്‍ മുതലായ രോഗികള്‍ക്കും നല്‍കരുത്.

അവലംബം

 • Nelson Textbook of Pediatrics; 20th
 • Harrison’s Principles of Internal Medicine; 19th
 • IAP Textbook of Pediatrics, Fifth edition.
 • IAP Guidebook on Immunization 2013-2014.
 • Park’s Text Book Of Preventive & Social Medicine 23rd Edition
 • WHO MUMPS

ലേഖകന്‍ ഡോ. പ്രശാന്ത് , വടവുകൊട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ്‌ സര്‍ജന്‍ ആണ്.