വസൂരി

വസൂരി

ചരിത്രാതീതകാലം തൊട്ടേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ വൈറസ് ആയിരുന്നു വേരിയോള, അതായത് വസൂരി അഥവാ സ്മോള്‍ പോക്സിന് കാരണമാവുന്ന വൈറസ്.

ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ  കൊന്നൊടുക്കുകയും, രക്ഷപ്പെടുന്ന പലര്‍ക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിച്ചു കടന്നുപോവുകയും ചെയ്തിരുന്ന ഈ പകര്‍ച്ചവ്യാധി അന്നാളുകളില്‍ മനുഷ്യരുടെ പേടി സ്വപ്നം ആയിരുന്നു.

സാമൂഹികമായും വസൂരി ബാധയുടെ നാളുകള്‍ കറുത്ത ചരിത്രാദ്ധ്യായമാണ്, രോഗബാധിതര്‍ ആവുന്നവര്‍ക്ക് സാമൂഹിക ഭ്രഷ്ട് കല്‍പ്പിച്ചു ഒറ്റപ്പെടുത്തിയിരുന്നു, മരിച്ചു വീഴുന്നവരെ ഒരുമിച്ചിട്ടു അഗ്നിക്കിരയാക്കി, മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാന്‍ താഴ്ന്ന ജാതി എന്ന് കണക്കാക്കപ്പെട്ടവരെ നിയോഗിച്ചു. ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലായിരുന്നു ലോകം അന്ന്.

ശാസ്ത്രം ആദ്യത്തെ വാക്സിന്‍ പ്രയോഗിക്കുന്നത്,അഥവാ വാക്സിനേഷന്‍ എന്ന പ്രക്രിയ തന്നെ കണ്ടെത്തുന്നത് വസൂരിക്ക് എതിരെയാണ്. ആദ്യമായി ഒരു പകര്‍ച്ചവ്യാധി ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റുന്നതും വസൂരിയെയാണ്.

വസൂരിയുടെ ചരിത്രം

വസൂരി ആവിര്‍ഭവിച്ചത് എന്നാണെന്ന് കൃത്യമായി അറിയില്ലയെങ്കിലും ചരിത്രാതീതകാലം തൊട്ടേ വസൂരി ഉണ്ടായിരുന്നു എന്നാണു കരുതുന്നത്.

ചരിത്രത്തിലെ ചില രേഖപ്പെടുത്തലുകള്‍

ലേഖകന്‍ ഡോ.ദീപു സദാശിവന്‍,

കോട്ടയം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ ആണ്.

1350 ബി.സി

ഈജിപ്ഷ്യന്‍ യുദ്ധത്തിനിടയില്‍ വസൂരി പകര്‍ച്ചവ്യാധി ഉണ്ടായി.

1157 ബി.സി

മരിച്ച ഫറവോയുടെ മമ്മിയില്‍ വസൂരിബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി.

430 ബി.സി

ഏതന്‍‌സ് നഗരത്തില്‍ വസൂരി വിപുലമായി ബാധിച്ചുവത്രേ!!

പതിനെട്ടാം നൂറ്റാണ്ട്

യൂറോപ്പില്‍ വര്‍ഷംതോറും 4 ലക്ഷം പേരോളം വസൂരിയാല്‍ മരിച്ചിരുന്നു. മുതിര്‍ന്നവരില്‍ മരണ നിരക്ക് 30% ത്തോളം ആയിരുന്നു, പക്ഷേ കുട്ടികളില്‍ അത് 90%നു മുകളില്‍ ആയിരുന്നു!!!

ഇരുപതാം നൂറ്റാണ്ട്

30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണു കണക്കുകള്‍.

1948

ലോകാരോഗ്യസംഘടന നിലവില്‍ വന്ന ഈ വര്‍ഷം 5 കോടിയോളം ആളുകളെ വസൂരി ബാധിക്കുന്നുണ്ടായിരുന്നുവത്രേ.

1950കള്‍

ഇന്ത്യയില്‍  പ്രതിവര്‍ഷം 1 ലക്ഷത്തോളം ആള്‍ക്കാര്‍  വസൂരി ബാധയാല്‍ മരണപ്പെട്ടിരുന്നു. അനേകം പേര്‍ക്ക് അന്ധത, അംഗവൈകല്യം എന്നിവ വസൂരിബാധയുടെ പരിണിതഫലമായി കൈവന്നു.

1980

വസൂരി എന്ന മാരകരോഗം ഭൂമിയില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്തതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു!!!

എന്താണ് വസൂരി?

വേരിയോള വൈറസ് ഉണ്ടാക്കുന്ന രോഗബാധയാണ് വസൂരി. വേരിയോള മേജര്‍, വേരിയോള മൈനര്‍ എന്നിങ്ങനെ രണ്ടു തരം വൈറസ് ഇതിനു കാരണമാവുന്നുണ്ട്. ഇതില്‍ വേരിയോള മേജര്‍ മൂലമുള്ള രോഗമാണ് കൂടുതല്‍ സാധാരണവും കൂടുതല്‍ മാരകവും, ഇത് ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക്‌ മരണമുണ്ടാവുന്നു. എന്നാല്‍ വേരിയോള മൈനര്‍ ബാധിക്കുന്ന പത്തില്‍ ഒരാളേ മരണപ്പെടുകയുണ്ടായിരുന്നുള്ളൂ.

രോഗം പകരുന്നത് എങ്ങനെ?

രോഗമുള്ള ഒരാളില്‍ നിന്ന് വായുവിലൂടെയാണ് സാധാരണഗതിയില്‍ രോഗാണുക്കള്‍ പകരുന്നത്. രോഗിയുടെ ശരീരസ്രവങ്ങള്‍ പറ്റിയ വസ്തുക്കളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം.

രോഗലക്ഷണങ്ങള്‍

 • രോഗാണുക്കള്‍ ശരീരത്തിലെത്തി 12 ദിവസങ്ങളോളം ആവുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.
 • രോഗിയുടെ ശ്വാസകോശത്തില്‍ എത്തപ്പെടുന്ന വൈറസുകള്‍ ശരീരത്തില്‍ പെറ്റുപെരുകി ഒടുവില്‍ കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാവും.
 • തുടര്‍ന്ന് മുഖത്തു തുടങ്ങി, ശരീരത്തിലാകമാനം കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ആദ്യം തെളിഞ്ഞ നിറം ആണെങ്കിലും പിന്നീട് ഈ കുരുകള്‍ക്ക് ഉള്ളിലെ ദ്രാവകം പഴുപ്പ് ആയി മാറുകയും ചെയ്യും.
 • ഇത് പിന്നീട് കരിയുമ്പോള്‍ ആഴത്തിലുള്ള വടുക്കള്‍ ത്വക്കില്‍ സൃഷ്ട്ടിക്കും.
 • കണ്ണിന്‍റെ കോര്‍ണിയയെ ബാധിക്കുന്നത് മൂലം ചിലരില്‍ ഇത് അന്ധതയ്ക്കു കാരണമാവും.
 • 30% പേരുടെ മരണത്തിനും വസൂരി കാരണമാവും.

ചികിത്സ

വസൂരി വൈറസ് ബാധയക്ക്‌ എതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ചികിത്സ കണ്ടെത്തിയിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ക്ക് അനുശ്രുതമായ ചികിത്സയും, രോഗിക്ക് വേണ്ട ശാരീരിക പരിരക്ഷയും വിശ്രമവുമായിരുന്നു ചികിത്സ.

വാക്സിന്‍ നല്‍കുകയാണ് ശരിയായ പ്രതിരോധമാര്‍ഗ്ഗം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ പോലും, നാല് ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കിയാല്‍ ഫലപ്രദമാവും.

വസൂരി നിര്‍മ്മാര്‍ജ്ജനം എങ്ങനെ സാധ്യമായി?

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിയില്‍ നില നിന്ന ഈ രോഗത്തെ ഒടുവില്‍ ശാസ്ത്രം പിടിച്ചു കെട്ടിയത് മനുഷ്യരാശിയുടെയും അതോടൊപ്പം വാക്സിനുകളുടെയും ചരിത്രത്തിലെ സുവര്‍ണ്ണ നേട്ടമാണ്.

വാക്സിനേഷന്‍ പ്രക്രിയയ്ക്ക് തന്നെ എതിരായി ഒരു ചെറിയ വിഭാഗം ആളുകള്‍ സ്ഥാപ്തിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവാസ്തവ പ്രചാരണങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ വസൂരിയുടെ ചരിത്രത്തിലൂടെ അല്പം പിന്നോട്ട് നടക്കുന്നത് ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്തേക്കാം.

ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പന്ത്രണ്ടു വര്ഷം നീണ്ടു നിന്ന നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തിലൂടെയാണ് വസൂരി വൈറസിനെ ഭൂമിയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തത്. ഇന്നിപ്പോള്‍ അമേരിക്കയിലും റഷ്യയിലും ഉള്ള രണ്ടു ലാബുകളില്‍ മാത്രമാണ് ഈ “വില്ലനെ” സുഷുപ്തിയില്‍ അതീവ ജാഗ്രതയോടെ കര്‍ശന സുരക്ഷാ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

വസൂരി നിര്‍മ്മാര്‍ജ്ജനം സാധ്യമായതോടെ പ്രതിവര്‍ഷം 50 ലക്ഷത്തോളം ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.

http://www.unicef.org/pon96/hevaccin.htm

ഒരു പക്ഷേ ഇന്നായിരുന്നെങ്കില്‍ വസൂരി നിര്‍മാര്‍ജ്ജനം സാധ്യമാവുകയില്ലായിരുന്നു.

സമാനമായി ഇന്ന് നിര്‍മ്മാര്‍ജ്ജനത്തിനു തൊട്ടരികെ നില്‍ക്കു ഒരു രോഗമാണ് പോളിയോ, എങ്കിലും കുപ്രചാരണങ്ങളും, ഗൂഢാലോചന സിദ്ധാന്തങ്ങളും, വിവാദങ്ങളും മുന്നോട്ടുള്ള പ്രയാണത്തിനു അടിക്കടി തടസ്സം സൃഷ്ടിക്കുന്നു.

എങ്കിലും, ലോകത്ത് 80% കുട്ടികള്‍ക്കും ഇന്ന് പോളിയോയ്ക്ക് എതിരെ ഉള്ള വാക്സിന്‍ നല്‍കപ്പെട്ടു കഴിഞ്ഞു. 1980 ല്‍ പ്രതിവര്‍ഷം 400,000 കേസുകള്‍  ഉണ്ടായിരുന്നത് 1990 കളുടെ പകുതിയോടെ 90,000 ആയി കുറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പള്‍സ് പോളിയോ പോലുള്ള തീവ്രയത്നങ്ങള്‍ ആണ് ആശാവഹമായ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചതിനു പിന്നില്‍.

വാക്സിന്‍ വിരുദ്ധ/സയന്‍സ് വിരുദ്ധ കച്ചവടക്കാരുടെ ഗൂഢാലോചനാ സിദ്ധാന്തത്തിനു ചെറിയ തോതിലെങ്കിലും പ്രചാരണം കിട്ടുന്നതിന്‍റെ പിന്നില്‍ കേള്‍വിക്കാരുടെ ശാസ്ത്രാവബോധം ഇല്ലായ്മ മാത്രമല്ല, ചരിത്രാവബോധം നശിക്കുന്നതും കൂടിയാണ്. ആയതിനാല്‍ വസൂരി നിര്‍മ്മാര്‍ജ്ജനചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ താരതമ്യപഠനം കൂടെ ആവാം.

പതിനെട്ടാം നൂറ്റാണ്ടില്‍ എഡ്വാര്‍ഡ് ജെന്നെര്‍ ആദ്യമായി ഗോവസൂരി പ്രയോഗം പരീക്ഷിച്ചത് ഒരു ബാലനില്‍ ആണ്. അത് വിജയമാണെന്ന് കണ്ട അദ്ദേഹം തന്‍റെ മകന്‍ ഉള്‍പ്പെടെ ഉള്ളവരില്‍ ഇത് പരീക്ഷിച്ചു.

ഇന്നായിരുന്നെങ്കില്‍, ചിലര്‍ മരുന്ന് പരീക്ഷണം എന്നും പറഞ്ഞു അദ്ദേഹത്തെ “ഉന്മൂലനം ” ചെയ്തേനെ. “രോഗം ബാധിച്ച പശുവിന്റെ ശരീരത്തിലെ പഴുപ്പ് എടുത്താണ് ഇയാള്‍ മനുഷ്യരില്‍ കുത്തി വെക്കുന്നത്” എന്ന് വരെ “ഞെട്ടിക്കല്‍ വാര്‍ത്തകള്‍” സംപ്രേക്ഷണം ചെയ്തേനെ!! അതോടെ കാര്യം കഴിഞ്ഞില്ലേ…?

വസൂരി എന്ന മഹാവ്യാധിയുടെ കെടുതികള്‍ കണ്ടും അനുഭവിച്ചും ജീവിച്ച മനുഷ്യര്‍ക്ക്‌ ശാസ്ത്രത്തിന്റെ ഇടപെടലുകളെ നിരാകരിക്കാന്‍ കഴിയുമായിരുന്നില്ല, നിരക്ഷരര്‍ക്ക് പോലും!!. അത് കൊണ്ട് കൂടിയാണ് അത്തരം നിര്‍മ്മാര്‍ജ്ജന ക്യാമ്പയിനുകള്‍ ഫലം കണ്ടത്.

ശാസ്ത്രം പുരോഗമിച്ചതോടെ സാംക്രമിക രോഗങ്ങള്‍ നമ്മുടെ വരുതിക്ക് നില്‍ക്കുന്ന സ്ഥിതി വന്നു. അങ്ങകലെ കണ്ട സിക്കാ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പഴേ നമ്മള്‍ ഒരുങ്ങുന്നു. പക്ഷിപ്പനിയും, എബോളയും, പന്നിപ്പനിയും ഒക്കെ മാരകം ആണെങ്കില്‍ കൂടി ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ശാസ്ത്രസാങ്കേതികവിദ്യ നിലവില്‍ വിജയിച്ചു പോരുന്നു. (പണ്ടത്തെ പോലെ ഇതൊക്കെ കണ്മുന്നില്‍ കണ്ടു കെടുതി അനുഭവിക്കാന്‍ ഭൂരിപക്ഷത്തിനും ആവുന്നില്ല!!! ). ഇതെല്ലാം സമൂഹം സൗകര്യപൂര്‍വ്വം അങ്ങ് മറക്കുന്നു, അല്ലെങ്കില്‍ ഇതെന്‍റെ പ്രശ്നം അല്ല എന്ന് കരുതി അവഗണിക്കുന്നു.

ഉദാഹരണത്തിന് 30 വര്‍ഷം മുമ്പൊക്കെ പോളിയോ ബാധിച്ച അനേകം ആള്‍ക്കാരെ കാണാമായിരുന്നു. ഇന്നത്തെ യുവതലമുറയില്‍ പോളിയോ ബാധിതരെ കണ്മുന്നില്‍ കാണാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക.

പോളിയോയോ, വില്ലന്‍ച്ചുമയോ, തൊണ്ടമുള്ളോ, ടെറ്റനസ്സോ ഒക്കെ ഒരു മനുഷ്യനെ ബാധിച്ചാല്‍ ഉണ്ടാക്കുന്ന തീവ്രനുഭാവങ്ങളെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഇത്തരം അസംബന്ധ തിയറികള്‍ ഒക്കെ ആകര്‍ഷണീയമാവുന്നത് അത്ഭുതകരമല്ല. സയന്‍സ് പഠിച്ച കൂട്ടര്‍ വരെ രോഗാണുക്കള്‍ ഇല്ല, ഇതൊക്കെ മരുന്ന് കച്ചവടക്കാരുടെ തന്ത്രമാണ് എന്നുള്ള വങ്കത്തരം വരെ ഒരു വേള വിശ്വസിക്കുന്നത് കാണാം.

 • പോളിയോ ഉള്‍പ്പെടെയുള്ള സോദ്ദേശപരമായ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നിര്‍മ്മാര്‍ജ്ജനം എന്ന വലിയ നേട്ടത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഗൂഡാലോചനാ സിദ്ധാന്ത പ്രചാരണക്കാര്‍ ഇന്ന് നമ്മുടെ നാട്ടിലും ഉണ്ടെന്നത് ഖേദകരമായ വസ്തുതയാണ്.

എന്നാല്‍ വസൂരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഒറ്റക്കെട്ടായുള്ള ഭഗീരഥ പ്രയത്നമാണ് നടന്നത്. ഈ ചരിത്രം ഒരു മാതൃകയും, പ്രചോദനവുമാണ്.
1970 ല്‍ യൂഗോസ്ലാവിയയില്‍ വസൂരിയുടെ ഒരു കേസ് റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ 10 ദിവസം കൊണ്ട് 180 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ കൊടുത്തത്. വിദേശീയരുടെ കാര്യം മാത്രമാണ് ഇതെന്ന് കരുതേണ്ട!ഇന്ത്യ പോലെ ജനസംഖ്യ ഉള്ള രാജ്യത്ത് ഇത് നടക്കുമോ എന്ന് സംശയിച്ചിരുന്നു, എന്നാല്‍ 1967 ല്‍ തന്നെ രാമചന്ദ്ര റാവു എന്ന ഡോക്ടര്‍ ലോകാരോഗ്യസംഘടനയുടെ ഫണ്ട്‌ സഹായത്തോടെ ചെറിയ ഒരു ടീമും ആയി തമിഴ്‌നാട്‌ സംസ്ഥാനം മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കിയ ചരിത്രം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. (ഇന്നായിരുന്നേല്‍ അനേകം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്ക് ഇതൊക്കെ കാരണമായേനെ!!!)

പറഞ്ഞു വന്നത് ഈ കെടുതികള്‍ ഒക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളുകള്‍ക്ക് ,ശാസ്ത്രത്തിനു മാത്രമായിരിക്കും ഇതിനു പ്രതിവിധി കണ്ടെത്താനാവുക എന്നുള്ള അവബോധവും, അത് ഉള്‍ക്കൊണ്ടു സഹകരിക്കാനുള്ള മനോഭാവവും ഉണ്ടായിരുന്നു.വസൂരി നിര്‍മ്മാര്‍ജ്ജനം 12 വര്‍ഷം നീണ്ടു നിന്ന തീവ്ര പരിപാടിയിലൂടെ സാധ്യമായത് അത്തരം ഒരു സമൂഹം നിലവിലുണ്ടായിരുന്നത് കൊണ്ടാണ്.

അന്ന്, ജനങ്ങള്‍ വാക്സിന്‍ അങ്ങോട്ട്‌ ആവശ്യപ്പെടുന്ന സാഹചര്യമായിരുന്നു. വാക്സിന്‍ എല്ലാര്‍ക്കും ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ അന്ന് പൊതുവില്‍ അനുഭവിച്ചിരുന്നത്‌. എങ്കിലും അത്യപൂര്‍വ്വമായി ചിലര്‍ മതപരമായ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞു വാക്സിന്‍ എടുക്കുന്നതിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും, അന്നത്തെ സര്‍ക്കാര്‍ ചെയ്തത് പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഇവര്‍ക്ക് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കുകയായിരുന്നു. ചിലരുടെ ഒക്കെ വീട്ടില്‍ രാത്രി എത്തി നിര്‍ബന്ധിതമായി വാക്സിന്‍ കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടത്രേ!

വന്‍ ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയുടെ ഭാഗമായി നടന്നത്.

ചരിത്രബോധവും ശാസ്ത്രാവബോധവും ഉള്‍ക്കാഴ്ചയും ഒക്കെ സാമാന്യം നന്നായി ഉണ്ടായാലേ ഇന്നത്തെ വാക്സിന്‍ വിരുദ്ധ കുപ്രചരണങ്ങളെ ഒരുവന് അതിജീവിക്കാന്‍ കഴിയൂ. ഈ സാമൂഹികമാറ്റം കൈവരിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകരും ഈ വസ്തുത ഉള്‍ക്കൊണ്ടു, നയപരിപാടികള്‍ പുനര്‍നിര്‍വചിക്കുകയും, ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ ക്ഷമാപൂര്‍വ്വം പരിശ്രമിക്കുകയും, അവരെ വിശ്വാസ്യതയിലെടുക്കുകയും വേണം.

വസൂരി നിര്‍മ്മാര്‍ജ്ജനം നാള്‍വഴികള്‍

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും നടന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി, 1980 ല്‍ ലോകം വസൂരി വിമുക്തമായി എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. സ്വാഭാവികമായി ഉണ്ടാവുന്ന വസൂരി ബാധ ഒടുവില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1978 ല്‍ സോമാലിയയിലെ അലിമാവോ മാലിന്‍ എന്ന ചെറുപ്പക്കാരന് ആണ്.

 • പതിനാറാം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വസൂരിക്ക് എതിരെ പല വിധ ചികിത്സാരീതികളും പരീക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരായിരുന്നു. അതില്‍ പ്രധാനമായ ഒരു മാര്‍ഗ്ഗമായിരുന്നു “വേരിയോളെഷന്‍”. രോഗികളില്‍ നിന്നുള്ള പദാര്‍ഥങ്ങളുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ ബോധപൂര്‍വ്വം നേരിയ തോതില്‍ സമ്പര്‍ക്കത്തില്‍ വരുകയും അത്തരത്തില്‍ അധികം തീവ്രം അല്ലാത്ത രോഗാവസ്ഥ ഉണ്ടാക്കി പ്രകൃതിദത്തമായ പ്രതിരോധശക്തി നേടി എടുക്കുന്ന പ്രക്രിയ ആയിരുന്നു ഇത്. എന്നാല്‍ മാരകമായ രോഗം തന്നെ വന്നു മരിക്കാന്‍ ഉള്ള സാധത്യ ഇതോടൊപ്പം ഉണ്ടായിരുന്നു!
 • വസൂരിക്ക് എതിരെയുള്ള വാക്സിന്‍ ആദ്യമായി കണ്ടെത്തുന്നത് 1796 ല്‍ എഡ്വാര്‍ഡ് ജെന്നെര്‍ എന്ന ശാസ്ത്രഞ്ജനാണ്.
 • ഗോ വസൂരി(Cow Pox) എന്ന മൃഗങ്ങളിലൂടെ പകരുന്ന വസൂരി സമാനമായ രോഗം വന്ന മനുഷ്യര്‍ക്ക്‌ വസൂരിക്ക് എതിരെ ഉള്ള പ്രതിരോധശക്തി കൂടി ഉണ്ടാവും എന്ന് 1768 ല്‍ തന്നെ ജോണ് ഫ്യൂസ്റെര്‍ എന്ന ബ്രിട്ടീഷ് ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നു.
 • കറവക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെര്‍ ഈ സിദ്ധാന്തം തെളിയിക്കാനായി തന്‍റെ സഹായിയായ എട്ടു വയസ്സുകാരനില്‍ ഗോവസൂരി വന്ന ഒരു ജോലിക്കാരിയുടെ വൃണത്തില്‍ നിന്നും ചലം എടുത്തു കുത്തിവെച്ച് പരീക്ഷിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന്, അദ്ദേഹം ഗോവസൂരി (Cow Pox) വൈറസ് അടങ്ങിയ പശുവിന്‍റെ സിറം വാക്സിന്‍ സ്വന്തം മകന്‍ ഉള്‍പ്പെടെ 8 പേരില്‍ പരീക്ഷിച്ചു വിജയിച്ചു. തുടര്‍ന്ന് 23 പേരില്‍ സമാന പരീക്ഷണങ്ങള്‍ നടത്തി, ഫലങ്ങള്‍ ലോകത്തെ അറിയിക്കുകയായിരുന്നു, പിന്നീടുള്ളത് ചരിത്രം.
 • വാക്സിനേഷന്‍ എന്ന പദം അദ്ദേഹത്തിന്‍റെ സംഭാവനയാണ്. “പശുവില്‍ നിന്ന്” എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ “vaccus” ല്‍ നിന്നാണ് ഇതിന്റെ ആവിര്‍ഭാവം.
 • വസൂരിയോടു സാമ്യം ഉള്ള വാക്സീനിയ വൈറസ് ആണ് പ്രതിരോധശക്തി പ്രദാനം ചെയ്യുന്നതിന് കാരണമാവുന്നതെന്ന് 1938 ല്‍ അല്ലന്‍ വാട്ട് എന്ന ശാസ്ത്രഞ്ജന്‍ കണ്ടെത്തി.
 • ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെ വികസിത രാജ്യങ്ങളിലും മറ്റും വസൂരി പകര്‍ച്ചവ്യാധി നിയന്ത്രിതമായിരുന്നു. അക്കാലത്ത് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (CDC), വാക്സിന്‍ പ്രയോഗിക്കാന്‍ ഒരു പുതിയ ഉപകരണം (ജെറ്റ് ഇഞ്ചെക്ട്ടര്‍) വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ച്, മണിക്കൂറില്‍ ആയിരം പേര്‍ക്ക് വാക്സിന്‍ കൊടുക്കാമായിരുന്നു.
 • എന്നാല്‍ അധികം താമസിയാതെ തന്നെ, കൂടുതല്‍ ലളിതമായ പുതിയ ഒരു ഉപകരണം നിലവില്‍ വന്നു. നേരിയ രണ്ടു മുന ഉള്ള സൂചി. ഇത് വാക്സിനില്‍ മുക്കിയതിനു ശേഷം ഇടതു തോളില്‍ 15 പ്രാവശ്യത്തോളം അടുപ്പിച്ചു ചെറുതായി കുത്തുമ്പോള്‍ ഇതിനൊപ്പം മുനയ്ക്ക് ഇടയിലുള്ള മരുന്ന് ത്വക്കിന് അടിയില്‍ പരക്കുന്നു.
 • 1953 ല്‍ ലോകാരോഗ്യ അസ്സംബ്ലി വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ആലോചിച്ചപ്പോള്‍ പലരും സംശയാലുക്കള്‍ ആയിരുന്നു. മുന്‍കാലങ്ങളില്‍ നാടവിര, യെല്ലോ ഫീവര്‍ തുടങ്ങിയ രോഗങ്ങള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടത് ചിലര്‍ ചൂണ്ടിക്കാണിച്ചു.
 • എന്നാല്‍ റഷ്യയുടെ ആരോഗ്യ വകുപ്പ് സഹമന്ത്രി ആയിരുന്ന Dr. Zhdanov ലോക വ്യാപകമായ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു. ഇതേത്തുടര്‍ന്ന്, നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി.
 • ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യമായ ഒന്നാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നൈജീരിയയില്‍ വസൂരി പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിച്ച രീതി പിന്നീട് ഉള്ള പദ്ധതി നടത്തിപ്പില്‍ പ്രധാന വഴികാട്ടി ആയി.
 • നൈജീരിയയില്‍ സ്വീകരിച്ച രീതി – അതീവ ജാഗ്രതയോടെയുള്ള സൂക്ഷ്മമായ നിരീക്ഷണവും അതിന്റെ ഫലമായി കേസ് കണ്ടെത്തിക്കഴിഞ്ഞാല്‍ ആ പ്രദേശത്തിന് നിശ്ചിത ചുറ്റളവില്‍ ഉള്ള ആള്‍ക്കാര്‍ക്കൊക്കെ വാക്സിന്‍ കൊടുക്കുകയുമായിരുന്നു. അതിലൂടെ വൈറസ് ബാധ ആ പരിസരത്തിനു പുറത്തേക്ക് കടക്കുന്നത്‌ ഫലപ്രദമായി നിയന്ത്രിക്കപ്പെടുന്നതായി നിരീക്ഷിച്ചു.
 • ആഗോള തലത്തില്‍ വസൂരിയ്ക്ക് എതിരെ ഉള്ള വാക്സിനേഷന്‍ 1979 ല്‍ അവസാനിപ്പിച്ചു.

ഇന്ത്യയിലെ വസൂരി നിര്‍മ്മാര്‍ജ്ജന ചരിത്രം.

 • ഇന്ത്യയെ പോലെ ജനസംഖ്യയും വൈവിധ്യമുള്ള ഭൂപ്രകൃതിയും, സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവുമുള്ളയിടത്ത് വസൂരി നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമായത് ചരിത്രപരമായ പൊതുജനാരോഗ്യ പ്രവര്‍ത്തന നേട്ടം ആയിരുന്നു.
 • ഇന്ത്യയിലെ പ്രമുഖ നാല് വാക്സിന്‍ നിര്‍മ്മാണശാലകള്‍ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചിരുന്നു.

മാസ് വാക്സിനേഷന്‍ കാമ്പെയിന്‍ (1962 –67)

3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയെ മൊത്തം വാക്സിന്‍ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ ആരംഭിച്ചു വീടുവീടാന്തിരം സന്ദര്‍ശിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ നല്‍കി.എന്നാല്‍ രോഗം ഉള്ളവരെ നേരത്തെ കണ്ടെത്തി വേണ്ട നടപടികളെടുക്കുന്നത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.

FORMULATION OF A SOUND STRATEGY (1968 – 72)

രോഗം ഉള്ളവരെ നേരത്തെ കണ്ടെത്താന്‍ ഉള്ള നടപടികള്‍ കൂടി ഈ പദ്ധതി സമത്ത് ഉള്‍പ്പെടുത്തി.രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോര്‍ട്ട്‌ ചെയ്യാനും നിയന്ത്രിക്കാനും കൂടി നടപടികളെടുത്തു.

തീവ്ര ക്യാമ്പെയിന്‍ (1973 – 75)

രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചു, ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം സംശയിക്കുന്നവരെ വരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി. വസൂരിയുടെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു ഈ തീവ്ര യജ്ഞം.

രോഗ സ്ഥിരീകരണത്തിനു ലാബ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ (രാജ്യത്ത് 6 എണ്ണം) നിലവില്‍ വന്നു.

OPERATION SMALLPOX ZERO (1975 – 77)

1975 ലാണ് ഇന്ത്യയില്‍ അവസാന വസൂരി കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ വസൂരിയുടെ മേല്‍ അവസാന വിജയം നേടാന്‍ രണ്ടു വര്‍ഷം നീളുന്ന ശക്തമായ നിരീക്ഷണ പരിപാടികള്‍ ഏര്‍പ്പെടുത്തി. ഏതു അസുഖവുമായും പനിയും ശരീരത്ത് പാടുകളും ബാധിച്ചു വരുന്നവരെ എല്ലാം നിരീക്ഷണത്തിനു വിധേയമാക്കി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.

 • കേസുകള്‍ ഒളിച്ചു വെക്കപ്പെടാതെ ഇരിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനമായി 10-50 രൂപ വരെ നല്‍കുന്ന സംവിധാനം ഉണ്ടായിരുന്നു.(1975 ല്‍ ഇതു 1000രൂപ ആയി ഉയര്‍ത്തി)
 • എടുത്തു പറയേണ്ട ഒന്ന്, ഇതിനു പിന്നില്‍ ഉണ്ടായിരുന്ന ഭഗീരഥപ്രയത്നവും ജനപങ്കാളിത്തവും ആണ്.
 • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം ലോകാരോഗ്യ സംഘടനയും ഈ പ്രവര്‍ത്തനത്തില്‍ അണി നിരന്നു. ഇന്ത്യയിലെ അസംഖ്യം ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം, 31 രാജ്യങ്ങളിലെ പ്രമുഖരായ 230 മെഡിക്കല്‍ വിദഗ്ദ്ധരും ആറു മാസത്തോളം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഇടങ്ങളില്‍ മുഴുസമയവും നിരന്തരം പരിശ്രമിച്ചു കൊണ്ട്.
 • താഴെക്കിടയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നരലക്ഷത്തോളം പേര്‍ ചരിത്ര ദൌത്യത്തിന്‍റെ ഭാഗമായി അക്ഷീണം കടമ ചെയ്തു. വസൂരി വിമുക്ത ഇന്ത്യയ്ക്കായി 6 ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം മനുഷ്യര്‍ക്ക്‌ അവര്‍ വാക്സിന്‍ നല്‍കി.
 • സൈന്യം, റെയില്‍വേ, പൊതുമേഖല, വ്യവസായ മേഖല എന്നിങ്ങനെ വിവിധ മേഖലകള്‍ പൊതുനന്മയ്ക്കായി കൈകോര്‍ത്തു. ഉദാ:ജാംഷഡപൂര്‍, ബീഹാറിലെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ വ്യവസായ പ്രമുഖന്‍ ടാറ്റയുടെ സഹായം സര്‍ക്കാര്‍ തേടിയതിനെത്തുടര്‍ന്ന്, ടാറ്റ തന്‍റെ വിവിധ മേഖലകളില്‍ (സാധാരണ തൊഴിലാളി മുതല്‍ നേഴ്സ്മാര്‍ വരെ) ഉള്ള ജീവനക്കാരെ വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുത്തു.
 • സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഡേവലപ്പ്മെന്റ് ഏജന്‍സി (Swedish International Development Agency – SIDA) ലോകാരോഗ്യസംഘടനയിലൂടെ ഇന്ത്യാ സര്‍ക്കാരിനു ഇതിലേക്കായി സാമ്പത്തിക സഹായം നല്‍കി.
 • 1977 ല്‍ ഇന്ത്യ വസൂരി വിമുക്തമായി.
 • പോളിയോ കൂടാതെ ഗിനിയ വിരബാധ നിര്‍മ്മാര്‍ജ്ജനത്തിന്റെ വക്കിലാണ്.
 • Rinderpest, എന്ന കന്നുകാലികള്‍ക്ക് വരുന്ന രോഗം വാക്സിനേഷന്‍ മുഖേന നിര്‍മ്മാര്‍ജ്ജനം ചെയ്ത ഒന്നാണ്.
 • നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധ്യത കല്‍പ്പിക്കുന്ന മറ്റു രോഗങ്ങള്‍ മന്ത്, അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല, പോര്‍ക്ക്‌ നാടവിര എന്നിവയാണ്. എന്നാല്‍ ഇതെല്ലാം സാധ്യമാവാന്‍ ശാസ്ത്ര സമൂഹത്തോടൊപ്പം ഭരണകൂടങ്ങളും പൊതുജനവും അണിനിരക്കേണ്ടിയിരിക്കുന്നു.

അവലംബം