ടെറ്റനസ്

പ്രതിരോധകുത്തിവയ്പ്പുകൾ വഴി പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു രോഗമാണ് ടെറ്റനസ്. ഈ രോഗത്തെ കുതിരസന്നി എന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാവുന്നതാണ്. ബി.സി. 5-ാം നൂറ്റാണ്ടുമുതല്‍ തന്നെ ഈ രോഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. വലിയുക എന്നര്‍ത്ഥമുള്ള ടെറ്റനോസ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ രോഗത്തിന്‍റെ പേര് ഉത്ഭവിച്ചത്. മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി  എന്ന ബാക്ടീരിയയാണ് ഇതിന്‍റെ രോഗഹേതു. മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളല്‍, മൃഗങ്ങളില്‍ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇവ വന്‍കുടലില്‍ പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ ടെറ്റനോ സ്പാസ്മിന്‍ എന്ന ടോക്സിന്‍ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ പാടേ തകരാറിലാക്കുന്നു.  പേശികള്‍ ക്രമമായി സങ്കോചിക്കുകയും  അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനില്‍പ്പിനാധാരം. ഈ വിഷയത്തിന്‍റെ മാരകമായ പ്രവര്‍ത്തനം മൂലം ശരീരപേശികള്‍ സങ്കോചിത അവസ്ഥയില്‍ തന്നെ മിനുട്ടുകളോളം തുടരുന്നു. ഈ അവസ്ഥമൂലം രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ ജൈവിക വിഷം പ്രധാന നാഡികളെ ബാധിക്കുമ്പോള്‍ ശ്വസനപേശികള്‍ക്കും, അന്നനാളപേശികള്‍ക്കും മുന്‍സൂചിപ്പിച്ച അവസ്ഥ നേരിടുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതല്‍ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍  ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക്, ഈ രോഗം പകരാവുന്നതാണ്.

നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ടെറ്റനസ് 60 മുതല്‍ 70 ശതമാനം വരെ കുഞ്ഞിന്‍റെ മരണത്തില്‍ കലാശിക്കുന്നു.

ലക്ഷണങ്ങള്

രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 3 മുതല്‍ 20 ദിവസം വരെ സമയത്തിനുള്ളില്‍ രോഗലക്ഷണങ്ങളായ പനി, തലവേദന, രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍, കഠിനമായ ശരീരവേദന, പേശീസങ്കോചം ഇവ പ്രത്യക്ഷപ്പെടുന്നു. രോഗത്തിനു കാരണമാകുന്ന ടോക്സിന്‍ എത്രവേഗത്തില്‍ തലയിലെ നാഡീവ്യവസ്ഥകളിലേക്കെത്തുന്നുവോ അത്രയും വേഗത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അതനുസരിച്ച് രോഗത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥ കൂടുകയും ചെയ്യുന്നു. മുഖത്തേയും താടിയിലേയും പേശികളെ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതുമൂലം ڇലോക്ക്ജോڈ അഥവാ താടിയെല്ലുകള്‍ അനക്കുവാന്‍ വയ്യാത്ത അവസ്ഥ സംജാതമാകുന്നു. അതോടൊപ്പം തന്നെ ശ്വസനവ്യവസ്ഥയുടെയും അന്നനാളത്തിന്‍റെയും പേശികളിലും ഈ അവസ്ഥ ഉണ്ടാകുകയും രോഗി മരണത്തെ സമീപിക്കുകയും ചെയ്യുന്നു.

ചികിത്സ

ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്സിനെ പ്രതിരോധിക്കുന്ന പ്രതിവിഷം (ആന്‍റി ടോക്സിന്‍) ആണ്  ചികിസ്തയുടെ കാതല്‍ അതോടൊപ്പം തന്നെ ആന്‍റി ബയോട്ടിക്സ്, പേശികളെ അയയുവാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇവയും നല്‍കുന്നു. ശ്വസനം തകരാറിലായ രോഗികളെ വെറ്റിലേറ്ററിന്‍റെ സഹായത്തോടെ സംരക്ഷിക്കാവുന്നതാണ്.

പ്രതിരോധം

മുറിവുകള്‍ അണുനാശിനി  ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത് രോഗാണുബാധ ഒരു പരിധിവരെ തടയുന്നതാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍

നേരത്തെ സൂചിപ്പിച്ചതുപോലെ പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ 6,10,14 ആഴ്ചകളിലും തുടര്‍ന്ന് ശിശുക്കളില്‍ 1 1/2 വയസിലും, പിന്നീട് 4 1/2 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട് ചേര്‍ത്ത് ടെറ്റനസ് വാക്സിന്‍ നല്‍കുന്നു. തുടര്‍ന്ന് 10 വയസിലും, പിന്നീട് 15 വയസിലും ടെറ്റനസ് വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നു. ഈ കുത്തിവയ്പുകള്‍ ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തെ സര്‍വ്വസജ്ജമാക്കുന്നു. ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തിന് ആവശ്യമായ ആന്‍റിബോഡിയുടെ അളവ് കൃത്യമായ നിലനിര്‍ത്താന്‍ തുടര്‍ന്ന് 10 വര്‍ഷത്തിലൊരിക്കല്‍ ഒരു ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് മതിയാകും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ശരിയായ ക്രമത്തില്‍ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളില്‍ ആഴത്തിലുള്ള മലിനമായ മുറിവുകള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ പ്രതിരോധശേഷിക്കായി ഉടന്‍ തന്നെ ശരീരത്തെ സജ്ജമാക്കാന്‍ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ ആവശ്യമാണ്. ഭാവിയിലേക്കുള്ള മുറിവുകള്‍ക്കുള്ള സുരക്ഷ എന്ന രീതിയില്‍ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പും നല്‍കാവുന്നതാണ്. ഗര്‍ഭിണികളില്‍ 16 മുതല്‍ 36 ആഴ്ചവരെയുള്ള കാലയളവില്‍ 2 ഡോസ് ടെറ്റനസ് കുത്തിവയ്പ്പുകള്‍ നല്‍കുന്നത് നവജാതശിശുക്കളിലെ ടെറ്റനസ് പൂര്‍ണ്ണമായി പ്രതിരോധിക്കുന്നു.

സ്ഥിതിവിവരകണക്കുകള്‍

നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ടെറ്റനസ് രോഗബാധ ഇന്ത്യയില്‍ അവസാനമായി സ്ഥിരീകരിച്ചത് 2012 ല്‍ ആസാമിലാണ്. തുടര്‍ന്നുള്ള തുടര്‍ച്ചയായ 3 വര്‍ഷങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായ പ്രതിരോധ കുത്തിവയ്പുകളിലൂടെ രോഗബാധ വളരെയധികം നിയന്ത്രിക്കപ്പെടുകയും ലോകാരോഗ്യസംഘടന മെയ് 2015 ല്‍ ഇന്ത്യയെ നവജാതശിശു ടെറ്റനസ് രോഗ മുക്ത രാജ്യമെന് സ്ഥിരീകരിക്കുകയും ചെയ്തു. 1989 കളില്‍ 27% ഗര്‍ഭിണികള്‍ മാത്രമാണ് ഇന്ത്യയില്‍ പ്രതിരോധകുത്തിവയ്പുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 90% ല്‍ ഏറെയാണ്.

1990 കളില്‍ ലോകത്താകമാനം ഏതാണ്ട് 4 ലക്ഷത്തോളം പേര്‍ ടെറ്റനസ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഊര്‍ജ്ജിതമാക്കിയതുമൂലം 2013 ല്‍ ഈ സംഖ്യ അറുപതിനായിരം ആയി കുറഞ്ഞു.

ക്രമമായ കാലയളവുകളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതുവഴി ഈ രോഗത്തെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യാവുന്നതാണ്.

അവലംബം

  • Nelson Textbook of Pediatrics; 20th
  • Harrison’s Principles of Internal Medicine; 19th
  • IAP Textbook of Pediatrics, Fifth edition.
  • IAP Guidebook on Immunization 2013-2014.
  • Park’s Text Book Of Preventive & Social Medicine 23rd Edition
  • WHO TETANUS
  • CDC TETANUS